29 March Friday

മാനവസൗഹൃദ സംഗീതം - എം വി ഗോവിന്ദൻ എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Thursday Nov 24, 2022

ലോകം ഫുട്ബോളിന്റെ ആരവങ്ങളിലും  ചർച്ചകളിലും മുഴുകിയിരിക്കുകയാണ്‌.  ഖത്തറിലാണ് ലോകകപ്പ്‌ എന്നത് മലയാളികളുടെ  ആഘോഷത്തെ കൂടുതൽ ഉയരങ്ങളിലേക്ക് നയിക്കുന്നു. ലോകകപ്പിന്റെ ആരവങ്ങൾക്കൊപ്പം, ലഹരിക്ക്‌ എതിരായ പോരാട്ടത്തിന്റെ പ്രതീകമായി കേരളം ഫുട്ബോളിനെ മാറ്റിയിരിക്കുന്നു. ലഹരിവിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി ഗോൾപോസ്റ്റുകളിൽ ലഹരിവിരുദ്ധ ഗോളുകൾ മഴയായി പെയ്തിറങ്ങുകയാണ്. ഫുട്ബോളിന്റെ ലഹരിയിൽ മുഴുകിനിന്നുകൊണ്ട്,  മനുഷ്യരെ ദുരിതത്തിന്റെ ആഴക്കടലിലേക്ക്‌ എറിയുന്ന ലഹരിക്കെതിരായ പടയണിയും സമാന്തരമായി  ഉയർന്നുവരുന്നുണ്ട്.

അറബ് ലോകത്ത് ആദ്യം നടക്കുന്ന  ലോകകപ്പിന്   32 ടീമുകൾ പങ്കെടുക്കുന്ന അവസാന ലോകകപ്പ്‌ എന്ന സവിശേഷതയുമുണ്ട്. അടുത്ത തവണ ടീമുകളുടെ എണ്ണം നാൽപ്പത്തെട്ടാകും. കളി നിയന്ത്രിക്കാൻ ആദ്യമായി വനിതാ റഫറിമാർ എത്തുന്നതും  ഈ കപ്പിലാണ്. നമ്മുടെ രാജ്യത്തിന് ഇത്രയടുത്ത് ലോകകപ്പ് ഇതുവരെ എത്തിപ്പെട്ടിട്ടില്ല. അതുകൊണ്ടുതന്നെ ഇന്ത്യക്കാരുടെ ,  കേരളീയരുടെ ഉത്സവമായി ഈ ലോകകപ്പ് മാറുമെന്നത് നിസ്സംശയമാണ്.

ലോക രാജ്യങ്ങളിലെല്ലാം സജീവസാന്നിധ്യമായി ഫുട്ബോളുണ്ട്. ഈ സജീവ സാന്നിധ്യംതന്നെയാണ്‌  അതിന്റെ ജനപ്രീതിയുടെ അടിത്തറ. ജനങ്ങളെ അറകളായി മാറ്റിനിർത്തുകയും വർഗീയതയുടെയും വംശീയതയുടെയും ലോകത്ത് തളയ്‌ക്കുകയും ചെയ്യുന്ന സാമ്രാജ്യത്വ രാഷ്ട്രീയത്തിന്‌ എതിരായ മാനവികതയുടെ കൈകോർക്കൽ കൂടിയാണ് ലോകകപ്പ് ഫുട്ബോൾ. വ്യത്യസ്ത രാജ്യങ്ങളിലെ ജനത അവിടെ എത്തുന്നുവെന്നത് മാത്രമല്ല, അതിന്റെ ഭാഗമായി മാറുകയും ചെയ്യുന്നു. ഒന്നിനും ജാതിയും  മതവും   മതിലായി ഇവിടെ നിലനിൽക്കുന്നില്ല.


