15 April Monday

വികസനവിരുദ്ധർക്ക് 
കേരളം വഴങ്ങില്ല - എം വി ഗോവിന്ദൻ എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Thursday Dec 1, 2022

നവകേരളം കെട്ടിപ്പടുക്കുക എന്നതാണ് പിണറായി വിജയൻ നേതൃത്വം നൽകുന്ന രണ്ടാം ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിന്റെ പ്രധാന ലക്ഷ്യം. ആ ലക്ഷ്യത്തിലേക്ക് നീങ്ങുന്നതിന് വിഴിഞ്ഞം തുറമുഖപദ്ധതിയുടെ പൂർത്തീകരണം അനിവാര്യമാണ്. കേരളത്തിന്റെ പ്രത്യേകിച്ചും തിരുവനന്തപുരം ജില്ലയുടെ വികസന സ്വപ്നത്തിന് ചിറക് നൽകുന്ന പദ്ധതികളിൽ ഒന്നാണിത്. എതാണ്ട് 80 ശതമാനം പണിയും പൂർത്തിയായ ഘട്ടത്തിൽ അതിനെതിരെ സമരവുമായി രംഗത്തുവരുന്നവരുടെ താൽപ്പര്യം എന്താണെന്ന് മനസ്സിലാക്കാനുള്ള ബുദ്ധിയും വിവേകവും കേരളീയർക്കുണ്ട്. എങ്കിലും ബന്ധപ്പെട്ടവരുടെ ആശങ്കകളും ആവലാതികളും പരിഹരിക്കുന്നതിന് ഇനിയും ചർച്ച നടത്താൻ സർക്കാർ തയ്യാറാണ്. തുറമുഖ നിർമാണം നിർത്തിവയ്‌ക്കണം എന്നതൊഴികെയുള്ള എല്ലാ വിഷയവും പരിഹരിക്കാൻ സർക്കാർ ആത്മാർഥമായി പ്രവർത്തിക്കുമെന്ന ഉറപ്പും ഇതിനകം നൽകിക്കഴിഞ്ഞിട്ടുണ്ട്. എന്നിട്ടും കലാപനീക്കത്തിലൂടെ പദ്ധതി തടയാനാണ് സമരസമിതിയും അതിനു നേതൃത്വം നൽകുന്നവരും ശ്രമിക്കുന്നതെങ്കിൽ അതിനു വഴങ്ങാൻ കഴിയില്ലെന്ന് വിനയപൂർവം അറിയിക്കട്ടെ.

പൊലീസ് സ്റ്റേഷൻ ആക്രമിക്കുക, നാൽപ്പതോളം പൊലീസുകാർക്ക് പരിക്കേൽക്കുക, ഗുരുതരമായി പരിക്കേറ്റവരെപ്പോലും ആശുപത്രിയിൽ എത്തിക്കാൻ അനുവദിക്കാതിരിക്കുക, പൊലീസ് സ്റ്റേഷൻ കത്തിക്കുമെന്ന് സമരസമിതി ഭാരവാഹി തന്നെ പ്രഖ്യാപിക്കുക ഇതൊന്നും കേട്ടുകേൾവിയില്ലാത്ത സംഭവങ്ങളാണ്. ഒരു സമരസമിതി നേതാവ് തന്നെ മന്ത്രിയെ തീവ്രവാദിയെന്ന് വിശേഷിപ്പിക്കുമ്പോൾ കേരളം വളർത്തിയെടുത്ത മതനിരപേക്ഷ സംസ്കാരത്തെ തന്നെ ചോദ്യം ചെയ്യുന്നതാണെന്ന് തിരിച്ചറിയേണ്ടതുണ്ട്. അതിനുപിന്നിലെ വർഗീയ ചിന്തകളെ കാണാതെ പോകരുത്. പൊലീസ് അതീവ സംയമനം പാലിച്ചതുകൊണ്ടുമാത്രമാണ് സ്ഥിതി കൈവിട്ടുപോകാതിരുന്നത്.

ആക്രമണം കെട്ടഴിച്ചുവിട്ട് ജനങ്ങൾക്കിടയിലെ സൗഹൃദം ഇല്ലാതാക്കാനുള്ള ശ്രമത്തെ തടഞ്ഞേ മതിയാകൂ. വിവിധ മതങ്ങളിൽപ്പെട്ട വർഗീയവാദികൾ  ഇതൊരു അവസരമാക്കി കേരളത്തിൽ കാലുറപ്പിക്കാനുള്ള നീക്കത്തെ എന്തുവിലകൊടുത്തും തടയേണ്ടതാണ്. മതനിരപേക്ഷ വികസിത കേരളത്തെ സംരക്ഷിക്കാൻ ഇത് അനിവാര്യമാണ്. വിവിധ ജനവിഭാഗങ്ങളെ തമ്മിലടിപ്പിച്ച് നേട്ടം കൊയ്യാനുള്ള പരിശ്രമങ്ങളെ മുളയിലേ നുള്ളിക്കളയേണ്ടതുണ്ട്.

