25 April Thursday

വിവ 
ലുല വിവ ബ്രസീൽ - കെ ജെ തോമസ്‌ എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Tuesday Sep 27, 2022

image credit Lula Oficial twitter

ഈ ഒക്‌ടോബർ രണ്ടിന്‌ ബ്രസീൽ പുതിയ ചരിത്രം രചിക്കാനൊരുങ്ങുകയാണ്‌. അത്ഭുതമൊന്നും സംഭവിച്ചില്ലെങ്കിൽ വർക്കേഴ്സ് പാർടി നേതാവ്‌ ലുല ഡ സിൽവ ബ്രസീലിന്റെ 39–-ാമത്‌ പ്രസിഡന്റാകും. നിലവിലെ പ്രസിഡന്റും തീവ്രവലതുപക്ഷക്കാരനുമായ ജയിർ ബോൾസനാരോയേക്കാൾ ബഹുദൂരം മുന്നിലാണ്‌ ലുല എന്നാണ്‌ അഭിപ്രായ സർവേകൾ വ്യക്തമാക്കുന്നത്‌. ആദ്യഘട്ട വോട്ടെടുപ്പിന്‌ ഒരാഴ്‌ചമാത്രം ശേഷിക്കെ 31ന്‌ എതിരെ 47 ശതമാനം വോട്ടുമായി ബോൾസനാരോയെ ലുല പിന്തള്ളുമെന്നാണ്‌ രാഷ്‌ട്രീയ നിരീക്ഷകരുടെ അഭിപ്രായം. ആദ്യഘട്ടത്തിൽ ഒരു സ്ഥാനാർഥിക്കും 50 ശതമാനത്തിലധികം വോട്ട്‌ നേടാനായില്ലെങ്കിൽ ഒക്‌ടോബർ 30നു വീണ്ടും തെരഞ്ഞെടുപ്പ്‌ നടക്കും.

താൻ പ്രസിഡന്റായാൽ അഴിമതിരഹിത ഭരണത്തിലൂടെ ബ്രസീലിനെ പുതിയ ഉയരത്തിൽ എത്തിക്കുമെന്നാണ്‌ ലുലയുടെ വാഗ്‌ദാനം. ബോൾസനാരോ ജനാധിപത്യത്തെ വെല്ലുവിളിക്കുകയാണ്‌. രാജ്യം ഇന്നു നേരിടുന്ന വലിയ സാമ്പത്തികത്തകർച്ചയ്‌ക്ക്‌ ഉത്തരവാദി ബോൾസനാരോയുടെ ദുർനയങ്ങളാണെന്നും ലുല വോട്ടർമാരെ ബോധ്യപ്പെടുത്തുന്നു. 2003 മുതൽ 2011 വരെ പ്രസിഡന്റായിരുന്ന ലുല ദശലക്ഷക്കണക്കിന് ബ്രസീലിയൻ ജനതയെ ദാരിദ്ര്യത്തിൽനിന്ന് മോചിപ്പിച്ച ഇടതുനേതാവാണ്. പ്രസിഡന്റായിരിക്കെ ലുല നടപ്പാക്കിയ പരിഷ്കാരങ്ങൾ ബ്രസീലിലെ അസമത്വം കുറയ്ക്കുകയും സാമ്പത്തികവളർച്ച ഉറപ്പുവരുത്തുകയും ചെയ്തിരുന്നു. എന്നാൽ, ലുലയുടെ മുഖ്യ എതിരാളിയായ ബോൾസനാരോ- ഏകാധിപതിയും പെറുവിലെ സൈനിക സ്വേച്ഛാധിപതിയായിരുന്ന ആൽബെർട്ടോ ഫുജിമോറിയുടെയും ചിലിയിലെ അഗസ്‌തോ പിനോഷെയുടെയും കടുത്ത ആരാധകനുമാണ്‌. സർക്കാരിന്റെ വലതുപക്ഷ അജൻഡയ്ക്കു പിന്നിൽ അണിനിരക്കാൻ അനുയായികളോട് അഭ്യർഥിച്ചുകൊണ്ടാണ്‌  അദ്ദേഹം തെരഞ്ഞെടുപ്പുപ്രചാരണം നടത്തുന്നത്‌. അഴിമതിയാണ്‌ ബോൾസനാരോ സർക്കാരിന്റെ മുഖമുദ്രയെന്ന് ബ്രസീലിയൻ ജനത വിശ്വസിക്കുന്നു. കള്ളപ്പണം വെളുപ്പിക്കലും വ്യാജവാർത്താ നിർമാണത്തിലുമാണ്‌ മൂന്നു മക്കളുടെയും ശ്രദ്ധ.   

