20 April Saturday

പ്രതിപക്ഷത്തിന്റെ വാചകമടി മത്സരം - കോടിയേരി
 ബാലകൃഷ്ണൻ എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Friday Jan 28, 2022

ശ്രീബുദ്ധനെ കൊള്ളക്കാരനും കൊള്ളക്കാരനെ ശ്രീബുദ്ധനുമാക്കുന്ന ഒരു മറിമായത്തിലേക്ക് നാടിനെ കൊണ്ടുപോകാനുള്ള സംഘടിതശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. അതാണ് നിര്‍ദിഷ്ട ലോകായുക്ത ഭേദഗതി ഓര്‍ഡിനന്‍സ് കരടിനെ ആസ്പദമാക്കിയുള്ള വിവാദം. അഴിമതി തീണ്ടാത്ത സംശുദ്ധഭരണം നടത്തുന്ന എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ അഴിമതിയുടെ വ്യത്യസ്തധ്രുവങ്ങളിലെ രാഷ്ട്രീയശക്തികള്‍ യോജിച്ച് അപവാദം പ്രചരിപ്പിക്കുകയാണ്. ഇതിന് മാറ്റുകൂട്ടാന്‍ ചില പിന്തിരിപ്പന്‍ മാധ്യമങ്ങള്‍ വിരമിച്ച ന്യായാധിപന്‍മാരെ ഉള്‍പ്പെടെ അണിനിരത്തി ചര്‍ച്ചകളും ലേഖനങ്ങളുമായി വിവാദത്തെ പൊലിപ്പിക്കുകയാണ്.

ഈ കോലാഹലങ്ങള്‍ക്കു മധ്യേയും എല്‍ഡിഎഫ് സര്‍ക്കാര്‍ നടപടി അഴിമതിയെ പ്രോത്സാഹിപ്പിക്കുന്നതല്ലെന്നും കേന്ദ്രഭരണത്തിന്റെ ഏകാധിപത്യ പിടിമുറുക്കലിനെ തടയുന്നതും ജനാധിപത്യത്തെ കാത്തുസൂക്ഷിക്കുന്നതുമാണെന്നും നിഷ്പക്ഷമതികളും ജനാധിപത്യവാദികളുമായ ബുദ്ധിജീവികളും ചിന്തകരും സാഹിത്യകാരന്‍മാരും വിലയിരുത്തുന്നുണ്ട്. അത്തരമൊരു ട്വീറ്റാണ് എന്‍ എസ് മാധവന്റേത്. ലോകായുക്താ നിയമത്തിലെ 14–-ാം വകുപ്പ് ഭേദഗതി ചെയ്യുന്നതിനെ അദ്ദേഹം ന്യായീകരിക്കുന്നു. നിലവിലെ നിയമപ്രകാരം ലോകായുക്തയ്ക്ക് മന്ത്രിമാരെ നീക്കം ചെയ്യാനുള്ള ശുപാര്‍ശയ്ക്ക് അധികാരമുണ്ട്. ജനാധിപത്യവിരുദ്ധമായ ഈ വ്യവസ്ഥ നിയമഭേദഗതിയിലൂടെ എടുത്തുകളയുന്നത് ന്യായീകരിക്കത്തക്കതാണ്. കാരണം നമ്മള്‍ ജനാധിപത്യ നാട്ടിലാണ്. പക്ഷേ, മലയാള മാധ്യമങ്ങള്‍ ഈ വസ്തുത മറച്ചുവയ്ക്കുന്നെന്നും ഇത് ദയനീയമാണെന്നും മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍കൂടിയായ എന്‍ എസ് മാധവന്‍ ട്വീറ്റ് ചെയ്തു.

