02 December Friday

ലഹരിക്കെതിരെ ജനകീയയുദ്ധം - 
തദ്ദേശഭരണ എക്സൈസ് മന്ത്രി എം ബി രാജേഷ്‌ എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Saturday Oct 1, 2022

നാടിന്റെ ഭാവിക്കുമേൽ ഇരുൾമൂടുന്നവിധം മയക്കുമരുന്ന് എന്ന മഹാവിപത്ത് പടരുകയാണ്. ലോകത്തും രാജ്യത്തുമെന്നപോലെ നമ്മുടെ കേരളത്തിലും മയക്കുമരുന്ന് വലിയ രീതിയിൽ പ്രചരിക്കുന്നുവെന്ന യാഥാർഥ്യം കടുത്ത ആശങ്കയുണർത്തുന്നു. കേരളം ആർജിച്ച ഉയർന്ന ജീവിതഗുണനിലവാരത്തിനും സാമൂഹ്യപ്രബുദ്ധതയ്ക്കും ഭീഷണിയാണിത്. നിയമം കർശനമായി നടപ്പാക്കുകയും വിശാലമായ സാമൂഹ്യപ്രതിരോധം തീർക്കുകയും ചെയ്യുന്ന ദ്വിമുഖ തന്ത്രമാണ് കേരളം  സ്വീകരിക്കുന്നത്. മുഖ്യമന്ത്രിയുടെയും സർക്കാരിന്റെയും നേതൃത്വത്തിൽ എല്ലാ വിഭാഗം ജനങ്ങളെയും പങ്കാളികളാക്കുന്ന മയക്കുമരുന്നിനെതിരായ ഒരു ജനകീയ യുദ്ധമാണ്  ഞായറാഴ്‌ചമുതൽ ആരംഭിക്കുന്നത്.

നിയമനടപടികൾക്ക് പുറമെ എന്തുകൊണ്ടാണ് സാമൂഹ്യപ്രതിരോധംകൂടി സൃഷ്ടിക്കുന്നത്? മയക്കുമരുന്നിന്റെ തീവ്രവ്യാപനത്തിന് സാമൂഹ്യമായ കാരണങ്ങൾകൂടിയുണ്ട് എന്നതിനാലാണത്. ലോകമാകെ കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകൾകൊണ്ടുണ്ടായ മാറ്റങ്ങൾ ഒരു ഭാഗത്ത് ജീവിതവീക്ഷണത്തിൽ വളരെ പ്രതിലോമകരമായ മാറ്റങ്ങളുണ്ടാക്കിയിട്ടുണ്ട്. സമൂഹത്തോട് മാത്രമല്ല, ആരോടും പ്രതിബദ്ധതയില്ലാത്ത വ്യക്തിവാദത്താലും കരിയറിസത്താലും ഉപഭോഗ തൃഷ്ണയാലുമെല്ലാം നയിക്കപ്പെടുന്ന ജീവിതാവബോധം ആഹ്ലാദത്തിന്റെയും ആനന്ദത്തിന്റെയും സങ്കൽപ്പങ്ങളെ മാറ്റിമറിച്ചിരിക്കുന്നു. സ്വയം മതിമറന്ന് ഉടൻ ആനന്ദം കണ്ടെത്താനുള്ള കുറുക്കുവഴികൾ പുതുതലമുറ തേടുന്നു. ലാഭം പരമപ്രധാനമായിത്തീർന്ന നവലിബറൽ ലോകത്ത് പണമുണ്ടാക്കാൻ ഏത് മാർഗവും അവലംബിക്കുന്നത് അധാർമികമായി കാണുന്നില്ല. മറുഭാഗത്ത് വർധിച്ച ജീവിത സംഘർഷങ്ങൾ, തൊഴിൽപരവും മറ്റുമായ സമ്മർദങ്ങൾ, കടുത്ത മത്സരങ്ങൾ സൃഷ്ടിക്കുന്ന അരക്ഷിതത്വവും അതിന്റെയെല്ലാം ഫലമായി കുടുംബാന്തരീക്ഷത്തിലും മനുഷ്യബന്ധങ്ങളിലാകെയുമുണ്ടാകുന്ന ആഘാതങ്ങൾ എന്നിവയെല്ലാം പുതുതലമുറയെ വിശേഷിച്ചും ലഹരിയുടെ കാണാക്കയങ്ങളിൽ വ്യാജ അഭയങ്ങൾ കണ്ടെത്താൻ പ്രേരിപ്പിക്കുന്നുണ്ട്.

