26 April Friday

നിറയെ ചുവന്ന പാതകൾ ; സ്മരണകൾ - ജാഥാ ഡയറി - എം വി ഗോവിന്ദൻ

എം വി ഗോവിന്ദൻUpdated: Wednesday Feb 22, 2023

താരതമ്യേന ഇടതുപക്ഷ ശക്തികൾക്ക് ‌ വലിയ വെല്ലുവിളി നേരിടുന്ന പ്രദേശത്താണ്‌ ആദ്യദിനത്തെ ജാഥാ സഞ്ചാരമെങ്കിൽ രണ്ടാംദിനം കാഴ്‌ചകളാകെ മാറി. കാസർകോട്‌ ജില്ലയിലെ  ഉദുമ, കാഞ്ഞങ്ങാട്‌, തൃക്കരിപ്പൂർ, കണ്ണൂർ ജില്ലയിലെ പയ്യന്നൂർ, കല്യാശേരി എന്നീ ഇടതുകോട്ടകളിലൂടെയായിരുന്നു ചൊവ്വാഴ്‌ചത്തെ ജാഥ. ഇടതുകോട്ടയെന്ന പ്രയോഗം വെറുതെ ഉണ്ടായതല്ല. ജനങ്ങൾക്കിടയിൽ നടന്നും പറഞ്ഞും ചേർത്തുപിടിച്ചും പ്രശ്‌നങ്ങളിൽ ഇടപെട്ടും ജനങ്ങൾതന്നെ സൃഷ്ടിച്ച കോട്ടയാണിത്‌. അതിന്റെ നിറം വെറുതെ ചോന്നതല്ല. ജനം അവരുടെ അനുഭവങ്ങളുടെ ചൂടിനാൽ ചുവപ്പിച്ചതാണത്‌.

ചൊവ്വാഴ്‌ചത്തെ ആദ്യപര്യടനം ഉദുമ മണ്ഡലത്തിലെ മലയോരഗ്രാമമായ കുണ്ടംകുഴിയിലയിരുന്നു. രാവിലെതന്നെ ജനക്കൂട്ടം തിങ്ങിനിറഞ്ഞത്‌ കാണാനായി. പാർടി കാസർകോട്‌ ഏരിയ സെക്രട്ടറിയായിരുന്ന കാലത്ത്‌ ഏറെ നടന്നുതീർത്ത ബേഡകം പഞ്ചായത്തിലാണ്‌ സ്വീകരണം. കേൾക്കാൻ എത്തിയവരിൽ അറുപത്‌ പിന്നിട്ട മിക്കവരെയും പേര്‌ ചൊല്ലിവിളിക്കാനുള്ള സൗഹൃദമുള്ള മണ്ണ്‌. സൗഹൃദ സദസ്സിലേക്കുള്ള സഞ്ചാരംകൂടിയായി അത്‌. അന്ന്‌ കണ്ടുപിരിഞ്ഞവരിൽ ചിലർ വന്ന്‌ കെട്ടിപ്പിടിച്ചു. അമ്മമാർ വിശേഷം ചോദിച്ചു.

എല്ലാക്കാലത്തും ഇടതുപ്രതിനിധികളെമാത്രം തെരഞ്ഞെടുക്കുന്ന കാഞ്ഞങ്ങാട്‌ മണ്ഡലത്തിലും സ്വീകരണം ആവേശകരമായി. അപ്പോഴേക്കും ഉച്ചവെയിൽ കത്തിനിന്നിരുന്നു. അതൊന്നും ആരുടെയും ആവേശം കുറച്ചില്ല. പുതിയ ബസ്‌സ്റ്റാൻഡിലെ  നീണ്ട ഇടനാഴിയിൽ കൂടിനിന്നവർ ജാഥയുടെ രാഷ്ട്രീയത്തെ ഒരേ മനസ്സോടെ ഏറ്റുവാങ്ങി.

ആദ്യമുഖ്യമന്ത്രി- ഇ എം എസിനെ- തെരഞ്ഞെടുത്ത നീലേശ്വരംകൂടി ഉൾപ്പെടുന്ന തൃക്കരിപ്പൂർ മണ്ഡലത്തിലെ കാലിക്കടവിലായിരുന്നു അടുത്ത സ്വീകരണം. ഇ കെ നായനാരും ഇവിടെ ജയിച്ച്‌ മുഖ്യമന്ത്രിയായി. മഹാനായ എ കെ ജി ഇന്ത്യൻ പാർലമെന്റിൽ പ്രതിപക്ഷ നേതാവായതും തൃക്കരിപ്പൂർകൂടി ഉൾപ്പെടുന്ന കാസർകോട്‌ മണ്ഡലത്തിൽനിന്ന്‌ ജയിച്ചാണല്ലോ. കയ്യൂരിന്റെയും മുനയൻകുന്നിന്റെയുംകൂടി മണ്ണാണ്‌ തൃക്കരിപ്പൂർ. രാഷ്ട്രീയ കേരളത്തിൽ ഇത്രമാത്രം അടയാളപ്പെടുത്തിയ മറ്റൊരു ദേശം കേരളത്തിൽ കുറവാണ്‌. കാസർകോട്‌ ജില്ലാ അതിർത്തി കൂടിയായ ഇവിടത്തെ സ്വീകരണം അതുകൊണ്ടുതന്നെ അവിസ്‌മരണീയം. കാസർകോട്‌ ജില്ല അതിന്റെ രാഷ്ട്രീയ ചരിത്രത്തിൽ മറ്റൊരു സുവർണ അധ്യായംകൂടി എഴുതിച്ചേർത്താണ്‌ ജാഥയെ യാത്രയാക്കിയത്‌.