2018 ൽ 53 ശതമാനം ജനങ്ങളുടെ പിന്തുണയോടെ പ്രസിഡന്റാകുമെന്ന ഘട്ടത്തിലാണ്‌ ലുലയെ കള്ളക്കേസിൽ കുടുക്കിയത്‌. സാവോ പോളോ നഗരത്തിലെ കാർ വാഷ് കമ്പനിയിൽനിന്ന്‌ ഒരു അപ്പാർട്ട്‌മെന്റ്‌ കൈക്കൂലിയായി ലുല നേടിയെന്നാണ് അദ്ദേഹത്തിനെതിരെ ചാർത്തിയ കുറ്റം. ലോകത്തെവിടെയും ഇടതുപക്ഷ നേതാക്കളുടെമേൽ ഇല്ലാത്ത കുറ്റങ്ങൾ ആരോപിച്ച്‌ ജയിലിലിടുന്ന രീതിതന്നെയാണ്‌ ഇവിടെയും ആവർത്തിച്ചത്‌. ഒരു തെളിവുമില്ലാതെയാണ്‌ ലുലയ്‌ക്കെതിരെ കേസെടുത്തത്‌. എന്നിട്ടും ഒമ്പതുവർഷത്തെ തടവുശിക്ഷയാണ്‌ ജഡ്‌ജി സെർജിയോ മോറോ വിധിച്ചത്‌. ഇതിന്റെ പാരിതോഷികമായാണ്‌ ബോൾസനാരോ ഈ ജഡ്‌ജിയെ നീതിന്യായ മന്ത്രിയാക്കിയത്‌. ലുലയെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽനിന്ന്‌ ഒഴിവാക്കുകയായിരുന്നു ലക്ഷ്യം. അപ്പീൽ സാധ്യതകളെല്ലാം അവസാനിച്ചാൽ മാത്രമേ ഒരു വ്യക്തിയെ തടവിലിടാവൂവെന്ന സുപ്രീംകോടതി നിരീക്ഷണത്തെത്തുടർന്നാണ് ലുല മോചിതനായത്. 580 ദിവസത്തെ ജയിൽവാസംകഴിഞ്ഞ് തെക്കൻ ബ്രസീലിലെ പൊലീസ് ആസ്ഥാനമായ ക്യൂറിടിബയിലെ കെട്ടിടത്തിൽനിന്ന്‌ പുറത്തുവന്ന ലുലയെ എതിരേറ്റത് ‘ലുലയെ സ്വതന്ത്രമാക്കൂ’ എന്ന മുദ്രാവാക്യമായി ആർത്തലച്ചെത്തിയ ജനസാഗരമാണ്‌. ലുല ജയിലിലായതുമുതൽ അദ്ദേഹത്തിന്റെ അനുയായികൾ ജയിൽ പരിസരംവിട്ട്‌ പോയിരുന്നില്ല. വിദ്വേഷത്തിന്റെ വിഷസ്‌പർശമേൽക്കാതെ, സ്‌നേഹത്തിന്റെ സന്ദേശം ഉയർത്തിയാണ് താൻ ജയിലിനോട് വിട പറയുന്നതെന്നും വികാരനിർഭരമായി നടത്തിയ പ്രസംഗത്തിൽ ലുല ബ്രസീലിയൻ ജനതയോട്‌ പറഞ്ഞിരുന്നു. ‘ഭരണകൂടം ഒരു വ്യക്തിയെയല്ല, ഒരാശയത്തെയാണ് ഇല്ലാതാക്കാൻ ശ്രമിച്ചത്. ബ്രസീലിലെ സ്ഥിതിഗതികൾ മെച്ചപ്പെടുകയല്ല മോശമാകുകയാണ് ചെയ്തത്. പട്ടിണിയും തൊഴിലില്ലായ്മയും വർധിച്ചു.' തന്നെ സ്വീകരിക്കാൻ തടിച്ചുകൂടിയ പതിനായിരക്കണക്കിന്‌ അനുയായികളെ അഭിസംബോധന ചെയ്ത് ലുല പറഞ്ഞു.