കുട്ടികളിലെയും കൗമാരക്കാരിലെയും ലഹരി ഉപയോഗത്തിനെതിരെയുള്ള കർശന നടപടികൾ സാമൂഹ്യ പങ്കാളിത്തത്തോടെ ഏറ്റെടുത്തുകൊണ്ട് സർക്കാർ മുന്നോട്ടുപോകുകയാണ്. ഇതിനായുള്ള വിപുലമായ പ്രചാരണ പരിപാടികൾക്കാണ് ഈ ഗാന്ധി ജയന്തി ദിനത്തിൽ തുടക്കമാകുന്നത്. സംസ്ഥാനതലത്തിലും ജില്ലാ, തദ്ദേശ ഭരണ വാർഡ്, വിദ്യാലയ തലത്തിലുമായി വിപുലമായ നിരീക്ഷണസമിതികളുടെ വിപുലമായ ശൃംഖലതന്നെ സംസ്ഥാനത്താകെ നിലവിൽ വരും. നവംബർ ഒന്നിന് എല്ലാ വിദ്യാലയങ്ങളിലും രക്ഷിതാക്കളും പൂർവ വിദ്യാർഥികളും ഉൾപ്പെടെ പരമാവധിപേരെ പങ്കെടുപ്പിച്ച് ലഹരിവിരുദ്ധ ചങ്ങലയും സൃഷ്ടിക്കും. 


 

കൂടുതൽ അപകടം സൃഷ്ടിക്കുന്ന സിന്തറ്റിക്ക് ഡ്രഗുകൾ പുതുതലമുറ ഉപയോഗിക്കുന്നതായാണ് അടുത്ത കാലത്ത് പിടിയിലായ കേസുകൾ പരിശോധിച്ചതിൽനിന്ന്‌ മനസ്സിലാക്കുന്നത്. വിലകൂടിയതും ഒളിപ്പിച്ച് കടത്താൻ എളുപ്പമുള്ളതും ദൂഷ്യവശങ്ങൾ അതിതീവ്രവുമായ സിന്തറ്റിക്ക് ഡ്രഗുകൾ ഉപയോഗിക്കുന്നതിലൂടെ വരും തലമുറയുടെ ഭാവിതന്നെ ഇരുളടയുന്നു. മയക്കുമരുന്നുകൾ ഉപയോഗിക്കുന്നവരിൽ പൊതുവേ വിഭ്രാന്തി, അകാരണഭീതി, ആകുലത, മിഥ്യാബോധം എന്നിങ്ങനെയുള്ള അവസ്ഥകളാണ് ഉണ്ടാകുക. കേട്ടുകേൾവിയില്ലാത്ത രീതിയിലുള്ള ഹിംസ, കൊടുംക്രൂരത എന്നിവയിലേക്കുമെല്ലാം മയക്കുമരുന്ന് ഉപയോഗം നയിക്കുന്നു. വിദ്യാർഥികളെയും യുവജനങ്ങളെയുമാണ് ലഹരി മാഫിയ പ്രധാനമായും ലക്ഷ്യമിടുന്നത്.

