15 December Monday

നെല്ലറയുടെ ധിഷണാശാലി

ഡോ. പി ഇന്ദിരാദേവിUpdated: Friday Sep 29, 2023

ഇന്ത്യൻ ഹരിതവിപ്ലവത്തിന്റെ പിതാവ് എന്ന നിലയിൽ പ്രശസ്തനായ മങ്കൊമ്പ് സാംബശിവൻ സ്വാമിനാഥൻ കേരളത്തിന്റെ അഭിമാനപുത്രനാണെന്ന്‌ പുതുതലമുറയ്‌ക്ക്‌ അറിയുമോയെന്നത് സംശയമാണ്. ലോക പ്രശസ്തനായ ശാസ്ത്രകാരൻ എന്നതിലുപരി ശാസ്ത്രം, സ്വന്തം മാതൃരാജ്യത്തിന്റെ സാമൂഹ്യപുരോഗതിക്ക്‌ ഉപയുക്തമാക്കുന്നതിൽ നേതൃപരമായ പങ്കുവഹിച്ച ധിഷണാശാലി എന്ന നിലയിൽ അദ്ദേഹത്തെ അടയാളപ്പെടുത്താനാണ് ഞാനിഷ്ടപ്പെടുന്നത്.

അത്യുൽപ്പാദനശേഷിയുള്ള ഇനങ്ങൾ വികസിപ്പിച്ചെടുത്ത്‌ ലോകത്തെ കാർഷികോൽപ്പാദനരംഗത്ത്‌ വിപ്ലവകരമായ പുരോഗതിക്കു നിദാനമായ ശാസ്ത്രമുന്നേറ്റങ്ങൾ നടന്നുകൊണ്ടിരുന്ന കാലഘട്ടത്തിലായിരുന്നു അദ്ദേഹം ഇന്ത്യൻ അഗ്രികൾച്ചറൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ ശാസ്ത്രജ്ഞനായത്‌. ആ ചുവടുപിടിച്ച്  ഇന്ത്യൻ കാർഷിക സാഹചര്യങ്ങൾക്ക് യോജിച്ച ഇനങ്ങൾ വികസിപ്പിച്ചെടുക്കുന്നതിനായിരുന്നു പ്രജനന ശാസ്ത്രജ്ഞൻ എന്ന നിലയിൽ അദ്ദേഹം ഊന്നൽ നൽകിയത്. പിന്നീട് സസ്യജനിതക ശാസ്ത്രജ്ഞൻ എന്ന നിലയിലും ഇന്ത്യൻ കാർഷിക ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ട്‌ ഡയറക്ടർ, ഐസിഎആർ ഡയറക്ടർ ജനറൽ, ആസൂത്രണ കമീഷൻ  അംഗം എന്നീ നിലകളിലും പ്രവർത്തിച്ച്‌ അത്യുൽപ്പാദനശേഷിയുള്ള ഇനങ്ങൾ വികസിപ്പിച്ചെടുക്കുന്നതിലും കൃഷിയിടങ്ങളിൽ എത്തിക്കുന്നതിലും നേതൃപരമായ പങ്കുവഹിച്ചു.

സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ ഭക്ഷ്യോൽപ്പാദന വെല്ലുവിളികൾ ഏറ്റെടുത്തു നടത്തിയ ശ്രമങ്ങളുടെ പശ്ചാത്തലത്തിൽ ഇന്ത്യൻ ഹരിതവിപ്ലവത്തിന്റെ പിതാവെന്ന പദവി വഹിക്കുമ്പോഴും പിന്നീട് കാർഷികരംഗത്തിന്റെ സുസ്ഥിര വികസനമെന്ന ലക്ഷ്യത്തിലൂന്നിക്കൊണ്ട്‌ നിത്യഹരിതവിപ്ലവം എന്ന സമീപനത്തോടെയായിരുന്നു  അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ. കാർഷിക പുരോഗതിയും പരിസ്ഥിതി ആരോഗ്യവും സമന്വയിപ്പിച്ചുകൊണ്ടുള്ള വികസന സമീപനമാണിത്. അദ്ദേഹം സ്ഥാപിച്ച എം എസ്‌ സ്വാമിനാഥൻ റിസർച്ച് ഫൗണ്ടേഷൻ ഈ രംഗത്ത്‌ ഒട്ടേറെ പ്രവർത്തനങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണ്.

2004ൽ ഡോ. സ്വാമിനാഥൻ ചെയർമാനായി രൂപീകരിച്ച ദേശീയ കാർഷിക കമീഷൻ നൽകിയ ശുപാർശകൾ ഇന്നും പ്രസക്തമാണ്‌. 40 ശതമാനം കർഷകരും കാർഷികരംഗത്തുനിന്ന്‌ മാറിപ്പോകാൻ ആഗ്രഹിക്കുന്നുവെന്ന മുന്നറിയിപ്പ് നൽകുകയും ഉൽപ്പാദനച്ചെലവിന്റെ 150 ശതമാനം താങ്ങുവില നൽകി കർഷകരുടെ വരുമാനം ഉറപ്പാക്കണമെന്നുമുള്ള ശുപാർശയും നൽകി.

2007–-13ൽ നാമനിർദേശം ചെയ്യപ്പെട്ട്‌ രാജ്യസഭാംഗം ആയിരിക്കെ വനിതാ കർഷകരുടെ അവകാശങ്ങളും ക്ഷേമവും എന്ന ലക്ഷ്യത്തോടെ അവതരിപ്പിച്ച വനിതാ കർഷക ബിൽ ഈ രംഗത്തെ ആദ്യ കാൽവയ്‌പായിരുന്നു. കേരളീയനെന്ന നിലയിൽ നമ്മുടെ നെല്ലറയായ കുട്ടനാടിന്റെ സമഗ്ര കാർഷികവികസനം സ്വപ്നംകണ്ടു രൂപംനൽകിയ കുട്ടനാട് വികസനപദ്ധതി പൂർണമായും ഉൾക്കൊണ്ടു നടപ്പാക്കാനാകുമെങ്കിൽ നിത്യഹരിത കാർഷികവികസനത്തിന്റെ മാതൃകയാകുമായിരുന്നു. ഡോ. സ്വാമിനാഥനെ നേരിട്ട്‌കാണാനും അടുത്തറിയാനും കഴിഞ്ഞിട്ടുണ്ട്‌  എന്നത് കാർഷികരംഗത്തു പ്രവർത്തിക്കുന്ന ഒരു വ്യക്തിയെന്ന നിലയിൽ എനിക്ക്  അപൂർവമായി ലഭിച്ച ഭാഗ്യമായി കരുതുന്നു. വിശ്വപ്രസിദ്ധനായ  കേരളപുത്രനെപ്പറ്റി   ഓരോ മലയാളിക്കും  അഭിമാനിക്കാം. അതോടൊപ്പം അദ്ദേഹത്തിന്റെ കാർഷിക വികസന സങ്കൽപ്പങ്ങൾ പ്രായോഗികമാക്കാൻ പരിശ്രമിച്ച്‌ നമുക്ക്‌ അദ്ദേഹത്തെ എന്നും ഓർമിക്കാം.

(കേരള കാർഷിക സർവകലാശാലയിൽ 
ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിലിന്റെ 
എമിരിറ്റസ് പ്രൊഫസറാണ് ലേഖിക)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top