26 April Friday

മാറുന്ന നാടിനൊപ്പം - ജാഥാ ഡയറി - എം വി ഗോവിന്ദൻ

വെബ് ഡെസ്‌ക്‌Updated: Tuesday Feb 28, 2023

വാക്കുകൾ കൊണ്ട് അടയാളപ്പെടുത്താൻ കഴിയാത്തതിലുമേറെ ആവേശകരമായ അനുഭവമാണ് രണ്ടുദിവസമായി മലപ്പുറം തന്നത്. രണ്ടുദിവസംകൂടി ഈ ജില്ലയിലുണ്ട്. നവകേരള ശിൽപ്പിയും സിപിഐ എമ്മിന്റെ സമുന്നത നേതാവുമായിരുന്ന സഖാവ് ഇ എം എസിന്റെ ജന്മനാട്‌ ഉൾക്കൊള്ളുന്ന ജില്ലയാണിത് എന്ന പ്രത്യേകതയുണ്ട്. മലപ്പുറത്തിന് ഇ എം എസിനെ മറക്കാനാകില്ലല്ലോ.

മലപ്പുറം ജില്ലാ രൂപീകരണം അന്നത്തെ മുഖ്യമന്ത്രി ഇ എം എസ് പ്രഖ്യാപിക്കുമ്പോൾ കോൺഗ്രസും ബിജെപിയും കടുത്ത പ്രതിഷേധമാണ്‌ ഉയർത്തിയത്. എന്നാൽ, അതിനെയെല്ലാം തള്ളി ഏറനാടൻ മേഖലയുടെ സമഗ്ര വികസനത്തിന് മലപ്പുറം കേന്ദ്രീകരിച്ച് ജില്ല രൂപീകരിക്കുക എന്ന നിലപാടിൽ ഇ എം എസ് സർക്കാർ ഉറച്ചുനിന്നു. 1969 ജൂൺ 16ന് ജില്ല നിലവിൽ വന്ന ദിവസം കോൺഗ്രസും ബിജെപിയുടെ അന്നത്തെ രൂപമായ ജനസംഘവും കരിദിനം ആചരിച്ചു.

അന്നത്തെ സർക്കാർതീരുമാനം ശരിവയ്ക്കുന്ന തരത്തിൽ മുന്നേറിക്കൊണ്ടിരിക്കുകയാണ് മലപ്പുറം. കേരളത്തിനു തന്നെ അഭിമാനമായ കാലിക്കറ്റ് സർവകലാശാലയും തിരൂരിലെ തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാലയും ഇവിടെയാണ്. പ്രശസ്തമായ അലിഗഢ് സർവകലാശാലയുടെ ക്യാമ്പസ് പെരിന്തൽമണ്ണയിലുണ്ട്. കാലിക്കറ്റ് നാക് ഗ്രേഡിങ്ങിൽ എ പ്ലസ് നേടിയത് അഭിമാനകരമാണ്. മലപ്പുറത്തിന്റെ വികസനത്തിൽ പ്രധാന പങ്കുവഹിച്ചത് ഇടതുപക്ഷ സർക്കാരുകളാണ് എന്ന് നിസ്സംശയം പറയാം. യുഡിഎഫ് സർക്കാരിന്റെ അവസാന കാലത്ത് മഞ്ചേരി ജനറൽ ആശുപത്രിയുടെ ബോർഡ് മെഡിക്കൽ കോളേജ് എന്നാക്കിയതല്ലാതെ  ഒന്നും ചെയ്‌തില്ല. എന്നാൽ, അടുത്തിടെ നഴ്സിങ് കോളേജ് ആരംഭിച്ചത്‌ ഉൾപ്പെടെ മെഡിക്കൽ കോളേജ് വികസനത്തിനുവേണ്ടിയുള്ള നടപടികൾക്ക് വേഗം നൽകുകയാണ് ഈ സർക്കാർ. മലപ്പുറത്ത് പ്രമുഖ വ്യക്തികളുമായുള്ള കൂടിക്കാഴ്ചയിൽ ഉയർന്നുവന്ന പ്രധാന ആവശ്യം മെഡിക്കൽ കോളേജിന്റെ വികസനമായിരുന്നു. അക്കാര്യം സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് ഉറപ്പു നൽകിയിട്ടുണ്ട്.

