06 December Wednesday

കേന്ദ്രനയത്തിന്‌ ബദൽ കേരള ബജറ്റ്‌ - എം വി ഗോവിന്ദൻ എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Thursday Feb 9, 2023

ഈമാസം ഒന്നിന്‌ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ കേന്ദ്ര ബജറ്റ്‌ ലോക്‌സഭയിൽ അവതരിപ്പിച്ചപ്പോൾ സംസ്ഥാന ധനമന്ത്രി കെ എൻ ബാലഗോപാൽ ഈമാസം മൂന്നിന്‌ നിയമസഭയിൽ സംസ്ഥാന ബജറ്റും അവതരിപ്പിച്ചു. ഇരു ബജറ്റിലൂടെയും കണ്ണോടിച്ചാൽ കേന്ദ്ര ബജറ്റിന്റെ ജനവിരുദ്ധതയ്‌ക്ക്‌ ശക്തമായ ബദൽ ഉയർത്തുന്ന, ജനങ്ങളെ ചേർത്തുപിടിക്കുന്ന ബജറ്റാണ്‌ കേരളത്തിന്റേതെന്ന്‌ വ്യക്തമാകും. കോർപറേറ്റുകളെയും വൻകിടക്കാരെയും സഹായിക്കുന്നതാണ്‌ കേന്ദ്ര ബജറ്റെങ്കിൽ സാമൂഹ്യമേഖലയിൽ കൂടുതൽ നിക്ഷേപം നടത്തിയും സാമൂഹ്യനീതി ഉറപ്പാക്കിയും ത്വരിതഗതിയിലുള്ള സാമ്പത്തികവളർച്ചയാണ്‌ കേരളത്തിന്റെ ബജറ്റ്‌ ലക്ഷ്യമാക്കുന്നത്‌. ആസൂത്രണം ഉപേക്ഷിച്ച്‌ എല്ലാ പണവും കോർപറേറ്റ്‌ സഹായത്തിനായി നീക്കിവയ്‌ക്കുകയാണ്‌ കേന്ദ്രം ചെയ്യുന്നതെങ്കിൽ ആസൂത്രണത്തിന്റെ പിൻബലത്തിൽ എല്ലാവിഭാഗം ജനങ്ങൾക്കും സാമ്പത്തികവളർച്ചയുടെ നേട്ടത്തിന്റെ പങ്ക്‌ ഉറപ്പാക്കുകയാണ്‌ എൽഡിഎഫ്‌ സർക്കാർ. മറ്റൊരർഥത്തിൽ പറഞ്ഞാൽ ജനങ്ങളാണ്‌ കേരള ബജറ്റിന്റെ ആധാരമെങ്കിൽ കോർപറേറ്റുകളാണ്‌ കേന്ദ്ര ബജറ്റിന്റെ  ഊന്നൽ.

കോവിഡാനന്തര ലോക സമ്പദ്‌വ്യവസ്ഥ കടുത്ത പ്രതിസന്ധിയിലൂടെയാണ്‌ കടന്നുപോകുന്നത്‌. ഉക്രയ്‌ൻ യുദ്ധം  ഈ പ്രതിസന്ധി രൂക്ഷമാക്കി. ഇന്ത്യയെയും ഇത്‌ നന്നായി ബാധിച്ചിട്ടുണ്ട്‌. ഇത്‌ മുറിച്ചുകടക്കാനുള്ള പദ്ധതികളുടെ അഭാവമാണ്‌ കേന്ദ്ര ബജറ്റിൽ മുഴച്ചുനിൽക്കുന്നത്‌. മൊത്തം ആഭ്യന്തര ഉൽപ്പാദനവളർച്ച ഇടിയുമെന്നാണ്‌ സാമ്പത്തിക സർവേതന്നെ പറയുന്നത്‌. ജിഡിപി വളർച്ചയ്‌ക്കൊപ്പം ആഭ്യന്തര ഉപഭോഗം വളരുന്നില്ലെന്നതാണ്‌ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ അഭിമുഖീകരിക്കുന്ന പ്രതിസന്ധി. ബജറ്റിൽ മൂലധനച്ചെലവ്‌ വർധിപ്പിക്കാനുള്ള നിർദേശമുണ്ട്‌. വികലമായ നയം കാരണം ഇതിന്റെ നേട്ടം കൊയ്യുന്നത്‌ കോർപറേറ്റുകളായിരിക്കും. എന്നാൽ, ജനങ്ങളുടെ വാങ്ങൽശേഷി വർധിപ്പിക്കാനുള്ള ഒരു നടപടിയും ബജറ്റിൽ ഇല്ല. സാമൂഹ്യമേഖലയിൽ കൂടുതൽ നിക്ഷേപം നടത്തിയാൽ മാത്രമേ ജനങ്ങളുടെ കൈവശം പണം എത്തുകയുള്ളൂ.

