26 April Friday

നെഗറ്റീവ്‌ പൊളിറ്റിക്‌സിന്റെ കാലം കഴിഞ്ഞു - ജാഥാ ഡയറി - എം വി ഗോവിന്ദൻ

വെബ് ഡെസ്‌ക്‌Updated: Monday Feb 27, 2023

എന്തുകൊണ്ടാണ്‌ എൽഡിഎഫ്‌ സർക്കാർ നടപ്പാക്കുന്ന വികസന പദ്ധതികളെ യുഡിഎഫും സംഘപരിവാറും കണ്ണടച്ച്‌ എതിർക്കുന്നത്‌? വികസനത്തിന്‌ വോട്ടുണ്ട്‌ എന്നതാണ്‌ ഇതിനുള്ള ലളിതമായ ഉത്തരം. 99 സീറ്റുകൾ നേടിയാണ്‌ ഇടതുപക്ഷം രണ്ടാംവട്ടവും അധികാരത്തിലെത്തിയത്‌. കെ റെയിൽ യാഥാർഥ്യമായാൽ, ദേശീയപാതാ വികസനം പൂർത്തിയായാൽ, തൊഴിലില്ലായ്മ  കുറയ്‌ക്കാനായാൽ, എല്ലാവർക്കും പട്ടയം നൽകിയാൽ എൽഡിഎഫ്‌ സർക്കാരിന്‌ മൂന്നാംവട്ടം ഉണ്ടാകുമെന്ന്‌ പലരും ഭയക്കുന്നുണ്ട്‌. ആ ഭയം എന്തിനേയും ഒരു പരിശോധനയുമില്ലാതെ എതിർക്കുക എന്ന അവസ്ഥയിലേക്ക്‌ എത്തിച്ചിരിക്കയാണ്‌. ആ എതിർപ്പിൽ കേരളത്തിലെ പ്രതിപക്ഷവും മോദി സർക്കാരും കൈകോർക്കുന്നു എന്നതാണ്‌ ഏറ്റവും വിചിത്രമായ സംഗതി.

നെഗറ്റീവായ ചിന്തയാണ്‌ കേരളത്തിൽ പ്രതിപക്ഷം അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നത്‌. എന്തും എതിർക്കുകയെന്ന ഒറ്റ അജൻഡയാണ്‌ അവരെ നയിക്കുന്നത്‌. കെ റെയിൽ, ദേശീയപാതാ വികസനം തുടങ്ങിയവയിലൊക്കെ ഇത്‌ കാണാം. നെഗറ്റീവ്‌ പൊളിറ്റിക്‌സിന്റെ കാലം കഴിഞ്ഞുവെന്ന്‌ മനസ്സിലാക്കണം. ജനങ്ങൾക്ക്‌ അവരുടെ ജീവൽപ്രശ്‌നങ്ങളെ അഭിമുഖീകരിക്കുന്നവരോടാണ്‌ താൽപ്പര്യം.

ഇക്കാര്യങ്ങളും ജനകീയ പ്രതിരോധ ജാഥയിൽ ഞങ്ങൾ വിശദീകരിക്കുന്നു. വികസനത്തിൽ ഒരു രാഷ്ട്രീയവും ഉണ്ടാകരുത്‌ എന്നാണ്‌ സിപിഐ എം നിലപാട്‌. ഓരോ നിമിഷവും വികസിച്ചുകൊണ്ടിരിക്കയാണ്‌ ലോകം. നവീകരിക്കപ്പെടാത്ത ഒരു ചിന്താധാരയ്‌ക്കും നിലനിൽപ്പില്ല. ഇത്‌ തിരിച്ചറിയുകയും അതിനൊത്ത്‌ മാറുകയും ചെയ്‌തില്ലെങ്കിൽ നമ്മൾ പിന്നിലാകും. ജനകീയ പ്രതിരോധ ജാഥയുടെ ഭാഗമായി കോഴിക്കോട്ട്‌‌ വിവിധ മേഖലകളിലുള്ളവരുമായുള്ള ആശയവിനിമയത്തിൽ ഞങ്ങൾ പറഞ്ഞതും ഇക്കാര്യമാണ്‌. ആ സംവാദത്തിൽ വ്യാപാരികളും വ്യവസായികളും സംരംഭകരും  പൊതുപ്രവർത്തകരും എഴുത്തുകാരും കലാസാംസ്‌കാരിക പ്രവർത്തകരും ഉണ്ടായിരുന്നു. 20 കൊല്ലത്തിനകം ലോകത്തെ മുൻനിര വികസിത രാജ്യങ്ങൾ കൈവരിച്ച വികസനത്തിനൊപ്പം കേരളം എത്തുമെന്ന ശുഭപ്രതീക്ഷയാണ്‌ ഞാൻ അവരോട്‌ പങ്കുവച്ചത്‌.


