22 May Sunday

അസമത്വത്തിന്റെ റിപ്പബ്ലിക്‌ - എം ബി രാജേഷ് എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Wednesday Jan 26, 2022

കാൾ മാർക്സ് മാത്രമല്ല അസമത്വത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകിയത്. വിഖ്യാതമായ ഗറ്റിസ് ബർഗ് പ്രസംഗത്തിൽ എബ്രഹാം ലിങ്കൺ പറഞ്ഞത്, വർഗപരമായ അസമത്വം ജനാധിപത്യത്തിന്റെ പരാജയത്തിനുള്ള ഏറ്റവും വലിയ കാരണമാകുമെന്നാണ്. സാമൂഹ്യവും സാമ്പത്തികവുമായ അസമത്വം എത്രയും വേഗം പരിഹരിക്കാനായില്ലെങ്കിൽ അതിന്റെ ഇരകൾ നമ്മുടെ രാഷ്ട്രീയ-ജനാധിപത്യത്തെ തകർക്കുമെന്ന് ബി ആർ അംബേദ്കർ താക്കീതു നൽകിയത് അസംബ്ലിയിലെ ചർച്ചകൾ ഉപസംഹരിച്ചുകൊണ്ട് 1949 നവംബർ 25നു നടത്തിയ പ്രസംഗത്തിലാണ്. 73 വർഷം പിന്നിടുമ്പോൾ സ്ഫോടനാത്മകമായ സാമ്പത്തിക അസമത്വത്തിന്റെ മുകളിലാണ് രാജ്യം ഇന്നുള്ളത്. ഏതാനും ദിവസം മുമ്പ് ഓക്സ്ഫാം പ്രസിദ്ധീകരിച്ച റിപ്പോർട്ട് ഇന്ത്യയിലെ അസമത്വത്തിന്റെ വളർച്ചയുടെ ഭയാനക ചിത്രമാണ് വരച്ചിട്ടിരിക്കുന്നത്.

മഹാമാരിയുടെ കാലത്ത് ഇന്ത്യയിലെ 10 അതിധനികരുടെ സ്വത്ത് ഇരട്ടിയിലേറെ വർധിച്ചുവെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. ഇക്കൂട്ടത്തിൽ ഭരണകേന്ദ്രവുമായി ഉറ്റ ചങ്ങാത്തം പുലർത്തുന്ന ശതകോടീശ്വരന്റെ- സ്വത്ത് പത്തിരട്ടിയാണ് വർധിച്ചത്! ഇതേ കാലയളവിൽ ഇന്ത്യയിലെ ശതകോടീശ്വരരുടെ എണ്ണവും വർധിച്ചു. 102ൽനിന്ന് 142ലേക്ക്. പുതിയതായി 32 അതിധനികരുണ്ടായ അതേ കാലത്ത് അധികമായി 4.6 കോടി ഇന്ത്യക്കാർ അതിദാരിദ്ര്യത്തിലേക്ക് എടുത്തെറിയപ്പെടുകയും ചെയ്തു. മഹാമാരിയുടെ കാലം സമ്പദ്ഘടനയും വളർച്ചനിരക്കും കൂപ്പുകുത്തിയ കാലമാണ്. ലോകത്തിലെ പ്രധാന സമ്പദ്ഘടനകളിൽ വളർച്ചനിരക്കിൽ ഏറ്റവും പതനമുണ്ടായത്‌ ഇവിടെയാണ്. ജനകോടികളുടെ തൊഴിലും വരുമാനവും ഉപജീവനമാർഗങ്ങളും തകർന്നടിഞ്ഞു. പക്ഷേ, വിരലിലെണ്ണാവുന്ന അതിസമ്പന്നർക്കു മാത്രം പോറലേറ്റില്ല എന്നു മാത്രമല്ല, അവർക്കുമാത്രം അംബരചുംബിയായ വളർച്ചയുണ്ടായി. എല്ലാവരുടെയും വറുതിയുടെയും ദുരന്തത്തിന്റെയും കാലം അവരുടെ മാത്രം കൊയ്ത്തുകാലമായി.

