29 March Friday

ചാനൽമുറികളിലെ രാഷ്‌ട്രീയം - എം വി നികേഷ്‌ കുമാർ എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Thursday Jun 16, 2022

വർഗീയ കോമരമായ അഭിഭാഷകൻ ഒരു ‘തള്ളു'കാരനിൽ സ്വർണക്കടത്തുകാരിയെ ഉപയോഗിച്ചുനടത്തിയ ‘സ്റ്റിങ്‌ ഓപ്പറേഷൻ' കേരളത്തെ സ്തംഭിപ്പിച്ചിരിക്കുകയാണ്. മുഖ്യമന്ത്രി പിണറായി വിജയനെ പിടിക്കാൻ ചൂണ്ടയിൽ കൊരുക്കാൻ കരുതിവച്ച ഇര ഞാനായിരുന്നു. പക്ഷേ, ഒത്തില്ല. 

തൊണ്ണൂറുകളുടെ തുടക്കത്തിൽ ശശികുമാറിന്റെ നേതൃത്വത്തിൽ ഏഷ്യാനെറ്റിന്റെ ഉത്ഭവത്തോടെയാണ് കേരളത്തിൽ ദൃശ്യമാധ്യമ ചരിത്രം ശരിയായ അർഥത്തിൽ തുടങ്ങുന്നത്. രണ്ടായിരത്തിന്റെ തുടക്കത്തിൽ ഡോ. എം കെ മുനീറിന്റെ ഇന്ത്യാ വിഷനിലൂടെ വാർത്താ ചാനൽ സംസ്‌കാരവും എത്തി. അന്നുമുതൽ ഇന്നുവരെ പറഞ്ഞുപതിഞ്ഞ ഒന്നുണ്ട്. കേരളത്തിലെ ടെലിവിഷൽ ന്യൂസ് റൂമുകൾ പഴയ എസ്എഫ്ഐക്കാരെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ്. എന്നുവച്ചാൽ ഇടതുപക്ഷാനുഭാവം ഉള്ളവരാണ് ടെലിവിഷൻ നിയന്ത്രിക്കുന്നതെന്ന്. പച്ചക്കള്ളമാണ്‌ അത്. ഇന്നത്തെ വാർത്താമുറികളിൽ, പൊളിറ്റിക്കൽ റിപ്പോർട്ടിങ്ങിന് ചുമതലപ്പെട്ടവരിൽ ഇടതുപക്ഷാനുഭാവമുള്ളവരെ കണ്ടെത്തണമെങ്കിൽ മഷിയിട്ട് നോക്കണം. അഥവാ ഉണ്ടായിട്ടുണ്ടെങ്കിൽ വളരെ വേഗത്തിൽ അവരെ ‘ചുമതലപ്പെട്ടവർ' എത്തിക്കേണ്ടിടത്ത് എത്തിച്ചിട്ടുണ്ട്. 

എന്തുകൊണ്ടാണ് ന്യൂസ് ചാനലുകൾ ഇങ്ങനെ മാറിയത്? മാനേജ്‌മെന്റുകൾ മാറിയതുതന്നെ മൂലകാരണം. വാർത്താ ചാനലുകളുടെ ഘടനയുടെ എഡിറ്റോറിയൽ നിയന്ത്രിക്കുന്ന തട്ടുകളെ മൂന്നായി തിരിക്കാം.

ഒന്ന്: മാനേജ്‌മെന്റ്. തൊണ്ണൂറുകളുടെ തുടക്കത്തിൽത്തന്നെ രാജ്യമാകമാനം ന്യൂസ് ചാനലുകളെ കോർപറേറ്റുകൾ വാങ്ങിയിരുന്നു. ഇത്തിരി വൈകിയാണെങ്കിലും കേരളത്തിലും അത് സംഭവിച്ചു. കേരളത്തിലെ മറ്റെല്ലാ മേഖലകളെയും മിഡിൽ ഈസ്റ്റിൽനിന്നുള്ള  വ്യവസായികളാണ്‌ ഏറ്റെടുക്കുന്നതെങ്കിൽ വാർത്താനിർമാണ കമ്പനികൾ പിടിച്ചത് തെക്കുനിന്നും വടക്കുനിന്നും വന്ന ആർഎസ്എസ് സ്വഭാവക്കാരാണ്. ഒട്ടും ലാഭകരമല്ലാത്ത വാർത്താ ചാനലുകൾ വൻകിട കോർപറേറ്റുകളുടെ മോഹവല്ലിയായി മാറിയത് ഭരണകൂടവുമായുള്ള  കമ്യൂണിക്കേഷന്റെ ചാലകശക്തി ആയതുകൊണ്ടാണല്ലോ.

