26 April Friday

ബിജെപിയുടെ വിജയമല്ല; കോൺഗ്രസിന്റെ തോൽവിയാണ്‌ - സിപിഐ എം മധ്യപ്രദേശ്‌ സംസ്ഥാന സെക്രട്ടറി ജസ്‌വിന്ദർ സിങ് എഴുതുന്നു

ജസ്‌വിന്ദർ സിങ്Updated: Thursday Nov 19, 2020


മധ്യപ്രദേശിൽ 28 നിയമസഭാ മണ്ഡലത്തിലേക്ക്‌ നടന്ന ഉപതെരഞ്ഞെടുപ്പിൽ 19 സീറ്റിൽ ബിജെപി വിജയിച്ചു. 2018ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ 15 വർഷത്തെ ഭരണത്തിനെതിരായ കൃത്യമായ ജനവിധിയാണ്‌ ഉണ്ടായത്‌. ബിജെപി പരാജയപ്പെട്ടു. കോൺഗ്രസ്‌ സർക്കാരുണ്ടാക്കി. രാജ്യത്ത്‌ കൊറോണ പടർന്നുപിടിക്കുന്നതിനിടയിൽ ഈവർഷം മാർച്ചിൽ 22 കോൺഗ്രസ്‌ എംഎൽഎമാരെ ബിജെപി വിലയ്‌ക്കെടുത്തു. ഓരോ എംഎൽഎമാർക്കും 35 കോടി രൂപയാണ്‌ വിലയിട്ടത്‌. ഇതിലൂടെ മധ്യപ്രദേശ്‌ സർക്കാരിനെയും 2018ലെ ജനവിധിയെയും ബിജെപി അട്ടിമറിച്ചു. അധികാരം തിരിച്ചുപിടിച്ചശേഷം മൂന്ന്‌ കോൺഗ്രസ്‌ എംഎൽഎമാരെക്കൂടി വിലയ്‌ക്കുവാങ്ങി, അവരെ നിയമസഭാംഗത്വം രാജിവയ്‌പിച്ചു. ഇക്കാലയളവിൽ മൂന്ന്‌ എംഎൽഎമാർ മരിച്ചു. ഇതുകൊണ്ടാണ്‌ 28 സീറ്റിലേക്ക്‌ ഉപതെരഞ്ഞെടുപ്പ്‌ വേണ്ടിവന്നത്‌. ഉപതെരഞ്ഞെടുപ്പ്‌ പ്രചാരണത്തിനിടയിൽ ‘വിൽക്കാനുള്ളതല്ല; മറിച്ച്‌ നിലനിൽക്കാനുള്ളതാണ്‌’എന്ന മുദ്രാവാക്യമാണ്‌ കോൺഗ്രസ്‌ മുന്നോട്ടുവച്ചത്‌.

ബിജെപിയുടെ 15 വർഷത്തെ ഭരണത്തിന്‌ ബദൽ മുന്നോട്ടുവയ്‌ക്കുന്നതിനു പകരം ബിജെപിക്ക്‌ സമാനമായ ഭരണമായിരുന്നു 15 മാസം നീണ്ടുനിന്ന കമൽനാഥ്‌ സർക്കാരിന്റേത്‌. ഉപതെരഞ്ഞെടുപ്പിൽ രാഷ്ട്രീയ പ്രശ്‌നങ്ങൾ ഉന്നയിച്ചുള്ള പ്രചാരണമായിരുന്നില്ല കോൺഗ്രസിന്റേത്‌. മറിച്ച്‌ മൃദുഹിന്ദുത്വത്തിൽ ഊന്നിയുള്ള പ്രചാരണത്തിനായിരുന്നു മുൻതൂക്കം നൽകിയത്‌. തെരഞ്ഞെടുപ്പു കമീഷൻ ഉപതെരഞ്ഞെടുപ്പ്‌ തീയതി പ്രഖ്യാപിച്ചത്‌ ഒരു ചൊവ്വാഴ്‌ചയായിരുന്നു. വോട്ടെടുപ്പും വോട്ടെണ്ണലും ചൊവ്വാഴ്‌ചതന്നെ വന്നു. ഇതിനെപ്പോലും വിശ്വാസവുമായി കൂട്ടിയിണക്കി കോ
ൺഗ്രസ്‌ നേതാക്കൾ ട്വീറ്റ്‌ ചെയ്‌തു. ചൊവ്വാഴ്‌ച ഹനുമാന്റെ ദിവസമാണെന്നും കമൽനാഥ്‌ ഹനുമാൻ ഭക്തനാണെന്നും അതുകൊണ്ട്‌ കമൽനാഥ്‌ വീണ്ടും മുഖ്യമന്ത്രിയാകുമെന്നും പ്രചരിപ്പിച്ചു. പല തെരഞ്ഞെടുപ്പ്‌ പൊതുയോഗങ്ങളിലും കമൽനാഥ്‌ ഇത്‌ ആവർത്തിച്ചു. ചിന്ത്‌വാരയിൽ ഏറ്റവും വലിയ ഹനുമാൻ ക്ഷേത്രം നിർമിക്കുമെന്നും പ്രഖ്യാപിച്ചു.

