28 May Tuesday

എൽഡിഎഫ‌് തരംഗം

അഭിമുഖം: കാനം രാജേന്ദ്രൻ/ ദിലീപ‌് മലയാലപ്പുഴUpdated: Wednesday Apr 17, 2019

ലോക‌്സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത‌് എൽഡിഎഫ‌് തരംഗമുണ്ടാകുമെന്ന‌് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. 2004ൽ 20ൽ 18 സീറ്റും എൽഡിഎഫ‌് നേടി. ഒരൊറ്റ സീറ്റും കോൺഗ്രസിന‌് ലഭിച്ചില്ല. 2004 നേക്കാൾ മെച്ചപ്പെട്ട വിജയം എൽഡിഎഫിന‌് നൽകാൻ കേരളം തയ്യാറെടുത്തുകഴിഞ്ഞു. തീർത്തും എൽഡിഎഫിന‌് അനുകൂലമായ അന്തരീക്ഷമാണ‌് എല്ലാ മണ്ഡലത്തിലും കാണാൻ കഴിയുന്നതെന്നും കാനം പറഞ്ഞു.

എൽഡിഎഫ‌് വിജയപ്രതീക്ഷയ‌്ക്കുള്ള അടിസ്ഥാനം?


ജനാധിപത്യവും മതനിരപേക്ഷതയും സംരക്ഷിക്കാൻ മോഡി സർക്കാരിനെ പുറത്താക്കണമെന്ന വികാരമാണെവിടെയും. ഇനി ഒരിക്കൽക്കൂടി ബിജെപി അധികാരത്തിൽ വന്നാൽ ഭരണഘടനയെ തന്നെ അപ്രസക്തമാക്കും. മോഡി ഒരു തവണകൂടി ജയിച്ചാൽ പിന്നെ തെരഞ്ഞെടുപ്പുകൾ തന്നെ ഉണ്ടാകില്ലെന്ന‌് ഒരു ഉന്നത ബിജെപി നേതാവുതന്നെ പ്രഖ്യാപിച്ചു. ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും ഭരണഘടനയുടെയും അന്ത്യംകുറിക്കുമെന്ന‌് വ്യക്തം. കഴിഞ്ഞ അഞ്ചു വർഷത്തെ മോഡി ഭരണം സംഘപരിവാറിന്റെ ഭരണമായിരുന്നു. മതനിരപേക്ഷതയെ തകർക്കുന്ന നടപടികളാണ‌് കേന്ദ്രം സ്വീകരിച്ചത‌്. ദ്രോഹനയങ്ങൾ ഒന്നൊന്നായി അടിച്ചേൽപ്പിച്ച‌് ജനങ്ങളെ ദുരിതക്കയത്തിലാക്കി.

