01 April Wednesday

ഭയം വേണ്ട, നമ്മള്‍ അതിജീവിക്കും - കോടിയേരി ബാലകൃഷ്ണൻ എഴുതുന്നു

കോടിയേരി ബാലകൃഷ്ണൻUpdated: Friday Mar 27, 2020

നമ്മുടെ ലോകം ഇതുവരെ കാണാത്ത പ്രതിസന്ധിയിലൂടെ കടന്നുപോകുകയാണ്. കോവിഡ് –-19 മഹാമാരിയാണെന്ന് ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചു. 185 രാജ്യങ്ങളിൽ രോഗമെത്തി. വികസിത രാജ്യങ്ങളെപ്പോലും കൊറോണ വൈറസ് വിറപ്പിക്കുകയാണ്. ഈ സ്ഥിതിയിൽ 130 കോടി ജനങ്ങളുള്ള ഇന്ത്യ അതീവജാഗ്രത കാട്ടേണ്ടതുണ്ട്. 700 ലധികം കേസാണ് ഇതിനകം റിപ്പോർട്ട് ചെയ്തിട്ടുള്ളത്. സമൂഹ്യവ്യാപനത്തിന്റെ ഭീഷണിയിലാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങൾ. കോവിഡ് –-19നെ തോൽപ്പിക്കാൻ രാജ്യം പൂർണമായി ഏപ്രിൽ 14 വരെ 21 ദിവസം അടച്ചിടാനുള്ള കേന്ദ്രസർക്കാർ തീരുമാനം പ്രധാനമന്ത്രി നരേന്ദ്ര മോഡി അറിയിച്ചു. എന്നാൽ, ഈ അറിയിപ്പ് വരുംമുമ്പേ കേരളത്തിൽ ഒരു ദിവസം മുമ്പേ അടച്ചുപൂട്ടൽ നടപ്പാക്കി. കൊറോണ വൈറസിന്റെ വിപത്ത് ചെറുക്കുകയെന്നത് ഒരു മഹായജ്ഞമാണ്. അതിനെ ആ അർഥത്തിൽ കാണാൻ എല്ലാവരും തയ്യാറാകണം. ഈ മഹാമാരിയെ പിടിച്ചുകെട്ടാൻ ആദ്യം രോഗം പൊട്ടിപ്പുറപ്പെട്ട ചൈനയ്ക്ക് കഴിഞ്ഞുവെന്നത് ആശാവഹമായ കാര്യമാണ്. എന്നാൽ, ഇറ്റലി, സ്‌പെയിൻ തുടങ്ങിയ രാജ്യങ്ങളെ ചുടലക്കളമാക്കിക്കൊണ്ടിരിക്കുകയാണ്. ദുരന്തത്തിന്റെ അടുത്ത കേന്ദ്രം അമേരിക്കയാകുമെന്ന മുന്നറിയിപ്പ് ലോകാരോഗ്യ സംഘടന നൽകിയിരിക്കുകയാണ്.

മരണസംഖ്യ ലോകത്ത് ഉയരുകയും രോഗബാധിതരുടെ എണ്ണം ക്രമാതീതമാകുകയും ചെയ്യുന്നു. ആദ്യത്തെ ഒരു ലക്ഷം പേർക്ക് കോവിഡ് ബാധിച്ചത് മൂന്നുമാസംകൊണ്ടാണ്. എന്നാൽ, അടുത്ത ഒരുലക്ഷം പേർക്കുകൂടി രോഗമുണ്ടായത് 12 ദിവസത്തിനുള്ളിലാണ്. വീണ്ടും ഒരുലക്ഷം പേർക്കുകൂടി ബാധിച്ചതാകട്ടെ വെറും ഒരാഴ്ചയ്ക്കുള്ളിൽ. ഇതു നൽകുന്ന മുന്നറിയിപ്പ് ഗൗരവമുള്ളതാണ്. ആഗോളതലത്തിൽ രോഗികളുടെ എണ്ണം നാലുലക്ഷം കടന്നു. ഇറ്റലി, ഇറാൻ, സ്‌പെയിൻ, യുഎസ് എന്നിവിടങ്ങളിൽ രോഗികളുടെ എണ്ണവും മരണസംഖ്യയും വർധിക്കുന്നു. ആറു കോടി ജനങ്ങളുള്ള ഇറ്റലിയിൽ ആരോഗ്യസംവിധാനം മികച്ചതായിരുന്നു. പക്ഷേ, രോഗബാധിതരുടെ എണ്ണം കൂടിയപ്പോൾ ആരോഗ്യരംഗം താറുമാറായി. അവിടെ രോഗബാധിതരുടെ എണ്ണം എഴുപത്തിഅയ്യായിരവും മരണം ഏഴായിരവും കവിഞ്ഞു.