എന്തുകൊണ്ട്‌ ഭേദഗതി ഓര്‍ഡിനന്‍സ്
ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് അഡ്വക്കറ്റ് ജനറല്‍ നല്‍കിയ നിയമോപദേശത്തിന്റെ തുടര്‍ച്ചയായ നടപടിയാണ് ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നത്. കേരള ലോകായുക്ത നിയമത്തിലെ വകുപ്പ് 14 ഭരണഘടനയുടെ അനുച്ഛേദം 164ന് അനുസൃതമല്ലെന്നാണ് നിയമോപദേശം. സര്‍ക്കാരിന് 2021 ഏപ്രില്‍ 13നാണ് അഡ്വക്കറ്റ് ജനറലില്‍നിന്ന്‌ ഇത്‌ ലഭിച്ചത്. ഭരണഘടനാ സ്ഥാപനമായ ഗവര്‍ണറുടെ പ്രീതിക്ക് വിധേയമായാണ് മുഖ്യമന്ത്രിയും മന്ത്രിമാരും അധികാരത്തിലിരിക്കുന്നത്. ഇതാണ് ഭരണഘടനയുടെ അനുച്ഛേദം 164 വ്യവസ്ഥപ്പെടുത്തിയിട്ടുള്ളത്. ഈ ഇടത്തിലേക്ക് അര്‍ധ ജുഡീഷ്യല്‍ സംവിധാനമായ ലോകായുക്ത കടന്നുകയറുന്നതാണ് ലോകായുക്ത നിയമത്തിലെ വകുപ്പ് 14. അഡ്വക്കറ്റ് ജനറല്‍ നല്‍കിയ ഉപദേശത്തിന്റെ പശ്ചാത്തലത്തില്‍ വിവിധ സംസ്ഥാനങ്ങളിലെ ലോകായുക്ത നിയമങ്ങളും കേന്ദ്ര ലോക്പാല്‍ നിയമവും സംസ്ഥാന ആഭ്യന്തരവകുപ്പ് വിശദമായി പരിശോധിച്ച ശേഷമാണ് ഭേദഗതിക്കായുള്ള ഫയല്‍ നീക്കിയത്. ഇതു പരിശോധിച്ചാണ് മന്ത്രിസഭ ഗവര്‍ണറുടെ അനുമതിക്കായി ഓര്‍ഡിനന്‍സ് സമര്‍പ്പിച്ചിരിക്കുന്നത്.

മന്ത്രിമാരെ നിയമിക്കുന്നത് മുഖ്യമന്ത്രിയുടെ ശുപാര്‍ശപ്രകാരം ഗവര്‍ണറാണ്. നിയമസഭയിലെ ഭൂരിപക്ഷത്തിന്റെ അടിസ്ഥാനത്തില്‍ മുന്നണിയോ കക്ഷിയോ നല്‍കുന്ന ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിയെ നിയമിക്കുന്നതും ഗവര്‍ണറാണ്. ഭരണഘടനാ പ്രകാരമുള്ള ഈ വ്യവസ്ഥയെ ദുര്‍ബലപ്പെടുത്തുന്ന ഒന്നാണ് അര്‍ധ ജുഡീഷ്യല്‍ സംവിധാനമായ ലോകായുക്തയില്‍ നിക്ഷിപ്തമായിരിക്കുന്ന ഈ അധികാരമെന്നത് പകല്‍പോലെ വ്യക്തമാണ്. ലോകായുക്ത ശുപാര്‍ശ തള്ളാനും കൊള്ളാനുമുള്ള അവകാശത്തില്‍നിന്ന്‌ ജനങ്ങള്‍ തെരഞ്ഞെടുത്ത സംസ്ഥാന സര്‍ക്കാരിനെ ഒഴിവാക്കുന്ന നിലവിലുള്ള വ്യവസ്ഥ കേന്ദ്രഭരണകക്ഷിയുടെ ഇടംകോലിടല്‍ രാഷ്ട്രീയത്തിന് വാതില്‍ തുറന്നുകൊടുക്കുന്നതാണ്.