 

ഈ ചർച്ചയിൽ ചില ഓഫീസുകളിലെ ചുവപ്പുനാടയെക്കുറിച്ച്‌ ചിലർ പരാതിപ്പെട്ടു. ഗൗരവമുള്ള വിഷയമാണത്‌. അഴിമതി എന്നത്‌ മുതലാളിത്തത്തിന്റെ ഉൽപ്പന്നമാണ്‌. ഭരണതലത്തിലുള്ള അഴിമതി അവസാനിപ്പിക്കാൻ സർക്കാരിന്‌ കഴിഞ്ഞുവെന്നത്‌ വലിയ കാര്യമാണ്‌. എന്നാൽ ഉദ്യോ ഗസ്ഥതലത്തിൽ അത്‌ നിലനിൽക്കുന്നു എന്നത്‌ വസ്‌തുതയാണ്‌. അഴിമതി നടത്തുന്നവർ സർവീസിൽ തുടരാമെന്ന്‌ കരുതരുത്‌ എന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം സർക്കാർ  നിലപാട്‌ വ്യക്തമാക്കുന്നുണ്ട്‌. 

2025ൽ ആർഎസ്‌എസ്‌ രൂപീകരണത്തിന്റെ നൂറാം വാർഷികമാണ്‌. 2024ലെ തെരഞ്ഞെടുപ്പിൽ വീണ്ടും ജയിക്കാൻ കഴിഞ്ഞാൽ ഹിന്ദുത്വരാഷ്ട്രം എന്ന ആശയം പൂർണമായ അർഥത്തിൽ നടപ്പാക്കുമെന്നാണ്‌ ആർഎസ്‌എസിന്റെ പ്രഖ്യാപനം. ഏക സിവിൽകോഡും പൗരത്വ ഭേദഗതിയും നടപ്പാക്കുമെന്നാണ്‌ പ്രഖ്യാപനം. കേരളത്തിലേതുപോലെ ഹിന്ദുക്കളും മുസ്ലിങ്ങളും ക്രിസ്‌ത്യാനികളും സൗഹാർദത്തോടെ അധിവസിക്കുന്ന മറ്റൊരു ഭൂപ്രദേശവും ലോകത്തില്ല. അതിനാൽ ഹിന്ദുരാഷ്ട്രമെന്ന സങ്കൽപ്പം കേരളത്തെയാണ്‌ ഏറ്റവും പ്രതികൂലമായി ബാധിക്കുക.

ഞായറാഴ്‌ച ജനകീയ പ്രതിരോധജാഥ കോഴിക്കോട്‌ ജില്ലയിലെ പര്യടനം പൂർത്തിയാക്കി മലപ്പുറം ജില്ലയിലേക്ക്‌ പ്രവേശിച്ചു. കോഴിക്കോട്‌ ജില്ലയിൽ 12 കേന്ദ്രങ്ങളിൽ നൽകിയ സ്വീകരണത്തിൽ മൂന്നുലക്ഷത്തോളം പേരെത്തി എന്നാണ്‌ കരുതുന്നത്‌. സ്‌ത്രീകളുടെ അഭൂതപൂർവമായ പങ്കാളിത്തമാണ്‌ സ്വീകരണങ്ങളിലെ പ്രത്യേകത. അത്‌ യാദൃച്ഛികമല്ല. അതിനൊരു രാഷ്ട്രീയമുണ്ട്‌. എൽഡിഎഫ്‌ സർക്കാർ സ്‌ത്രീശാക്തീകരണത്തിനായി നടപ്പാക്കിയ കാര്യങ്ങളുടെ പ്രതിഫലനമാണത്‌. സ്‌ത്രീകൾക്കൊപ്പം നിലകൊള്ളുന്ന സർക്കാരും പ്രസ്ഥാനവും ഏതാണെന്ന്‌ അവർ വിലയിരുത്തുന്നുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top