25 April Thursday

മഗ്‌സസെയും കമ്യൂണിസ്‌റ്റുകാരും

വി ബി പരമേശ്വരൻUpdated: Monday Sep 5, 2022

കേരളത്തിലെ പുതിയവിവാദം മഗ്‌സസെ പുരസ്‌കാരവുമായി ബന്ധപ്പെട്ടുള്ളതാണ്‌. ‘ഏഷ്യയിലെ നൊബേൽ സമ്മാനം’ എന്ന്‌ വിളിക്കപ്പെടുന്ന പുരസ്‌കാരമാണ്‌ മഗ്‌സസെ. 1953 മുതൽ 1957 വരെ ഫിലിപ്പീൻസ്‌ പ്രസിഡന്റായ രമൺ  മഗ്‌സസെയുടെ സ്‌മരണാർഥം രമൺ മഗ്‌സസെ ഫൗണ്ടേഷൻ നൽകിവരുന്ന പുരസ്‌കാരമാണിത്‌. 1958 മുതലാണ്‌ ഈ പുരസ്‌കാരം നൽകിത്തുടങ്ങിയത്‌. പൊതുസേവനം, സാമുദായിക നേതൃത്വം, സാഹിത്യം, പത്രപ്രവർത്തനം, സമാധാനം തുടങ്ങിയ മേഖലകളിൽ നിന്നുള്ളവരെയാണ്‌ പ്രധാനമായും അവാർഡിനായി തെരഞ്ഞെടുക്കുന്നത്‌.

രണ്ടാം ലോകയുദ്ധത്തിനുശേഷം ഫിലിപ്പീൻസിൽ പിടിമുറുക്കിയ അമേരിക്ക, അവരുടെ  താൽപ്പര്യ സംരക്ഷണത്തിനായി വളർത്തിക്കൊണ്ടുവന്ന രാഷ്ട്രീയ നേതാവാണ്‌ രമൺ മഗ്‌സസെ. അമേരിക്കയുടെ  എറ്റവും പ്രധാന സൈനികത്താവളങ്ങളുള്ള രാജ്യം കൂടിയാണിത്‌. ക്ലാർക്ക്‌ ഫിൽഡ്‌ വ്യോമസൈനികത്താവളവും സുബിക്ക്‌ ബേ നാവികത്താവളവും ഇതിൽ പ്രധാനപ്പെട്ടതാണ്‌. പസഫിക്‌ മേഖലയിൽ ആധിപത്യം ഉറപ്പിക്കാനാണ്‌ ഫിലിപ്പീൻസിൽ അമേരിക്ക വർധിച്ച തോതിലുള്ള സൈനികസാന്നിധ്യം ഉറപ്പിച്ചിട്ടുള്ളത്‌. എന്നാൽ രണ്ടാം ലോകയുദ്ധത്തിനുശേഷം അധികാരത്തിൽ വന്ന പ്രസിഡന്റുമാരൊന്നും അമേരിക്കയ്‌ക്ക്‌ പൂർണമായും വഴങ്ങുന്നവരായിരുന്നില്ല. മാത്രമല്ല കമ്യൂണിസ്‌റ്റുകാർക്ക്‌ ഈ സർക്കാരുകളിൽ കാര്യമായ സ്വാധീനം ചെലുത്താനും കഴിഞ്ഞിരുന്നു. ഭൂസ്വാമിമാർക്കെതിരെ 1950 കളിൽ കമ്യൂണിസ്‌റ്റ്‌ പാർടി ഓഫ്‌ ഫിലിപ്പീൻസിന്റെ നേതൃത്വത്തിൽ നടന്ന ഹുക്ക  മുന്നേറ്റം അമേരിക്കയെ ഭയപ്പെടുത്തുകയും ചെയ്‌തു. ചൈനയുടെ വഴിയേ ഫിലിപ്പീൻസും പോകുമോ എന്ന ഭയം അവരെ വേട്ടയാടി. ഈ കമ്യൂണിസ്‌റ്റ്‌ മുന്നേറ്റത്തെ എന്തുവില കൊടുത്തും തടയുക അമേരിക്കയുടെ ലക്ഷ്യമായിരുന്നു. ഇതിനായി അമേരിക്കയും സിഐഎയും  ഫിലിപ്പീൻസ്‌ രാഷ്ട്രീയത്തിൽ ബോധപൂർവം  വളർത്തിക്കൊണ്ടുവന്ന നേതാവായിരുന്നു മഗ്‌സസെ.