ഞായറാഴ്ച കൊണ്ടോട്ടിയിലായിരുന്നു ജില്ലയിലെ ആദ്യസ്വീകരണം. മന്ത്രി വി അബ്ദുറഹ്മാനും പി വി അൻവർ എംഎൽഎയും ഈ കേന്ദ്രത്തിൽ എത്തിയിരുന്നു. മലപ്പുറത്ത് എത്തിയപ്പോൾ രാത്രിയായിട്ടും വൻജനക്കൂട്ടമായിരുന്നു. പാർടി പിബി അംഗം എ വിജയരാഘവനും എത്തി. ഒരു കാലത്ത് ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്ക്  സ്വാധീനമില്ലാത്ത ജില്ലയായിരുന്നു മലപ്പുറം. എന്നാൽ, ചുവന്നു കൊണ്ടിരിക്കുകയാണ് മലപ്പുറം. രണ്ടുദിവസത്തെ പര്യടനത്തിലെ അനുഭവം ഇത് ആവർത്തിക്കുന്നു. വേങ്ങരയും വള്ളിക്കുന്ന് മണ്ഡലത്തിലെ അത്താണിക്കലും തിരൂരങ്ങാടി മണ്ഡലത്തിലെ ചെമ്മാടും താനൂരും പിന്നിട്ട് രാത്രിയോടെ തിരൂരിൽ സമാപിക്കുമ്പോൾ അരലക്ഷത്തിലേറെ പേരുമായി ഒറ്റദിവസം സംവദിക്കാനായി. ന്യൂനപക്ഷ ജനവിഭാഗത്തിന്റെ വൻ ഒഴുക്കായിരുന്നു ഓരോ കേന്ദ്രത്തിലും. പ്രത്യേകിച്ച് സ്ത്രീകളുടെ വൻ നിര. സംഘപരിവാറിന്റെ തിട്ടൂരങ്ങൾക്കു മുന്നിൽ മുട്ടുമടക്കാത്ത സർക്കാരും മുന്നണിയുമാണ് ഇവിടെയെന്നതും ജനം തിരിച്ചറിയുന്നുണ്ട്. ഇത് മുസ്ലിം ലീഗിന്‌ ഉണ്ടാക്കുന്ന വെപ്രാളം ചെറുതല്ല.

ഇന്നലെ അവിസ്മരണീയമായ ചില അനുഭവങ്ങൾ ഉണ്ടായി. തിരൂരങ്ങാടി മണ്ഡലത്തിലെ ചെമ്മാട് എത്തിയപ്പോൾ ദേശീയപാതയ്ക്ക് സ്ഥലം വിട്ടുകൊടുക്കാൻ തയ്യാറായ കുറെ കുടുംബങ്ങൾ  കാത്തുനിൽക്കുന്നുണ്ടായിരുന്നു. ഭൂമി ഏറ്റെടുക്കലിനെതിരായ സമരങ്ങൾക്ക് നേതൃത്വം കൊടുത്തവരായിരുന്നു ചിലർ. അവരുടെ സന്തോഷം പ്രകടിപ്പിച്ചു. കബറിടം പോലും ദേശീയപാത വികസനത്തിനായി വിട്ടുകൊടുത്ത പള്ളിക്കമ്മിറ്റികൾ ഉള്ള നാടാണ് മലപ്പുറം. നാടിനോടുള്ള അവരുടെ ഈ അർപ്പണമനോഭാവത്തെ എത്ര അഭിനന്ദിച്ചാലാണ് മതിയാകുക. അവരുടെ നല്ല മനസ്സിനോട് ഈ നാട് കടപ്പെട്ടിരിക്കുന്നു. താനൂരിൽ മത്സ്യത്തൊഴിലാളികൾ ധാരാളമായി എത്തി. അവരിൽ കുറച്ചുപേർ അടുത്തുവന്ന് സന്തോഷം അറിയിച്ചു.

രാവിലത്തെ കൂടിക്കാഴ്ചയെക്കുറിച്ചു ചില കാര്യങ്ങൾകൂടി പറഞ്ഞ് അവസാനിപ്പിക്കാം. ‘മുമ്പ്‌ ഒരു സംരംഭം തുടങ്ങണമെങ്കിൽ വലിയ കടമ്പ കടക്കണം. എന്നാൽ, ഈ സർക്കാർ നൽകുന്ന പിന്തുണ അതിരില്ലാത്തതാണ്. ഇപ്പോൾ ഞങ്ങൾക്കും എന്തേലും തുടങ്ങാമെന്ന ധൈര്യമുണ്ട്’– ചേംബർ ഓഫ് കൊമേഴ്‌സ്‌‌ പ്രതിനിധിയുടെ ഈ വാക്കുകൾ മാത്രം മതി ഈ സർക്കാരിന്റെ സമീപനം അടയാളപ്പെടുത്താൻ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top