ഇവിടങ്ങളിലെ രോഗവ്യാപനത്തിന്റെ വേഗതയും മരണനിരക്കും മനസ്സിലാക്കിയാണ് കേരളവും തുടർന്ന് രാജ്യം തന്നെയും ലോക്ക്‌ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്. കൊറോണ വൈറസിന്റെ വിപത്ത് തടയുകയെന്നത് ഇന്നത്തെ പരമപ്രധാന രാഷ്ട്രീയകടമയായി എല്ലാ കമ്യൂണിസ്റ്റുകാരും എൽഡിഎഫ് പ്രവർത്തകരും ഏറ്റെടുക്കണം. ഈ വിഷയത്തിൽ ഭരണപക്ഷം, പ്രതിപക്ഷം, ഇടതുപക്ഷം, വലതുപക്ഷം എന്നിത്യാദി ചേരിതിരിവോ ഹിന്ദു,- മുസ്ലിം, -ക്രിസ്ത്യൻ എന്ന വേർതിരിവോ വേണ്ട. ഈ മഹാമാരിയെ തോൽപ്പിക്കാൻ എല്ലാ മനുഷ്യരുടെയും ഒരുമയാണ് വേണ്ടത്. സാധാരണയായി ഐക്യമെന്നത് ശാരീരികമായി അകലമില്ലാത്ത ഒത്തുകൂടലാണ്. എന്നാൽ, ഇവിടെ ശരീരംകൊണ്ട് അകലം പാലിച്ചുള്ള മാനസിക യോജിപ്പാണ് ആവശ്യപ്പെടുന്നത്. വീട്ടിൽത്തന്നെ കഴിയുക, അടിയന്തര ആരോഗ്യപ്രശ്‌നങ്ങൾക്കോ അത്യാവശ്യ സർവീസ് സേവനത്തിനോ, അത്യാവശ്യവസ്തുക്കൾ വാങ്ങാനോ മാത്രമേ വീട്ടിൽനിന്ന് പുറത്തേക്കുപോകാൻ പാടുള്ളൂ.


 

ഈ ഘട്ടത്തിൽ പൊതുപ്രവർത്തകരും രാഷ്ട്രീയപ്രസ്ഥാനങ്ങളും ജനപ്രതിനിധികളും ചില സാമൂഹ്യകടമകൾ നിറവേറ്റാൻ ബദ്ധശ്രദ്ധ കാട്ടണം. ക്വാറന്റൈനിൽ കഴിയുന്നവർ, അവരുടെ കുടുംബങ്ങൾ, ഭക്ഷണം, - മരുന്ന് മുതലായവ കിട്ടാൻ ബുദ്ധിമുട്ടുന്നവർ, വയോജനങ്ങൾ, കിടപ്പുരോഗികൾ -തുടങ്ങിയവരെയെല്ലാം സഹായിക്കാൻ കഴിയണം. അതിന്‌ തദ്ദേശസ്ഥാപനങ്ങളെ സർക്കാർ അധികാരപ്പെടുത്തിയിട്ടുണ്ട്. ജനപ്രതിനിധികളും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ഇക്കാര്യത്തിൽ സുരക്ഷാകാര്യങ്ങൾ പാലിച്ചുകൊണ്ടുതന്നെ ജാഗ്രതയോടെ സഹായപ്രവർത്തനങ്ങൾ നടത്തണം. ഇക്കാര്യങ്ങളിൽ പ്രാദേശികമായി ശ്രദ്ധ പുലർത്താനും ആവശ്യമുള്ള കുടുംബങ്ങൾക്കും ആളുകൾക്കും ഭക്ഷണം എത്തിക്കുന്നതടക്കമുള്ള കാര്യങ്ങൾക്കും സിപിഐ -എം ഘടകങ്ങളും എൽഡിഎഫ് കമ്മിറ്റികളും മാതൃകാപരമായ ഇടപെടൽ നടത്തണം.