കേരളം വികസനത്തിലേക്ക് കുതിക്കുന്നത് തടയാൻ സ്ഥാപിത ലക്ഷ്യത്തോടെ ജനങ്ങളെ ഇളക്കിവിടുന്നത് പതിവുരീതിയാണ്. ഇടതുപക്ഷ വിരുദ്ധരും മതതീവ്രവാദികളും യുഡിഎഫും തരാതരംപോലെ ഈ വികസന വിരുദ്ധതയ്‌ക്കൊപ്പം നിൽക്കുകയാണ്. എന്നാൽ, ഇത്തരത്തിലുള്ള എല്ലാ എതിർപ്പും അവഗണിച്ച് കേരളത്തിന്റെ വികസനം ഉറപ്പുവരുത്തുക തന്നെ വേണം. സിപിഐ എമ്മും ഇടതുപക്ഷവും  ഇക്കാര്യത്തിൽ പ്രതിജ്ഞാബദ്ധമാണ്.


 

എൽഡിഎഫ് സർക്കാർ തുടക്കംകുറിച്ച വിഴിഞ്ഞം പദ്ധതി പ്രാവർത്തികമാക്കുന്നതു സംബന്ധിച്ച വിശദാംശം എൽഡിഎഫിന്റെ പ്രകടന പത്രികയിൽ കഴിഞ്ഞതവണയും നൽകിയിട്ടുണ്ട്. അത് ഇങ്ങനെയാണ് ‘വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് നിർമാണത്തെ കോവിഡും പ്രകൃതിദുരന്തങ്ങളും ബാധിച്ചിട്ടുണ്ട്. എങ്കിലും ബ്രേക്ക് വാട്ടർ നിർമാണവും ലാൻഡ്‌ റിക്ലമേഷനും ഒഴികെ ബാക്കിയെല്ലാ ഘടകങ്ങളും ഏതാണ്ട് പൂർത്തിയായി. വിഴിഞ്ഞം കാർഗോ ടെർമിനൽ പ്രധാന ക്രൂ ചെയ്ഞ്ച് കേന്ദ്രമായി മാറിക്കഴിഞ്ഞു. രണ്ടു വർഷത്തിനുള്ളിൽ വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് നിർമാണം പൂർത്തീകരിക്കും'. ജനങ്ങൾക്ക് നൽകിയ ഈ ഉറപ്പ് പ്രാവർത്തികമാക്കാനുള്ള പ്രവർത്തനമാണ് എൽഡിഎഫ് സർക്കാർ നടത്തിക്കൊണ്ടിരിക്കുന്നത്.

ഒന്നാം പിണറായി സർക്കാർ വരുന്നതിനുമുമ്പുള്ള തെരഞ്ഞെടുപ്പ് പ്രകടനപത്രികയിൽത്തന്നെ എൽഡിഎഫ് ഉയർത്തിയ മുദ്രാവാക്യം ‘വേണം നമുക്കൊരു പുതുകേരളം, മതനിരപേക്ഷ, അഴിമതിരഹിത, വികസിത കേരളം’ എന്നായിരുന്നു. ഈ പ്രകടനപത്രിക മുന്നോട്ടുവച്ച 600 ഇന പ്രവർത്തനപദ്ധതിയിൽ 20 എണ്ണം ഒഴികെ എല്ലാം നടപ്പാക്കി. കേരളത്തിൽ ഒന്നും  നടക്കില്ലെന്ന കാഴ്ചപ്പാട് തിരുത്തി പലതും സാധ്യമാണെന്ന ആത്മവിശ്വാസം കേരള ജനതയ്‌ക്ക് പകർന്നുനൽകാൻ ഒന്നാം പിണറായി സർക്കാരിനായി. ഇടതുപക്ഷ സർക്കാരുകൾ ക്ഷേമപദ്ധതികൾമാത്രം നടപ്പാക്കുകയും അടിസ്ഥാനവികസനം അവഗണിക്കുകയും ചെയ്യുന്നുവെന്ന വലതുപക്ഷത്തിന്റെയും ഇടതുപക്ഷ വിരുദ്ധരുടെയും വിമർശത്തിന്റെ മുനയൊടിക്കുന്ന രീതിയിലാണ് ഒന്നാം പിണറായി  സർക്കാർ പ്രവർത്തിച്ചത്. പശ്ചാത്തല സൗകര്യവികസന കാര്യത്തിൽ സർക്കാർ കാണിച്ച ശുഷ്കാന്തിയും ജാഗ്രതയുമാണ് ഇത്തരം വിലകുറഞ്ഞ വിമർശങ്ങൾ ഉയർത്താൻ പറ്റാത്ത സ്ഥിതിവിശേഷം ഉണ്ടാക്കിയത്.

