25 April Thursday

ലോകായുക്ത ഭേദഗതി ഓർഡിനൻസ് പരിശോധിക്കുമ്പോൾ...വി കെ ബാബു പ്രകാശ് എഴുതുന്നു

വി കെ ബാബു പ്രകാശ്Updated: Wednesday Jan 26, 2022

വി കെ ബാബു പ്രകാശ്

വി കെ ബാബു പ്രകാശ്

ഭേദഗതി ഓർഡിനൻസ് ലോകായുക്തയുടെ അധികാരം വെട്ടികുറക്കുകയല്ല മറിച്ച് ഭരണഘടനയുടെ വകുപ്പ് 163, 164 എന്നിവയുടെ സന്ദേശത്തിനനുസരിച്ച് ഭേദഗതി ചെയ്യപ്പെടുകയാണ്. ഒരു സ്റ്റാറ്റൂറ്ററി സ്ഥാപനത്തിന് ഭരണഘടനാ സ്ഥാപനത്തിന് മുകളിൽ മേൽക്കോയ്മ നൽകേണ്ടതുണ്ടോ. മന്ത്രിയെ നീക്കാൻ ഭരണഘടന മാർഗനിർദേശങ്ങൾ വൃക്തമാക്കിയിരിക്കേ ലോകായുക്തയുടെ പ്രഖ്യാപനം ഭരണഘടനാ നിർദേശങ്ങൾക്ക് മുകളിൽ വരുന്നത് ആശാസ്യമാണോ...റിട്ട ഡിസ്ട്രിക്ട് ജഡ്ജും മുന്‍ നിയമസഭാ സെക്രട്ടറിയുമായ  വി കെ ബാബു പ്രകാശ് എഴുതുന്നു 

ലോകായുക്ത നിയമത്തിലെ പതിനാലാം വകുപ്പ് ഭേദഗതി ചെയ്യുന്നതിനുള്ള ഓർഡിനൻസ് ഇപ്പോൾ വലിയ ചർച്ചയായി മാറിയിട്ടുണ്ട്. മന്ത്രിമാർക്കെതിരേയും, പൊതുപ്രവർത്തകർക്കെതിരേയും വരുന്ന പരാതികൾ അന്വേഷിച്ച് തീർപ്പു കൽപ്പിക്കുന്ന ലോകായുക്ത വകുപ്പ് 12 (2) പ്രകാരം ഒരു പ്രഖ്യാപനം നടത്തേണ്ടതുണ്ട്. അതായത് മന്ത്രിയോ പൊതുപ്രവർത്തകനോ തത്‌സ്ഥാനത്ത് തുടരാൻ യോഗ്യനല്ല എന്ന്. തുടർന്ന് വകുപ്പ് 14 പ്രകാരം ഗവർണർക്കോ, മുഖ്യമന്ത്രിക്കോ ലോകായുക്ത പ്രസ്തുത പ്രഖ്യാപനം അടങ്ങിയ റിപ്പോർട്ട് അയച്ചു കൊടുത്ത് നടപടി സ്വീകരിച്ച റിപ്പോർട്ട് ആവശ്യപ്പെടുന്നു. ലോകായുക്തയുടെ ഈ പ്രഖ്യാപനം ഗവർണറോ മുഖ്യമന്ത്രിയോ അംഗീകരിക്കണമെന്നാണ് വകുപ്പ് 14 നിർദ്ദേശിക്കുന്നത്.

വകുപ്പ് 14 ലോകായുക്തയുടെ പ്രഖ്യാപനത്തിന് അമിത അധികാരം നൽകുന്ന ഒരു വകുപ്പായി മാറുകയാണ്. കാരണം, ഈ വകുപ്പിനുസരിച്ച് നടപടി സ്വീകരിച്ച് മന്ത്രിയോ പൊതുപ്രവർത്തകനോ സ്ഥാനം രാജിവച്ച ശേഷമേ ഹൈക്കോടതിയിൽ ഭരണഘടന വകുപ്പ് 226 പ്രകാരം റിട്ട് ഹർജി നൽകാനാവൂ. അത് ലോകായുക്തയുടെ വിധിക്ക് ഒരു അന്തിമ സ്വഭാവം നൽകുന്നു. ഇത് ഭരണഘടന വിഭാവനം ചെയ്യുന്ന സ്വാഭാവിക നീതിക്കെതിരാണ്.

