29 March Friday

പ്രവാസികൾക്ക് കരുത്തായ്‌ - പ്രവാസി ക്ഷേമനിധി ബോർഡ് അംഗം ബാദുഷ കടലുണ്ടി എഴുതുന്നു

ബാദുഷ കടലുണ്ടിUpdated: Friday Sep 18, 2020


ഒരു വർഷത്തിനിടയിൽ കോവിഡും അല്ലാതെയും ഏതാണ്ട് അഞ്ച് ലക്ഷത്തോളം പ്രവാസികൾ കേരള‌ത്തിൽ തിരിച്ചെത്തിയിട്ടുണ്ട്‌. നിതാഖാത്തും സ്വദേശിവൽക്കരണവും എല്ലാം ഉണ്ടാക്കിയ തൊഴിൽനഷ്ടത്തിന്റെ ഭാഗമായി തിരിച്ചെത്തിയവരുടെ കണക്കുകളും കൂട്ടിയാൽ വലുപ്പം ഇനിയും ഒരുപാട് കൂടും. ഈ തിരിച്ചൊഴുക്ക് വലിയ ആഘാതമാണ്‌ നമ്മുടെ സമ്പദ്‌ഘടനയ്‌ക്ക് ഉണ്ടാക്കുക. വിവിധ മേഖലയിൽ കഴിവുള്ളവരും തൊഴിൽ വൈദഗ്‌ധ്യം ഉള്ളവരുമായ പ്രവാസികളെ പുനരധിവസിപ്പിക്കുക എന്നത് കേന്ദ്ര–-സംസ്ഥാന സർക്കാരിന്റെ ഒരു വലിയ ഉത്തരവാദിത്തമാണ്‌. എന്നാൽ, ഈ കാര്യത്തിൽ മോഡി സർക്കാർ നിസ്സംഗത പാലിക്കുമ്പോൾ പിണറായി സർക്കാർ വലിയ കാഴ്ചപ്പാടോടെയാണ്‌ ഇടപെടുന്നത്. തിരിച്ചെത്തുന്ന പ്രവാസികൾക്ക് വെളിച്ചമായി മാറുകയാണ്‌ കേരള സർക്കാർ. ഈ ലക്ഷ്യത്തോടെ ആവിഷ്‌കരിച്ച ഡ്രീം കേരള പദ്ധതിയും വലിയ ജനശ്രദ്ധ നേടുന്നു.

വലിയ സാധ്യതകളാണ്‌ നമുക്ക് മുമ്പിൽ തുറക്കാൻ പോകുന്നത്. കാർഷികമേഖലയിലും ആരോഗ്യമേഖലയിലും വ്യാവസായികമേഖലയിലും ടൂറിസം മേഖലയിലും വലിയ കുതിപ്പിലേക്ക് നാം പോകുകയാണ്‌. ഈ മഹാമാരിയുടെ മരവിപ്പിൽനിന്ന് കൂടുതൽ കരുത്തോടെ നാം പുറത്തുകടക്കും.സഹകരണമേഖലയിൽ കൂടുതൽ സ്ഥാപനങ്ങൾ ഉയർന്നുവരികയാണ്‌, പ്രവാസികളുടെ നേതൃത്വത്തിൽ.  ഈ രംഗത്ത് കണ്ണുവച്ച പ്രവർത്തനം കഴിഞ്ഞ നാല് വർഷമായി പ്രവാസി സംഘത്തിന്റെ നേതൃത്വത്തിൽ നടന്നുവരികയാണ്‌. ബ്ലോക്ക് തലത്തിലും പഞ്ചായത്ത് അടിസ്ഥാനത്തിലും നൂറുകണക്കിന് സഹകരണ സ്ഥാപനങ്ങൾ പടുത്തുയർത്താൻ പ്രവാസി സംഘത്തിന് സാധിച്ചു.

കേരളം വ്യവസായികളുടെ പറുദീസയായി മാറുകയാണ്‌. അതിന് അനുകൂലമായി ഒട്ടേറെ നടപടികളാണ്‌ സർക്കാർ കൊണ്ടുവന്നിട്ടുള്ളത്. ലോകത്തിന്റെ നാനാഭാഗങ്ങളിൽനിന്ന് ധാരാളം വ്യവസായികളും കമ്പനികളും കേരളത്തിലേക്ക് വരികയാണ്‌.