നിയമഭേദഗതിക്കെതിരെ ഉയരുന്ന ഒരു ചോദ്യം ഈ നിയമം 1999ല്‍ നായനാര്‍ സര്‍ക്കാര്‍ കൊണ്ടുവന്നതല്ലേ എന്നതാണ്. ശരിയാണ്; അഴിമതിക്കെതിരെ നിയമനിര്‍മാണം എന്നത് ജവാഹര്‍ലാല്‍ നെഹ്റുവിന്റെ കാലംമുതല്‍ കേട്ടതാണ്. പക്ഷേ, അത് നടന്നില്ല. 1982–-87ൽ യുഡിഎഫ് ഭരണകാലത്ത് ജനകീയ പ്രക്ഷോഭങ്ങളുടെ പശ്ചാത്തലത്തില്‍ ഒരു അഴിമിതി നിരോധന കമീഷനെ കൊണ്ടുവന്നിരുന്നെങ്കിലും അതിലെ അംഗങ്ങള്‍ സര്‍ക്കാരിന്റെ പാവകളായ ഉദ്യോഗസ്ഥരും മറ്റുമായിരുന്നു. അതിന് അന്ത്യംകുറിച്ചാണ് പുതിയ ലോകായുക്ത നിയമം നായനാര്‍ ഭരണത്തില്‍ എല്‍ഡിഎഫ് കൊണ്ടുവന്നത്. ആ നിയമം വന്ന കാലത്തെ ഇന്ത്യയല്ല ഇന്നത്തേത്. ഭരണഘടനാ മൂല്യങ്ങളെയും വ്യവസ്ഥകളെയും കേന്ദ്രഭരണകക്ഷി നഗ്നമായി ലംഘിക്കുന്ന ദുരവസ്ഥയാണ്. സദുദ്ദേശ്യത്തോടെ നായനാര്‍ ഭരണകാലത്ത് കൊണ്ടുവന്ന വ്യവസ്ഥയെ ദുരുദ്ദേശ്യത്തോടെ ഉപയോഗിച്ച് ജനങ്ങള്‍ തെരഞ്ഞെടുത്ത സംസ്ഥാന സര്‍ക്കാരിനെ ദുര്‍ബലപ്പെടുത്താനോ അസ്ഥിരപ്പെടുത്താനോ കേന്ദ്രസര്‍ക്കാരിന് ഗവര്‍ണര്‍ വഴി ഇടപെടാനുള്ള ചതിക്കുഴി ഇതിലുണ്ട്. ഈ സാഹചര്യത്തിലാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ നിയമഭേദഗതി കൊണ്ടുവരുന്നത്. ഈ നിര്‍ദേശം വന്നത് 2021 ഏപ്രിലിലാണ് എന്നതിനാല്‍ ഇപ്പോള്‍ കമീഷന് മുമ്പാകെയുള്ള പരാതികളുമായി ഈ വിഷയത്തെ ബന്ധിപ്പിക്കുന്നത് അസംബന്ധമാണ്.

ഇന്ത്യന്‍ റിപ്പബ്ലിക്കിന് 72 വയസ്സ് പിന്നിടുന്ന ഈ ഘട്ടത്തിലും ദേശീയമായി നമ്മുടെ ജനാധിപത്യ സംവിധാനം പരിക്ഷീണമായിരിക്കുകയാണ്. ലജിസ്ലേച്ചര്‍, എക്സിക്യൂട്ടീവ്, ജുഡീഷ്യറി എന്നിവയും നാലാം തൂണായ പത്രമാധ്യമങ്ങളും–- ഈ വിധത്തിലാണ് ജനാധിപത്യ സൗധത്തെ സംരക്ഷിക്കേണ്ടത്. ഈ സങ്കല്‍പ്പം ശക്തമായി നിലനിര്‍ത്താന്‍ ഇവയില്‍ ഓരോന്നിനും മുന്‍കൂര്‍ നിശ്ചയിച്ചിട്ടുള്ള കടമയും ഉത്തരവാദിത്വങ്ങളും പരിധി ലംഘിച്ച് കൈയേറാതെ നടപ്പാക്കേണ്ടതുണ്ട്. അങ്ങനെ കൈയേറ്റം നടക്കുന്ന കാലമാണ് ആര്‍എസ്എസ് നയിക്കുന്ന ബിജെപി ഭരണത്തിന്റേത്. അതുകൊണ്ടാണ് ജനാധിപത്യത്തെയും ഭരണഘടനാ മൂല്യങ്ങളെയും സംരക്ഷിക്കാന്‍ നിര്‍ദിഷ്ട ലോകായുക്ത ഭേദഗതി ഓര്‍ഡിനന്‍സ് കൊണ്ടുവരുന്നത്.