മറ്റൊന്ന്, ലോകായുക്ത ഒരു ഭരണഘടനാ സ്ഥാപനമോ ഭരണഘടനാ കോടതിയോ അല്ല. ലോകായുക്ത നിയമം 1999 പ്രകാരം സ്ഥാപിതമായ ഒരു അർദ്ധ നീതിന്യായ സംവിധാനമാണ്. അതിന് സിവിൽ കോടതിയുടെ ചില അധികാരങ്ങൾ നൽകിയിട്ടുണ്ട്. അതൊരു സ്റ്റാറ്റൂറ്ററി സ്ഥാപനം മാത്രമാണ്. അതിന്റ വിധികൾ റെക്കമേന്റേറ്ററി മാത്രമെന്ന് ഹൈക്കോടതി വിധികൾ ഉണ്ട്.

ഒരു മന്ത്രി സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏൽക്കുന്നത് ഭരണഘടനാ വകുപ്പ് 163 പ്രകാരമാണ്. അപ്രകാരം നിയമിക്കപ്പെട്ട മന്ത്രി ഒരു ഭരണഘടനാ സ്ഥാനമാണ് വഹിക്കുന്നത്. ഭരണഘടന വിഭാവന ചെയ്യുന്ന ഭരണനിർവഹണ സമിതിയുടെ ചുമതലകൾ നടത്തേണ്ട സ്ഥാനം. ആ മന്ത്രി മുഖ്യമന്ത്രി തലവനായ മന്ത്രിസഭ സമിതിയിലെ അംഗമാണ്. ഭരണ നിർവഹണം നടത്താനായി മുഖ്യമന്ത്രി തലവനായ മന്ത്രിസഭയെ സഹായിക്കാനാണ് മന്ത്രിയെ നിയമിക്കുന്നത്. ഭരണഘടന വകുപ്പ് 164 പ്രകാരം ഗവർണർ മന്ത്രിയെ നിയമിക്കുന്നത് മുഖ്യമന്ത്രിയുടെ ഉപദേശപ്രകാരമാണ്. ആ മന്ത്രിയുടെ സ്ഥാനത്തെ സംബന്ധിച്ച് ഗവർണർക്ക് അതൃപ്തി തോന്നുന്നതുവരെ മന്ത്രിക്ക് സ്ഥാനത്ത് തുടരാമെന്ന് വകുപ്പ് 164 പറയുന്നു.

എന്നാൽ ഗവർണറുടെ അതൃപ്തി എന്നത് അദ്ദേഹത്തിന്റെ വൃക്തിപരമായ അതൃപ്തിയല്ലെന്ന് സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച് ഷെംസർ സിംഗിന്റെ കേസിൽ വൃക്തമാക്കിയതാണ്. അതായത്, ഭരണഘടനാ ചുമതലയാണ് ഗവർണർ വഹിക്കുന്നത്. അതിനായി മുഖ്യമന്ത്രിയുടെ ഉപദേശം തേടാൻ ഗവർണർക്ക് ഉത്തരവാദിത്വം ഉണ്ടെന്ന് സുപ്രീംകോടതി പറയുന്നു. കാരണം, മുഖ്യമന്ത്രിയുടെ ഉപദേശപ്രകാരമാണ് മന്ത്രി  നിയമിക്കപ്പെട്ടത്. അതിനാൽ ഗവർണറുടെ അതൃപ്തി എന്നത് മുഖ്യമന്ത്രിയുടെ അതൃപ്തി  എന്ന് ചേർത്ത് വായിക്കണമെന്ന് സുപ്രീംകോടതി വൃക്തമാക്കുന്നു.