ഹനുമാനിൽ കേന്ദ്രീകരിച്ചുമാത്രമായിരുന്നില്ല കോൺഗ്രസിന്റെ പ്രചാരണം. കോൺഗ്രസിന്റെ താരപ്രചാരകരിൽ രണ്ട്‌‌ സന്യാസിമാരുമുണ്ടായിരുന്നു. അതിൽ ഒരാൾ അറിയപ്പെടുന്ന കോൺഗ്രസ്‌ പ്രവർത്തകനാണ്‌. മറ്റേയാൾ ‘കംപ്യൂട്ടർ ബാബ’ എന്നറിയപ്പെടുന്നു. മുമ്പ്‌ ബിജെപിക്കൊപ്പമായിരുന്ന ഇയാൾ രണ്ടു വർഷം മുമ്പാണ്‌ കോൺഗ്രസിനൊപ്പം കൂടിയത്‌. കഴിഞ്ഞ തവണ ശിവരാജ്‌ സിങ്‌ ചൗഹാൻ മുഖ്യമന്ത്രിയായിരുന്നപ്പോൾ കംപ്യൂട്ടർ ബാബയ്‌ക്ക്‌ ക്യാബിനറ്റ്‌ റാങ്ക്‌ നൽകിയിരുന്നു. മിർച്ചി ബാബയും മൂന്നാമനായി രംഗത്തുണ്ടായിരുന്നു. പാർലമെന്റ്‌ തെരഞ്ഞെടുപ്പിൽ ഭോപാലിൽ മത്സരിച്ച ദിഗ്‌വിജയ്‌ സിങ്‌ തോറ്റാൽ ആത്മാഹുതി ചെയ്യുമെന്ന്‌ പ്രഖ്യാപിച്ച സന്യസിയാണ്‌ മിർച്ചി ബാബ. ദിഗ്‌വിജയ്‌ സിങ്‌ ദയനീയമായി തോറ്റിട്ടും മിർച്ചി ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്‌.

ഈ ബാബമാർ സ്റ്റാർ പ്രചാരകരായി രംഗത്തിറങ്ങിയപ്പോൾ കോൺഗ്രസ്‌ മൃദുഹിന്ദുത്വം കളിക്കുകയാണെന്ന്‌ ബിജെപി പോലും പരിഹസിച്ചു. ഇതിനു പിന്നാലെ കംപ്യൂട്ടർ ബാവയുടെ നിയമവിരുദ്ധ ആശ്രമം പൊലീസ്‌ റെയ്‌ഡ്‌ നടത്തി പൂട്ടിച്ചു. ആശ്രമത്തിൽനിന്നും പിടിച്ചെടുത്ത അനധികൃത സാധനങ്ങൾ പ്രദർശിപ്പിച്ചതോടൊപ്പം ആശ്രമം കേന്ദ്രീകരിച്ച്‌ മനുഷ്യക്കടത്തുണ്ടെന്ന്‌ കണ്ടെത്തിയതായും പൊലീസ്‌ പ്രചരിപ്പിച്ചു. ഇത്‌ കോൺഗ്രസിന്റെ പ്രതിച്ഛായ വീണ്ടും തകർത്തു. ചുരുക്കത്തിൽ രാഷ്ട്രീയ പോരാട്ടത്തെ മതപരമായ പ്രചാരണത്തിൽ കേന്ദ്രീകരിപ്പിക്കാനാണ്‌ കോൺഗ്രസ്‌ ശ്രമിച്ചത്‌. ഒപ്പം രാഷ്ട്രീയ പ്രശ്‌നങ്ങൾക്ക്‌ ജനങ്ങളുടെ പിന്തുണ ആവശ്യപ്പെടുകയും ചെയ്യുന്നു. ഇത്‌ തെരഞ്ഞെടുപ്പു പ്രചാരണത്തിലെ വൈരുധ്യമായിരുന്നു.