കോവിഡ് –-19 വൈറസിനെതിരെയുള്ള പോരാട്ടത്തിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഭരണസംവിധാനങ്ങളും സർക്കാരുകളും വിറങ്ങലിച്ചുനിൽക്കുകയാണ്. എന്നാൽ, എൽഡിഎഫ് സർക്കാരിന്റെ സമാനതകളില്ലാത്ത  പ്രവർത്തനത്തിലൂടെ കേരളം രാജ്യത്തിനും ലോകത്തിനും മാതൃകയായിരിക്കുകയാണ്. മലയാളികളില്ലാത്ത രാജ്യമില്ല. പത്തിലൊരു കേരളീയൻ പ്രവാസിയാണ്. ആഭ്യന്തര ഉൽപ്പാദനത്തിന്റെ 25–-30 ശതമാനം പുറത്തുനിന്ന് പ്രവാസികളയക്കുന്ന പണമാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പണിയെടുക്കുന്നവരും പഠിക്കുന്നവരുമായ ലക്ഷക്കണക്കിന് കേരളീയരുണ്ട്. അതിനാൽ അവിടങ്ങളിൽ കഴിയുന്നവരിൽ ഒരു നല്ലൊരു പങ്ക് ഇന്നത്തെ സ്ഥിതിയിൽ മാതൃനാട്ടിലെത്തുക സ്വാഭാവികമാണ്. അതിഥി രാജ്യത്ത് കഴിയുന്നവർ അവിടെയുണ്ടാകുന്ന രോഗങ്ങളുടെ ഭീഷണിയിലോ രോഗബാധിതരോ ആകാം. അത്തരമൊരു ഘട്ടത്തിൽ നമ്മുടെ കൂടപ്പിറപ്പുകളും മക്കളും രോഗബാധിതരാണെങ്കിലും കേരളത്തിന് ഉപേക്ഷിക്കാനാകില്ല.

അത്തരം മഹത്തായ കരുതലിന്റെ സമീപനമാണ് എൽഡിഎഫ് സർക്കാരും മുഖ്യമന്ത്രി പിണറായി വിജയനും സ്വീകരിച്ചത്. അതുകൊണ്ടാണ് ഇറ്റലി ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ കുരുങ്ങിയ മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാരെ വിമാനങ്ങളിൽ കൊണ്ടുവരാൻ കേന്ദ്ര സർക്കാർ നിർബന്ധിതമായത്. കൊറോണയുടെ പേരിൽ പ്രവാസികളെ അധിക്ഷേപിക്കുന്ന വർത്തമാനങ്ങളും പ്രചാരണങ്ങളും ചില കേന്ദ്രങ്ങളിൽനിന്ന്‌ വരുന്നുണ്ട്. ഇത് അനഭിലഷണീയമാണ്. ഇതിനെ നിരുത്സാഹപ്പെടുത്തണം. ഇന്ത്യയിലെ ആദ്യത്തെ കോവിഡ് –-19 കണ്ടെത്തിയത് കേരളത്തിലാണ്. ഈ പകർച്ചവ്യാധി ആദ്യം പൊട്ടിപ്പുറപ്പെട്ടത് ചൈനയിലെ വൂഹാൻ നഗരത്തിലാണ്. അവിടെ മെഡിസിന് പഠിക്കുന്ന മൂന്ന് വിദ്യാർഥികൾ ഇവിടെ തിരിച്ചെത്തിയപ്പോൾ അതിൽ ഒരാളിലാണ് അസുഖം ആദ്യം പ്രകടമായത്. അത് ജനുവരി 30 നാണ്. ചൈനയിൽനിന്നു വന്ന ആ കുട്ടികളെ ഏകാന്തവാസത്തിലാക്കാനും വൈദ്യസഹായം നൽകുന്നതിനും കേരളം ആരോഗ്യരംഗത്തെ മികവുകാട്ടി . ആദ്യത്തെ കേസ് കണ്ടെത്തി സുരക്ഷാ നടപടിയെടുത്തതിലൂടെ ഇന്ത്യക്കു നൽകിയ സമയോചിതമായ മുന്നറിയിപ്പായി അത്.


