19 April Friday

മോഹൻ ഭാഗവതിന്റെ ഗാന്ധിഭക്തി - പി വി തോമസ്‌ എഴുതുന്നു

പി വി തോമസ്‌Updated: Friday Jan 15, 2021


രാഷ്‌ട്രപിതാവ്‌ മഹാത്മാഗാന്ധിയുടെയും  അദ്ദേഹത്തിന്റെ ഘാതകൻ നാഥുറാം ഗോഡ്‌സെയുടെയും പാരമ്പര്യം ഒരേസമയം അവകാശപ്പെടുന്ന രാഷ്‌ട്രീയ കൗശലതയാണ്‌ കാലങ്ങളായി ഇന്ത്യയിലെ തീവ്ര വലതുപക്ഷത്തിന്റേത്‌. ഡിസംബർ 31ന്‌ ഡൽഹിയിലെ രാജ്‌ഘട്ടിൽ ഗാന്ധിയെക്കുറിച്ചൊരു പുസ്‌തകം ‘ മേക്കിങ് ഓഫ്‌ എ ഹിന്ദു പേട്രിയറ്റ്‌ ബാക്ക്‌ ഗ്രൗണ്ട്‌ ഓഫ്‌ ഗാന്ധിജീസ്‌ ഹിന്ദു സ്വരാജ്‌’ പ്രകാശനം ചെയ്‌തുകൊണ്ട്‌  ആർഎസ്‌എസ്‌ മേധാവി മോഹൻ ഭാഗവത്‌ മഹാത്മാവിന്റെ ചിന്താധാരയും ആർഎസ്‌എസിന്റെ ചിന്താധാരയും ഒന്നാണെന്ന്‌ പ്രസ്‌താവിക്കുകയുണ്ടായി. സംഘിന്റെ ഹിന്ദുരാഷ്‌ട്രം മഹാത്മജിയുടെ ‘ഹിന്ദു സ്വരാജ്‌’ തന്നെയാണത്രേ. ഒരു ഹിന്ദു ജന്മനാതന്നെ രാജ്യസ്‌നേഹിയാണെന്ന്‌ ഭാഗവത്‌ സ്ഥാപിച്ചു. അതിന്റെ അർഥം; മറ്റു മതക്കാർക്ക്‌ അത്‌ സ്വാഭാവിക പ്രക്രിയ ആണെന്ന്‌ അദ്ദേഹം പറഞ്ഞില്ല. ‘രാജ്യസ്‌നേഹം ഹിന്ദുവിന്റെ അടിസ്ഥാന സ്വഭാവമാണ്‌. ഒരു ഹിന്ദുവെന്ന്‌ പറഞ്ഞാൽ അർഥം അവൻ രാജ്യസ്‌നേഹി ആണെന്നാണ്‌’.

ഭാഗവത്‌ ഒരു ഹിന്ദുത്വ സംഘടനയുടെ നേതാവാണ്‌. അദ്ദേഹത്തിന്റെ അഭിപ്രായം അദ്ദേഹത്തിന്റേതുമാത്രമാണ്‌. അദ്ദേഹം മഹാത്മജിയെ ഇവിടെ ഒപ്പം ചേർക്കുന്നു. മഹാത്മജി അദ്ദേഹത്തിന്റെ രാജ്യസ്‌നേഹം അദ്ദേഹത്തിന്റെ മതത്തിൽനിന്ന്‌ ഉൽഭവിച്ചതാണെന്ന്‌ പ്രസ്‌താവിച്ചത്‌ ഭാഗവത്‌ ഓർമിക്കുന്നു. മറ്റ്‌ മതക്കാരുടെയോ അല്ലെങ്കിൽ മതമില്ലാത്തവരുടെയോ രാജ്യസ്‌നേഹത്തെക്കുറിച്ച്‌ ഭാഗവതിന്‌ മൗനമാണ്‌. മഹാത്മജിയുടെ വധത്തിനുപിന്നിൽ ആർഎസ്‌എസിന്റെ വിചാരധാരയാണെന്ന വിമർശകരുടെ ആരോപണത്തെയും ഭാഗവത്‌ പരാമർശിക്കുകയുണ്ടായി. ‘മഹാത്മജിയുടെ ആശയങ്ങളെ സ്വന്തമാക്കാനല്ല താൻ ശ്രമിക്കുന്നത്‌. കാരണം മഹാത്മജിയെപ്പോലുള്ള മഹാരഥൻമാരുടെ ചിന്തയെയും ആശയങ്ങളെയും കൈവശപ്പെടുത്താൻ സാധിക്കുകയില്ല. മതവും ദേശസ്‌നേഹവും ഒന്നുതന്നെ ആണെന്നായിരുന്നു മഹാത്മജിയുടെ ദൃഢവിശാസം'–-ഭാഗവത്‌ വാദിക്കുന്നു.