 

ലാറ്റിനമേരിക്കൻ ഫുട്ബോൾ കേരളീയർക്ക് ഏറെ പ്രിയങ്കരമാണ്. ബ്രസീലും  അർജന്റീനയുമായി കേരളത്തിലെ തെരുവോരങ്ങൾ മാറിയത് ഇതിന്റെ അടയാളമാണ്. തെരുവുകളിൽനിന്നാണ് ലാറ്റിനമേരിക്കയുടെ ഫുട്ബോൾ ഉയർന്നുവരുന്നത്. അത് തേച്ചുമിനുക്കിയാണ് അവരുടെ  ഫുട്ബോൾ സൗന്ദര്യം നമുക്ക് മുമ്പിലെത്തുന്നത്.  ഈ വശ്യസൗന്ദര്യത്തെയാണ് കേരളീയർ ഹൃദയത്തിലേറ്റു വാങ്ങിയിട്ടുള്ളത്. കരുത്തിന്റെ മികവാണ് ആഫ്രിക്കൻ ഫുട്ബോളിന്റെ ചൈതന്യം. യൂറോപ്യൻ ഫുട്ബോളിന്റെ കണിശതയ്‌ക്കു പിന്നിൽ  ആധുനിക സാങ്കേതികതയുടെ പ്രയോഗംകൂടിയുണ്ട്‌. ഫുട്ബോളിലെ സമർപ്പണമാണ് ഏഷ്യൻ  രാജ്യങ്ങൾക്ക്‌  അവരുടെ ദിനങ്ങളിൽ ആരെയും അട്ടിമറിക്കാൻ  കരുത്തേകുന്നത്‌. 1930-ൽ ഉറുഗ്വേയിൽ ആരംഭിച്ച് 2022-ൽ ഖത്തറിൽ എത്തുമ്പോഴേക്കും കളിയിലും സമീപനത്തിലുമെല്ലാം ഏറെ മാറ്റം വന്നിട്ടുണ്ട്‌.  സാങ്കേതികവിദ്യയും അടിസ്ഥാനസൗകര്യ വികസനങ്ങളും അതിന്റെ മുഖച്ഛായ മാറ്റിമറിച്ചു. മിക്ക രാജ്യത്തിലും പന്ത് തട്ടുന്ന പ്രമുഖർ യൂറോപ്യൻ ലീഗുകളിൽ പറന്നുനടന്നവർ. അതുകൊണ്ടുതന്നെ ഓരോ രാജ്യത്തിന്റെയും കേളീശൈലികൾക്കൊപ്പം സാങ്കേതികതയുടെ കൃത്യതയും  കണിശതയും ഉൾക്കൊള്ളുന്ന യൂറോപ്യൻ സങ്കേതങ്ങളും സ്ഥാനംപിടിച്ചതായി കാണാം.

മനോഹരമായ കേളീശൈലികൊണ്ടുമാത്രം മത്സരം വിജയിക്കണമെന്നില്ല. പന്ത് ലക്ഷ്യത്തിൽ എത്തുമ്പോഴേ വിജയത്തിലേക്ക് ടീമുകൾക്ക് എത്തിച്ചേരാനാകൂ. ആത്യന്തിക ലക്ഷ്യമായ ഗോളിനു വേണ്ടിയും അതിന്‌ എതിരായുള്ള പ്രതിരോധവും തമ്മിലുള്ള സംഘർഷമാണ് ഫുട്ബോളിന്റെ പൊതുവായ സവിശേഷത. ഈ സവിശേഷതയെ തങ്ങൾക്ക്‌ അനുകൂലമാക്കി മാറ്റാനുള്ള ഇടപെടലാണ് ഓരോ ഫുട്ബോൾ കളിയും. കാവ്യാത്മകമായകളിയെന്ന്  വിശേഷിപ്പിക്കുന്ന ബ്രസീലിന്റെ ഫുട്ബോളിൽ 1974-ലെ ലോകകപ്പോടെ മാറ്റംവന്നതായി പൊതുവിൽ വിലയിരുത്തപ്പെട്ടിട്ടുണ്ട്.