 

ഇപ്പോൾ സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം നൂറിലധികമാണ്. ഇതിന്റെ ആപത്ത് വേഗം മനസ്സിലാക്കാനും കേരളത്തെ ഐക്യത്തോടെ മുന്നോട്ടുകൊണ്ടുപോകാനും മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ എൽഡിഎഫ് സർക്കാർ നടത്തുന്ന പ്രവർത്തനം എല്ലാ വിഭാഗം ജനങ്ങളും അംഗീകരിക്കുന്നതാണ്. മഹാപ്രളയത്തെ എന്നപോലെ ആരോഗ്യപ്രതിസന്ധിയെ അതിജീവിക്കാനുള്ള കരുത്ത് സർക്കാരും വിശിഷ്യാ മുഖ്യമന്ത്രിയും പ്രകടമാക്കുന്നു. ഈ വൈറസിന്റെ സമൂഹവ്യാപനം ഉണ്ടാകാതിരിക്കാനുള്ള ശ്രദ്ധാപൂർവമായ പ്രവർത്തനമാണ് നടക്കുന്നത്. ഇതിനായി സ്വജീവൻ പണയംവച്ച് ആരോഗ്യപ്രവർത്തകർ നടത്തുന്ന സേവനം മഹത്താണ്‌. അതിൽ വിള്ളൽ വരുത്തുന്നവിധം പ്രവർത്തിക്കുന്ന രോഗബാധിതരായ ചിലരുടെ കുറ്റകരമായ കരുതലില്ലായ്മ വെല്ലുവിളിയാണ്. ഇതിനെയെല്ലാം അതിജീവിച്ച് വൈറസ് വിപത്തിൽനിന്നും നാടിനെ രക്ഷിക്കുമെന്ന ഉറച്ച നിശ്ചയത്തോടെയാണ് കേരളം മുന്നോട്ടുപോകുന്നത്.

ഈ വേളയിൽ കേരളത്തെ പ്രത്യേകമായി സഹായിക്കാനുള്ള കടമ കേന്ദ്രസർക്കാരിനുണ്ട്. അത് നിറവേറ്റണം. സംസ്ഥാനം കടുത്ത സാമ്പത്തിക ബുദ്ധിമുട്ടിലാണ്. എന്നിട്ടും കോവിഡ് സൃഷ്ടിച്ച സാമ്പത്തിക-, ആരോഗ്യ പ്രതിസന്ധിയെ മറികടക്കാൻ 20,000 കോടി രൂപയുടെ പാക്കേജ് മുഖ്യമന്ത്രി പ്രഖ്യാപിച്ചു. 50 കോടിയോളം ജനങ്ങൾ ദിവസക്കൂലിക്കാരും ദിവസവരുമാനക്കാരുമാണ്. 21 ദിവസം രാജ്യം അടച്ചുപൂട്ടിയപ്പോൾ ഇവരുടെ വരുമാനം മുട്ടിയിരിക്കുകയാണ്. രാജ്യം ദുരിതത്തിലാകുമ്പോഴും പെട്രോൾ, ഡീസലിന് ലിറ്ററിന് മൂന്നു രൂപ എക്‌സൈസ് തീരുവ ചുമത്തി. ആഗോള എണ്ണവിപണിയിൽ അസംസ്‌കൃത എണ്ണയ്ക്ക് ബാരലിന് 100--‐120 ഡോളറായിരുന്നു. അത് 30–-33 ഡോളറായി. ഈ വിലക്കുറവിന്റെ ഗുണം ഇന്ത്യൻ ജനതയ്ക്ക് കിട്ടേണ്ടതായിരുന്നു. 2010ൽ അസംസ്‌കൃത എണ്ണ ബാരലിന് 80 ഡോളറായിരുന്നപ്പോൾ ഇന്ത്യയിൽ പെട്രോളിന് 56 രൂപയും ഡീസലിന് 38 രൂപയുമായിരുന്നു. അപ്രകാരം എത്രയോ താഴ്ന്ന വിലയ്ക്കുവേണം ഇവ ലഭ്യമാക്കേണ്ടത്. എന്നാൽ, ഒരുവശത്ത് എക്‌സൈസ് തീരുവയിലൂടെ കേന്ദ്രസർക്കാരും മറ്റൊരു ഭാഗത്തുകൂടി വില കുറയ്ക്കാതെ കോർപറേറ്റുകളും ജനങ്ങളെ കൊള്ളയടിക്കുന്നു.