 

ഭാഗവത്‌ മഹാത്മജിയുടെ ആശയങ്ങളിലേക്ക്‌ ഇറങ്ങിനിന്നുകൊണ്ട്‌ പറഞ്ഞു‘ ഹിന്ദുയിസം എല്ലാ മതങ്ങളുടെയും മതമാണ്‌. ഹിന്ദുയിസം ഐക്യമതത്തിൽ വിശ്വസിക്കുന്നു. ആശയപരമായ ഭിന്നത വേർപെടൽ അല്ല. നാനാത്വത്തിൽ ഏകത്വമാണ്‌ ഗാന്ധി പഠിപ്പിച്ചത്‌’. പക്ഷേ, ഭാഗവതും അദ്ദേഹത്തിന്റെ സംഘടനയും ഇതിൽ ഇനിയും വിശ്വസിക്കുന്നുണ്ടോ. വിശ്വസിച്ച്‌ അതിൽ പ്രവർത്തിച്ചാൽ ഇന്ത്യയിൽ കാണുന്ന മതാടിസ്ഥാനത്തിലുള്ള വിഭാഗീയതയും വെറുപ്പും അസഹിഷ്‌ണുതയും അക്രമങ്ങളും ഉണ്ടാകുമായിരുന്നോ. മഹാത്മജിയുടെ ഹിന്ദു സ്വരാജിനെക്കുറിച്ച്‌ പരാമർശിക്കവേ ഭാഗവത്‌ വാദിച്ചു –-‘ സ്വരാജ്‌ എന്നതുകൊണ്ട്‌ മഹാത്മജി ഉദ്ദേശിച്ചത്‌ ഭരണാധികാരികളെ മാറ്റുന്നത്‌ മാത്രമല്ല, മറിച്ച്‌ സാംസ്‌കാരിക മൂല്യങ്ങളിൽ അടിയുറച്ച സമൂഹത്തെ കെട്ടിപ്പടുക്കുക എന്നതാണ്’‌. ഇവിടെയാണ്‌ മഹാത്മജി ആർഎസ്‌എസിന്റെ സാംസ്‌കാരിക ദേശീയതയുമായി യോജിച്ചു പോകാത്തത്‌.

ഇവിടെ നാനാത്വത്തിൽ ഏകത്വം നഷ്‌ടപ്പെടുന്നു. നാനാത്വത്തെ അടിച്ചമർത്തി ഏകത്വത്തിൽ ഐക്യം സൃഷ്‌ടിക്കുന്നത്‌ ജനാധിപത്യവിരുദ്ധമാണ്‌. ഗാന്ധിജിയെ യഥേഷ്‌ടം ഉദ്ധരിച്ചുകൊണ്ട്‌ ഭാഗവത്‌ പറഞ്ഞു–-‘ മതം സഹിഷ്‌ണുതയാണ്‌. മറ്റു മതങ്ങളെ ബഹുമാനിക്കണം’. ഇത്‌ ആർഎസ്‌എസ്‌ മുഖ്യന്റെ വായിൽനിന്ന്‌ വരുമ്പോൾ ഒരു ‘കുളിർമ’യാണ്‌. ഇതൊക്കെ വാസ്‌തവം ആണെങ്കിൽ ലൗജിഹാദ്‌ വിരുദ്ധനിയമവും പശുസംരക്ഷകരുടെ ഗുണ്ടാ വിളയാട്ടവും വീടാക്രമണവും ഉണ്ടാകുകയില്ലായിരുന്നു. സംഘിന്റെ നിർബന്ധിത മതപരിവർത്തന സിദ്ധാന്തത്തിന്‌‌  ഉപോദ്‌ബലകമായി ‘ദക്ഷിണാഫ്രിക്കയിൽവച്ച്‌ ഗാന്ധിജിയെ മുസ്‌ലിം തൊഴിലുടമയും ക്രിസ്‌ത്യൻ സഹപ്രവർത്തകരും മതപരിവർത്തനത്തിന്‌ സമ്മർദ്ദം ചെലുത്തി’യതായി ചൂണ്ടിക്കാണിക്കപ്പെടുന്നു. എന്നാൽ, 1905 ആയതോടെ ഗാന്ധിജി കറകളഞ്ഞ ഹിന്ദു ആയി മാറിയതായും പുസ്‌തകം അവകാശപ്പെടുന്നു. ഇങ്ങനെയൊക്കെ ആണെങ്കിലും വിമർശകർ ആരോപിക്കുന്നതുപോലെ മഹാത്മജിയെ സ്വന്തമാക്കാൻ ആർഎസ്‌എസ് ആഗ്രഹിക്കുന്നില്ലെന്ന്‌ ഭാഗവത്‌ ഊന്നിപ്പറഞ്ഞു. ഇത്തരുണത്തിൽ ഓർമ വരുന്നത്‌ സർദാർ പട്ടേലിനെ മുമ്പും സുഭാഷ്‌ ചന്ദ്രബോസിനെ ഇപ്പോഴും ആർഎസ്‌എസ്‌ സ്വന്തമാക്കാൻ ശ്രമിക്കുന്നതാണ്‌. ഭഗത്‌സിങ്ങിന്റെ കഥ അറിയില്ല. സമൂഹത്തിൽ വിശ്വാസ്യതയും ബഹുമാന്യതയും ലഭിക്കാൻ ഇങ്ങനെ ശ്രമിക്കുന്നത്‌ സാധാരണയാണ്‌.

