29 March Friday

പ്രതീക്ഷയുടെ സൗന്ദര്യമായി ഈ പോരാട്ടം - എം മുകുന്ദൻ എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Wednesday Dec 29, 2021

കർഷകസമരം തീർന്നു. കർഷകർ പഞ്ചാബിലെയും ഹരിയാനയിലെയും വീടുകളിലേക്ക്‌ മടങ്ങി. പക്ഷേ, ഈ സമരം ഉയർത്തുന്ന ചില ചോദ്യമുണ്ട്. കഴിഞ്ഞ നവംബറിൽ ഞാൻ ഡൽഹിയിൽ ഉണ്ടായിരുന്നു. കർഷകസമരത്തിന്റെ അവസാന നാളുകളായിരുന്നു അത്. ഡൽഹിയുടെ അതിരുകൾ കർഷകരുടെ കണ്ണീരും ചോരയും വീണ് നനഞ്ഞിരുന്നു. ഒരു വർഷത്തിലേറെയായി സംയുക്ത കിസാൻ മോർച്ചയുടെ നേതൃത്വത്തിലുള്ള കർഷകസമരം ആരംഭിച്ചിട്ട്. ഡൽഹിയിൽ മേയ് - –-ജൂൺ മാസക്കാലത്തെ ചൂടിൽ ഒരു മണിക്കൂർ പോലും പുറത്തിറങ്ങി നടക്കാൻ പ്രയാസമാണ്. തല വിങ്ങുകയും തൊണ്ട വരളുകയും ചെയ്യും. തണുപ്പുകാലം വരുമ്പോൾ എല്ല്‌ കിടുകിടുക്കുന്ന ശൈത്യമായിരിക്കും. മൂടൽമഞ്ഞും മഴയുമുണ്ടാകും. കമ്പിളികൾ ഒന്നിനുപിറകെ മറ്റൊന്നായി പുതച്ചുകിടന്നാലും ശൈത്യം മാറില്ല. ഈ കഠിനമായ കാലാവസ്ഥയിൽ ആയിരക്കണക്കിനു കർഷകർ തലയ്ക്കു മുകളിൽ ആകാശം മാത്രമായി റോഡുകളുടെ അരികുകളിൽ ജീവിക്കുകയായിരുന്നു. അവരിൽ നിരവധി വയോധികരും ഉണ്ടായിരുന്നു. സ്ത്രീകളും കുട്ടികളും ഉണ്ടായിരുന്നു. അവർ പാതവക്കുകളിൽ ഇരുന്നാണ് ചപ്പാത്തി ചുട്ടതും പരിപ്പുകറി വച്ചതും. കുളിക്കാൻ പോകട്ടെ, കുടിക്കാൻ പോലും വെള്ളമുണ്ടായിരുന്നില്ല. പ്രാഥമികാവശ്യം നിറവേറ്റാൻ ഇടമോ വെള്ളമോ ഉണ്ടായിരുന്നില്ല. ചപ്പാത്തി ചുടാനുള്ള ഗോതമ്പുപൊടിയും കറിവയ്‌ക്കാനുള്ള പരിപ്പും ഉരുളക്കിഴങ്ങും ഉള്ളിയുമെല്ലാം ഹരിയാനയിൽനിന്നും മറ്റുമായിരുന്നു എത്തിച്ചത്. എന്നാൽ, ആശയവിനിമയത്തിനുള്ള ഏക മാർഗമായ ഇന്റർനെറ്റ് കണക്‌ഷനുകൾ കേന്ദ്ര സർക്കാൻ വിച്ഛേദിച്ചു. അങ്ങനെ സമരം ചെയ്യുന്ന കർഷകൻ ഒറ്റപ്പെട്ടു. പലരും രോഗികളായി. ചിലർ മരിച്ചു. ഭക്ഷണവും വെള്ളവുംപോലും അവർക്ക് നിഷേധിക്കപ്പെട്ടു. നഗരത്തിലേക്കുള്ള എല്ലാ വഴിയും സർക്കാർ അടച്ചിരുന്നു. അതിനു പുറമെ പൊലീസിന്റെയും ഗുണ്ടകളുടെയും വേട്ടയാടലുകളും. അതിന്റെ ഏറ്റവും വേദനാജനകമായ അനുരണനമാണ് ലഖിംപുരിൽ കണ്ടത്.

