29 March Friday

ബ്രിട്ടനു‌ മുന്നിൽ പോംവഴിയെന്ത്‌

വി ബി പരമേശ്വരൻUpdated: Saturday Oct 22, 2022

‘ഞാൻ പോരാളിയാണ്‌, ഇട്ടെറിഞ്ഞ്‌ പോകുന്നവളല്ല’എന്നു പ്രഖ്യാപനം നടത്തി 24 മണിക്കൂറിനകം പ്രധാനമന്ത്രിസ്ഥാനം രാജിവച്ചൊഴിയേണ്ടിവന്നു ലിസ്‌ ട്രസിന്‌. പാർലമെന്ററി ജനാധിപത്യത്തിന്റെ ജന്മഭൂമിയായി അറിയപ്പെടുന്ന ബ്രിട്ടനിൽ ഏറ്റവും കുറഞ്ഞകാലം പ്രധാനമന്ത്രിക്കസേരയിലിരുന്ന (45 ദിവസം) വ്യക്തിയെന്ന ‘ഖ്യാതി’യോടെയാണ്‌ നാൽപ്പത്തേഴുകാരിയായ ലിസ്‌ ട്രസിന്റെ പടിയിറക്കം. ‘പ്രധാനമന്ത്രിപദത്തിലിരിക്കാൻ ഒരു യോഗ്യതയുമില്ലാത്ത ട്രസിന്റെ രാജി അവരർഹിക്കുന്നുവെന്നാണ്‌’ ഗാർഡിയൻ ദിനപത്രം എഴുതിയത്‌. ലിസ്‌ ട്രസിന്റെ ഭരണം ഒരു പരിഹാസ നാടകമായി പര്യവസാനിക്കുകയായിരുന്നു.

എന്തായിരുന്നു ഈ നാണംകെട്ട രാജിക്ക്‌ കാരണം? ലോകത്തെമ്പാടും കടുത്ത പ്രതിഷേധം നേരിട്ടുകൊണ്ടിരിക്കുന്ന ജനവിരുദ്ധ നവ ഉദാരവൽക്കരണനയങ്ങൾ ആവേശത്തോടെ നടപ്പാക്കാൻ നടത്തിയ ശ്രമങ്ങൾതന്നെയാണ്‌ ലിസ്‌ ട്രസിനും വിനയായത്‌. ശ്രീലങ്കയിലെയും ഇറ്റലിയിലെയും സർക്കാരുകളുടെ വീഴ്‌ചകളിൽനിന്ന്‌ ടോറികളും ലിസ്‌ ട്രസും ഒരു പാഠവും പഠിച്ചില്ലെന്ന്‌ വ്യക്തം. ഗാർഡിയൻ പത്രം സൂചിപ്പിക്കുന്നതുപോലെ ലിസ്‌ ട്രസ്‌ പ്രധാനമന്ത്രിയായതോടെ അവരുടെ ഔദ്യോഗിക വസതിയായ ഡൗണിങ് സ്‌ട്രീറ്റിലെ പത്താം നമ്പർ വസതി നവ ഉദാരവൽക്കരണനയത്തെ പിന്തുണയ്‌ക്കുന്നവരുടെയും  ബുദ്ധിജീവികളുടെയും വിഹാരകേന്ദ്രമായി. അതിന്റെ ഫലമായാണ്‌ അധികാരമേറ്റ ഉടൻതന്നെ പ്രഖ്യാപിച്ച  മിനിബജറ്റ്‌ സമ്പന്നർക്ക്‌ വൻ നികുതിയിളവ്‌ പ്രഖ്യാപിക്കുന്നതായത്‌. ബ്രിട്ടീഷ്‌ ചരിത്രത്തിലെ ആദ്യ കറുത്തവംശജനായ ധനമന്ത്രി  ക്വാസി ക്വാർടെങ്ങാണ്‌ 45 ബില്യൺ പൗണ്ടിന്റെ നികുതിയിളവ്‌ പ്രഖ്യാപിച്ചത്‌. കോവിഡ്‌ കാലത്ത്‌ സർക്കാർ പ്രഖ്യാപിച്ച ഉത്തേജക പാക്കേജിന്റെ സിംഹഭാഗവും തട്ടിയെടുത്ത സമ്പന്നർക്ക്‌ വീണ്ടും തടിച്ചുകൊഴുക്കാനുള്ള അവസരമാണ്‌ ഇതുവഴി ലിസ്‌ ട്രസ്‌ സർക്കാർ ഒരുക്കിക്കൊടുത്തത്‌. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പൊരുതുന്ന സാധാരണക്കാർ കൂലിക്കൂടുതലും വർധിച്ചുവരുന്ന ഇന്ധനവില കുറയ്‌ക്കാനും ആവശ്യപ്പെടുമ്പോഴാണ്‌ അതു പാടേ അവഗണിച്ച്‌ സമ്പന്നർക്ക്‌  നികുതിയിളവ്‌ നൽകാൻ ലിസ്‌ ട്രസ്‌ സർക്കാർ തയ്യാറായത്‌. ഈ നടപടി വിപരീതഫലമാണുണ്ടാക്കിയത്‌. അവസാനം അത്‌ പൂർണമായും പിൻവലിക്കേണ്ടിയും വന്നു.