ബ്രിട്ടീഷുകാർ വരുന്നതിനുമുമ്പ്‌ ഇന്ത്യ ഒരു രാഷ്‌ട്രം ആയിരുന്നു. ബ്രിട്ടീഷുകാർ അത്‌ അംഗീകരിക്കുന്നില്ല. ആർഎസ്‌എസും  അംഗീകരിക്കുന്നില്ല. മുഹമ്മദീയരുടെ നേരത്തേയുള്ള വരവും ഇന്ത്യയുടെ രാഷ്‌ട്രം എന്ന യാഥാർഥ്യത്തെ ബാധിച്ചിട്ടില്ല.

ഗാന്ധിജിയുടെ ഇന്ത്യാ സങ്കൽപ്പവും ആർഎസ്‌എസിന്റെ ഹിന്ദുസ്ഥാനും വ്യത്യസ്‌തമാണ്‌. ഇത്‌ അടിസ്ഥാനപരമാണ്‌. അതിന്റെയെല്ലാം ഫലമായിട്ടാണ്‌ വിഭാഗീയതയുടെയും മതഭ്രാന്തിന്റെയും ശക്‌തികൾ ഗാന്ധിജിയെ മൂന്നു വെടിയുണ്ടയാൽ തീർത്തത്‌. ഭാഗവതിന്റെ ഇപ്പോഴത്തെ ജൽപ്പനങ്ങൾ രാഷ്‌ട്രീയ തന്ത്രമാണ്‌.  ഇന്ത്യൻ ദേശീയതയെക്കുറിച്ച്‌ മഹാത്മാഗാന്ധി ഹിന്ദു സ്വരാജിൽ വിവരിക്കുന്നത്‌ നോക്കുക. ദേശീയതയുടെ സങ്കരസംസ്‌കാരത്തെ അംഗീകരിക്കുന്നതാണ്‌ അത്‌. ബ്രിട്ടീഷുകാർ വരുന്നതിനുമുമ്പ്‌ ഇന്ത്യ ഒരു രാഷ്‌ട്രം ആയിരുന്നു. ബ്രിട്ടീഷുകാർ അത്‌ അംഗീകരിക്കുന്നില്ല. ആർഎസ്‌എസും  അംഗീകരിക്കുന്നില്ല. മുഹമ്മദീയരുടെ നേരത്തേയുള്ള വരവും ഇന്ത്യയുടെ രാഷ്‌ട്രം എന്ന യാഥാർഥ്യത്തെ ബാധിച്ചിട്ടില്ല.