ടോട്ടൽ ഫുട്ബോളിന്റെ വരവ് ഒരു പുതിയ സവിശേഷതയായിരുന്നു. ഗോൾ കീപ്പർ ഒഴികെയുള്ള എല്ലാ കളിക്കാരും മുന്നേറുന്നതാണ് ടോട്ടൽ ഫുട്ബോൾ. അതിനുശേഷമാണ്  കോൺട്രാസിസ്റ്റ് സിസ്റ്റംപോലുള്ള സംവിധാനങ്ങളിലേക്ക് കളി മാറിയത്. പ്രതിരോധം കൂടുതൽ ശക്തിപ്പെടുത്തുക എന്നതാണ് പൊതുവിൽവന്ന മാറ്റം. അതിന്റെ മറുപുറമായിരുന്നു ദീർഘദൂര ഷൂട്ടിങ്‌ കൂടുതലായി കളികളിൽ പരീക്ഷിക്കപ്പെട്ടത്. പിന്നിൽനിന്ന് കയറി ആക്രമിക്കുന്ന പ്രതിരോധക്കാരും ഇതിനിടയിൽ വർധിച്ചുവന്നു. മധ്യനിരയും പെനാൽറ്റി ബോക്സും സമ്മർദം ചെലുത്തുന്ന സ്പെയിനിന്റെ ടിക്കിടാക്ക ഫുട്ബോളും ഇതിനിടയിൽ മുന്നോട്ടുവന്നു. എതിരാളികളെ ശാരീരികമായി നേരിടാതെ പന്ത് നിയന്ത്രണത്തിലാക്കുന്ന മനോഹരമായ ശൈലിയാണ്‌ ഇത്. വൈവിധ്യമാർന്ന ശൈലികളിലൂടെ മുന്നേറുന്ന ഫുട്ബോളിന്റെ പുതിയ ചുവടുവയ്‌പുകൾ തീർച്ചയായും ഖത്തറിലും കാണാതിരിക്കില്ല. മാറ്റംവരാത്തത് മാറ്റത്തിന് മാത്രമാണല്ലോ.


 

ടൂർണമെന്റിനു മുമ്പേ കണക്കുകൂട്ടലുകൾ പലതും നടക്കും. അതുവരെയുള്ള കളിക്കാരുടെ പ്രകടനവും രാജ്യങ്ങളുടെ ഫുട്ബോൾ പാരമ്പര്യവും കൂട്ടിയും കിഴിച്ചുമാണ് ഇത്തരം കണക്കുകൾ തയ്യാറാക്കുന്നത്. എന്നാൽ, കണക്കുകളേക്കാൾ വലുതാണ് കളിക്കളമെന്ന് ഫുട്ബോൾ നമ്മെ ഓർമപ്പെടുത്തിക്കൊണ്ടിരിക്കുന്നു. ലോക ഫുട്ബോളിന്റെ തുടക്കംതന്നെ  അത്തരമൊരു ഓർമപ്പെടുത്തലാണ്.  ലോകത്തെമ്പാടും ആരാധകരുള്ള അർജന്റീന 2--–-1 ന് പരാജയപ്പെട്ടത്  സൗദി അറേബ്യക്ക് മുമ്പിലാണ്. സൗദിയുടെ കണക്കുകളെല്ലാം ശരിയായിത്തീരുകയായിരുന്നു. അവരുടെ ഗൃഹപാഠംകൂടിയാണ് ഇതിന്‌ ആധാരം. ജപ്പാൻ  ജർമനിയെയും  അട്ടിമറിച്ചിരിക്കുന്നു. അട്ടിമറിപരമ്പരകൾക്ക്  ഈ ലോകകപ്പ്  തുടക്കത്തിലെ  സാക്ഷ്യം  വഹിച്ച് തുടങ്ങി. അവസരം  ഉപയോഗിക്കുന്നവർ  വിജയിക്കുകയാണ്. ഇതുവരെ കഴിഞ്ഞ കളികൾ വ്യക്തമാക്കുന്നത് ടീമുകൾ തമ്മിൽ വലിയ അന്തരമില്ല എന്നതാണ്. പ്രതിരോധാത്മക ഫുട്ബോളിന്റെ ഊന്നൽ ഇപ്പോഴും തുടരുന്നുണ്ട്. എന്നാൽ, പ്രതിരോധ ഫുട്ബോളിൽ കരുത്തുകാട്ടിയ ഇറ്റലി ഈവർഷം ടൂർണമെന്റിന് തന്നെയില്ല.

