29 March Friday

ദുരഭിമാനക്കൊലയുടെ രാഷ്‌ട്രീയം - എം സി ജോസഫൈൻ എഴുതുന്നു

എം സി ജോസഫൈൻUpdated: Wednesday Jan 13, 2021

ലിംഗവിവേചനത്തിന്റെ ഏറ്റവും ക്രൂരമായ മുഖമാണ്‌ ദുരഭിമാനഹത്യകളിൽ തെളിയുന്നത്‌. തൊള്ളായിരത്തി തൊണ്ണുറുകളിൽ മഹിളാ സംഘടനയുടെ അഖിലേന്ത്യാ കമ്മിറ്റിയിൽ ഹരിയാനയിൽനിന്നുള്ള വനിതാ നേതാക്കൾ ഹരിയാനയുൾപ്പെടെയുള്ള ചില ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നടക്കുന്ന ഇത്തരം കൊലപാതകങ്ങളെക്കുറിച്ച്‌ വിശദീകരിക്കുന്നത്‌ കേട്ടപ്പോൾ വിശ്വസിക്കാനായില്ല. കേരളത്തിൽ ഇങ്ങനെയൊന്നും ഇല്ലെന്ന ഒരു സ്വകാര്യ അഭിമാനവും തോന്നിയിരുന്നു. കേരളത്തിൽ ദുരഭിമാനഹത്യ എന്ന്‌ വൈകിയാണെങ്കിലും അംഗീകരിച്ച ആദ്യസംഭവം കോട്ടയത്തെ കെവിൻ കൊലക്കേസാണ്‌. അപ്പോഴും അത്‌ ഒരു അത്യപൂർവ സംഭവമെന്ന്‌ വിലയിരുത്താനാണ്‌ തോന്നിയത്‌. 2018ലാണ്‌ കെവിൻ കൊലക്കേസ്‌. എന്നാൽ, രണ്ടുകൊല്ലത്തിനകം കേരളത്തിൽ നാലോളം അഭിമാനക്കൊലപാതകം ഉണ്ടായി. കാസർകോട്‌ ബാലകൃഷ്‌ണൻ, മലപ്പുറത്ത്‌ ആതിര, കോട്ടയത്ത്‌ കെവിൻ. ഇപ്പോൾ പാലക്കാട്‌ തേൻകുറിശ്ശിയിൽ അനീഷ്‌.  വടക്കേ ഇന്ത്യയിൽ ജാതിബോധമെന്ന അധമവികാരമാണ്‌ മുൻകൈയെടുക്കുന്നതെങ്കിൽ കേരളത്തിൽ സമ്പത്തും ഒരു ഘടകമാകുന്നു എന്നേയുള്ളൂ.

പ്രായപൂർത്തിയായ ആണിനും പെണ്ണിനും വിവാഹത്തിലും വിശ്വാസത്തിലും എല്ലാം തുല്യതയും സ്വാതന്ത്ര്യവും ഉണ്ടെന്ന്‌ പ്രഖ്യാപിക്കുന്ന ഭരണഘടനയുള്ള ഇന്ത്യയിൽ ജാതി–-മത ബോധത്തിന്റെയും പണത്തിന്റെയും പേരിൽ ഭരണഘടനാ വിരുദ്ധമായ അവകാശങ്ങൾ നിഷേധിക്കുന്നു എന്നുമാത്രമല്ല, സ്വതന്ത്ര തീരുമാനമെടുത്ത ആണിനെയും പെണ്ണിനെയും ഭൂമുഖത്തുനിന്നുതന്നെ തുടച്ചുമാറ്റുന്ന ഇത്തരം നിഷ്‌ഠുരമായ കൃത്യങ്ങൾക്കെതിരെ ശക്തമായ നടപടികളെടുക്കാൻ നീതിന്യായ സംവിധാനങ്ങൾക്ക്‌ കഴിയണം.