രണ്ട്: എഡിറ്റോറിയൽ തലവൻ. ആർഎസ്എസ് അനുഭാവമുള്ള എഡിറ്റർമാർക്കുവേണ്ടിയുള്ള കടിപിടിയാണ് കേരളത്തിൽ. ‘കംപ്ലീറ്റ് ആർഎസ്എസ്' എന്നുറപ്പിക്കാൻ കഴിയുന്ന എഡിറ്റർമാരുടെ ക്ഷാമമുണ്ട്. അർണബ് ഇല്ലെങ്കിൽ തോഴിയെന്ന നിലയുള്ളവർക്കുവേണ്ടി പ്രധാന ചാനലുകൾ വാശിയേറിയ പോരാട്ടമാണ്. അവർ എത്തുന്ന ന്യൂസ് റൂമുകൾ രാജ്യസ്‌നേഹ ക്ലാസുകൾകൊണ്ട് നിറയുന്നു. രാജ്യത്തെ മതനിരപേക്ഷവാദികളുടെ കണ്ണീരിൽ ചവിട്ടിപ്പണിയുന്ന അയോധ്യാക്ഷേത്രം അവർക്ക് ലിബറേഷന്റെ ഭൂമികയാകുന്നു. ശശികുമാർ തുടങ്ങിയ വാർത്താ സംസ്‌കാരം എത്തിപ്പെട്ട അവസ്ഥ!

മൂന്ന്: അവതാരക സിംഹങ്ങൾ/പ്രധാന ബ്യൂറോകളിലെ പൊളിറ്റിക്കൽ റിപ്പോർട്ടർമാർ. ഈ നാടകത്തിലെ ഗ്ലാമർ വേഷങ്ങളാണ് ഇവ. മാനേജ്‌മെന്റിന്റെയും എഡിറ്ററുടെയും ‘ആശയം' ഇവരിലേക്ക് കണക്ട്‌ ചെയ്യുകയെന്നത് വലിയ വെല്ലുവിളിയായിട്ടാണ് തുടക്കത്തിൽ കരുതിയിരുന്നത്. എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ‘കുനിയാൻ പറഞ്ഞപ്പോൾ മുട്ടിലിഴയാൻ' മലയാളത്തിന്റെ അഭിമാനതാരങ്ങൾ തയ്യാറായി. ആർഎസ്എസ് എന്ന വണ്ടി കൂകിപ്പാഞ്ഞുവരുമ്പോൾ പാളം ഇവിടെ പൂർത്തിയായിക്കഴിഞ്ഞു. സിപിഐ എമ്മും പിണറായി വിജയനുമാണ് കേരളത്തിന്റെ പരമശത്രു. ‘അവരെ കല്ലെറിയുക' എന്ന നറേറ്റീവിന് സ്‌മൂത്ത് റൺ കിട്ടുന്നു. 

