25 April Thursday

ലോക കേരളസഭ : പ്രവാസികൾക്ക് പറയാനുള്ളത്

സജു വർഗീസ്Updated: Saturday Jun 10, 2023

കേരളത്തിൽ ജീവിക്കുന്ന മലയാളികൾ മാത്രമല്ല, ലോകം മുഴുവനുമുള്ള മലയാളികൾ ചേർന്നതാണ് കേരളമെന്ന ഒരുമയുടെ സന്ദേശം ലോകത്തിനു മുമ്പിൽ പ്രദർശിപ്പിക്കാനുള്ള വേദിയാണ് ലോക കേരളസഭ.  അമേരിക്കയിലെ ന്യൂയോർക്കിൽ ലോക കേരളസഭയുടെ മേഖലാ സമ്മേളനം ചേരുമ്പോൾ പ്രതിപക്ഷം അനാവശ്യ വിവാദമുണ്ടാക്കുകയാണ്‌. സമ്മേളനം പ്രവാസി മലയാളികൾ പണം പിരിച്ചു നടത്തുന്നതാണ് പലരെയും ചൊടിപ്പിക്കുന്നത്.

സ്‌പോൺസർമാരെ കണ്ടെത്താൻ സംഘാടകസമിതി  വാഗ്ദാനങ്ങൾ നൽകുന്നുവെന്നും ഒരുലക്ഷം ഡോളർവരെ നൽകുന്നവർക്ക്‌ മുഖ്യമന്ത്രിക്കൊപ്പം നിന്ന് ഫോട്ടോ എടുക്കാനും ഭക്ഷണം കഴിക്കാനും അവസരം നൽകുമെന്നുമൊക്കെയാണ്‌ പ്രചരിപ്പിക്കുന്നത്‌.  പ്രവാസി ക്ഷേമമെന്ന പ്രധാന ലക്ഷ്യത്തെ മാറ്റിനിർത്തി,  സർക്കാരിനോടും ഭരിക്കുന്ന പാർടിയോടും അടുപ്പമുള്ളവർക്ക് മാത്രമാണ് ലോക കേരളസഭയിൽ സ്ഥാനമുള്ളതെന്നും പ്രതിപക്ഷം ആരോപിക്കുന്നു. മനപ്പൂർവം സർക്കാരിനെ കരിവാരിത്തേക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്‌.

ആരോപണങ്ങൾ ഇളക്കിവിടുന്ന പ്രതിപക്ഷ പാർടികൾ പ്രവാസികളെ എങ്ങനെ സഹായിക്കാമെന്നല്ല മറിച്ച് എങ്ങനെ ദ്രോഹിക്കാം എന്നതുമാത്രമാണ് ആലോചിക്കുന്നത്.  സ്‌പോൺസർഷിപ്പിലൂടെ പരിപാടി നടത്തുകയെന്നത് വിദേശ രാജ്യങ്ങളിലെ പൊതുരീതിയാണ്‌. ആഡംബര ഹോട്ടലിലാണ്‌ പരിപാടിയെന്നാണ്‌ മറ്റൊരു ആക്ഷേപം. അമേരിക്കയിലെ ഏത് ഹോട്ടലിൽ പരിപാടി നടന്നാലും കേരളത്തെ സംബന്ധിച്ച് അത് ആഡംബര ഹോട്ടലായിരിക്കുമെന്നത്‌  മറന്നുകൊണ്ടാണ്   വിവാദങ്ങളുണ്ടാക്കുന്നത്.

പണം നൽകിയവർക്ക് മാത്രമാണ് ലോക കേരളസഭയുടെ വേദിയിൽ അവസരം നൽകുന്നതെന്ന ആരോപണത്തെ ശക്തിയുക്തം നിഷേധിച്ച് നിരവധി പ്രവാസി മലയാളികളാണ് രംഗത്തുവന്നത്.  ഒരുരൂപപോലും നൽകിയിട്ടില്ലെന്നും എന്നാൽ, പരിപാടിയിൽ പങ്കെടുക്കാനുള്ള ക്ഷണം ലഭിച്ചിട്ടുണ്ടെന്നും നിരവധി പ്രവാസി മലയാളികൾ സാക്ഷ്യപ്പെടുത്തുന്നു. 

പ്രവാസികളെ കേരളത്തിന്റെ വികസനപ്രക്രിയയിൽ പങ്കാളികളാക്കുകയെന്ന ലക്ഷ്യത്തോടെ എൽഡിഎഫ് സർക്കാർ നടപ്പാക്കിയ ലോക കേരളസഭ എന്ന ജനാധിപത്യവേദി പ്രതിപക്ഷ പാർടികളുടെ കണ്ണിലെ കരടാകുന്നതിനു പിന്നിൽ പല സ്വാർഥ താൽപ്പര്യങ്ങളുമുണ്ട്. സാധാരണഗതിയിൽ പൊതുഖജനാവിൽനിന്ന് പണം ചെലവഴിച്ചു, ധൂർത്തടിച്ചു എന്നൊക്കെ ആരോപണം ഉയർത്താറുള്ള എതിരാളികൾ ഇത്തവണ ഖജനാവിൽനിന്ന് പണം എടുത്തില്ലെന്ന് ആരോപണം ഉയർത്തുന്നതുതന്നെ മനപ്പൂർവം പരിപാടിയെ താറടിക്കുകയെന്ന ഉദ്ദേശ്യത്തോടെ മാത്രമാണ്.
സർക്കാരിന്റെ പണം ഉപയോഗിക്കാതെ പൂർണമായും സ്‌പോൺസർഷിപ്പിലൂടെ പണം കണ്ടെത്തുമെന്നും ലഭിച്ച തുകയുടെ വരവുചെലവ്‌ കണക്കുകൾ കൃത്യമായി ഓഡിറ്റ് ചെയ്ത് പൊതുജനത്തിനു മുമ്പിൽ അവതരിപ്പിക്കുമെന്നും സംഘാടകസമിതി വ്യക്തമാക്കിയിട്ടും ആസൂത്രണംചെയ്ത കള്ളക്കഥകൾ പ്രചരിപ്പിക്കുന്നതിനു പിന്നിൽ കൃത്യമായ അജൻഡയുണ്ട്‌.  പണം നൽകിയവർക്ക് മാത്രമാണ് ലോക കേരളസഭയുടെ വേദിയിൽ അവസരം നൽകുന്നതെന്ന ആരോപണത്തെ ശക്തിയുക്തം നിഷേധിച്ച് നിരവധി പ്രവാസി മലയാളികളാണ് രംഗത്തുവന്നത്.  ഒരുരൂപപോലും നൽകിയിട്ടില്ലെന്നും എന്നാൽ, പരിപാടിയിൽ പങ്കെടുക്കാനുള്ള ക്ഷണം ലഭിച്ചിട്ടുണ്ടെന്നും നിരവധി പ്രവാസി മലയാളികൾ സാക്ഷ്യപ്പെടുത്തുന്നു.  അനാവശ്യ വിവാദങ്ങൾ സൃഷ്ടിച്ച് പ്രതിപക്ഷം പ്രവാസികളെ അപമാനിക്കുന്നതിന്റെ ഉത്തമ ഉദാഹരണമാണ് ലോക കേരളസഭയുമായി ബന്ധപ്പെട്ട്   മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കപ്പെടുന്ന തെറ്റായ വാർത്തകൾ.

( ലണ്ടനിൽ താമസിക്കുന്ന പ്രവാസി മലയാളിയാണ്‌ ലേഖകൻ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top