ലുലയെ 19 മാസം ജയിലിലിട്ടത്‌ അന്യായമാണെന്ന്‌ ബ്രസീലിയൻ ജനതയും അന്താരാഷ്‌ട്ര സമൂഹവും ചർച്ച ചെയ്യുന്ന വേളയിലാണ്‌ ഇത്തവണത്തെ തെരഞ്ഞെടുപ്പ്‌. 21.59 കോടി ജനസംഖ്യയിൽ 15.64 കോടി വോട്ടർമാരാണ്‌ ഇത്തവണ പോളിങ്‌ ബൂത്തിലേക്ക്‌ പോകുക. അതിൽ 8.23 കോടി വനിതാ വോട്ടർമാരാണ്‌. 16 വയസ്സ്‌ തികഞ്ഞാൽ വോട്ടവകാശമുള്ള ഇവിടെ 18 വയസ്സ്‌ കഴിഞ്ഞ എല്ലാവരും നിർബന്ധമായും വോട്ടവകാശം വിനിയോഗിക്കണമെന്നാണ്‌ നിയമം. 

ലാറ്റിനമേരിക്കയിലെ ഏറ്റവും വലിയ രാജ്യമായ ബ്രസീൽ വലുപ്പത്തിൽ ലോകത്തെ അഞ്ചാമത്തെ രാഷ്ട്രംകൂടിയാണ്. തെക്കേ അമേരിക്കൻ ഭൂഖണ്ഡത്തിന്റെ പകുതിയോളമുണ്ട് ബ്രസീലിന്റെ വലുപ്പം. അർജന്റീന, ബൊളീവിയ, കൊളംബിയ, ഫ്രഞ്ച് ഗയാന, ഗയാന, പരാഗ്വേ, സുരിനാം, ഉറുഗ്വേ, വെനസ്വേല എന്നിവയുമായി ബ്രസീൽ അതിർത്തി പങ്കിടുന്നു. ജനസംഖ്യയിലും ലാറ്റിനമേരിക്കയിൽ ഒന്നാംസ്ഥാനം ബ്രസീലിനാണ്. ആമസോൺ നദീതടത്തിലെ മഴക്കാടുകളാണ് ബ്രസീലിയൻ ഭൂപ്രകൃതിയുടെ ഏറ്റവും വലിയ സവിശേഷത. ഭൂമിയിലെ ആകെ മഴക്കാടുകളിൽ ഏതാണ്ട് പകുതിവരും ആമസോൺ മഴക്കാടുകൾ. ബ്രസീലിന്റെ കിഴക്ക് ഭാഗത്ത് 7367 കിലോമീറ്റർ നീളത്തിൽ അറ്റ്‌ലാന്റിക്‌ സമുദ്രം വ്യാപിച്ചുകിടക്കുന്നു. ലോകത്തെ ഏറ്റവും വലിയ കത്തോലിക്കാ രാഷ്ട്രംകൂടിയാണ് ബ്രസീൽ.
ലാറ്റിൻ അമേരിക്കയിൽ പോർച്ചുഗീസ് ഭാഷ സംസാരിക്കുന്ന ഏക ജനതയും ബ്രസീലുകാരാണ്‌. ദീർഘകാലം പോർച്ചുഗലിന്റെ കോളനിവാഴ്ചയാണ് ഇതിനു കാരണം. ആമസോൺ നദീതടത്തിൽ അതിസമൃദ്ധമായി വളർന്നുനിന്ന ബ്രസീൽ എന്നയിനം മരങ്ങളിൽ കണ്ണുവച്ച് യൂറോപ്പിൽനിന്നു കടന്നുവന്ന അധിനിവേശമാണ് രാജ്യത്തിന്‌ ബ്രസീൽ എന്നപേര്‌ നേടിക്കൊടുത്തത്‌. ഏറ്റവും കൂടുതൽ കാപ്പി ഉൽപ്പാദിപ്പിക്കുന്നതിനാൽ ‘ലോകത്തിന്റെ കാപ്പി പാത്രം’ എന്ന വിളിപ്പേരും ബ്രസീലിനുണ്ട്‌. 1500 ഏപ്രിൽ 22ന് പെദ്രോ ആൽവറിഷ് കബ്രാൾ എന്ന പോർച്ചുഗീസ് നാവികനാണ്‌ ബ്രസീൽ കണ്ടെത്തിയത്‌.