സിഐഎയുടെ  ‘അമേരിക്കൻ ബോയ്‌’ ആയിരുന്നു മഗ്‌സസെ. സിഐഎയുടെ തെക്കുകിഴക്കൻ ഏഷ്യൻ ആസ്ഥാനം മനിലയായിരുന്നു. ഈ സിഐഎ കേന്ദ്രമായിരുന്നു മഗ്‌സസെക്ക്‌ വേണ്ടി ഏറ്റവും കുടുതൽ ചരടുവലികൾ നടത്തിയത്‌. അമേരിക്ക–-ഫിലിപ്പീൻസ്‌ സംയുക്ത സൈനിക സഹായ സംഘം മേധാവിയും അമേരിക്കൻ അംബാസഡറും ശുപാർശ ചെയ്‌തതനുസരിച്ചാണ്‌ പ്രസിഡന്റ്‌ എൽപിഡിയോ ക്വിറിനോ പ്രതിരോധ സെക്രട്ടറിയായി(പ്രതിരോധ മന്ത്രി)രമൺ മഗ്‌സസെയെ നിയമിക്കാൻ നിർബന്ധിതമാകുന്നത്‌. ഹുക്ക മുന്നേറ്റം അതിന്റെ അത്യുന്നതിയിൽ എത്തിയ ഘട്ടത്തിലായിരുന്നു ഈ നിയമനം. മഗ്‌സസെ പ്രതിരോധ സെക്രട്ടറിയായ ഉടൻ തന്നെ അദ്ദേഹത്തിന്റെ ഓഫീസിൽ സിഐഎ ഓഫീസ്‌ തുറന്നതായി എഡ്വാർഡ്‌ ജി ലാൻസ്‌ഡേൽ എന്ന സിഐഎ ഓഫീസർ വെളിപ്പെടുത്തുകയുണ്ടായി. കമ്യൂണിസത്തിനെതിരെയുള്ള മനഃശാസ്‌ത്ര യുദ്ധത്തിന്റെയും രഹസ്യ ഓപ്പറേഷനുകളുടെയും  ആദ്യകാല പ്രയോക്താക്കളിൽ ഒരാൾ കൂടിയായിരുന്നു ഈ ലാൻസ്‌ഡേൽ. പിന്നീടിയാൾ മഗ്‌സസെയുടെ ഉപദേശകനായും മാറി.

ഫിലിപ്പീൻസ്‌ രാഷ്ട്രീയത്തിൽ അഴിമതിക്കെതിരെ നിലകൊള്ളുന്ന ശക്തനായ നേതാവാണ്‌ മഗ്‌സസെയെന്ന പ്രതിച്ഛായ നിർമിക്കുന്നതിലും സിഐഎക്ക്‌ പ്രമുഖമായ പങ്കുണ്ട്‌. സ്വതന്ത്രവും നീതിപൂർവകവുമായ തെരഞ്ഞെടുപ്പിനായുള്ള മഗ്‌സസെയുടെ പ്രചാരണത്തിന്‌ ചുക്കാൻ പിടിച്ചതും സിഐഎയായിരുന്നുവെന്ന്‌ ലാൻസ്‌ഡേൽ വെളിപ്പെടുത്തുകയുണ്ടായി. ഇതിനായി സെനറ്റ്‌ തെരഞ്ഞെടുപ്പിൽ മഗ്‌സസെയുടെ തോൽവിപോലും ഈ ആസൂത്രണത്തിന്റെ ഭാഗമായിരുന്നുവത്രെ. 1953 ലെ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിൽ മഗ്‌സസെക്ക്‌ 50 ലക്ഷം ഡോളറാണ്‌ സിഐഎ വാഗ്‌ദാനം ചെയ്‌തത്‌. ഏതായാലും പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിൽ മഗ്‌സസെ വിജയിച്ചു. അന്ന്‌ ടൈം വാരിക എഴുതി ‘മഗ്‌സസെയുടെ വിജയം അമേരിക്കൻ വിജയ’മാണെന്ന്‌.