രാജ്യമെമ്പാടും ദളിതരും ന്യൂനപക്ഷങ്ങളും സാധാരണക്കാരും നിഷ‌്ഠുരമായി വേട്ടയാടപ്പെടുകയാണ‌്. കേന്ദ്ര സർക്കാരിന്റെയും സംഘപരിവാറിന്റെയും ദുർനയങ്ങൾക്കെതിരെ ശക്തമായ നിലപാടുകളും ചെറുത്തുനിൽപ്പും സംഘടിപ്പിച്ചത‌് ഇടതുപക്ഷമാണ‌്. രാജ്യമെമ്പാടും ലക്ഷക്കണക്കിന‌ു കർഷകരും തൊഴിലാളികളും ബഹുജനങ്ങളും പങ്കെടുത്ത എണ്ണമറ്റ ‌പ്രക്ഷോഭങ്ങൾക്ക‌് നേതൃത്വംനൽകിയത‌് ഇടതുപക്ഷമാണ‌്. ഇത്തരം പ്രക്ഷോഭങ്ങളിൽ കോൺഗ്രസ‌് എവിടെയായിരുന്നു. മതനിരപേക്ഷതയുടെയും ഭരണഘടനയുടെയും സംരക്ഷണത്തിന‌് ജനങ്ങൾ വിശ്വസിക്കുന്നത‌് ഇടതുപക്ഷത്തെയാണ‌്. ഇത്തരം വിഷയങ്ങളിൽ കോൺഗ്രസ‌് വെള്ളം ചേർത്തത‌് ജനങ്ങൾ തിരിച്ചറിഞ്ഞുകഴിഞ്ഞു. സംഘപരിവാറിനെതിരെ ഉറച്ച നിലപാട‌് സ്വീകരിക്കാൻ കോൺഗ്രസിന‌് കഴിഞ്ഞിട്ടില്ല. കേരളത്തിലെ ഇടതുപക്ഷജനാധിപത്യ മുന്നണിയും സർക്കാരും ഉയർത്തുന്ന ബദൽ രാഷ‌്ട്രീയവും നയങ്ങളും ജനക്ഷേമപദ്ധതികളും വികസനവും രാജ്യത്തിന‌ു തന്നെ മാതൃകയാണ‌്. അതുകൊണ്ടുതന്നെ ഒരു ബദൽ ശക്തി കേന്ദ്രത്തിൽ അധികാരത്തിൽ വരാൻ ഇടതുപക്ഷത്തിന്റെ കരുത്ത‌് വർധിക്കണം. ലോക‌്സഭയിൽ ഇടതുപക്ഷ അംഗങ്ങളുടെ എണ്ണം വർധിക്കണമെന്നുള്ള പൊതുവികാരം ജനങ്ങളിലുണ്ട‌്. എൽഡിഎഫ‌് സ്ഥനാർഥികൾക്ക‌് ലഭിക്കുന്ന വലിയ സ്വീകാര്യത ഇതാണ‌് തെളിയിക്കുന്നത‌്.

പ്രചാരണരംഗം?


ഇരുപത‌് മണ്ഡലത്തിലും എൽഡിഎഫ‌് സ്ഥാനാർഥികൾ പ്രചാരണരംഗത്ത‌് ബഹുദൂരം മുന്നിലാണ‌്. ആദ്യംതന്നെ സ്ഥാനാർഥി നിർണയം പൂർത്തിയാക്കി പ്രചാരണരംഗത്തിറങ്ങി. ഒരു മാസം പിന്നിടുമ്പോൾ നാലാംഘട്ട പ്രചാരണരംഗത്താണ‌് എൽഡിഎഫ‌്. സ്ഥാനാർഥികളുടെ പര്യടനപരിപാടികളിൽ വൻ ജനക്കൂട്ടമാണ‌് സ്വീകരിക്കുന്നത‌്. എൽഡിഎഫ‌് നേതാക്കൾ പങ്കെടുക്കുന്ന തെരഞ്ഞെടുപ്പു പൊതുയോഗങ്ങളിലും കുടുംബസംഗമങ്ങളിലും വൻ ജനാവലിയാണ‌് എത്തുന്നത‌്. എല്ലാ സ്ഥാനാർഥികൾക്കും വലിയ സ്വീകാര്യതയാണ‌് എവിടെയും. എൽഡിഎഫ‌് നിലപാടുകൾക്കുള്ള വിജയംകൂടിയാണിത‌്. ചിട്ടയായ പ്രവർത്തനം കരുത്താക്കിയാണ‌് എൽഡിഎഫ‌് മുന്നേറ്റം.

രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാർഥിത്വത്തെ എങ്ങനെ കാണുന്നു?