ജനങ്ങളുടെ കൈവശം പണമില്ലാത്തതിന്‌ കാരണം ഉള്ള പണം അടിസ്ഥാനമേഖലയായ ആരോഗ്യ, വിദ്യാഭ്യാസ ആവശ്യങ്ങൾക്ക്‌ വർധിച്ച തോതിൽ  ഉപയോഗിക്കുന്നതിനാലാണ്‌. ഇതുകൊണ്ടാണ്‌ ആരോഗ്യ, വിദ്യാഭ്യാസ മേഖലയിൽ കൂടുതൽ പണം ചെലവാക്കാൻ സർക്കാർ തയ്യാറാകണമെന്ന്‌ പറയുന്നത്‌. മെച്ചപ്പെട്ട  ആരോഗ്യസേവനം സർക്കാർ ആശുപത്രികളിൽ നൽകിയാൽ സ്വകാര്യമേഖലയെ ആശ്രയിക്കാതെ മുന്നോട്ടുപോകാൻ ജനങ്ങൾക്ക്‌ കഴിയും. മാത്രമല്ല, സ്വകാര്യമേഖലയിൽ ചെലവാക്കുന്ന ഭീമമായ തുക ജനങ്ങളുടെ കൈവശം മിച്ചം നിൽക്കും. സ്വാഭാവികമായും ഈ പണം ഉപഭോഗത്തിനായി ഉപയോഗിക്കും. എന്നാൽ, മോദിസർക്കാരിന്റെ ബജറ്റ്‌ പരിശോധിച്ചാൽ സാമൂഹ്യമേഖലയിലെ നിക്ഷേപം തുലോം തുച്ഛമാണെന്ന്‌ കാണാം. ഒരു ഉദാഹരണം മാത്രം പറയാം. സാധാരണ ജനങ്ങൾക്ക്‌ ഏറ്റവും ഉപകാരപ്രദമായ മഹാത്മാഗാന്ധി തൊഴിലുറപ്പുപദ്ധതിക്ക്‌ 60,000 കോടി രൂപ മാത്രമാണ്‌ അടുത്ത സാമ്പത്തിക വർഷത്തേക്ക്‌ നീക്കിവച്ചിട്ടുള്ളത്‌. 1.12 ലക്ഷം കോടി രൂപ ചെലവാക്കിയയിടത്താണ്‌, തുക ഏതാണ്ട്‌ നേർപകുതിയായി വെട്ടിക്കുറച്ചത്‌. വർഷത്തിൽ 100 ദിനം തൊഴിൽ ഉറപ്പുവരുത്തുന്നതിന്‌ 2.72 ലക്ഷം കോടി രൂപയെങ്കിലും വേണ്ടിവരുമെന്നാണ്‌ കണക്കാക്കിയിട്ടുള്ളത്‌. അതിന്റെ അഞ്ചിലൊന്ന്‌ തുക മാത്രമാണ്‌ വകയിരുത്തിയിട്ടുള്ളത്‌. 15,000 കോടി രൂപ കുടിശ്ശികകൂടി തട്ടിക്കിഴിച്ചാൽ 45,000 കോടി രൂപ മാത്രമാണ്‌ നീക്കിയിരിപ്പ്‌. മോദി സർക്കാരിന്റെ മനസ്സിൽ രാജ്യം മാത്രമേയുള്ളൂ. അതിൽ ജനങ്ങളില്ല എന്ന്‌ വ്യക്തമാക്കുന്നതാണ്‌ ഈ പദ്ധതിക്കുള്ള വൻവെട്ടിക്കുറവ്‌. ഭക്ഷ്യസബ്‌സിഡിയിൽ 31 ശതമാനവും ഉച്ചഭക്ഷണപദ്ധതിയിൽ 9.4 ശതമാനം കുറവുവരുത്തിയതും ഇതുതന്നെയാണ്‌ തെളിയിക്കുന്നത്‌.