ഏതായാലും പ്രസിഡന്റ്‌ പദവിയിലെത്തിയതോടെ കമ്യൂണിസ്‌റ്റ്‌ വേട്ട മഗ്‌സസെ ശക്തമാക്കി. ദിനംപ്രതി നൂറുകണക്കിനാളുകളെ വധിച്ചു. ഇതുവഴി ഹുക്ക ഗറില്ലാ മുന്നേറ്റത്തെ തടയാനും മഗ്‌സസെക്ക്‌ കഴിഞ്ഞു. ലാൻസ്‌ഡേൽ അദ്ദേഹത്തിന്റെ സ്‌മരണകളിൽ ഇങ്ങനെ കുറിച്ചിട്ടു.‘അമേരിക്കൻ  സർക്കാരിൽ  നിന്ന്‌ എനിക്ക്‌ ലഭിച്ച ഉത്തരവ്‌ ഫിലിപ്പീൻസിൽ കമ്യൂണിസ്‌റ്റ്‌ നേതൃത്വത്തിലുള്ള ഹുക്കകൾ അധികാരത്തിൽ വരുന്നത്‌ തടയണമെന്നാണ്‌. ഇതിനായി രമൺ മഗ്‌സസെയെ പ്രാപ്‌തനാക്കുകയും തന്നിൽ അർപ്പിതമായ ഉത്തരവാദിത്വമായിരുന്നു.’ ലാൻസ്‌ഡേൽ അദ്ദേഹത്തിന്റെ ഉത്തരവാദിത്വം കൂറോടെ നിർവഹിച്ചുവെന്നതിന്‌ തെളിവായിരുന്നു മഗ്‌സസെയുടെ പ്രസിഡന്റ്‌ പദവി.

ഫിലിപ്പീൻസിൽനിന്ന്‌ മാത്രമല്ല തെക്കനേഷ്യയിൽനിന്നും തെക്കുകിഴക്കൻ ഏഷ്യയിൽനിന്നും പസഫിക്ക്‌ പ്രദേശത്തുനിന്നും കമ്യൂണിസത്തെ തുടച്ചുനീക്കുക എന്ന ലക്ഷ്യത്തോടെ സീറ്റോ അഥവാ മനില സന്ധി ഒപ്പുവയ്‌ക്കുന്നതിനും അമേരിക്കയോടൊപ്പം നേതൃത്വം നൽകിയത്‌ മഗ്‌സസെയായിരുന്നു. 1957 മാർച്ച്‌ 17 നാണ്‌ മഗ്‌സസെ വിമാനാപകടത്തിൽ  മരിക്കുന്നത്‌. തൊട്ടടുത്ത വർഷം മുതലാണ്‌ മഗ്‌സസെയുടെ പേരിലുള്ള പുരസ്‌കാരത്തിന്‌ തുടക്കമാകുന്നത്‌. ഈ പുരസ്‌കാരം തുടങ്ങാനുള്ള ഫണ്ട്‌ നൽകിയത്‌ അമേരിക്കയിലെ റോക്ക്‌ ഫെല്ലർ ബ്രദേഴ്‌സാണ്‌. സിഐഎയുമായി അടുത്ത ബന്ധം പുലർത്തുന്നവരാണ്‌ റോക്ക്‌ഫെല്ലർ. ഫോർഡ്‌ ഫൗണ്ടേഷനെപ്പോലെ അമേരിക്കൻ താൽപ്പര്യ സംരക്ഷണത്തിനായാണ്‌ ഇവരും പ്രവർത്തിക്കുന്നത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top