2020 സെപ്‌തംബർ 20ന് മൂന്ന് ബില്ലാണ് കേന്ദ്ര സർക്കാർ പാർലമെന്റിൽ പാസാക്കി നിയമമാക്കിയത്‌. പാടങ്ങളിൽ പണിയെടുത്ത് അന്തസ്സോടെ ജീവിക്കാനുള്ള കർഷകരുടെ അവകാശങ്ങളാണ് ഈ നിയമങ്ങൾ കവർന്നത്. അവരെ കുത്തകകളുടെ ഇഷ്ടാനിഷ്ടങ്ങൾക്ക് മുമ്പിലേക്ക്‌ വലിച്ചെറിയുകയായിരുന്നു. ഇനിയങ്ങോട്ട് കുത്തകകൾ തീരുമാനിക്കും കർഷകർ വിളകൾ ആർക്ക് വിൽക്കണമെന്ന്. വിളകളുടെ വിലയും കുത്തകകൾ തന്നെയാണ് തീരുമാനിക്കുക. കർഷകർക്ക് അവരുടെ വിളകൾക്ക് ലഭിക്കുന്ന താങ്ങുവില എടുത്തുകളയും. തലമുറകളായി പാടങ്ങളിൽ കഠിനമായി അധ്വാനിക്കുകയും പൊന്നുവിളയിക്കുകയും ചെയ്യുന്നവരാണ് പഞ്ചാബിലെയും ഹരിയാനയിലെയും കർഷകർ. സമ്പന്നമായ ഒരു കാർഷികസംസ്കൃതിയുടെ തുടർച്ചയാണ് അവർ. രാജ്യത്തെ മറ്റെല്ലാ സംസ്ഥാനത്തും കൃഷി ക്ഷയിച്ചുവരുമ്പോഴും മണ്ണിനെ മാറോടു ചേർത്തുപിടിക്കുന്നവരാണ് അവർ. മണ്ണിൽനിന്ന്‌ അവരെ പറിച്ചെറിയാൻ ആരെയും അവർ അനുവദിക്കുകയില്ല. അതാണ് അവരുടെ പോരാട്ടവീര്യത്തിന്റെ രഹസ്യം.


 

രാജ്യം കണ്ടിട്ടുള്ള, ഒരുപക്ഷേ ലോകംതന്നെ കണ്ടിട്ടുള്ള ഏറ്റവുംവലിയ പ്രക്ഷോഭമാണ് തലസ്ഥാന നഗരിയിൽ അവർ നടത്തിയത്. അവർക്ക് സമ്പൂർണ പിന്തുണയാണ് നമ്മൾ കേരളത്തിൽനിന്നു നൽകിയത്. വെള്ളവും ഭക്ഷണവും നിഷേധിച്ചും ലാത്തിവീശിയും തോക്കുചൂണ്ടിയും അവരെ ഭയപ്പെടുത്തി ഒറ്റപ്പെടുത്താനും അങ്ങനെ സമരത്തിൽനിന്നു പിന്തിരിപ്പിക്കാനുമാണ് കേന്ദ്ര സർക്കാർ ശ്രമിച്ചത്. എന്നാൽ, കർഷകർ ഒറ്റപ്പെട്ടില്ല. രാജ്യത്തിൽനിന്നു മാത്രമല്ല, വിദേശത്തുനിന്നുപോലും അവർക്ക് പിന്തുണ ലഭിച്ചു. കനേഡിയൻ പ്രധാനമന്ത്രി ജിൻ ട്രൂഡോ സിഖുകാരുടെ പുണ്യദിനമായ ഗുരുനാനാക് ജയന്തിനാൾ കർഷക പ്രക്ഷോഭത്തിന് പരസ്യമായി പിന്തുണ പ്രഖ്യാപിച്ചു. അന്താരാഷ്ട്ര നാണയനിധി  കർഷകനിയമങ്ങളെ പിന്തുണയ്‌ക്കുമ്പോൾതന്നെ കർഷകരുടെ താൽപ്പര്യങ്ങളെ സംരക്ഷിക്കേണ്ട ആവശ്യം ഊന്നിപ്പറയുകയുണ്ടായി. ലോക പ്രശസ്ത പരിസ്ഥിതി പ്രവർത്തകയായ പെൺകുട്ടി ഗ്രേറ്റ തുൻബെർഗും ലോകമെങ്ങുമുള്ള സംഗീതപ്രേമികളുടെ ഹൃദയത്തുടിപ്പായ റിഹാന്നയും കർഷക പ്രക്ഷോഭത്തിനു പിന്തുണ പ്രഖ്യാപിച്ചു. അത് ആഗോളതലത്തിൽ കർഷകരുടെ ജീവിതപ്രശ്നങ്ങളിലേക്ക് യുവത്വത്തിന്റെ ശ്രദ്ധയാകർഷിച്ചു.