ഒരു രാഷ്ട്രീയ പാർടിയെയും വിടേണ്ടതില്ല. ഭരണാധികാരികളെ  മുഖംനോക്കാതെ വിമർശിക്കണം. പക്ഷേ, സ്വർണക്കടത്തിൽ എന്തുണ്ടായിട്ടാണ്? ഇരട്ട ജനവിധി നേടിയ മുഖ്യമന്ത്രിയെ വായുവിൽ നിന്നെടുത്ത ആയുധങ്ങൾ മതിയോ ആക്രമിക്കാൻ? ഏതു വിഷയത്തിലും ചില വീഴ്ചകൾ വീണുകിട്ടുമെന്നതാണ് പിടിവള്ളി. ടെലിവിഷൻ ചർച്ചകൾക്കു പറ്റിയ ഘടകങ്ങൾ ഈ വിഷയത്തിലും ഞങ്ങൾക്ക് കിട്ടിയിട്ടുണ്ട്. ചില പൊലീസുകാർ കറുത്ത മാസ്‌ക് നീക്കിയതും ഒരു എഡിജിപിയുടെ ടെലിഫോൺ വിളിയുമൊക്കെ. ആ പ്ലാറ്റ്‌ഫോമിൽ നിന്നുകൊണ്ടാണ് വാ തുറന്നാൽ വർഗീയത മാത്രം പറയുന്ന ഒരു അഭിഭാഷകൻ ആർഎസ്എസ് നിയന്ത്രണത്തിലുള്ള എച്ച്ആർഡിഎസ് എന്ന സന്നദ്ധസംഘടനയെ ഉപയോഗിച്ച് സ്വപ്ന സുരേഷ് എന്ന സ്വർണക്കടത്തുകാരിയെ കരുവാക്കി പുതിയ അജൻഡ സൃഷ്ടിക്കുന്നത്. കേന്ദ്ര ഏജൻസിയുടെ കേസിൽ വിചാരണത്തടവിന്റെ ഒരുഘട്ടം പൂർത്തിയാക്കിയ ഒരാൾ എങ്ങനെയാണ് തനിക്ക് കേന്ദ്ര സേനയുടെ സംരക്ഷണം മതിയെന്ന് കോടതിയിൽ എഴുതിക്കൊടുക്കുന്നത്? കേരള പൊലീസ് അവർക്ക് വേണ്ടാതായത് എങ്ങനെ?

എന്റെ തലമുറയിലെ മാധ്യമപ്രവർത്തകരാണ് കേരളത്തിലെ ടെലിവിഷൻ ന്യൂസ് നിയന്ത്രിക്കുന്നത്. എല്ലാവർക്കും അറിയാം വിവാദ നായകനായ ഈ ഷാജ് കിരണിനെ. ഞാൻ ഇന്ത്യാവിഷൻ എക്‌സിക്യൂട്ടീവ് എഡിറ്റർ ആയിരിക്കെ ട്രെയിനിയായി മാധ്യമരംഗത്ത് വന്ന ആളാണ്. പിന്നീട് ഏഷ്യാനെറ്റിലും മറ്റുമൊക്കെ പ്രവർത്തിച്ചു. എന്റെ സഹപ്രവർത്തകരെ മോശമാക്കി പറയാൻ ഇഷ്ടപ്പെടുന്നയാളല്ല ഞാൻ. ഷാജ് ക്ഷമിക്കുക. ഇല്ലാത്ത സ്വാധീനമുണ്ടെന്ന് പറഞ്ഞുനടക്കലാണ് അയാളുടെ പണി. കോടികളുടെ കണക്കേ പറയൂ. ഉന്നത പൊലീസ് ബന്ധമേ ‘തള്ളൂ'. ‘ഞാൻ നിങ്ങൾ ഉദ്ദേശിക്കുന്ന ആളല്ല' എന്നുപറയുന്ന ഷാജ് ‘പിണറായിയുടെയും കോടിയേരിയുടെയും' വിദേശ ഫണ്ട് ‘കൈകാര്യം ചെയ്തില്ലെങ്കിലേ' അത്ഭുതമുള്ളൂ. ഷാജ് കിരണിനെപ്പറ്റി ഞാനീ പറയുന്ന നിരീക്ഷണം ശരിയല്ല എങ്കിൽ അയാളെ അറിയുന്ന സഹപ്രവർത്തകർ മുന്നോട്ടുവരൂ. എന്നെ തിരുത്തൂ.