ഭേദഗതി ഓര്‍ഡിനന്‍സില്‍ ഒപ്പിടരുതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ നേതൃത്വത്തില്‍ യുഡിഎഫ് ആവശ്യപ്പെടുമ്പോള്‍ ബിജെപിയും ഇക്കാര്യത്തില്‍ ഗവര്‍ണറുടെമേല്‍ സമ്മര്‍ദം ചെലുത്തുകയാണ്. നിലവിലുള്ള നിയമം മാതൃകാപരമെങ്കില്‍ എന്തുകൊണ്ടാണ് കോണ്‍ഗ്രസ് ഭരണമുള്ള സംസ്ഥാനങ്ങളില്‍ ഇത് നടപ്പാക്കാന്‍ രാഹുല്‍ ഗാന്ധിയോടും കോണ്‍ഗ്രസ് നേതൃത്വത്തോടും ഇവിടത്തെ കോണ്‍ഗ്രസും യുഡിഎഫും ആവശ്യപ്പെടാത്തത്. അതുപോലെ ഈ നിയമം ബിജെപി ഭരണമുള്ള ഇടങ്ങളില്‍ പകര്‍ത്താന്‍ മോദി –- അമിത് ഷാ–- നദ്ദ നേതൃത്വത്തോട് ഇവിടത്തെ ബിജെപി നേതാക്കള്‍ ആവശ്യപ്പെടുന്നില്ല. കേരളത്തിന് സമാനമായി ലോകായുക്ത നിയമഭേദഗതി കോണ്‍ഗ്രസ് ഭരണമുള്ള പഞ്ചാബില്‍ നടത്തിയത് വി ഡി സതീശനും കൂട്ടരും മറയ്‌ക്കുകയാണോ?

യുഡിഎഫ് കാലത്ത്‌ ചർച്ച നടത്തിയോ
ഓര്‍ഡിനന്‍സ് കൊണ്ടുവരുംമുമ്പ് പ്രതിപക്ഷവുമായി സര്‍ക്കാര്‍ എന്തുകൊണ്ട് ചര്‍ച്ച ചെയ്തില്ല എന്ന വിചിത്രമായ ഒരു ചോദ്യം സതീശന്‍ ഉന്നയിച്ചിട്ടുണ്ട്. അങ്ങനെ ഒരു നടപടി ക്രമം ഭരണഘടനാപ്രകാരമോ കീഴ്വഴക്കമനുസരിച്ചോ നിലവിലുണ്ടോ? യുഡിഎഫ് ഭരണകാലത്ത് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കുംമുമ്പ് അങ്ങനെയൊരു ചര്‍ച്ച പ്രതിപക്ഷവുമായി നടത്തിയിട്ടില്ലല്ലോ. നിയമസഭ സമ്മേളിക്കാത്ത അവസരത്തില്‍ മന്ത്രിസഭയ്ക്ക് ഓര്‍ഡിനന്‍സ് തയ്യാറാക്കി ഗവര്‍ണര്‍ക്ക് സമര്‍പ്പിക്കാന്‍ ഭരണഘടനാപരമായ അവകാശമുണ്ട്. ഇത് ബില്ലായി സഭയില്‍ വരുമ്പോള്‍ അതിൻമേല്‍ നടക്കുന്ന ചര്‍ച്ചയില്‍ പ്രതിപക്ഷത്തിന് അഭിപ്രായം പറയാനുള്ള എല്ലാ അവസരവുമുണ്ട്. പ്രതിപക്ഷ അഭിപ്രായങ്ങള്‍ സര്‍ക്കാര്‍ ഗൗരവത്തോടെ കേള്‍ക്കും. സ്വീകരിക്കേണ്ടത് സ്വീകരിക്കുകയും തള്ളേണ്ടത് തള്ളുകയും ചെയ്യും. ആ ജനാധിപത്യ പ്രക്രിയ ലോകായുക്ത ഭേദഗതിയുടെ കാര്യത്തിലും ഉണ്ടാകും. ഭരണഘടനയുടെ അനുച്ഛേദം 213 പ്രകാരമാണ് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാനുള്ള അധികാരം ഗവര്‍ണര്‍ക്ക് ലഭ്യമായിട്ടുള്ളത്. മന്ത്രിസഭയുടെ ഉപദേശപ്രകാരമാണ് ഈ അധികാരം ഗവര്‍ണര്‍ വിനിയോഗിക്കുക.