ലോക കേരളസഭ രൂപീകരിച്ചതോടെ പ്രവാസി വ്യവസായികൾക്കും ഒരു പുതിയ കവാടമാണ്‌ തുറക്കപ്പെട്ടിരിക്കുന്നത്. പ്രവാസി സംരംഭകരെ സഹായിക്കാൻ സർക്കാരും നോർക്കയും നിരവധി പദ്ധതികളാണ്‌ ആവിഷ്‌കരിച്ചിട്ടുള്ളത്. പ്രവാസികളോടുള്ള ഈ സർക്കാരിന്റെ കരുതലാണ്‌ ഇപ്പോൾ രൂപീകരിച്ച ഡ്രീംകേരള പദ്ധതിയും. ഈ പദ്ധതിയിലേക്ക് കേരള പ്രവാസി സംഘം നിരവധി പ്രോജക്ടുകളുടെ ഒരു രേഖതന്നെ സർക്കാരിന് സമർപ്പിച്ചിരുന്നു.


 

വ്യവസായങ്ങൾക്ക് കേരളം പാകപ്പെടുമ്പോൾ ഏറ്റവും വലിയ തടസ്സമാകുന്നത് ബാങ്കുകളുടെ മനോഭാവമാണ്‌. അത് മാറണം. 1.50 ലക്ഷം കോടി നിക്ഷേപം തരുന്ന പ്രവാസികൾക്ക് ലോൺ നൽകുന്ന കാര്യത്തിൽ ബാങ്കുകൾ വളരെ പിന്നിലാണ്‌. തിരിച്ചടവിൽ വീഴ്‌ച ഉണ്ടായാൽ മാനേജരുടെ പേരിൽ നടപടി വരുന്ന നിയമം എടുത്തുകളയണം. കണക്കുകൾ പരിശോധിച്ചാൽ തിരിച്ചടവിന്റെ കാര്യത്തിൽ മലയാളികൾ മറ്റ് സംസ്ഥാനങ്ങളേക്കാൾ മുമ്പിലാണ്‌. കിട്ടാക്കടം പരിശോധിച്ചാൽ ഇത് വ്യക്തമാണ്‌. 

തൊഴിൽമേഖലയിൽ ഒരു പുതിയ സംസ്‌കാരം ഉണ്ടാകണം. വിദേശത്ത് എന്ത് ജോലിയും ചെയ്യാൻ തയ്യാറാകുന്ന മലയാളി നാട്ടിലെത്തിയാൽ അതിന് തയ്യാറാകാത്തതിന് കാരണം തൊഴിൽമേഖലയിലെ ഈ വിവേചനമാണ്‌.  വ്യാവസായിക അന്തരീക്ഷം ഒരുപാട് മാറിയെങ്കിലും ഇപ്പോഴും സംരംഭകരുടെ മുമ്പിലെ പ്രധാനതടസ്സം, മാറാത്ത ചില ഉദ്യോഗസ്ഥരുടെ സ്വഭാവമാണ്‌.  ജില്ലയിൽ ഒരു പ്രവാസി ഇൻവെസ്റ്റ്മെന്റ് സെൽ രൂപീകരിച്ച് കലക്ടറുടെ കീഴിലുള്ള ഒന്നോ രണ്ടോ ഓഫീസർമാർക്ക് ചുമതല നൽകണം. അവരുടെ മുമ്പിലാകണം പ്രവാസി സംരംഭകർ പ്രോജക്ടുകൾ സമർപ്പിക്കേണ്ടത്‌.  സ്ഥാപനം തുറക്കുന്നതിനാവശ്യമായ ലൈസൻസ് ഉൾപ്പെടെ എല്ലാം ശരിയാക്കിക്കൊടുക്കേണ്ടത് ഇവരുടെ മേൽനോട്ടത്തിലാകണം. അങ്ങനെയുള്ള ഒരു ഏകജാലക സംവിധാനവും  രൂപപ്പെടുത്താൻ തയ്യാറായാൽ ഉൽപ്പാദനമേഖലയിൽ മുതൽമുടക്കാൻ കൂടുതൽ പ്രവാസികൾ മുമ്പോട്ടുവരും.

(പ്രവാസി ക്ഷേമനിധി ബോർഡ് അംഗമാണ്‌ ലേഖകൻ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top