അങ്ങനെ വരുമ്പോൾ വെറും സ്റ്റാറ്റൂറ്ററി അധികാരം മാത്രമുള്ള ലോകായുക്തയുടെ വകുപ്പ് 12 (2) പ്രകാരമുള്ള പ്രഖ്യാപനവും വകുപ്പ് 14 പ്രകാരമുള്ള റിപ്പോർട്ടും അംഗീകരിക്കണമെന്ന് ആ വകുപ്പ് നിർദ്ദേശിക്കുന്നത് ഭരണഘടനയുടെ വകുപ്പ് 163 ന്റേയും 164 ന്റേയും അന്തഃസത്തക്ക് എതിരാണ്. ഒരു സ്റ്റാറ്റൂറ്ററി സ്ഥാപനത്തിന് ഭരണഘടനാ സ്ഥാപനമായ മന്ത്രി സ്ഥാനത്തെ തൽസ്ഥാനത്തു നിന്ന് മാറ്റി റിപ്പോർട്ട് നൽകാൻ പറയാൻ അധികാരമില്ല. ലോകായുക്തയുടെ റിപ്പോർട്ട് അംഗീകരിക്കാനും അംഗീകരിക്കാതിരിക്കാനുമുള്ള വിവേചനം മുഖ്യമന്ത്രിക്ക് നൽകുന്നതിൽ നിയമ വിരുദ്ധമായി ഒന്നുമില്ല. സ്വാഭാവിക നീതിയാണ് മുഖ്യമന്ത്രി നിർവഹിക്കുന്നത്. ലോകായുക്തയുടെ റിപ്പോർട്ട് അംഗീകരിക്കണോ വേണ്ടയോ എന്ന് പ്രതിസ്ഥാനത്താക്കപ്പെട്ട മന്ത്രിയെ കേട്ടശേഷം തീരുമാനിക്കുക. അത് ഭരണഘടനയുടെ വകുപ്പ് 164 യിൽ അടങ്ങിയ കർത്തവ്യമാണ്. മുഖ്യമന്ത്രി അവിടെ ഒരു രാഷ്ട്രീയ തീരുമാനമല്ല എടുക്കുന്നത്. മറിച്ച് ഭരണഘടന വിഭാവന ചെയ്യുന്ന വകുപ്പ് 164 ന്റ അന്തഃസത്തയാണ്.

ഭേദഗതി ഓർഡിനൻസ് ലോകായുക്തയുടെ അധികാരം വെട്ടികുറക്കുകയല്ല മറിച്ച് ഭരണഘടനയുടെ വകുപ്പ് 163, 164 എന്നിവയുടെ സന്ദേശത്തിനനുസരിച്ച് ഭേദഗതി ചെയ്യപ്പെടുകയാണ്. ഒരു സ്റ്റാറ്റൂറ്ററി സ്ഥാപനത്തിന് ഭരണഘടനാ സ്ഥാപനത്തിന് മുകളിൽ മേൽക്കോയ്മ നൽകേണ്ടതുണ്ടോ. മന്ത്രിയെ നീക്കാൻ ഭരണഘടന മാർഗനിർദേശങ്ങൾ വ്യക്തമാക്കിയിരിക്കേ ലോകായുക്തയുടെ പ്രഖ്യാപനം ഭരണഘടനാ നിർദേശങ്ങൾക്ക് മുകളിൽ വരുന്നത് ആശാസൃമാണോ. അത് ഭരണഘടനയെ സംസ്ഥാന നിയമ നിർമ്മാണ സഭ നിർമിച്ച ലോകായുക്ത നിയമത്തിന് കീഴിലാക്കുന്നതിന് തുല്യമാണ്. ഭരണഘടനയുടെ സൃഷ്ടിയാണ് സംസ്ഥാന നിയമ നിർമ്മാണ സഭ. ആ സഭയുടെ നിർമ്മിതിയാണ് ലോകായുക്ത നിയമം. ആ നിയമത്തിന് ഭരണഘടനാ നിർദ്ദശത്തിനുമേൽ ആധിപത്യം നേടുന്നത് ജനാധിപത്യ മൂല്യത്തിന് പറ്റിയതല്ല.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top