കേരളീയ സമൂഹത്തിന്‌ എന്ത്‌ പറയാനുണ്ടെന്നറിയണം. രാഷ്‌ട്രീയ–-സാഹിത്യ–-സാംസ്‌കാരിക ലോകത്തിന്‌ കൂട്ടായി പ്രതികരിക്കാൻ കഴിയേണ്ടതല്ലേ? പോയ ഒന്നുരണ്ട്‌ നൂറ്റാണ്ടുകളിലൂടെയുള്ള കേരളത്തിന്റെ ആർജിത സംസ്‌കാരത്തിനേൽക്കുന്ന ആഘാതങ്ങളെ കണ്ടില്ലെന്ന്‌ നടിക്കാനാകുമോ? ജാതി സ്വത്വ ബോധത്തിനെതിരെയുള്ള ചെറുത്തുനിൽപ്പിന്‌ നേതൃത്വം കൊടുത്തവർ ഇന്നുള്ളവർക്ക്‌ ലഭിച്ച ഉന്നത വിദ്യാഭ്യാസയോഗ്യതകൾ ഉള്ളവരായിരുന്നില്ല. ശ്രീനാരായണഗുരുവും അയ്യൻകാളിയും തുടങ്ങിയ സാമൂഹ്യപരിഷ്‌കരണ പ്രവർത്തകർ നടത്തിയ സാമൂഹ്യവിപ്ലവത്തിന്റെ ഊർജത്തിലാണ്‌ കേരളം ഇത്രത്തോളം വളർന്നത്‌.

വിദ്യാസമ്പന്നമെന്ന്‌ നാം അഭിമാനിക്കുന്ന കേരളത്തിൽ മിശ്രവിവാഹം അനുവദിക്കില്ലെന്ന പ്രഖ്യാപനങ്ങൾ കമിതാക്കളുടെ കൊലകളിലൂടെ നടക്കുന്നു

ലീലയും നളിനിയും എഴുതിയ; കവിയും സാമൂഹ്യവീക്ഷണ പടുവുമായിരുന്ന കുമാരനാശാൻ സ്വന്തം കാവ്യപരിഗ്രഹേച്ഛ (പ്രണയവിവാഹം)യിൽ യുവതീയുവാക്കൾക്ക്‌ സ്വാതന്ത്ര്യമില്ലാത്ത അന്നത്തെ സാമൂഹ്യസ്വഭാവത്തെക്കുറിച്ച്‌ പരിതപിച്ചു. അതേ മഹാകവി (ഖണ്ഡകാവ്യരചനകൊണ്ടുമാത്രം മഹാകവിപ്പട്ടം നേടി) ആശാൻ സവർണജാതിയിലെ സാവിത്രിയെ അന്ന്‌ അധഃകൃതരെന്ന്‌ വിശേഷിപ്പിച്ച സമൂഹത്തിലെ ചാത്തനെക്കൊണ്ട്‌ വിവാഹം കഴിപ്പിച്ച്‌ ജാതി മേൽക്കോയ്‌മയുടെ കരണത്തടിച്ചു. കവിതയിലൂടെ ആശാൻ നടത്തിയ വിപ്ലവം (വിപ്ലവത്തിന്റെ ശുക്രനക്ഷത്രം എന്ന്‌ ആശാനെപ്പറ്റി മുണ്ടശ്ശേരി മാസ്റ്റർ) മിശ്രവിവാഹങ്ങൾക്ക്‌ കേരളത്തിൽ ഇടം നൽകി. മിശ്രവിവാഹിതരുടെ സംഘടനകൾ രൂപംകൊണ്ടു. പക്ഷേ, ഇന്ന്‌ വിദ്യാസമ്പന്നമെന്ന്‌ നാം അഭിമാനിക്കുന്ന കേരളത്തിൽ മിശ്രവിവാഹം അനുവദിക്കില്ലെന്ന പ്രഖ്യാപനങ്ങൾ കമിതാക്കളുടെ കൊലകളിലൂടെ നടക്കുന്നു.

ജാതി സ്വത്വബോധം യാഥാസ്ഥിതിക സ്‌ത്രീവിരുദ്ധ മനോഭാവത്തിന്റെകൂടി ഇടമാണ്‌. അവിടെ നിന്നുകൊണ്ടാണ്‌ വി ടി സ്‌ത്രീകളോട്‌ അടുക്കള വിട്ട്‌ പുറത്തുവരാൻ പറഞ്ഞത്‌. വി ടി ഒരു സോഷ്യലിസ്‌റ്റോ കമ്യൂണിസ്‌റ്റോ ആയിരുന്നില്ല. പക്ഷേ, അദ്ദേഹത്തിന്റേത്‌ സോഷ്യലിസ്റ്റ്‌ ബോധമായിരുന്നു. ലിംഗസമത്വ ബോധത്തിന്റെ സൂചനയായിരുന്നു അത്‌. എം ആർ ബിയും പ്രേംജിയും ഇ എം എസും സ്‌ത്രീപക്ഷബോധത്തെ വികസിപ്പിച്ചു. പേരെടുത്ത്‌ പറയാവുന്ന വനിതകൾ പുറത്തിറങ്ങി. ആര്യാ പള്ളം, കൊടുങ്ങല്ലൂർ കോവിലകത്തെ തമ്പുരാട്ടിമാർ തുടങ്ങി പലരും. സ്‌ത്രീ അവകാശ മുദ്രാവാക്യങ്ങളുമായി വനിതാ സംഘടനകൾ രൂപംകൊണ്ടു. മനുവാദത്തിന്റെ സ്‌ത്രീവിരുദ്ധതയെ ചോദ്യംചെയ്യുന്ന മഹിളാ പ്രസ്ഥാനങ്ങൾ വേരുപിടിച്ചു. കാലാനുസൃത സ്‌ത്രീപക്ഷചിന്തകളെ മുറുകെപ്പിടിക്കുന്ന ധാരാളം സ്‌ത്രീകൾ ഇന്നുണ്ട്‌. ലോകമാസകലം സ്‌ത്രീവിരുദ്ധതയെ ചോദ്യംചെയ്യുന്ന സ്‌ത്രീമുന്നേറ്റങ്ങൾ നടക്കുന്ന കാലം.