 

മോദി സർക്കാരിന്റെ മൂന്ന്‌ കർഷകവിരുദ്ധ നിയമങ്ങൾക്കെതിരെ വർഷം നീണ്ട സമരം നടത്തുകയും അതിൽ വിജയിക്കുകയും ചെയ്‌ത കർഷകരെ ശിക്ഷിക്കാനും ബജറ്റിലൂടെ കേന്ദ്ര സർക്കാർ തയ്യാറായി. എത്രയോ വർഷങ്ങളായി കൃഷിക്കാർ ആവശ്യപ്പെടുന്നതും ബിജെപി തെരഞ്ഞെടുപ്പ്‌ മാനിഫെസ്‌റ്റോയിൽ ആവർത്തിച്ചു വാഗ്‌ദാനം നൽകുകയുംചെയ്ത താങ്ങുവില (കൃഷിച്ചെലവും അതിന്റെ പകുതിയും ചേർത്തുള്ള എംഎസ്‌പി)ഇക്കുറിയും ബജറ്റിൽ ഇടംനേടിയില്ല. മാത്രമല്ല, കൃഷിക്കുള്ള വകയിരുത്തൽ വെട്ടിച്ചുരുക്കുകയും ചെയ്‌തു. രാഷ്ട്രീയ കൃഷിവികാസ്‌ യോജനയ്‌ക്കുള്ള വകയിരുത്തൽ 31 ശതമാനവും കൃഷി ജലസേചനപദ്ധതിക്ക്‌ 17 ശതമാനവും രാസവള സബ്‌സിഡി 22 ശതമാനവും വിള ഇൻഷുറൻസിനുള്ള വകയിരുത്തൽ 12 ശതമാനവും വെട്ടിക്കുറച്ചാണ്‌ മോദി കർഷകരോട്‌ പ്രതികാരം വീട്ടിയത്‌. സ്വാഭാവികമായും കർഷകരോഷം സർക്കാരിനെതിരെ ഉയരുമെന്ന കാര്യത്തിൽ സംശയമില്ല.

കോവിഡ്‌ മഹാമാരിയുടെ പശ്ചാത്തലത്തിൽ ലോകത്തിലെ ഭൂരിപക്ഷം സർക്കാരുകളും ആരോഗ്യമേഖലയിൽ കൂടുതൽ നിക്ഷേപം നടത്താൻ മുന്നോട്ടുവന്നപ്പോൾ മോദി അതിന്  തയ്യാറായില്ല. മാത്രമല്ല, മുൻ ബജറ്റിൽ നീക്കിവച്ചതിൽ 9000 കോടിയിലധികം രൂപ ചെലവഴിച്ചിട്ടില്ലെന്നും ബജറ്റ്‌ രേഖ പറയുന്നു. അതായത്‌, മോദിസർക്കാർ നീക്കിവയ്‌ക്കുന്ന തുക ചെലവഴിക്കാനുള്ളതല്ലെന്ന്‌ അർഥം.  വിദ്യാഭ്യാസരംഗത്തും സ്ഥിതി സമാനം. ന്യൂനപക്ഷ ജനതയെ ക്രൂരമായി അവഗണിക്കാനും മോദിസർക്കാർ തയ്യാറായി. ന്യൂനപക്ഷ വികസനത്തിന്‌ 1810 കോടി രൂപയിൽനിന്നും കേവലം 610 കോടിയായി നീക്കിയിരിപ്പ്‌ കുറച്ചു. മാത്രമല്ല, സാമ്പത്തിക അസമത്വം പതിന്മടങ്ങ്‌ വർധിക്കുകയാണെന്ന്‌ അടുത്തകാലത്ത്‌ പുറത്തുവന്ന ഓക്‌സ്‌ഫാം ഉൾപ്പെടെയുള്ള  എല്ലാ പഠനവും വ്യക്തമാക്കുമ്പോഴും അതിസമ്പന്നരിൽ കൂടുതൽ നികുതി ലക്ഷ്യംവച്ചുള്ള വെൽത്ത്‌ ടാക്‌സ് ഏർപ്പെടുത്താനോ ജിഡിപിയുമായുള്ള നികുതി അനുപാതം വർധിപ്പിക്കാനോ സർക്കാർ തയ്യാറായില്ല.

