26 April Friday

ചൈന മാറ്റത്തിന്റെ പാതയിലൂടെ - എം എ ബേബി എഴുതുന്നു

എം എ ബേബിUpdated: Friday Jul 2, 2021

വിപ്ലവാനന്തരം ചൈന ആദ്യദശകത്തിൽ മൗവിന്റെ നേതൃത്വത്തിൽ ആവേശകരമായ മുന്നേറ്റങ്ങൾ നേടി. ഭൂപരിഷ്‌കരണവും പഞ്ചവത്സര പദ്ധതിയും സാക്ഷരതാ പ്രസ്ഥാനവും ജനകീയ ആരോഗ്യ നയവും ജനകീയ കമ്യൂണുകളും വലിയ മാറ്റങ്ങൾക്ക് വഴിതെളിച്ചു. എന്നാൽ “മഹത്തായ കുതിച്ചുചാട്ടം’’ എന്ന് നാമകരണം ചെയ്ത് ഗ്രാമങ്ങളെ ഒറ്റയടിക്ക് മാറ്റിത്തീർക്കാമെന്ന മൗവിന്റെ വിപ്ലവ സ്വപ്നം നടപ്പാക്കിയതിലെ വൈകല്യങ്ങൾ വലിയ തിരിച്ചടിയായി . “പരാജിതരെന്നും, വലതുപക്ഷക്കാരെന്നും’’ മുദ്രയടിക്കപ്പെടുമെന്ന് ഭയന്ന് കമ്യൂണുകളുടെ ചുമതലക്കാർ കാർഷിക പുരോഗതി സംബന്ധിച്ച് പെരുപ്പിച്ച കണക്കുകൾ ഇക്കാലത്ത് നൽകി. ക്ഷാമത്തിനും മരണങ്ങൾക്കും അതു വഴിവച്ചു. യഥാർഥത്തിൽ വൻ വിളവെടുപ്പുണ്ടായി എന്ന് വ്യാജ കണക്ക്‌ നൽകുകയും കൃഷിക്കാർക്ക് ഭക്ഷിക്കാൻ വേണ്ടതുപോലും ബാക്കിവയ്‌ക്കാതെ ധാന്യങ്ങൾ ഏറ്റെടുക്കുകയും ചെയ്തതുപോലുള്ള തെറ്റുകൾ ഉണ്ടായതാണ് പ്രതിസന്ധി സൃഷ്‌ടിച്ചത്. ഒന്നര കോടി മരണം ഇക്കാലഘട്ടത്തിൽ (1958 –- 1962) ഉണ്ടായതായി ആരോപിക്കപ്പെടുന്നു. ഈ പശ്ചാത്തലത്തിൽ കൂടിയാണ് പാർടി ചെയർമാൻ സ്ഥാനത്തുമാത്രം മൗ തുടരുകയും രാജ്യത്തിന്റെ പ്രസിഡന്റ് സ്ഥാനത്തുനിന്ന് ഒഴിവാകുകയും ചെയ്തത്.