വിവിധ മതത്തിൽപ്പെട്ടവർ ഇവിടെ ജീവിച്ചതുകൊണ്ട്‌ ഇന്ത്യ ഒരു രാഷ്‌ട്രം അല്ലാതാകുന്നില്ല. മഹാത്മജിയുടെ അഭിപ്രായത്തിൽ ഹിന്ദു സ്വരാജ്‌ ആണ്‌ മതനിരപേക്ഷ ഇന്ത്യയുടെ  ആധാരശില. അതിനുവേണ്ടിയാണ്‌ ഗാന്ധിജി ജീവിച്ചതും മരിച്ചതും. ഭാഗവതിന്റെ സ്വയം സേവക്‌ സംഘ്‌ അതിൽനിന്ന്‌ തികച്ചും വ്യത്യസ്‌തമാണ്‌. അതിന്‌ വിരുദ്ധവുമാണ്‌. ബിജെപിയുടെ ആദ്യ പ്ലീനറി സമ്മേളനത്തിൽ അഞ്ച്‌ പ്രധാന പ്രതിജ്ഞയിൽ ഒന്ന്‌ ഗാന്ധിയൻ സോഷ്യലിസം ആയിരുന്നു. എന്നാൽ, 1985 മാർച്ചിലെ കൽക്കട്ട ദേശീയ നിർവഹണ സമിതി ഗാന്ധിയൻ സോഷ്യലിസത്തെ ദീൻദയാൽ ഉപാധ്യായയുടെ ‘ഇന്റഗ്രൽ ഹ്യുമാനിറ്റീസ്‌’ കൊണ്ട്‌ വച്ചുമാറ്റി.

ഉപ്പുസത്യഗ്രഹത്തിൽ പങ്കെടുക്കാൻ ആർ എസ്‌ എസ്‌  തീരുമാനിച്ചിട്ടില്ല. അംഗങ്ങൾ ആരെങ്കിലും പങ്കെടുക്കുന്നുണ്ടെങ്കിൽ സർസംഘ്‌ ചാലകിന്റെ അനുമതി തേടണം’

ഗാന്ധിജിയുടെ ഉപ്പുസത്യഗ്രഹംതൊട്ട്‌ ആർഎസ്‌എസ്‌ സ്വാതന്ത്ര്യസമരത്തിൽനിന്ന് വിട്ടുനിന്നു. ആർഎസ്‌എസ്‌ സ്ഥാപകൻ ഡോ. ഹെഡ്‌ഗേവാർ ആത്മകഥയിൽ ഇത്‌ വ്യക്‌തമാക്കുന്നുണ്ട്‌.‘ ഉപ്പുസത്യഗ്രഹത്തിൽ പങ്കെടുക്കാൻ ആർ എസ്‌ എസ്‌  തീരുമാനിച്ചിട്ടില്ല. അംഗങ്ങൾ ആരെങ്കിലും പങ്കെടുക്കുന്നുണ്ടെങ്കിൽ സർസംഘ്‌ ചാലകിന്റെ അനുമതി തേടണം’. ഭാഗവതിന്റെ സ്വയം സേവക്‌ സംഘിനോട്‌ മഹാത്മജിയുടെ സമീപനം വ്യക്‌തമാക്കുന്നതാണ്‌ 1948 ഒക്‌ടോബർ 27ന്‌ അദ്ദേഹം ഒരു കോൺഗ്രസുകാരനോട്‌ പ്രതികരിച്ചത്‌. വർഗീയ കലാപത്തിൽ വാഹ്‌ എന്ന സ്ഥലത്ത്‌ സംഘ്‌പ്രവർത്തകർ നല്ല ജോലിയാണ്‌ ചെയ്യുന്നതെന്ന്‌ ആ കോൺഗ്രസുകാരൻ പറഞ്ഞപ്പോൾ ഗാന്ധിജി പൊട്ടിത്തെറിച്ചു. ‘പക്ഷേ ഇതു മറക്കരുത്‌. ഹിറ്റ്‌ലറുടെ നാസികളും മുസോളിനിയുടെ ഫാസിസ്‌റ്റുകളും ഇതുതന്നെയാണ്‌ ചെയ്‌തത്‌’. ഗാന്ധിജി പറഞ്ഞു. ‘സ്വയം സേവക്‌ സംഘ്‌ ഏകീകൃത ഭരണത്തിൽ വിശ്വസിക്കുന്ന ഒരു വർഗീയ സംഘടനയാണ്‌’. ഇവിടെയാണ്‌ ഭാഗവത്‌ മഹാത്മജിയെ സ്വന്തമാക്കാൻ ശ്രമിക്കുന്നത്‌.