മേൽപ്പറഞ്ഞ  പശ്ചാത്തല സൗകര്യവികസന കാര്യത്തിൽ എടുത്തുപറയേണ്ടതാണ് ഗെയിൽ പൈപ്പുലൈൻ പദ്ധതി. കൊച്ചി വൈപ്പിനിലെ പെട്രോനെറ്റ് എൽഎൻജി ടെർമിനലിൽനിന്ന്‌ പാലക്കാട് ജില്ലയിലെ കൂറ്റനാട്ടിലേക്കും അവിടത്തെ ജങ്ഷനിൽനിന്ന്‌ മംഗളൂരുവിലേക്കും ബംഗളൂരുവിലേക്കും വാതകം എത്തിക്കുന്ന 5751 കോടി രൂപയുടെ പദ്ധതിയാണ് പിണറായി സർക്കാരിന്റെ നിശ്ചയദാർഢ്യം ഒുന്നുകൊണ്ടുമാത്രം യാഥാർഥ്യമായത്. സ്ഥലം ഏറ്റെടുക്കാനാകാതെ 2013ൽ ഉമ്മൻചാണ്ടി സർക്കാർ ഉപേക്ഷിച്ചുപോയ പദ്ധതിയാണ് പിണറായി സർക്കാർ പൂർത്തിയാക്കിയത്. ഗെയിൽ പൈപ്പുലൈൻ കേരളത്തിലൂടെ പോകുന്നത് 510 കിലോമീറ്ററാണ്. അതിൽ 470 കിലോമീറ്ററും പൂർത്തിയാക്കിയത് 2016ൽ അധികാരത്തിൽ വന്ന എൽഡിഎഫ് സർക്കാരാണ്. പിണറായി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത്‌ അധികാരമേറ്റപ്പോൾ ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞ കാര്യം ആരും മറന്നിട്ടുണ്ടാകില്ല. ‘ആർജവമുണ്ടെങ്കിൽ ദേശീയപാതാ വികസനവും ഗെയിൽ പദ്ധതിയും നടത്തിക്കാണിക്ക്. എങ്കിൽ സമ്മതിക്കാം പിണറായി വിജയൻ കഴിവുറ്റ ഭരണാധികാരിയാണെന്ന്.’  ഗെയിൽ പദ്ധതി യാഥാർഥ്യമായിരിക്കുന്നു. എങ്കിലും സുരേന്ദ്രൻ വാക്കുപാലിച്ചില്ല.

പാലക്കാട് –കോഴിക്കോട് ഗ്രീൻഫീൽഡ് പാതയുടെ നിർമാണത്തിനുള്ള പ്രവർത്തനങ്ങളും അതിവേഗം പുരോഗമിച്ചുവരികയാണ്. ദേശീയപാത അതോറിറ്റിയുടെ ഭാരത് മാല പദ്ധതിയിൽ ഉൾപ്പെട്ട ഈ പാതയുടെ മലപ്പുറം ജില്ലയിലെ അതിർത്തിനിർണയം കഴിഞ്ഞ ദിവസമാണ് പൂർത്തിയായത്.