മയക്കുമരുന്ന് വ്യാപനവും ഉപയോഗവും കേരളത്തിൽ മാത്രമുള്ള ഒരു പ്രതിഭാസമല്ല. ലഹരി ഉപയോഗത്തിലെ ദേശീയ ശരാശരിയേക്കാൾ വളരെ പിന്നിലാണ് കേരളം. രാജ്യത്ത് അടുത്ത കാലത്ത് വാർത്താ പ്രാധാന്യം നേടിയ മയക്കുമരുന്നുവേട്ട നടന്നത് ലക്ഷദ്വീപ്, ഗുജറാത്ത് തീരങ്ങളിലാണ്. ഗു‍ജറാത്തിൽ ഈ ആഗസ്ത്‌ 16ന് പിടിച്ചത് 1026 കോടി രൂപയുടെ മയക്കുമരുന്നാണ്. മുംബൈ പൊലീസാണ് ഗുജറാത്തിലെത്തി ഇത് റെയ്ഡ് ചെയ്ത് പിടിച്ചത്. 2021 സെപ്തംബർ 22ന് 21,000 കോടിയുടെ ഹെറോയിൻ ഗുജറാത്തിലെതന്നെ മുന്ദ്ര തുറമുഖത്തുനിന്ന് പിടികൂടിയിരുന്നു. തമിഴ്നാട്ടിൽനിന്ന് പോയ ബോട്ടുകളിൽ കടത്തുകയായിരുന്ന 1526 കോടിയുടെ 218 കിലോ ഹെറോയിൻ ലക്ഷദ്വീപ് തീരത്ത് 2022 മെയ് 20ന് പിടിച്ചു. രാജ്യത്തേക്ക് വിദേശത്തുനിന്നുള്ള മയക്കുമരുന്നുകടത്ത് അതിരൂക്ഷമാണ് എന്നാണ് ഈ വാർത്തകളിലൂടെ മനസ്സിലാക്കേണ്ടത്. മയക്കുമരുന്ന് കേസുകൾ സംസ്ഥാനത്ത് വർധിക്കുന്നു എന്നതിന് എക്സൈസിന്റെ ശക്തമായ ഇടപെടൽ നടക്കുന്നു എന്നുകൂടി അർഥമുണ്ട്. ഇത് ഉദ്യോഗസ്ഥരുടെ പ്രവർത്തനമികവ് കൊണ്ടുകൂടിയാണ്.

വിമുക്തി ക്ലബ്ബുകളും കൗൺസലിങ്ങും കായിക പരിശീലനവും ബോധവൽക്കരണവും തുടങ്ങിയ പദ്ധതികളും ശക്തമാണ്. ലഹരിയുമായി ബന്ധപ്പെട്ട രഹസ്യവിവരങ്ങൾ നൽകുന്നതിന് 9447178000, 9061178000  നമ്പറുകളിൽ വിളിച്ച് ആർക്കും ഇത്തരം വിവരങ്ങൾ കൈമാറാനാകും.വിമുക്തി മിഷൻ ആരോഗ്യവകുപ്പുമായി ചേർന്ന് 14 ജില്ലയിലും സ്ഥാപിച്ച ഡി അഡിക്‌ഷൻ കേന്ദ്രങ്ങൾ ഫലപ്രദമായി പ്രവർത്തിക്കുന്നുണ്ട്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് മേഖലാതലത്തിലും കൗൺസലിങ്‌, ഡി അഡിക്‌ഷൻ കേന്ദ്രങ്ങളും‍ പ്രവർത്തിക്കുന്നു. 14405 എന്ന ടോൾ ഫ്രീ നമ്പറുമുണ്ട്.  യുവതയെ ലഹരിയുടെ പിടിയിൽനിന്ന് മോചിപ്പിക്കാനുള്ള പ്രവർത്തനത്തിൽ ഒറ്റക്കെട്ടായി കേരളം അണിനിരക്കണം. ഓരോ മലയാളിയും ഈ ജനകീയ പോരാട്ടത്തിലെ പടയാളിയായി മാറണം. ഈ യുദ്ധം നമുക്ക് ജയിച്ചേ തീരൂ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top