1966 ൽ ആരംഭിച്ച് ഒരു പതിറ്റാണ്ട് നീണ്ടുനിന്ന “സാംസ്കാരിക വിപ്ലവം’’ ലോകത്തിന് ഒരു പുതിയ അനുഭവമായിരുന്നു. വിപ്ലവാനന്തരം സാംസ്കാരികമായ പോരാട്ടം സമൂഹത്തിലും വിപ്ലവപ്രസ്ഥാനത്തിനുള്ളിലും അനുപേക്ഷണീയമാണ് എന്ന കാഴ്ചപ്പാടോടുകൂടിയാണ് ഇത് ആരംഭിച്ചത്. “നൂറു പൂക്കൾ വിരിയട്ടെ, നൂറ് ചിന്താഗതികൾ ഏറ്റുമുട്ടട്ടെ’’ എന്ന കാവ്യാത്മകമായ മുദ്രാവാക്യം ലോകത്തിന്‌ നൽകിയ മൗവാണ് ഇത് നയിച്ചത് എന്നതുമൂലം വലിയ പ്രതീക്ഷയോടെയാണ് പൊതുവെ ഇത് വീക്ഷിക്കപ്പെട്ടത്. നല്ല കാഴ്ചപ്പാടോടുകൂടിയ ഒരു പ്രസ്ഥാനം എങ്ങനെ വഴിതെറ്റാമെന്നാണ് പക്ഷെ, തുടർന്ന് വ്യക്തമായത്. അധികം വൈകാതെ സർവ നിയന്ത്രണങ്ങളും വിട്ട് തെരുവുയുദ്ധങ്ങളായി അതു മാറി. സാങ്കൽപ്പിക കുറ്റങ്ങളാരോപിച്ച് കമ്യൂണിസ്റ്റ് പാർടി നേതൃത്വത്തിലും സാമൂഹ്യ സാംസ്കാരിക രംഗങ്ങളിലും ശ്രദ്ധേയരായവർ മുതൽ പലതലങ്ങളിൽ പ്രവർത്തിച്ച അസംഖ്യം പേർ സ്ഥാന ഭ്രഷ്ടരാവുകയോ ഗ്രാമങ്ങളിലേക്ക് കൃഷിപ്പണിചെയ്യാൻ നാടുകടത്തപ്പെടുകയോ ചെയ്തു. ലിയുഷാവോചി (എങ്ങനെ നല്ല കമ്യൂണിസ്റ്റാകാം എന്ന പഠന കൃതിയുടെ രചയിതാവും ചൈനീസ് പ്രസിഡന്റുമായിരുന്നു.) ദെങ്സിയാവോപിങ് (സി പി സി ജനറൽ സെക്രട്ടറി) തുടങ്ങിയവർ വേട്ടയാടപ്പെട്ടവരിൽ ഉൾപ്പെടും. മൗവിന്റെ കാലത്തുതന്നെ ദെങ്സിയാവോ പിങ്ങിനെ നേതൃത്വത്തിലേക്ക് തിരിച്ചുകൊണ്ടുവരുന്ന നീക്കം ആരംഭിക്കുകയുണ്ടായി. 1976 സെപ്തംബറിൽ മൗവിന്റെ മരണത്തിന് ശേഷമാണ് തെറ്റുകൾ തിരുത്താനുള്ള സാഹചര്യം രൂപപ്പെട്ടത്. “മുന്നോട്ടുള്ള വൻ കുതിച്ചുചാട്ടത്തിൽ’’ സംഭവിച്ച പിശകുകളും സാസ്കാരിക വിപ്ലവത്തിന്റെ അനന്തരഘട്ടത്തിലുണ്ടായ ദുരന്തങ്ങളും “നാൽവർ സംഘ’’ത്തിന്റെ നേതൃത്വത്തിൽ സംഭവിച്ച അപകടങ്ങളും തിരുത്തുന്നതിൽ ദെങ്സിയോവോ പിങ്, ഹുയാവോബാങ്, ഷാവോ ഷിയാൻ എന്നിവരുടെ നേതൃത്വത്തിൽ സമാരംഭിച്ച നടപടികൾ ചൈനയുടെ ചരിത്രത്തിൽ ഒരു പുതിയഘട്ടമായിരുന്നു. അതിൽ ദെങ്ങിന്റെ സംഭാവനകൾ പ്രത്യേകം പ്രസ്താവ്യമാണ്.

ഇതിന്റെ ഭാഗമായാണ് നാല് ആധുനീകരണ പരിപാടികൾ ആവിഷ്‌കരിച്ചത്. 1. കൃഷി, 2. വ്യവസായം, 3. ശാസ്ത്രവും സാങ്കേതിക വിദ്യയും, 4. പ്രതിരോധം എന്നീ മേഖലകളിൽ സമഗ്രമായ അഴിച്ചുപണി പ്രഖ്യാപിച്ചു. കമ്യൂണിസ്റ്റ് പാർടിയുടെ നേതൃത്വത്തിലുള്ള ഭരണ സംവിധാനത്തിന്റെ നിയന്ത്രണത്തിലും മേൽനോട്ടത്തിലും സോഷ്യലിസ്റ്റ് കമ്പോള വ്യവസ്ഥ എന്ന ആശയവും അന്ന് മുന്നോട്ട് വയ്‌ക്കപ്പെട്ടു. ചൈനയ്ക്ക് ഒത്ത സോഷ്യലിസ്റ്റ് പരീക്ഷണത്തിന്റെ ഭാഗമെന്ന നിലയിലാണ് ഈ പരിഷ്കാരങ്ങൾ ആരംഭിച്ചത്. പൊതു ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങൾ തമ്മിൽ ആരോഗ്യകരമായ മത്സരം ഉൽപ്പാദനക്ഷമത ഉയർത്തും എന്നതായിരുന്നു കാഴ്ചപ്പാട്. ഇതിന്റെ ഭാഗമായി രാഷ്ട്രീയ സാമ്പത്തിക അധികാരങ്ങൾ ഒരു പരിധിവരെ പ്രവിശ്യകളിലേക്കും മേഖലകളിലേക്കും വിഭജിച്ച് നൽകിയത് വളരെ പ്രധാനമാണെന്ന് ഡേവിഡ് ഹാർവി (എ ബ്രീഫ്‌ ഹിസ്‌റ്ററി ഓഫ്‌ നിയോ ലിബറലിസം ) എന്ന കൃതിയിൽ അഭിപ്രായപ്പെടുന്നു.