കേന്ദ്ര ബജറ്റിന്റെ കാഴ്‌ചപ്പാടിൽനിന്നും തീർത്തും വ്യത്യസ്‌തമായ സമീപനമാണ്‌ കേരള ബജറ്റിൽനിന്നും വായിച്ചെടുക്കാൻ കഴിയുന്നത്‌. സാമൂഹ്യമേഖലയിൽ കൂടുതൽ നിക്ഷേപം നടത്തുന്നതോടൊപ്പം സാമ്പത്തികവളർച്ച ത്വരിതപ്പെടുത്താനും അടിസ്ഥാനസൗകര്യ വികസനത്തിനും പണം ചെലവാക്കുന്ന രീതിയാണ്‌ എൽഡിഎഫ്‌ സർക്കാർ സ്വീകരിച്ചിട്ടുള്ളത്‌. ദാരിദ്ര്യ നിർമാർജനമെന്ന ആശയംതന്നെ കേന്ദ്ര സർക്കാർ പൂർണമായും  ഉപേക്ഷിച്ചപ്പോൾ അതിദാരിദ്ര്യം നേരിടുന്ന 64,000 കുടുംബങ്ങളെ അഞ്ചു വർഷത്തിനകം ദാരിദ്യത്തിൽനിന്നും മോചിപ്പിക്കുന്നതിനായി 50 കോടി നീക്കിവച്ചതുമുതൽ (രാജ്യത്ത്‌ ആദ്യമായിട്ടായിരിക്കാം ഒരു സർക്കാർ ദാരിദ്ര്യനിർമാർജനത്തിന്‌ ഇത്തരമൊരു പദ്ധതി നടപ്പാക്കുന്നത്‌) കാഴ്‌ചാവൈകല്യങ്ങൾ നേരിടുന്നവർക്ക്‌ സാമ്പത്തികസ്ഥിതി പരിശോധിച്ച്‌ സൗജന്യ കണ്ണട നൽകുന്നതുൾപ്പെടെയുള്ള ജനക്ഷേമ പദ്ധതികൾക്കാണ്‌ കേരളത്തിലെ ബജറ്റ്‌ ഊന്നൽനൽകുന്നത്‌. ക്ഷേമപെൻഷൻ നൽകുന്നതിന്‌ 9764 കോടി രൂപ നീക്കിവച്ച സർക്കാർ, 1600 രൂപ പെൻഷൻ മുടങ്ങാതിരിക്കാനായി പെട്രോളിനും ഡീസലിനും രണ്ടു രൂപ സെസ്‌ ഏർപ്പെടുത്താനും മദ്യത്തിന്റെ വിലയിൽ നേരിയ വർധന വരുത്താനും തീരുമാനിച്ചു. സാമ്പത്തിക വിഷമത്തിന്റെ പേരിൽ എല്ലാ സർക്കാരും ക്ഷേമപ്രവർത്തനങ്ങൾ ഉപേക്ഷിക്കുമ്പോഴാണ്‌ നവഉദാരവാദ നീതിക്ക്‌ ബദൽ ഉയർത്തിപ്പിടിച്ചുകൊണ്ട്‌ ക്ഷേമപ്രവർത്തനങ്ങൾ എന്തുവിലകൊടുത്തും നടപ്പാക്കുമെന്ന്‌ കേരള ബജറ്റ്‌ പ്രഖ്യാപിച്ചത്‌.

പെട്രോളിന്‌ 20 രൂപ സർചാർജ്‌ പിരിക്കുന്ന കേന്ദ്ര സർക്കാരിന്റെ നടപടിയെ ന്യായീകരിക്കുന്ന ബിജെപിക്കാർ, എൽഡിഎഫ്‌ സർക്കാരിനെതിരെ നടത്തുന്ന സമരം പരിഹാസ്യമാണ്‌.