ദേശീയപാതാ വികസനവും അതിവേഗം പൂർത്തിയായിവരികയാണ്. ഈ പദ്ധതിക്കുള്ള സ്ഥലമെടുപ്പ് ഏതാണ്ട് പൂർത്തിയായി. സംസ്ഥാനത്തിന്റെ രണ്ടറ്റവും തൊടുന്ന ദേശീയപാത 66ന്റെ വികസനത്തിന് 1081 ഹെക്ടർ ഭൂമിയാണ് ഏറ്റെടുക്കേണ്ടിയിരുന്നത്. ഇതിന്റെ 98.51 ശതതമാനവും അതായത് 1065 ഹെക്ടർ ഭൂമിയും ഏറ്റെടുത്തുകഴിഞ്ഞതായി മുഖ്യമന്ത്രി തന്നെ വ്യക്തമാക്കുകയുണ്ടായി. ആകെയുള്ള 21 റീച്ചിൽ 15ലും പ്രവൃത്തി പുരോഗമിക്കുന്നു. ബാക്കി ആറ് റീച്ചിൽ പ്രാഥമിക പ്രവർത്തനം നടന്നുവരികയാണ്. ഉമ്മൻചാണ്ടിയുടെ  ഭരണകാലത്ത് ദേശീയപാത അതോറിറ്റി കേരളത്തിലെ ഓഫീസും പൂട്ടി പദ്ധതികളിൽ നിന്നെല്ലാം പിന്മാറിയതായി അറിയിച്ച് കത്തും നൽകിയിരുന്നു. എന്നാൽ, 2016ലെ നിയമസഭാ തെരഞ്ഞെടുപ്പുവേളയിൽ എൽഡിഎഫ് കേരളത്തിലെ ജനങ്ങൾക്കു നൽകിയ ഉറപ്പായിരുന്നു ഗെയിലും ദേശീയപാതാ വികസനവും പൂർത്തിയാക്കുമെന്ന്. ഏറ്റെടുക്കുന്ന ഭൂമിക്ക് മറ്റു സംസ്ഥാനങ്ങളിൽ കേന്ദ്ര സർക്കാരാണ് നഷ്ടപരിഹാരത്തുക നൽകുന്നത്. എന്നാൽ, കേരളത്തിലെ ഭൂവില ഉയർന്നതാണെന്ന തൊടുന്യായം പറഞ്ഞ് ഈ ഉത്തരവാദിത്വത്തിൽനിന്ന്‌ കേന്ദ്ര സർക്കാർ പിന്മാറി. എന്നാൽ, ഇതുകൊണ്ട് പദ്ധതി ഉപേക്ഷിച്ചുപോകുകയല്ല എൽഡിഎഫ് സർക്കാർ ചെയ്തത്. മറിച്ച് ഭൂവിലയുടെ 25 ശതമാനം സംസ്ഥാനം വഹിക്കാമെന്നുപറഞ്ഞ് പദ്ധതി നടപ്പാക്കാനാണ് കേരളം തയ്യാറായത്. അതുപോലെ തന്നെ പാലക്കാട് –കോഴിക്കോട് ഗ്രീൻഫീൽഡ് പാതയുടെ നിർമാണത്തിനുള്ള പ്രവർത്തനങ്ങളും അതിവേഗം പുരോഗമിച്ചുവരികയാണ്. ദേശീയപാത അതോറിറ്റിയുടെ ഭാരത് മാല പദ്ധതിയിൽ ഉൾപ്പെട്ട ഈ പാതയുടെ മലപ്പുറം ജില്ലയിലെ അതിർത്തിനിർണയം കഴിഞ്ഞ ദിവസമാണ് പൂർത്തിയായത്.

അതുപോലെ തന്നെ യുഡിഎഫ് സർക്കാർ ഉപേക്ഷിച്ചുപോയ കൂടംകുളം–കൊച്ചി–ഇടമൺ പവർ ഹൈവേയും യാഥാർഥ്യമായത് ഒന്നാം പിണറായി  സർക്കാരിന്റെ കാലത്താണ്. 400 കെവി ലൈനിലൂടെ 800 മെഗാവാട്ട് അധിക വൈദ്യുതി സംസ്ഥാനത്ത് എത്തിക്കുന്ന 1300 കോടി രൂപയുടെ പദ്ധതിയാണ്‌ ഇത്. കേന്ദ്ര വൈദ്യുതി നിലയങ്ങളിൽനിന്നും മറ്റു സംസ്ഥാനങ്ങളിൽനിന്നും കേരളത്തിനു ലഭിക്കുന്ന വൈദ്യുതി സുഗമമായി സംസ്ഥാനത്തേക്ക് എത്തിക്കുന്നതിനുള്ള പദ്ധതിയാണ്‌ ഇത്. 148.3 കിലോമീറ്റർ ലൈനിൽ 138.8 കിലോമീറ്റർ ലൈനിന്റെ നിർമാണവും പൂർത്തിയാക്കിയത് എൽഡിഎഫ് സർക്കാരാണ്. ആകെയുള്ള 447 ടവറിൽ 351 എണ്ണവും പൂർത്തിയാക്കിയതും എൽഡിഎഫ് ഭരണകാലത്തുതന്നെ.  അതായത് വികസനവിരോധികളുടെ അക്രമസമരത്തെ ഭയന്ന് ഒളിച്ചോടാനൊന്നും എൽഡിഎഫ് സർക്കാർ തയ്യാറല്ല. ഭാവിതലമുറയ്‌ക്കായി  വികസിത കേരളം കെട്ടിപ്പടുക്കാനുള്ള നിശ്ചയദാർഢ്യവും കരുത്തും എൽഡിഎഫ് സർക്കാരിനുണ്ട്. ഗെയിലും കൂടംകുളം–കൊച്ചി– ഇടമൺ പവർ ഹൈവേയും നടപ്പാക്കിയ, ദേശീയപാതാ വികസനം അതിവേഗം നടപ്പാക്കിവരുന്ന സർക്കാരിന് വിഴിഞ്ഞം പദ്ധതിയും യാഥാർഥ്യമാക്കാൻ കഴിയും. കേരളത്തിലെ ജനങ്ങൾ വികസനത്തിനൊപ്പമാണ്, വികസനവിരുദ്ധരുടെ കൂടെയല്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top