കർഷക പ്രക്ഷോഭത്തിന്റെ വിജയം ആഘോഷിക്കുമ്പോഴും നമ്മെ അലട്ടുന്ന ചില ചോദ്യമുണ്ട്. മോദി സർക്കാർ കാർഷികനിയമങ്ങൾ  പിൻവലിച്ചത് കർഷകരുടെ കണ്ണീരും ചോരയും കണ്ട് മാനസാന്തരം വന്നതുകൊണ്ടാണോ? ചില സംസ്ഥാനത്ത്‌ അസംബ്ലി തെരഞ്ഞെടുപ്പുകൾ നടന്നത് കർഷകപ്രക്ഷോഭം കൊടുമ്പിരി കൊള്ളുന്ന സമയത്തായിരുന്നു. ബംഗാളിലും കേരളത്തിലും തമിഴ് നാട്ടിലുമെല്ലാം ബിജെപി ദയനീയമായി തോറ്റു. പിന്നീടു നടന്ന പല ഉപതെരഞ്ഞെടുപ്പിലും അതുതന്നെ സംഭവിച്ചു. അതിൽനിന്ന് ബിജെപി  ഒരു പാഠം പഠിച്ചുകാണണം. പഞ്ചാബും ഉത്തർപ്രദേശും ഉൾപ്പെടെയുള്ള ഒട്ടേറെ സംസ്ഥാനത്ത്‌ വൈകാതെ തെരഞ്ഞെടുപ്പുവരും. പരാജയഭീതി കൊണ്ടാകാം കാർഷിക നിയമങ്ങൾ പിൻവലിച്ചത്. തെരഞ്ഞെടുപ്പു കഴിഞ്ഞാൽ കർഷകരുടെ അന്നം മുട്ടിക്കുന്ന മറ്റെന്തെങ്കിലും ബില്ലുകൾ കേന്ദ്ര സർക്കാർ കൊണ്ടുവരില്ലെന്ന് ആർക്കറിയാം? അതിന്റെ ചില ലക്ഷണം കഴിഞ്ഞദിവസം കൃഷിമന്ത്രി നരേന്ദ്ര സിങ്‌ തോമറിന്റെ വാക്കുകളിലുണ്ട്‌.

സാമ്പത്തിക ഉദാരവൽക്കരണത്തിന്റെയും ആഗോളവൽക്കരണത്തിന്റെയും നിർമിതബുദ്ധിയുടെയും ഇക്കാലത്ത് സമരങ്ങൾക്ക് പ്രസക്തിയില്ലെന്നു വാദിക്കുന്നവരുണ്ട്. അവർക്കു നൽകിയ ചുട്ട മറുപടിയാണ് കർഷകസമരത്തിന്റെ വിജയം. അവകാശങ്ങൾ നേടിയെടുക്കാനും ചൂഷണങ്ങൾ അവസാനിപ്പിക്കാനും ഇന്നും എന്നും സമരംതന്നെയാണ് ഏറ്റവും ഉചിതമായ മാർഗം. കർഷക സമരത്തിന്റെ വിജയം നൽകുന്ന സന്ദേശം അതാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top