പ്രാദേശിക മുൻകൈ വളർത്തിയെടുക്കാൻ ഈ നയം വലിയ പ്രചോദനമായി. വിദേശ വാണിജ്യം, വിദേശ നിക്ഷേപം എന്നിവയുടെ സാധ്യതകൾ കമ്യൂണിസ്റ്റ് ഗവൺമെന്റിന്റെ സൂക്ഷ്മ ദൃഷ്ടിക്കുകീഴിൽ ഉപയോഗപ്പെടുത്താനും തീരുമാനിച്ചു. ഇത് തുടക്കത്തിൽ ഹോങ്കോങ്ങിനെ തൊട്ടുകിടക്കുന്ന ഗ്വാങ്ഡോങ് പ്രവിശ്യയിലാണ് പരീക്ഷണാടിസ്ഥാനത്തിൽ തുടങ്ങിയത്. സാങ്കേതിക വിദ്യ ലഭ്യമാക്കാനും കൃഷിയിലും വ്യവസായത്തിലും സേവനമേഖലയിലും അത് ഉപയോഗപ്പെടുത്തി മികച്ച സാമ്പത്തിക വളർച്ച നേടാനും ശാസ്ത്ര സാങ്കേതിക വൈജ്ഞാനിക ഗവേഷണ മേഖലകളിൽ മുന്നേറാനും ഇക്കഴിഞ്ഞ നാലുപതിറ്റാണ്ടുകാലത്ത് ചൈനയ്ക്ക് സാധ്യത തുറന്നുകൊടുത്തത് ഈ നവ നയങ്ങളാണ്. ലെനിൻ പുതിയ സാമ്പത്തിക നയമെന്ന പേരിൽ (എൻ ഇ പി) വിപ്ലവാനന്തര റഷ്യയിൽ നടപ്പാക്കാൻ ശ്രമിച്ചത് ചൈനീസ് സാഹചര്യത്തിൽ ആറുപതിറ്റാണ്ടുകൾക്ക് ശേഷം നടപ്പാക്കാനാണ് സി പി സി, ദെങ്ങിന്റെ നേതൃത്വത്തിൽ മുന്നോട്ട് വന്നത്. 1998 ൽ ഇ എം എസ് നടത്തിയ ഒരു നിരീക്ഷണത്തിൽ ഇത് ചൂണ്ടിക്കാണിക്കുകയുണ്ടായി.

ബ്രിട്ടൻ കൈവശം വച്ചിരുന്ന ഹോങ്കോങ് ജനകീയ ചൈന ഏറ്റെടുക്കുന്നത് സംബന്ധിച്ച ചർച്ചകൾ എവിടെയെത്തുമെന്ന് ലോകം ആശങ്കപ്പെട്ട നാളുകൾ മറക്കാറായിട്ടില്ല. “ഒരു രാഷ്ട്രം രണ്ട് വ്യവസ്ഥകൾ’’ എന്ന സിദ്ധാന്തം മുന്നോട്ട് വച്ചുകൊണ്ട് ദെങ് അതിന് അസാധാരണകരമായ പരിഹാരം കണ്ടെത്തി. ചൈനയുടെ ഭാഗമായാലും ഹോങ്കോങ്ങിൽ മുതലാളിത്ത വ്യവസ്ഥ ഉടനടി അവസാനിപ്പിക്കുകയില്ല എന്നാണ് ആ പ്രസ്താവനയുടെ വിശദീകരണം. ഈ സമീപനത്തിനുള്ളിൽനിന്ന്‌ ഹോങ്കോങ്ങും മക്കാവുവും ഇന്ന് ചൈനയുടെ ഭാഗമായി. തൈവാൻ വിഘടിതപ്രദേശമായി തുടരുകയാണ്.

(അവസാനിക്കുന്നില്ല)
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top