സ്‌ത്രീകളുടെയും യുവാക്കളുടെയും വർധിച്ച സാന്നിധ്യമാണ്‌ ഇത്തവണത്തെ സ്വീകരണകേന്ദ്രങ്ങളിൽ പൊതുവിൽ കാണുന്നത്‌. അത്‌ ഏറ്റവും കൂടുതൽ ദർശിച്ചതും പയ്യന്നൂർ മണ്ഡലത്തിലാണ്‌. പയ്യന്നൂരിൽ പ്രസംഗിച്ചിറങ്ങുമ്പോൾ സന്ധ്യയായി. കേൾക്കാനെത്തിയവരുടെ ആവേശം ഉച്ചവെയിൽപോലെ ജ്വലിച്ചു നിന്നു.

കണ്ണൂർ ജില്ലയിലെ പ്രമുഖ നേതാക്കളെല്ലാം യാത്രയെ സ്വീകരിക്കാൻ നേരിട്ടെത്തി. അവരണിയിച്ച ചുവന്ന ഷാളുമായി പയ്യന്നൂരിലേക്ക്‌. നൂറുകണക്കിന്‌ ബൈക്കിന്റെയും ചുവന്ന കാറുകളുടെയും അകമ്പടി. കരിവെള്ളൂരിന്റെ സ്‌മൃതിമണ്ഡപം അതാ അകലെ കാണാം. ഏവിയും വിവിയും അടക്കമുള്ള ത്യാഗധനർ വിത്തിട്ട മണ്ണിലാണല്ലോ ഇന്നത്തെ പാർടിയുടെ മഹായാത്രകൾ.  കണ്ണൂരിന്റെ മണ്ണിലേക്ക്‌ മറ്റൊരു രാഷ്ട്രീയ ദൗത്യവുമായി കടന്നപ്പോൾ സ്‌മരണകളിൽ ധീരരക്തസാക്ഷികളുടെ ഓർമകൾ ഇരച്ചെത്തി. 

ജാഥയുടെ സ്വീകരണത്തിൽ ഏറ്റവും പ്രോജ്വലമായ രാഷ്ട്രീയം ദർശിക്കുന്ന ആൾക്കൂട്ടമാണ്‌ എല്ലാക്കാലത്തും പയ്യന്നൂരിലേത്‌. അവിടത്തെ സ്വീകരണത്തിൽത്തന്നെ കാണാം വേറിട്ട കാഴ്‌ചകൾ; മനോഹര ദൃശ്യങ്ങൾ. സ്‌ത്രീകളുടെയും യുവാക്കളുടെയും വർധിച്ച സാന്നിധ്യമാണ്‌ ഇത്തവണത്തെ സ്വീകരണകേന്ദ്രങ്ങളിൽ പൊതുവിൽ കാണുന്നത്‌. അത്‌ ഏറ്റവും കൂടുതൽ ദർശിച്ചതും പയ്യന്നൂർ മണ്ഡലത്തിലാണ്‌. പയ്യന്നൂരിൽ പ്രസംഗിച്ചിറങ്ങുമ്പോൾ സന്ധ്യയായി. കേൾക്കാനെത്തിയവരുടെ ആവേശം ഉച്ചവെയിൽപോലെ ജ്വലിച്ചു നിന്നു.

കേരളത്തിന്റെ ആരാധ്യനായ മുൻ മുഖ്യമന്ത്രി ഇ കെ നായനാരുടെ മണ്ഡലമായ കല്യാശേരിയിലെ പഴയങ്ങാടിയിലായിരുന്നു ചൊവ്വാഴ്‌ചത്തെ അവസാന സ്വീകരണം. കാസർകോട്‌ പാർലമെന്റ്‌ മണ്ഡലത്തിലുൾപ്പെടുന്ന കല്യാശേരി, എക്കാലത്തും അതിന്റെ ഇടതുമനസ്സ്‌ ചുവപ്പിച്ചുതന്നെ നിന്നു. അതിനിന്നും കോട്ടം തട്ടിയിട്ടില്ല. സ്വീകരണസ്ഥലത്തും ആ രാഷ്ട്രീയം പ്രകടമായി.

അതതിടത്ത്‌ വിപുലമായ സംഘാടകസമിതികൾ രൂപീകരിച്ചാണ്‌ ജാഥയെ സ്വീകരിച്ചത്‌. അവിടെ സ്വീകരണമെന്ന ഒറ്റ അജൻഡ മാത്രമായിരുന്നില്ല നടന്നതെന്നത്‌ എടുത്തുപറയേണ്ട കാര്യമാണെന്ന്‌ തോന്നുന്നു. പ്രാദേശിക കലാസംഘങ്ങളുടെ കലാപരിപാടികൾ, കുട്ടികളുടെയും കുടുംബശ്രീ യൂണിറ്റുകളുടെയും ക്വിസ്‌ മത്സരം, കലാ, കായിക, സാഹിത്യ രചനാമത്സരം തുടങ്ങിയവയെല്ലാം ഈ സ്വീകരണത്തോട്‌ ചേർന്ന്‌ നടത്തിയിരുന്നു. അതിന്റെയെല്ലാം സമ്മാനവിതരണവും ഈ കേന്ദ്രങ്ങളിൽ നടന്നു. വലിയ ആവേശത്തോടെയാണ്‌ ഇത്തരം പരിപാടികളിൽ ജനങ്ങൾ അണിനിരന്നത്‌. പാർടിയുടെ ജനകീയതയുടെ മികച്ച ഉദാഹരണംകൂടിയായി ജാഥാ സ്വീകരണങ്ങളെന്ന്‌ നിസ്സംശയം പറയാം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top