യോഗ്യരായ സ്ഥാനാർഥികളെ കോൺഗ്രസിൽനിന്നും കണ്ടെത്തുന്നതിനുപകരം ബിജെപിയിലും ബിഎസ്‌പിയിലുംനിന്ന്‌ സ്ഥാനാർഥികളെ കണ്ടെത്തുകയായിരുന്നു. വിശ്വസ്‌തരായവരെ മാത്രം സ്ഥാനാർഥികളാക്കി കമൽനാഥ്‌ പാർടിയിൽ ദിഗ്‌വിജയ്‌ സിങ്ങിനുമേൽ മേൽക്കൈ ഉറപ്പിക്കുകയായിരുന്നു

കോൺഗ്രസ്‌ പരാജയത്തിന്റെ രണ്ടാമത്തെ പ്രധാനപ്പെട്ട കാരണം ‘പാർടിയെ ഉപേക്ഷിച്ചവരെ വഞ്ചകരായും വിൽപ്പന ചരക്കുകളായും’ മുദ്രകുത്തിയത്‌ തെരഞ്ഞെടുപ്പു പ്രചാരണ കാലയളവിൽ മാത്രമാണ്‌. മാർച്ചിലാണ്‌ എംഎൽഎമാർ കൂറുമാറിയത്‌. എന്നാൽ, ഉപതെരഞ്ഞെടുപ്പ്‌ നടക്കുന്ന ഒക്‌ടോബർ വരെ ഇത്തരം ആരോപണം ഉന്നയിക്കുന്നതിനു പകരം കാലുമാറ്റക്കാരെ തിരികെ കൊണ്ടുവരാനായിരുന്നു ശ്രമിച്ചത്‌. ‘രാഷ്ടീയ പ്രചാരണത്തിലൂടെയല്ല തെരഞ്ഞെടുപ്പിൽ വിജയിക്കുന്നത്‌. മറിച്ച്‌ കൃത്യമായ തെരഞ്ഞെടുപ്പ്‌ തന്ത്രങ്ങളിലൂടെയാണെന്നാ’ ണ്‌ കമൽനാഥ്‌ പ്രഖ്യാപിച്ചത്‌. യോഗ്യരായ സ്ഥാനാർഥികളെ കോൺഗ്രസിൽനിന്നും കണ്ടെത്തുന്നതിനുപകരം ബിജെപിയിലും ബിഎസ്‌പിയിലുംനിന്ന്‌ സ്ഥാനാർഥികളെ കണ്ടെത്തുകയായിരുന്നു. വിശ്വസ്‌തരായവരെ മാത്രം സ്ഥാനാർഥികളാക്കി കമൽനാഥ്‌ പാർടിയിൽ ദിഗ്‌വിജയ്‌ സിങ്ങിനുമേൽ മേൽക്കൈ ഉറപ്പിക്കുകയായിരുന്നു. ഇതും തിരിച്ചടിയായി.

കോൺഗ്രസിന്റെ അഹന്തയ്‌ക്കൊപ്പം അരാഷ്ട്രീയ നിലപാടും തോൽവിക്ക്‌ ആക്കംകൂട്ടി. ബിജെപിക്കെതിരെ പോരാടാൻ മറ്റു രാഷ്ട്രീയപ്രസ്ഥാനങ്ങളും പൗരസമൂഹവും സന്നദ്ധരായി ഉണ്ട്‌. പല സമരവും ഏറ്റെടുക്കുന്നു. ഇവയുടെ പ്രാധാന്യം വർധിച്ചുവരികയാണ്‌ ഇപ്പോൾ. ഇവർക്കെല്ലാം ബിജെപിയെ പരാജയപ്പെടുത്താൻ കാര്യമായ സംഭാവന നൽകാനാകും. എന്നാൽ, ഇത്തരം സംഘടനകളെ വിശ്വാസത്തിലെടുത്ത്‌ ഒപ്പംനിർത്തി ബിജെപിക്കെതിരായ രാഷ്ട്രീയ പോരാട്ടങ്ങളെ ഏകോപിപ്പിക്കാൻ കോൺഗ്രസ്‌ ഒരിക്കലും തയ്യാറായില്ല.