 

പ്രസിഡന്റാണ്‌ രാഷ്ട്രത്തിന്റെയും സർക്കാരിന്റെയും തലവൻ. 26 സംസ്ഥാനവും കേന്ദ്രഭരണപ്രദേശമായ ഒരു ഫെഡറൽ ഡിസ്ട്രിക്ടുമാണ്‌ ബ്രസീലിന്. നാലുവർഷമാണ് സർക്കാരിന്റെ കാലാവധി. നാഷണൽ കോൺഗ്രസ് എന്ന ദ്വിമണ്ഡല സഭയാണ് പാർലമെന്റ്. 81 സീറ്റുള്ള ഫെഡറൽ സെനറ്റ് ഉപരിസഭയും 513 സീറ്റുള്ള ചേബർ ഓഫ് ഡെപ്യൂട്ടീസ് അധോസഭയുമാണ്‌. വൈവിധ്യത്തിന്റെ കേളീരംഗമാണ് ആധുനിക ബ്രസീലിയൻ സംസ്കാരം. ഭാഷ, സാഹിത്യം, സംഗീതം, ഉത്സവങ്ങൾ, ഭക്ഷണം എന്നിവയിലെല്ലാം ബ്രസീലിയൻ സംസ്കാരത്തിന്റെ ഉത്സവസമൃദ്ധി പ്രത്യക്ഷപ്പെടുന്നു. ആഫ്രിക്കൻ പാരമ്പര്യത്തിൽനിന്ന് ഉരുവംകൊണ്ട് ബ്രസീലിയൻ സംഗീതമാണ് സാമ്പ. പട്ടിണിപ്പാവങ്ങൾക്കിടയിൽ പ്രചരിച്ച ഈ താളക്കൊഴുപ്പുള്ള സംഗീതം ആഫ്രിക്കയെപ്പോലെതന്നെ ലാറ്റിനമേരിക്കയിലും പ്രശസ്‌തമാണ്‌.
ഫുട്ബോളാണ് ബ്രസീലിന്റെ യഥാർഥ ലഹരി. ഫുട്ബോൾ കൺട്രി എന്നാണ് ലോകമാകെ ബ്രസീൽ അറിയപ്പെടുന്നത്. ആയിരക്കണക്കിന്‌ ബ്രസീലുകാർ ലോകത്തിന്റെ പല ഭാഗത്തായി പ്രൊഫഷണൽ ഫുട്ബോൾ കളിക്കുന്നുണ്ട്. ബ്രസീലിലെ ഏതു തെരുവിലും പന്ത് ഉരുട്ടിനടക്കുന്ന കുട്ടികളെ കാണാം. ലോക കപ്പിൽ ബ്രസീൽ കളിക്കുമ്പോൾ രാജ്യം അക്ഷരാർഥത്തിൽ ഇളകിമറിയും. പണി നിർത്തിവച്ച് തൊഴിലാളികൾ കളി ലഹരിയിൽ മുഴുകും. അർധ പട്ടിണിക്കാരാണ് തെരുവിൽ പന്തുരുട്ടി നടന്ന് പിന്നീട് ലോകത്തെ ഏറ്റവും മികച്ച കളിക്കാരായി ഉയർന്നുവന്നിട്ടുള്ളത്. പെലയുടെ മാത്രമല്ല, റൊണാൾഡോയുടെയും റൊണാൾഡീഞ്ഞോയുടെയും റൊമാരിയോയുടെയും കഥ അതുതന്നെയാണ്.

ആഗോള സാമ്പത്തിക പ്രതിസന്ധി ബ്രസീലിന്റെ സമ്പദ്ഘടനയെ പ്രതികൂലമായി ബാധിച്ചിരുന്നു. 2003 മുതൽ 2010 വരെ ബ്രസീലിന്റെ പ്രസിഡന്റ് പദവിയിലിരിക്കെ ലുല  നടപ്പാക്കിയ ജനക്ഷേമ പ്രവർത്തനങ്ങളാണ്‌ ആ രാജ്യത്തെ പുരോഗതിയിലേക്ക്‌ നയിച്ചത്‌. തുടർന്നുവന്ന ബോൾസനാരോ അഴിമതിയുടെയും ഏകാധിപത്യത്തിന്റെയും പ്രതിരൂപമാണ്‌. എന്നാൽ, വരുന്ന തെരഞ്ഞെടുപ്പിൽ ജനശക്തികൊണ്ട്‌ അഴിമതിയുടെ പെരുംകോട്ട തകർക്കാമെന്ന ആത്മവിശ്വാസമാണ്‌ ലുല ഡ സിൽവയ്‌ക്ക്‌. ഈജിപ്ഷ്യൻ ഇതിഹാസത്തിലെ ഫീനിക്‌സ്‌ പക്ഷി ചാരത്തിൽനിന്നു മഹത്വത്തോടെ പറന്നുയർന്നതുപോലെ ലുലയുടെ നേതൃത്വത്തിൽ ബ്രസീലിന്റെ പുത്തനുണർവിനായി കാത്തിരിക്കുകയാണ്‌ ലോക ജനത.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top