കെടുതികളിലേക്ക്‌ 
നയിക്കപ്പെടുന്ന രാജ്യം
അതിധനികരുടെ എണ്ണവും അവരുടെ സ്വത്തിന്റെ വണ്ണവും കൂടിയ കാലത്താണ് ആഗോള പട്ടിണിസൂചികയിൽ ഇന്ത്യ വീണ്ടും താഴേക്കു പതിച്ചത്. യുഎൻ ഏജൻസികളുടെ കണക്കനുസരിച്ച് ലോകത്തിൽ ഭാരക്കുറവുള്ള കുട്ടികൾ ഏറ്റവും കൂടുതലുള്ള രാജ്യമാണിന്ത്യ. ലോകമാകെയുള്ള ഭാരക്കുറവുള്ള കുട്ടികളിൽ പകുതിയോളം ഇന്ത്യയിലാണ്. അഞ്ചുവയസ്സിൽ താഴെയുള്ള കുട്ടികളിൽ മൂന്നിലൊന്നും ഇന്ത്യയിൽ വളർച്ച മുരടിച്ചവരാണ്. രാജ്യത്തെ കുട്ടികളിൽ മൂന്നിലൊന്നും പോഷകാഹാരക്കുറവും നേരിടുന്നവരാണ്. അതാണ് വളർച്ച മുരടിപ്പിന്റെയും ഭാരക്കുറവിന്റെയും ഉയർന്ന ശിശുമരണനിരക്കിന്റെയും മുഖ്യ കാരണം. മഹാമാരി സൃഷ്ടിച്ച ജീവിതത്തകർച്ച ഈ കെടുതികൾ വിവരണാതീതമാക്കി. ഇന്ത്യയിൽ അഞ്ചുവയസ്സിൽ താഴെയുള്ള ശിശുമരണങ്ങളിൽ മൂന്നിൽ രണ്ടും സംഭവിക്കുന്നത് പോഷകാഹാരക്കുറവിനാലാണ്. ഈ തലമുറ മാത്രമല്ല, വരും തലമുറയും കെടുതികളിൽനിന്നു മോചനമില്ലാതെ തുടരും എന്നതാണ് ഭീതിദമായ യാഥാർഥ്യം. ഈ ഭയാനകമായ ജീവിതത്തകർച്ചയുടെ ഇരകളിൽ ആദിവാസികൾ, ദളിതർ, ന്യൂനപക്ഷങ്ങൾ എന്നിങ്ങനെ പാർശ്വവൽക്കരിക്കപ്പെട്ട ജനവിഭാഗങ്ങളുമുണ്ട്. ഉദാരവൽക്കരണനയങ്ങളുടെ ഫലമായി സാമൂഹ്യമേഖലയിൽനിന്ന് സർക്കാർ പിന്മാറിയതും ക്ഷേമച്ചെലവുകൾ വെട്ടിക്കുറയ്‌ക്കുന്നതും ഇതിനു പ്രധാന കാരണമാണ്.

ഉദാരവൽക്കരണം തുറന്നിട്ട മേച്ചിൽപുറങ്ങളിൽ മനുഷ്യരെയും പ്രകൃതിവിഭവങ്ങളെയും നിർബാധം കൊള്ളചെയ്‌തും ഭരണകൂട ചങ്ങാത്തത്തിന്റെ ചിറകിലേറി അന്യായമായി വെട്ടിപ്പിടിച്ചുമെല്ലാമാണ് അതിധനികരായ കോർപറേറ്റുകൾ മഹാവറുതിയുടെ കാലത്തുപോലും സമൃദ്ധിയുടെ രാക്ഷസീയാകാരം പൂണ്ടത്. ഈ അസമത്വം സമകാലിക ലോകത്തിലും ഇന്ത്യയുടെ രണ്ടു നൂറ്റാണ്ടിന്റെ ചരിത്രത്തിലും ഇന്നേവരെ ദർശിച്ചിട്ടില്ലാത്തത്ര തീവ്രമാണ്. ഇന്ന് രാജ്യത്തെ ഒരു ശതമാനം വരുന്ന ധനിക സൂക്ഷ്മ ന്യൂനപക്ഷം ദേശീയ വരുമാനത്തിന്റെ നാലിലൊന്നോളം കൈവശപ്പെടുത്തുന്നു. സമ്പന്നരായ പത്തുശതമാനം ദേശീയ വരുമാനത്തിന്റെ 57 ശതമാനവും അവരുടേതാക്കുന്നു.

നിഷേധിക്കപ്പെടുന്ന അടിസ്ഥാനലക്ഷ്യങ്ങൾ
സ്ഫോടനാത്മകമായ അസമത്വത്തെ നേരിടാൻ അതിസമ്പന്നരിൽനിന്നു കൂടുതൽ നികുതി ഈടാക്കുകയും സാമൂഹ്യസുരക്ഷാ ചെലവുകൾ വർധിപ്പിക്കുകയും ചെയ്യണമെന്ന നിർദേശം ഓക്സ്ഫാം റിപ്പോർട്ട് മുന്നോട്ടുവയ്‌ക്കുന്നുണ്ട്. അതിസമ്പന്നരുടെ സ്വത്തിനു മേൽ സർചാർജും സ്വത്തുനികുതിയും അടക്കമുള്ള നിർദേശങ്ങൾ ഇവിടത്തെ കോർപറേറ്റുകൾക്കും അവരുടെ വക്താക്കൾക്കും ഒട്ടും സ്വീകാര്യമല്ല എന്നവർ വ്യക്തമാക്കി കഴിഞ്ഞു. ഈ മഹാമാരിക്കാലത്തുപോലും. അങ്ങനെയുള്ള ഏതൊരു ആലോചനയും മുളയിലേ നുള്ളിക്കളയാൻ അവർ ദത്തശ്രദ്ധരാണ്. സമ്പന്നരിൽനിന്ന് അധികനികുതി പിരിക്കുക എന്ന ആശയം അപ്രായോഗികവും പ്രയോജനമില്ലാത്തതുമാണെന്ന മുഖപ്രസംഗങ്ങളുമായി കോർപറേറ്റ് ജിഹ്വകൾ ഉടൻ രംഗത്തെത്തിയതിന്റെ സൂചനകൾ വ്യക്തമാണല്ലോ.