സർക്കാർ സംവിധാനങ്ങളെ പൂർണമായും ദുരുപയോഗിച്ചുകൊണ്ട്‌ 28ൽ 19 സീറ്റും നേടി. രാഷ്ട്രീയ പ്രശ്‌നങ്ങളും ജനങ്ങളുടെ ജീവിതപ്രശ്‌നങ്ങളും ഉയർത്തി പ്രചാരണം നടത്തിയിരുന്നെങ്കിൽ ബിജെപിയെ പരാജയപ്പെടുത്താൻ കഴിയുമായിരുന്നു.

ബിജെപിക്ക്‌ അനുകൂലമായി ജനങ്ങൾ ചിന്തിക്കുന്നു എന്ന സൂചനയല്ല മധ്യപ്രദേശ്‌ തെരഞ്ഞെടുപ്പുഫലം നൽകുന്നത്‌. 35 കോടി രൂപ വിലയിട്ട്‌ എംഎൽഎമാരെ കൂറുമാറ്റി ജനവിധി അട്ടിമറിച്ചത്‌ ജനങ്ങളുടെ മനസ്സിൽ ഇപ്പോഴുമുണ്ട്‌. എന്നാലും തെരഞ്ഞെടുപ്പു തന്ത്രങ്ങളും കുതന്ത്രങ്ങളും സംഘടനാ സംവിധാനവും ഫലപ്രദമായി ഉപയോഗിച്ച്‌ ബിജെപിക്ക്‌ ഭൂരിഭാഗം സീറ്റും വിജയിക്കാനായി. സർക്കാർ സംവിധാനങ്ങളെ പൂർണമായും ദുരുപയോഗിച്ചുകൊണ്ട്‌ 28ൽ 19 സീറ്റും നേടി. രാഷ്ട്രീയ പ്രശ്‌നങ്ങളും ജനങ്ങളുടെ ജീവിതപ്രശ്‌നങ്ങളും ഉയർത്തി പ്രചാരണം നടത്തിയിരുന്നെങ്കിൽ ബിജെപിയെ പരാജയപ്പെടുത്താൻ കഴിയുമായിരുന്നു. ജ്യോതിരാദിത്യ സിന്ധ്യയുടെ തട്ടകമായ ഗ്വാളിയോറിൽ ബിജെപി പരാജയപ്പെട്ടു.

കേന്ദ്രകൃഷി മന്ത്രി നരേന്ദ്ര തോമർ ഇതേ മണ്ഡലത്തിലായിട്ടും ബിജെപിക്ക് വിജയിക്കാനായില്ല എന്നത്‌ ശ്രദ്ധേിക്കേണ്ടതാണ്‌. ഗ്വാളിയോർ ഈസ്റ്റും ദാബ്രയും ബിജെപിക്ക്‌ നഷ്ടപ്പെട്ടു. കമൽനാഥ്‌, ശിവരാജ്‌സിങ്‌ മന്ത്രിസഭകളിൽ അംഗമായിരുന്ന ഇമർഥി ദേവിയായിരുന്നു ദാബ്രയിലെ ബിജെപി സ്ഥാനാർഥി. ഇമർഥി ദേവിയെപ്പറ്റി കമൽനാഥ്‌ നടത്തിയ സ്ത്രീവിരുദ്ധ പരാമർശം ഏറെ വിവാദമായിരുന്നു. ഇത്‌ മറ്റു മണ്ഡലങ്ങളിൽ കോൺഗ്രസിന്‌ കനത്ത തിരിച്ചടിയായി. മോറീന മേഖലയിലെ അഞ്ചിൽ മൂന്ന്‌ സീറ്റും ബിജെപിക്ക്‌ നഷ്ടപ്പെട്ടു. ഭൂരിഭാഗം മണ്ഡലത്തിലും വിജയിച്ചെങ്കിലും സംസ്ഥാന സർക്കാരിനെതിരെ ജനരോഷം ശക്തമാണെന്ന കാര്യം എടുത്തുപറയേണ്ടതാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top