പൊലീസ് ഉദ്യോഗസ്ഥരോടും ചിലത് പറയാനുണ്ട്. സ്‌കിൻ ഡിസീസിന് മരുന്നുമായി ചിലർ വരും. നിങ്ങളുടെ ചൊറിച്ചിൽ ഈ നാടിന്റെ മതനിരപേക്ഷ ഭൂമികയെ ഒറ്റുകൊടുക്കാനുള്ള വിലയാകരുത്. മരുന്നുമായി വരുന്നവരോട് തൊലിയുടെ രോഗം സംസാരിച്ചാൽ മതി. ഇപ്പോൾ പദവിയിൽനിന്ന് നീക്കംചെയ്യപ്പെട്ട എഡിജിപിക്ക്‌ ഷാജ് കിരൺ എവിടെനിന്നോ മരുന്ന് എത്തിച്ചിട്ടുണ്ട് എന്ന അറിവിന്റെ പുറത്താണ് ഈ ഉപദേശം. 

ടെലിവിഷന്‍ ന്യൂസ് റൂമുകളിലൂടെയാണ് കേരളത്തില്‍ വര്‍ഗീയ രാഷ്ട്രീയം പടര്‍ന്നു പന്തലിച്ചത് എന്ന് ഭാവി കേരളം നിരീക്ഷിക്കും എന്ന ആശങ്ക എനിക്കുണ്ട്. കോർപറേറ്റ് ചാനലുകൾ അതിനായി പ്ലാറ്റ്‌ഫോം ഒരുക്കിക്കഴിഞ്ഞുവെന്ന് പറഞ്ഞുവല്ലോ. എന്തുകൊണ്ടാണ് ടെലിവിഷനിൽ കോർപറേറ്റുകൾക്കു മാത്രം ആധിപത്യം സ്ഥാപിക്കാനാകുന്നത് എന്നത് ഈ ഘട്ടത്തിൽ പരിശോധിക്കേണ്ട വിഷയമാണ്. ഒന്നാമത്തെ കാരണം ഞങ്ങളെപ്പോലുള്ളവരുടെ കഴിവുകേടും വീഴ്ചകളുമാണ്. ടെലിവിഷൻ ചെലവേറിയ സംരംഭങ്ങളാണ് എന്നതാണ് രണ്ടാമത്തെ പ്രധാന കാരണം. ആനയെ വാങ്ങിയാൽ വിലയായ പന്തീരായിരം പോരല്ലോ. ചാനലുകൾ ഒരു സെക്കൻഡ്‌ മുന്നോട്ടുപോകണമെങ്കിൽ അന്ധാളിപ്പ് തോന്നുന്ന മൂലധനം വേണം. തുടർച്ചയായി ചലിക്കാൻ പണത്തിന്റെ ഫ്രീ ഫ്ലോ ഉണ്ടാകണം. ചെറുതായൊന്ന് തടസ്സപ്പെട്ടാൽ അവതാരകരെ, പ്രധാന ബീറ്റുകളിലെ റിപ്പോർട്ടർമാരെ കോർപറേറ്റുകൾ തട്ടിക്കൊണ്ടുപോകും. ബ്യൂറോകളുടെ പ്രവർത്തനം മന്ദഗതിയിലാകും. അങ്ങനെ വാർത്തയുടെ സീംലെസ് സംപ്രേഷണം നിലയ്ക്കും. ആരും കാണാത്ത ചാനലാകും. എത്ര ചടുലമായ എഡിറ്റോറിയൽ ശക്തിയുണ്ടെങ്കിലും ജീവിച്ചുപോകാൻ കോർപറേറ്റ് മാധ്യമംതന്നെ വേണമെന്ന് ഇന്ത്യാവിഷന്റെ തകർച്ചയോടെ കേരളത്തിലെ ജേർണലിസ്റ്റുകൾ മനസ്സിലാക്കി.