പൊട്ടിയ പട്ടംപോലെ ആയിരിക്കുകയാണ‌് രാഹുൽ ഗാന്ധി. സ്വന്തം മണ്ഡലത്തിൽ തോൽവി ഭയന്ന‌് നെട്ടോട്ടമോടിയാണ‌് രാഹുൽ വയനാട്ടിലെത്തിയത‌്. ഇവിടെ എൽഡിഎഫിന്റെ കരുത്ത‌് എന്തെന്ന‌് രാഹുൽ അറിയാനിരിക്കുന്നതേയുള്ളൂ. കേരളത്തിലെ 20 യുഡിഎഫ‌് സ്ഥാനാർഥികളിൽ ഒരാൾ മാത്രമാണ‌് രാഹുൽ. കർമഭൂമി അമേഠിയാണെന്ന‌് പ്രഖ്യാപിച്ച രാഹുലിന‌് വയനാടിനോട‌് എന്തെങ്കിലും ആത്മാർഥതയുണ്ടാകുമോ. വയനാട്ടിൽ മത്സരിക്കാനെത്തിയ രാഹുൽ നൽകുന്ന സന്ദേശമെന്താണ‌്. യഥാർഥ ശത്രു ബിജെപി എങ്കിൽ രാഹുൽ വയനാട്ടിൽ മത്സരിക്കാനെത്തിയത‌് എന്തിന‌്. ബിജെപിക്ക‌് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കെട്ടിവച്ച കാശ‌് നഷ്ടപ്പെട്ട മണ്ഡലമാണിത‌്. കോൺഗ്രസിന്റെ രാഷ‌്ട്രീയ അപചയമാണ‌് ഇത‌് കാണിക്കുന്നത‌്.

രാഹുൽ തരംഗം എന്ന അവകാശവാദം?


|രാഹുലിന്റെ വരവ‌് ഒരു തരംഗവും ഉണ്ടാക്കാൻ പോകുന്നില്ല. സ്വന്തം മണ്ഡലമുൾപ്പെടുന്ന യുപിയിൽ പോലും ഒരു തരംഗവും സൃഷ്ടിക്കാൻ 2014ൽ രാഹുലിന‌് കഴിഞ്ഞില്ല. അവിടെയുള്ള 80 സീറ്റിൽ ഭൂരിപക്ഷവും മറ്റ‌ു കക്ഷികൾ കൊണ്ടുപോയി. പിന്നെ ഇവിടെ എന്തുതരംഗമുണ്ടാക്കുമെന്നാണ‌് പറയുന്നത‌്. പരിമിതമായ സീറ്റുകളിൽ മാത്രമാണ‌് കോൺഗ്രസ‌് മത്സരിക്കുന്നത‌്. തമിഴ‌്നാട‌്, ആന്ധ്ര, തെലുങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിൽ വിരലിലെണ്ണാവുന്ന സീറ്റുകളിലാണ‌് അവർ മത്സരിക്കുന്നത‌്. ഇവിടെയൊക്കെ എത്ര സീറ്റുകളിൽ ജയിക്കും. വടക്കേ ഇന്ത്യയിലും കോൺഗ്രസിന‌് വിജയസാധ്യത കുറവാണ‌്. അപ്പോൾ പിന്നെ എന്തു തരംഗം‌. രാഹുൽ തെക്കോട്ട‌് എത്തിയതോടെ ആന്ധ്ര, തെലുങ്കാന, കർണാടക തുടങ്ങിയ സംസ്ഥാനങ്ങ‌ളിലെ പ്രമുഖ കോൺഗ്രസ‌് നേതാക്കൾ ബിജെപിയിലേക്ക‌് പോയി.

തെരഞ്ഞെടുപ്പിന‌ുശേഷം?


ലോക‌്സഭാ തെരഞ്ഞെടുപ്പിന‌ുശേഷം ഒരു മതനിരപേക്ഷ സർക്കാർ കേന്ദ്രത്തിൽ അധികാരത്തിൽ വരും. ഈ സർക്കാർ രൂപീകരണത്തിൽ ഇടതുപക്ഷം നിർണായക പങ്ക‌ുവഹിക്കും. വിവിധ സംസ്ഥാനങ്ങളിൽ ശക്തമായ സ്വാധീനമുള്ള പ്രാദേശിക പാർടികൾ ഉൾപ്പെട്ട മതേതര ബദൽ അധികാരത്തിൽ വരും. ജനാധിപത്യവും മതേതരത്വവും ഭരണഘടനയും സംരക്ഷിക്കുന്ന, സാമൂഹ്യനീതിയും സുരക്ഷയും ഉറപ്പുവരുത്തുന്ന ഒരു ബദൽ ശക്തി കേന്ദ്രത്തിൽ അധികാരത്തിൽ വരണമെന്നാണ‌് ഇന്ത്യൻ ജനത ആഗ്രഹിക്കുന്നത‌്. അത‌് സാധ്യമാക്കാൻ ഇടതുപക്ഷ പ്രതിനിധികളുടെ എണ്ണം വർധിക്കണം. ജനങ്ങൾ എൽഡിഎഫിനൊപ്പം നിൽക്കുന്നത‌് ഇക്കാരണത്താലാണ‌്.