ബിജെപി ഭരണകാലത്ത്‌ ഏറ്റവും കൂടുതൽ അവഹേളിതനായ ദേശീയ നേതാവ്‌ രാഷ്‌ട്രപിതാവ്‌ ഗാന്ധിജിയാണ്‌. ഗോഡ്‌സെയുടെ പേരിൽ അമ്പലവും പാലവും പ്രതിമയും എല്ലാം സംഭവിച്ചത്‌ ഇക്കാലത്താണ്‌. ഭാഗവത്‌ ഇതിനെതിരെ എന്തു ചെയ്‌തു. ഹിന്ദുമഹാസഭയുടെ ദേശീയ സെക്രട്ടറി പൂജ ശകുൻ പാണ്ഡേയാണ്‌ ഗാന്ധിജിയുടെ രക്‌തസാക്ഷി ദിനത്തിൽ ഗാന്ധിയുടെ ഛായാചിത്രത്തിലേക്ക്‌ വെടി ഉതിർത്ത്‌ ആഘോഷിച്ചത്‌. അവരെ ആഭ്യന്തരമന്ത്രി അഭിനന്ദിക്കുകയും ചെയ്‌തു. ഗോഡ്‌സെയെ പ്രകീർത്തിച്ച പ്രഗ്യാസിങ്‌  ഠാക്കൂർ ആർഎസ്‌എസിന്റെ ഹീറോയിൻ ആണ്‌. അവർ ഭോപാലിൽ നിന്നുള്ള ബിജെപി ലോക്‌സഭാംഗവുമാണ്‌. ജനുവരി പത്തിന്‌ ഹിന്ദുമഹാസഭ ഗോഡ്‌സെയുടെ പേരിൽ ലൈബ്രറി തുറന്നു. ഗോഡ്‌സെയാണ്‌ യഥാർഥ ദേശീയവാദി എന്ന്‌ ലോകത്തോട്‌ പ്രഖ്യാപിക്കാനാണ്‌ ഇതെന്ന്‌ ഹിന്ദു മഹാസഭയിലൂടെ ഉപാധ്യക്ഷൻ ജയ്‌വീർ ഭരദ്വാജ്‌ അവകാശപ്പെടുന്നത്‌. ഗ്വാളിയോർ തെരഞ്ഞെടുക്കാനുള്ള കാരണം ഈ പ്രദേശം വളരെ ‘അനുഗൃഹീതം’ ആയതിനാലാണ്‌. ഇവിടെ വച്ചാണ്‌ ഗാന്ധിജിയെ വധിക്കാൻ ഗൂഢാലോചന നടത്തിയത്‌. അതിനുള്ള പിസ്‌റ്റൾ വാങ്ങിച്ചതും അവിടെ നിന്നാണ്‌.

മോഹൻ ഭാഗവതിന്റെ പുതിയ ഗാന്ധിപ്രേമം ഈ പശ്‌ചാത്തലത്തിൽ കണ്ടാൽ മതി. ഭാഗവത്‌ ഇതുപോലുള്ള പ്രസ്‌താവനകൾ ഇതിനുമുമ്പും നടത്തിയിട്ടുണ്ട്‌. മൂന്ന്‌ ദിവസംകൊണ്ട്‌ ‘ഇന്ത്യൻ ആർമി’യെ യുദ്ധസജ്ജം ആക്കാമെന്നും ആറും ഏഴും മാസങ്ങൾ ആവശ്യമില്ലെന്നും ജൽപ്പനം നടത്തി. ഇന്ത്യയിലെ മുസ്ലിങ്ങൾ ഹിന്ദുക്കൾ ആണെന്നും ഇന്ത്യയിൽ ജനിച്ച ഓരോരുത്തരും ഹിന്ദുക്കൾ ആണെന്നും അദ്ദേഹം മൊഴിയുകയുണ്ടായി. മറ്റൊരവസരത്തിൽ വിവാഹത്തിൽ സ്‌ത്രീ പാതിവ്രത്യം പാലിച്ചില്ലെങ്കിൽ അവരെ പുറത്താക്കണമെന്നും അദ്ദേഹം പറയുകയുണ്ടായി. പുരുഷന്മാരെക്കുറിച്ച്‌ ഭാഗവത്‌ ഒന്നും ഉരിയാടിയില്ല. ബലാത്സംഗങ്ങൾ ഇന്ത്യയിലാണ്‌ നടക്കുന്നതെന്നും ‘ ഭാരത’ത്തിൽ അല്ലെന്നും അദ്ദേഹം ശഠിച്ചു. മോഹൻ ഭാഗവത്‌ ആർ എസ്‌ എസിന്റെ സാംസ്‌കാരിക ഭൂരിപക്ഷ മതമേധാവിത്വത്തെയാണ്‌ പ്രതിനിധാനംചെയ്യുന്നത്‌. അദ്ദേഹത്തിന്‌ മഹാത്മജിയുടെ വീക്ഷണ വിചാരധാരയുമായി എന്ത്‌ ബന്ധമാണ്‌ ഉള്ളതെന്ന്‌ തെളിയിക്കപ്പെടേണ്ടതാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top