ജാതിബോധത്തെയും സാമുദായികബോധത്തെയും പുനഃപ്രതിഷ്‌ഠിച്ച്‌ സമൂഹത്തിന്റെ മതേതരബോധത്തെ തകർക്കുന്നതാര്‌? തിരിച്ചറിയണം

ഇത്തരം കാലയളവിലാണ്‌ വ്യത്യസ്‌ത മതവിഭാഗങ്ങളിൽപ്പെട്ടവർ വിവാഹം കഴിക്കുന്നത്‌. നിയമവിരുദ്ധമാണെന്ന പ്രഖ്യാപനം ഉയരുന്നത്‌. മനുവാദത്തിന്റെ പ്രതിധ്വനിയുള്ള സ്‌ത്രീവിരുദ്ധസമീപനങ്ങൾ ശക്തമാകുന്നു. ഭരണഘടനാ ദത്തമായ മൗലികാവകാശങ്ങൾ ഏറ്റവും ആദ്യം നിഷേധിക്കുന്നത്‌ സ്‌ത്രീകൾക്കാണ്‌. സ്‌ത്രീ മുന്നേറ്റത്തിന്റെയും ശാക്തീകരണത്തിന്റെയും ദിശാസൂചകങ്ങൾ കേരളത്തിന്‌ സ്വന്തമായുണ്ട്‌. പക്ഷേ, ലിംഗവിവേചനം പച്ചപ്പരമാർഥമായി നിൽക്കുന്നു. കമിതാക്കളിൽ കൊലചെയ്യപ്പെടുന്നത്‌ കൂടുതലും പുരുഷന്മാരാണ്‌. ഇരുവരെയും കൊലപ്പെടുത്തുന്ന സംഭവങ്ങളുമുണ്ട്‌. ഏത്‌ വിധത്തിലായാലും സ്‌ത്രീയാണ്‌ ഇര. പ്രണയാഭ്യർഥനയെ നിരസിച്ച്‌ സ്വന്തം നിലപാട്‌ വ്യക്തമാക്കിയ സ്‌ത്രീകളെ പെട്രോൾ ഒഴിച്ച്‌ കൊന്നതും കേരളത്തിന്റെ സമീപകാല അനുഭവമാണ്‌. ജാതിബോധത്തെയും സാമുദായികബോധത്തെയും പുനഃപ്രതിഷ്‌ഠിച്ച്‌ സമൂഹത്തിന്റെ മതേതരബോധത്തെ തകർക്കുന്നതാര്‌? തിരിച്ചറിയണം.

ഉണ്ടാകണം വീണ്ടുമൊരു സാമൂഹ്യപരിഷ്‌കരണ കൂട്ടായ്‌മ. കേരളത്തിലെ സ്‌ത്രീസംഘത്തിൽനിന്ന്‌ ഒരു പൊതുവേദി ഉണ്ടാകുമോ. അസാധ്യമാണെന്നറിയാം. കടുത്ത ലിംഗവിവേചനത്തിനെതിരെ, സ്‌ത്രീയുടെ അധമപദവിയെ അരക്കിട്ടുറപ്പിക്കുന്നതിനെതിരെ ഉണ്ടാകണം സ്‌ത്രീകളുടേതായ ഒരു പോർമുഖം. അടുക്കളയും സ്ഥാപനവൽക്കരിക്കപ്പെട്ട കുടുംബവും പങ്കുവയ്‌ക്കപ്പെടാത്ത അടുക്കളജോലിയും തഴച്ചുവളരുന്ന ആൺബോധവും ചർച്ചയ്‌ക്ക്‌ വിധേയമാകണം.

(സംസ്ഥാന വനിതാ കമീഷൻ അധ്യക്ഷയാണ്‌ ലേഖിക)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top