സർവേകളുടെ വിശ്വാസ്യത?

|സർവേകളിലല്ല, ജനങ്ങളിലാണ‌് വിശ്വസിക്കേണ്ടത‌്. സർവേകളെന്ന പേരിൽ ഇപ്പോൾ വന്നുകൊണ്ടിരിക്കുന്ന കണക്കുകൾക്ക‌ു പിന്നിൽ ചില ഗൂഢലക്ഷ്യങ്ങളുണ്ട‌്. കോർപറേറ്റ‌് താൽപ്പര്യങ്ങളുള്ള ചില മാധ്യമങ്ങൾ തട്ടിക്കൂട്ടുന്ന സർവേകൾക്ക‌് യാഥാർഥ്യവുമായി ഒരു ബന്ധവുമില്ല. 2004ൽ എൽഡിഎഫിന‌് ഒരു സീറ്റും ലഭിക്കില്ലെന്നായിരുന്നു പ്രവചനം. എന്നിട്ടെന്തായി. 20ൽ 18ഉം എൽഡിഎഫ‌് നേടി. ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന‌് വിജയം പ്രഖ്യാപിച്ച സർവേ വിദഗ‌്ധൻമാർ ഫലം വന്നപ്പോൾ ഓടി ഒളിച്ചു. എൽഡിഎഫിലെ സജി ചെറിയാൻ വൻ ഭൂരിപക്ഷത്തിലാണ‌് വിജയിച്ചത‌്.

സംസ്ഥാന സർക്കാരിന്റെ പ്രവർത്തനം നേട്ടമാകുമോ?

പിണറായി സർക്കാരിന്റെ ഭരണനേട്ടങ്ങൾ എൽഡിഎഫിന‌് കരുത്താകും. ജനക്ഷേമ, വികസനപ്രവർത്തനങ്ങളിലൂടെ രാജ്യത്തിനാകെ മാതൃകയായ സർക്കാരാണ‌ിത‌്. ബദൽ നയം ഉയർത്തി മുന്നോട്ടുപോകുന്ന എൽഡിഎഫ‌് സർക്കാർ രാജ്യത്തിനാകെ പ്രതീക്ഷ നൽകുന്നു. ആയിരം ദിനംകൊണ്ട് സംസ്ഥാന സർക്കാർ സ്വീകരിച്ച ജനക്ഷേമനടപടികൾ എൽഡിഎഫിന് തുണയാകും. സർക്കാരിന്റെ പ്രവർത്തനങ്ങളിൽ ജനങ്ങൾ സംതൃപ‌്തരാണ‌്. ജനങ്ങൾക്ക‌ു നൽകിയ വാഗ‌്ദാനങ്ങളൊക്കെ നടപ്പാക്കിയ സർക്കാരാണിത‌്. സമാനതകളില്ലാത്ത വികസന ക്ഷേമപദ്ധതികളാണ‌് എൽഡിഎഫ‌് നടപ്പാക്കുന്നത‌്. ഇത്തരം വികസനപ്രവർത്തനങ്ങളെ തുരങ്കംവയ‌്ക്കാനാണ‌് പ്രതിപക്ഷവും കോൺഗ്രസും ശ്രമിക്കുന്നത‌്. ഇത‌് ജനങ്ങൾ തിരിച്ചറിഞ്ഞുകഴിഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top