സര്‍ക്കാരിനെതിരെ പ്രചരിപ്പിക്കുന്ന മറ്റൊരു ആക്ഷേപം പരാതി കേള്‍ക്കാനുള്ള ലോകായുക്തയുടെ അധികാരം നിയമഭേദഗതി എടുത്തുകളയുന്നു എന്നതാണ്. ഇത് വസ്തുതാവിരുദ്ധമാണ്. പൊതുപ്രവര്‍ത്തകര്‍ എന്ന നിലയില്‍ അധികാരം സ്വാര്‍ഥലാഭത്തിനുവേണ്ടി ദുരുപയോഗം ചെയ്യുന്നവരല്ല എല്‍ഡിഎഫ് ഭരണാധികാരികള്‍. നിയമം നിശിതബുദ്ധിയോടെ പ്രവര്‍ത്തിക്കുന്നതില്‍ ഒരു അങ്കലാപ്പും എല്‍ഡിഎഫ് ഭരണാധികാരികള്‍ക്കില്ല. ഈ ഭരണത്തിന്റെ മുഖമുദ്ര അഴിമതിവിരുദ്ധതയാണ്. ഏതെങ്കിലും ആക്ഷേപത്തില്‍ പ്രത്യക്ഷത്തില്‍ കഴമ്പുണ്ടെന്ന് തോന്നുന്ന സംഭവങ്ങളില്‍ ഇടപെടാനും അതിന്‍മേല്‍ വസ്തുതകള്‍ തെളിയുംവരെ മന്ത്രിമാരുടെ കാര്യത്തില്‍പ്പോലും നടപടി എടുക്കാനും ധീരത കാട്ടുന്നതാണ് പിണറായി സര്‍ക്കാര്‍. അതെല്ലാം ചെയ്യുന്നത് അര്‍ധ ജുഡീഷ്യല്‍ സംവിധാനങ്ങളുടെയോ കോടതികളുടെയോ നിര്‍ദേശങ്ങളോ ശുപാര്‍ശകളോ ഇല്ലാതെ തന്നെയാണ്. ഈ സമീപനം മേലിലും തുടരും.

ഇപ്പോഴത്തെ ഭേദഗതി പ്രകാരം മുഖ്യമന്ത്രിക്കോ മന്ത്രിമാര്‍ക്കോ മറ്റ് പൊതുപ്രവര്‍ത്തകര്‍ക്കോ ലോകായുക്തയുടെ അന്വേഷണത്തില്‍നിന്ന്‌ ഒഴിവാക്കപ്പെടുന്ന "ഇമ്യൂണിറ്റി' ഒന്നും നല്‍കുന്നില്ല. അതായത്, ലോകായുക്തയുടെ പരിഗണനയ്ക്കെത്തുന്ന വിഷയങ്ങള്‍ വിപുലമാണ്. അതിന് കുറവുവരുത്തുന്ന ഒന്നും ചെയ്യുന്നില്ല. നീതിന്യായ സംവിധാനങ്ങളുടെ വിലയിടിക്കുന്ന നടപടികളാണ് ബിജെപിയുടെയും കോണ്‍ഗ്രസിന്റെയും ഭരണങ്ങള്‍ സ്വീകരിക്കാറുള്ളത്. അത്തരം നീതികേടൊന്നും എല്‍ഡിഎഫ് സര്‍ക്കാര്‍ ചെയ്യില്ല.