ലോക്ക്‌ഡൗണിനൊപ്പം നാട്ടിലെ സാധാരണക്കാർക്കും പാവപ്പെട്ടവർക്കും കൈയിൽ പണം കിട്ടുന്നതിനുള്ള നടപടി എൽഡിഎഫ് സർക്കാർ സ്വീകരിച്ചു. കുടിശ്ശികയടക്കം മുഴുവൻ ക്ഷേമ പെൻഷനും വിതരണം ചെയ്യുന്നു. തൊഴിലുറപ്പുപദ്ധതിയിൽ പണിനൽകുന്നു. സൗജന്യ റേഷനും വീടുകളിൽ ഭക്ഷ്യക്കിറ്റുകളും എത്തിക്കുന്നു. സാമൂഹ്യ അടുക്കള തുറക്കുന്നു. കുടുംബശ്രീ വഴി 2000 കോടി രൂപയുടെ വായ്പ കൊടുക്കുന്നു. ഒരു സംസ്ഥാന സർക്കാർ എങ്ങനെ ഇത് ചെയ്യുന്നു എന്നറിയാൻ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ സംസ്ഥാന ധനമന്ത്രി ടി എം തോമസ് ഐസക്കിനെ ഫോൺ ചെയ്ത് ആരാഞ്ഞു. ഇത് എൽഡിഎഫ് സർക്കാരിന്റെ പ്രവർത്തനമികവിനുള്ള ദൃഷ്ടാന്തമാണ്.

അപ്പോൾ കൊറോണയ്‌ക്കെതിരായ പ്രതിരോധപ്രവർത്തനത്തിനൊപ്പം സാമൂഹ്യജീവിതത്തെയും സാമ്പത്തിക പ്രവർത്തനങ്ങളെയും ആശാസ്യമായവിധത്തിൽ കൂട്ടിയിണക്കുന്ന ഒരു ബദൽ മോഡൽ കൊറോണക്കാലത്ത് എൽഡിഎഫ് സർക്കാർ സൃഷ്ടിച്ചിരിക്കുകയാണ്. അത് അഭിമാനകരമാണ്. ലോകത്തെ വിറപ്പിക്കുന്ന കൊറോണയുടെ സമൂഹ വ്യാപന ഭീഷണി കേരളത്തിനുമേൽ തൂങ്ങുന്നുണ്ട്. അങ്ങനെയുണ്ടാകില്ലെന്ന് കരുതാം. പക്ഷേ, ഏതു ഘട്ടത്തെയും തരണം ചെയ്യാനുള്ള ആസൂത്രണം സംസ്ഥാന സർക്കാർ നടത്തിയിരിക്കുന്നു. ഉണർന്നുപ്രവർത്തിക്കുന്ന എൽഡിഎഫ് സർക്കാരിന്റെ നേതൃത്വത്തിൽ കേരളം ഒന്നായി മുന്നോട്ടുപോകാം. ഈ ഐക്യത്തിനു മുന്നിൽ ഏത് മഹാമാരിയും തോൽക്കും. ഭയം വേണ്ട, എൽഡിഎഫ് സർക്കാർ മുന്നിലുണ്ട്. കൊറോണ വിപത്തിനെയും നമ്മൾ അതിജീവിക്കും.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top