സ്വതന്ത്ര ടെലിവിഷൻ ചാനലുകളെ ഒറ്റഞെക്കിന് കൊല്ലാൻ ഇവിടെയുള്ള വൻകിട കേബിൾ നെറ്റ്‌വർക്കുകളുമുണ്ട്. ഒരു ന്യൂസ് ചാനൽ അവരുടെ നെറ്റ്‌വർക്കിൽ കാണിക്കാനുള്ള ശരാശരി തുക ഒരു വർഷം മൂന്നു കോടിയാണ്. സർക്കാരിന്റെ വൈദ്യുത പോസ്റ്റിലൂടെ പോകുന്ന സംവിധാനത്തിനാണ് ഇത്ര വലിയ തുക!  കേരളാവിഷൻ പോലുള്ള സഹകരണ പ്രസ്ഥാനങ്ങളാണ് കൂട്ടത്തിലെ ആശ്വാസം. സർക്കാർ പരസ്യങ്ങൾ കിട്ടുന്നത് മൂന്നിലൊന്ന് മാത്രമാണ്. വ്യവസായമായി കണക്കാക്കി വൈദ്യുതി ചാർജിൽ ഇളവുതന്നില്ല. നികുതി ഏറ്റവും ഉയർന്നുനിൽക്കുന്നു. പ്രശ്‌നങ്ങൾ ഏറെയാണ്.

പുതിയ തലമുറയിൽപ്പെട്ട ജേർണലിസ്റ്റുകൾ ആകർഷിക്കപ്പെടുന്നത് ടിവിയിലേക്കും ഓൺലൈൻ മീഡിയയിലേക്കുമാണ്. ‘ഒന്നൊതുങ്ങി നടന്നോണം'എന്ന് മനസ്സിലാക്കിക്കൊണ്ടു തന്നെയാണ് പുതിയ കുട്ടികളുടെ വരവ്. രാഷ്ട്രീയം കാവിയാകണമെന്ന് ഇന്റർവ്യൂ ഘട്ടത്തിൽത്തന്നെ പറഞ്ഞുകൊടുക്കും. അതല്ലാത്ത ഒറ്റപ്പെട്ട തുരുത്തുകളുണ്ട്. അവ നശിപ്പിക്കപ്പെടുകയാണ് അനുഭവം. കഴിഞ്ഞദിവസം ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ തിരുവനന്തപുരത്തെ വാർത്താസമ്മേളനത്തിൽ എന്നെപ്പറ്റി പറഞ്ഞത് ‘ഒത്തുതീർപ്പുകാരനും ബ്ലാക്ക് മെയിലിങ്ങുകാരനും' എന്നാണ്. വാർത്താസമ്മേളനം കഴിഞ്ഞു പുറത്തിറങ്ങിയപ്പോൾ റിപ്പോർട്ടർ ആർ  റോഷിപാലിനോടു പറഞ്ഞു. ‘അയാൾ എന്റെ മൂന്നുവർഷം കളഞ്ഞു. വിടില്ല എന്ന് പറഞ്ഞേക്കൂ' എന്ന്. 

മാർക്‌സിസ്റ്റ് വിരോധം കാണിക്കാത്തവരുടെ ജീവൻപോലും ഭീഷണിയിലാണ്. ഒന്നുകിൽ കൃഷ്ണരാജുമാരുടെ കെണിയിൽ വീണ് നാറി പുഴുത്തുചാകും. അല്ലെങ്കിൽ ഗൗരി ലങ്കേഷിനെപ്പോലെ പകൽ വെളിച്ചത്തിൽ തോക്കിനുമുന്നിൽ പിടഞ്ഞുവീഴും. അപ്പോൾ പറയും, ഞങ്ങളല്ല കൊലപാതകികൾ ‘ഫ്രിഞ്ച്' ആണെന്ന്.

ഞാൻ പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനത്തെയും എന്നെയും വിടുക. അത് നിലനിൽക്കുകയോ നശിക്കുകയോ ചെയ്യട്ടെ. പക്ഷേ, സ്വതന്ത്രമാധ്യമങ്ങൾ നമുക്ക് വേണ്ടേ? അവയ്ക്ക് നിലനിൽപ്പ് പ്രതിസന്ധിയുണ്ട്. അത് അഭിമുഖീകരിക്കാതെ മുന്നോട്ടുപോയാൽ സർവതും നശിക്കും. ജനാധിപത്യ പ്ലാറ്റ്‌ഫോമിൽ നിലനിൽക്കാൻ താങ്ങുവേണം. സർക്കാരിന്റെ, ജനങ്ങളുടെ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top