അഴിമതിവിരുദ്ധ യുദ്ധകാഹളം മുഴക്കുന്ന കോണ്‍ഗ്രസ് നയിക്കുന്ന യുഡിഎഫിന്റെയും ബിജെപിയുടെയും അഴിമതിയുടെ ജീര്‍ണമുഖം എന്തെന്ന് ആളുകള്‍ക്ക് നന്നായി അറിയാവുന്നതാണ്. ബിജെപിയുടെ കേന്ദ്രഭരണത്തിലാണ് സൈന്യത്തിനുള്ള ആയുധ ഇടപാടില്‍ മാത്രമല്ല ശവപ്പെട്ടി വാങ്ങുന്നതില്‍പ്പോലും കുംഭകോണം നടത്തിയത്. ബിജെപി പ്രസിഡന്റായിരിക്കെ ബങ്കാരു ലക്ഷ്‌മണ കൈക്കൂലി പണം എണ്ണി മേശയില്‍ നിക്ഷേപിക്കുന്ന ചിത്രം പുറത്തുവന്നിരുന്നല്ലോ. ഖനി കുംഭകോണം, സ്വകാര്യവൽക്കരണ കുംഭകോണം തുടങ്ങി എത്രയെത്ര അഴിമതികള്‍. പ്രതിരോധസേനാ യുദ്ധവിമാനമായ റഫാല്‍ ഇടപാടില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ ആരോപണം ഇപ്പോഴും നിലനില്‍ക്കുകയല്ലേ.

കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും ഭരണങ്ങളുടെ ദുര്‍മുഖമായി തുറിച്ചുനോക്കുന്ന കുംഭകോണങ്ങളെത്രയാണ്. രാജീവ് ഗാന്ധി ഉള്‍പ്പെട്ട ബോഫോഴ്സ് തോക്ക് ഇടപാട് ഇപ്പോഴും തീരാത്ത തുടര്‍ക്കഥയല്ലേ. കോണ്‍ഗ്രസിന്റെ പ്രധാനമന്ത്രിയായിരുന്ന നരസിംഹറാവുവിനെതിരെ ഒരു സാധാരണ തട്ടിപ്പുക്കാരനെതിരെ ഉപയോഗിക്കുന്ന 420–-ാം വകുപ്പ് പ്രകാരമുള്ള കേസ് ജുഡീഷ്യറിയുടെ നിര്‍ബന്ധത്താല്‍ എടുത്തില്ലേ. തട്ടിപ്പുവീരന്‍ ചന്ദ്രസ്വാമിക്കൊപ്പം റാവു പ്രതിചേര്‍ക്കപ്പെട്ടില്ലേ. ടു ജി സ്പെക്ട്രം അഴിമതി, കോമണ്‍വെല്‍ത്ത് കുംഭകോണം, ഖനി അഴിമതി, ഓഹരി കുംഭകോണം, പാമോയില്‍ അഴിമതി, സോളാര്‍ തട്ടിപ്പ്, പൈപ്പ് –- വനം–- ഭൂമി കുംഭകോണങ്ങള്‍ ഇങ്ങനെ എത്രയെത്ര അഴിമതികള്‍. ഇപ്രകാരം ഭരണമെന്നാല്‍ അഴിമതിയുടെ ചക്കരക്കുടമെന്ന് കരുതുന്ന കോണ്‍ഗ്രസും ബിജെപിയും യുഡിഎഫും ലോകായുക്താ വിഷയത്തില്‍ അഴിമതിവിരുദ്ധ "വാചകമടി മത്സരം' നടത്തുകയാണ്. പൊള്ളയായ ഈ രാഷ്ട്രീയം ജനം തിരിച്ചറിയും. ഭരണം അഴിമതിരഹിതവും സംശുദ്ധവുമാകണം എന്നതാണ് എല്‍ഡിഎഫ് ഭരണത്തിന്റെ പ്രഖ്യാപനവും പ്രവൃത്തിയും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top