വളർച്ചയ്‌ക്കുള്ള ഉത്തേജനം എന്ന്‌ ഉരുവിട്ടുകൊണ്ടാണല്ലോ നികുതിയിളവുകൾ കോർപറേറ്റുകൾക്ക് ആവർത്തിച്ചും വാരിക്കോരിയും കൊടുത്തുകൊണ്ടിരിക്കുന്നത്. 2019ൽ കോർപറേറ്റ് നികുതി 30ൽനിന്ന് 22 ശതമാനമായി (പുതിയ സംരംഭങ്ങൾക്ക് 15 ശതമാനമാണ്) കുറച്ചതുകൊണ്ട് സ്വകാര്യ നിക്ഷേപത്തിൽ വർധനയുണ്ടായില്ല എന്ന കണക്കുകൾ നമ്മുടെ മുന്നിലുണ്ട്. ഇളവുകൾ കരുതലായി സൂക്ഷിച്ചതല്ലാതെ മുതൽമുടക്കിയില്ല. ഇളവുകളുടെ ഫലമായി പ്രത്യക്ഷനികുതി വരുമാനത്തിലുണ്ടായ ചോർച്ചകൾ കാരണം ഗണ്യമായ പൊതുനിക്ഷേപത്തിനു സർക്കാരിനും പാങ്ങില്ലാതായി. ലോകത്തെ പ്രധാന സമ്പദ്ഘടനകളിൽ ഏറ്റവും കുറഞ്ഞ നികുതി- ജിഡിപി അനുപാതമുള്ള രാജ്യമാണ് ഇന്ത്യ എന്നോർക്കുക. ഇളവുകൾ ധാരാളം കൊടുത്തിട്ടും കോവിഡിനു മുമ്പും കോവിഡ് കാലത്തും വളർച്ച ഇടിയുകയാണുണ്ടായത് എന്നതും മറക്കരുത്. വളർച്ചയുണ്ടായ കാലത്താണെങ്കിലും ഗുണഫലങ്ങൾ മുകൾത്തട്ടിൽ ചെറുവിഭാഗത്തിനു മാത്രമാണ് ലഭ്യമായത് എന്നതും ശ്രദ്ധേയമാണ്. എന്നിട്ടും പഴയ പല്ലവി പാടുന്നത് വഞ്ചനയുടെ പരമകാഷ്ഠയാണ്.

റിപ്പബ്ലിക്‌ എന്നു പറഞ്ഞാൽ ജനങ്ങൾ പരമാധികാരം സ്ഥാപിക്കുക എന്നാണർഥം. അപ്പോഴാണ് സ്വാതന്ത്ര്യം സാർഥകമാകുന്നതും. ഭരണഘടനയുടെ അടിസ്ഥാനലക്ഷ്യങ്ങളാണ് സ്വാതന്ത്ര്യവും നീതിയും സമത്വവും. കൊളോണിയൽ അടിമത്വത്തിന്റെ കാലത്തേക്കാൾ അസമത്വം കൊടികുത്തിവാഴുകയും ജനങ്ങൾ കുത്തക മൂലധനത്തിന്റെ അടിമത്വത്തിന് വിധേയരാക്കപ്പെടുകയും ചെയ്താൽ സ്വാതന്ത്ര്യം, പരമാധികാരം, സമത്വം, നീതി എന്നിവയെല്ലാം ഭരണഘടനയിലെ ജീവനറ്റ വ്യർഥാക്ഷരങ്ങളായിത്തീരും. ദരിദ്ര ജനകോടികളുടെ ചോരയും വിയർപ്പും കണ്ണീരുമുറഞ്ഞ മഹാസമ്പത്തിന്റെ കൊടുമുടി മുകളിൽ പാർപ്പുറപ്പിച്ച 142 അതിസമ്പന്നരുടെ, അല്ലെങ്കിൽ അവരെയും നയിക്കുന്ന ശതകോടീശ്വരരായ പത്തുപേരുടെ പരമാധികാരമല്ല 1950 ജനുവരി 26ന് ‘നാം ഇന്ത്യയിലെ ജനങ്ങൾ' സ്വപ്നം കണ്ടതെന്ന് ഓർമിപ്പിക്കേണ്ട ചരിത്ര സന്ദർഭമാണിത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top