സംസ്ഥാനത്തിനുള്ള എല്ലാ ധനസ്രോതസ്സുകളും കേന്ദ്രം കൊട്ടിയടയ്‌ക്കുന്ന വേളയിലാണ്‌ ഇത്തരമൊരു ധനസമാഹരണ മാർഗം സ്വീകരിക്കാൻ കേരളം നിർബന്ധിതമായത്‌. കേന്ദ്രത്തിന്റെ തെറ്റായ നയങ്ങളാണ്‌ ഇത്തരമൊരു അവസ്ഥ സൃഷ്ടിച്ചതെന്നർഥം. ഇത്‌ തിരിച്ചറിഞ്ഞ്‌ കേന്ദ്ര സർക്കാരിനെതിരെ  സമരം ചെയ്യുന്നതിന്‌ പകരം ബിജെപിയുമായി കൂട്ടുചേർന്ന്‌ സംസ്ഥാന സർക്കാരിനെതിരെ  സമരം ചെയ്യുന്ന യുഡിഎഫിനെ ജനങ്ങൾ തിരിച്ചറിയും. പെട്രോളിന്‌ 20 രൂപ സർചാർജ്‌ പിരിക്കുന്ന കേന്ദ്ര സർക്കാരിന്റെ നടപടിയെ ന്യായീകരിക്കുന്ന ബിജെപിക്കാർ, എൽഡിഎഫ്‌ സർക്കാരിനെതിരെ നടത്തുന്ന സമരം പരിഹാസ്യമാണ്‌.  സർക്കാരിന്റെ സാമൂഹ്യസുരക്ഷാ പദ്ധതിയെ അട്ടിമറിക്കാനാണ്‌ വലതുപക്ഷ മാധ്യമങ്ങളും യുഡിഎഫും ബിജെപിയും യോജിച്ചുശ്രമിക്കുന്നത്‌. അതിന്‌ വഴങ്ങാൻ എൽഡിഎഫോ, സർക്കാരോ തയ്യാറല്ല.

ആരോഗ്യരംഗത്ത്‌ കഴിഞ്ഞവർഷത്തേക്കാൾ 196 കോടി രൂപ അധികമായി വകയിരുത്തി. പാവങ്ങൾക്ക്‌ വീട്‌ വച്ചുനൽകുന്നതിന്‌ 1436 കോടി രൂപയും ഗ്രാമീണ തൊഴിലുറപ്പുപദ്ധതിക്ക്‌ 230 കോടിയും കുടുംബശ്രീക്ക്‌ 260 കോടിയും നീക്കിവച്ചു. ഭവനരഹിതരായി സംസ്ഥാനത്ത്‌ ആരും ഉണ്ടാകരുതെന്ന നയമാണ്‌ എൽഡിഎഫ്‌ സർക്കാരിനെ നയിക്കുന്നതെന്ന്‌ ലൈഫ്‌ മിഷന്‌ അനുവദിച്ച ഉയർന്ന തുക വ്യക്തമാക്കുന്നു.

തൊഴിൽ, തൊഴിൽക്ഷേമം, തൊഴിലില്ലായ്‌മ എന്നീ പരാമർശങ്ങൾ പോലും ഇല്ലാത്ത കേന്ദ്ര ബജറ്റിൽനിന്നും തീർത്തും വ്യത്യസ്‌തമായ ചിത്രമാണ്‌ കേരള ബജറ്റ്‌ നൽകുന്നത്‌. തൊഴിലവസരങ്ങൾ വർധിപ്പിക്കുകയെന്ന കൃത്യമായ ലക്ഷ്യംതന്നെ ബജറ്റിൽ കാണാം. യുവതലമുറയെ പുറത്തുപോകാതെ കേരളത്തിൽത്തന്നെ കാലുറപ്പിച്ചുനിർത്താനുള്ള മെയ്‌ക്ക്‌ ഇൻ കേരള പോലുള്ള നൂതനമായ മാർഗങ്ങളും പദ്ധതികളും ബജറ്റ്‌ മുന്നോട്ടുവയ്‌ക്കുന്നുണ്ട്‌. ഏറ്റവും പുതിയ സാങ്കേതികവിദ്യകൾ ഉപയോഗപ്പെടുത്തിക്കൊണ്ട്‌ നൂതനമായ ഉൽപ്പാദനസങ്കേതങ്ങൾക്ക്‌ രൂപംനൽകി ഒരു വിജ്ഞാനസമൂഹമായി മാറുന്നതിന്റെ ഭാഗമായുള്ള ഗുണപരമായി ഉയർന്ന നിലവാരമുള്ള തൊഴിലുകളാണ്‌ സൃഷ്ടിക്കപ്പെടുന്നതെന്ന മെച്ചവുമുണ്ട്‌. ചുരുക്കിപ്പറഞ്ഞാൽ കേന്ദ്രം ജനങ്ങളെ മറന്നപ്പോൾ അവരുടെ ജീവിതം എങ്ങനെ മെച്ചപ്പെടുത്താമെന്ന സാമ്പത്തിക നയരേഖയാണ്‌ കെ എൻ ബാലഗോപാൽ അവതരിപ്പിച്ച സംസ്ഥാന ബജറ്റ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top