ടീമുകളുടെ വർണപ്പൊലിപ്പിനൊപ്പം വളരുന്ന താരങ്ങളും ലോകകപ്പ് ഫുട്ബോളിന്റെ സവിശേഷതയാണ്. മെസിയും നെയ്മറും റൊണാൾഡോയും ലൂക്കാ മോഡ്രിച്ചും ലോകമെങ്ങും ഇപ്പോഴും ആരാധിക്കുന്ന ഫുട്ബോൾ രാജാക്കന്മാരാണ്. എന്നാൽ, പുതിയ താരങ്ങളുടെ കുതിപ്പുകൂടിയാകും ഈവർഷത്തെ ലോകകപ്പ് . ഇടതു വിങ്ങിലെ മിന്നലാട്ടത്തിലൂടെ ശ്രദ്ധേയനായ വിനീഷ്യസ് ജൂനിയർ, കളത്തിൽ സദാസമയവും കറങ്ങിനടക്കുന്ന സ്പെയിനിന്റെ ഫ്രെഡി കളിയുടെ ഗതിമാറ്റാൻ കരുത്തുള്ളയാളാണ്. നർത്തകന്റെ ചലനങ്ങളെ ഓർമിപ്പിക്കുന്ന കമവിങ്‌ ദുരിതങ്ങളുടെ നടുവിൽനിന്നാണ് കളിക്കളത്തിൽ എത്തിയത്. ആഫ്രിക്കയിൽനിന്ന് ഫ്രാൻസിലേക്ക് കുടിയേറിയ ഈ താരവും ലോക ഫുട്ബോളിന്റെ ശ്രദ്ധാകേന്ദ്രമായി മാറും. ആക്രമിക്കുന്ന മധ്യനിരക്കാരൻ ജർമൻ ടീമിലെ ജമാൽ മുസി യാല അങ്ങനെ നിരവധിപേരുടെ കുതിപ്പിന്റെ രംഗവേദിയാകും ഖത്തർ. ഇതിനെല്ലാം പുറമെ പുതിയ താരങ്ങളും  രാജ്യങ്ങളും കുതിച്ചുയർന്നേക്കാം.


 

ഫുട്ബോളിന്റെ അനിശ്ചിതത്വം വിളിച്ചോതുന്നതാണ് അട്ടിമറികൾ. ലോക ഫുട്ബോൾ ആരംഭിച്ചതേയുള്ളൂ, അർജന്റീനയെ സൗദി അട്ടിമറിച്ചുകഴിഞ്ഞു. പരാജയങ്ങളിൽനിന്ന് തിരിച്ചുവന്ന പാരമ്പര്യം അർജന്റീനയ്‌ക്കുണ്ട്.ഇത്തരം അട്ടിമറികളും  അതിനെ മറികടക്കാനുള്ള വമ്പന്മാരുടെ ശ്രമങ്ങളുമാണ് ചേതോഹരമായ ഫുട്ബോളിന്റെ പാഠങ്ങൾ കളിക്കളത്തിൽ വിതറുന്നത്. ലോക ജനതയുടെ കൂടിച്ചേരലിന്റെയും സൗഹൃദത്തിന്റെയും മാനവ ഐക്യത്തിന്റെയും അടയാളമായി മാറുന്നുവെന്നതാണ് ഫുട്ബോളിന്റെ സവിശേഷത.

ലോകത്തിന്റെ മുഴുവൻ ശ്രദ്ധ ഒരിടത്ത് കേന്ദ്രീകരിപ്പിച്ച് പൊതുവിടങ്ങളിൽ സജീവ ചർച്ച സൃഷ്ടിച്ചുമുന്നേറുന്ന മാനവസൗഹൃദ സംഗീതമാണ് ഫുട്ബോൾ. അതിന്റെ കളിയിടമാണ് ഇന്ന് ഖത്തർ. അട്ടിമറികളുടെയും സൗന്ദര്യാത്മകമായ ഫുട്ബോളിന്റെയും കാഴ്ചകൾ ആവോളം ആസ്വദിച്ച് മനുഷ്യസൗന്ദര്യത്തിന്റെ മുന്നേറ്റങ്ങളിൽ നമുക്കും സാക്ഷിയും പങ്കാളിയുമാകാം. എല്ലാ അതിർവരമ്പുകളെയും തട്ടിമാറ്റി മനുഷ്യസ്നേഹത്തിന്റെ മുഖമായി മാറുന്ന കളിക്കളത്തെ നമുക്ക് നെഞ്ചേറ്റാം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top