സമ്പന്നർക്ക്‌ നികുതിയിളവ്‌ നൽകിയാൽ അവർ കൂടുതൽ നിക്ഷേപം നടത്തുമെന്നും അതുവഴി തൊഴിലും വികസനവും സാധ്യമാകുമെന്ന നവ ഉദാരവൽക്കരണ യുക്തിയാണ്‌ ലിസ്‌ ട്രസിനെ ഈ നടപടികൾ സ്വീകരിക്കാൻ പ്രേരിപ്പിച്ചത്‌. ഇടതുപക്ഷ കുടുംബത്തിൽ ജനിച്ച്‌ ലിബറൽ ഡെമോക്രസിയിലൂടെ സഞ്ചരിച്ച്‌ യാഥാസ്ഥിതിക കക്ഷി (ടോറി പാർടി)യിലെത്തിയ ലിസ്‌ ട്രസ്‌, താച്ചറും റീഗനും നടപ്പാക്കിയ സാമ്പത്തിക പരിഷ്‌കാരങ്ങളുടെ ആരാധികയാണ്‌. താച്ചറോടുള്ള ആരാധന അവരുടെ വേഷം സ്വയം സ്വീകരിക്കുന്നതിൽവരെ എത്തുകയും ചെയ്‌തു. ‘വളർച്ച, വളർച്ച, വളർച്ച’ എന്ന മുദ്രാവാക്യം ഉയർത്തിയ ട്രസ്‌ ‘അതിവേഗം വളരുന്ന സ്വകാര്യമേഖലയാണ്‌ തനിക്ക്‌ സന്തോഷം നൽകുന്നതെന്ന്‌’ പറയാൻ മടികാട്ടിയതുമില്ല. മറ്റ്‌ നാല്‌ ടോറി എംപിമാരുമായി ചേർന്ന്‌ ലിസ്‌ ട്രസ്‌ പ്രസിദ്ധീകരിച്ച ‘ബ്രിട്ടാനിയ അൺചെയിൻഡ്‌’ എന്ന പുസ്‌തകം ഉദാരവൽക്കരണ നയത്തിലുള്ള അവരുടെ വിശ്വാസം എത്രമാത്രം ആഴത്തിലുള്ളതാണെന്ന്‌ വ്യക്തമാക്കുന്നു. തൊഴിലാളിവർഗത്തോടുള്ള പുച്‌ഛവും ഇതിൽനിന്ന്‌ വായിച്ചെടുക്കാം. 2012ൽ ഡേവിഡ്‌ കാമറൂൺ മന്ത്രിസഭയിൽ അംഗമായിരിക്കെ നഴ്‌സറികളിൽ ഒരു സ്‌റ്റാഫ്‌മാത്രം മതിയെന്ന്‌ നിശ്‌ചയിച്ചതും സോളാർ സബ്‌സിഡി വെട്ടിക്കുറച്ചതും വിവാദമായിരുന്നു.

ബ്രിട്ടനിലെ ജനങ്ങൾ പ്രധാനമായും ബ്രക്‌സിറ്റിന്‌ അനുകൂലമായി വോട്ട്‌ ചെയ്‌തത്‌ യൂറോപ്യൻ യൂണിയന്റെ ജനവിരുദ്ധ നവഉദാരവൽക്കരണ നയങ്ങളിൽനിന്ന്‌ കുതറിമാറുന്നതിനായിരുന്നു. യൂറോപ്യൻ യൂണിയന്റെ നിയന്ത്രണമില്ലാതെ പാവപ്പെട്ടവർക്ക്‌ ആശ്വാസം നൽകുന്ന നടപടികൾ യുണൈറ്റഡ്‌ കിങ്‌ഡത്തിന്‌ സ്വീകരിക്കാൻ കഴിയുമെന്നും പ്രതീക്ഷിക്കപ്പെട്ടു. എന്നാൽ, അതുണ്ടായില്ലെന്ന്‌ മാത്രമല്ല ബ്രക്‌സിറ്റിനുശേഷം അധികാരത്തിൽവന്ന ടോറി നേതാക്കളായ തെരേസ മേയും ബോറിസ്‌ ജോൺസണും ലിസ്‌ ട്രസും നവഉദാരവൽക്കരണ പാതയിലൂടെതന്നെയാണ്‌ ചലിച്ചത്‌. ഉക്രയ്‌ൻ യുദ്ധത്തെതുടർന്ന്‌ റഷ്യക്കെതിരെ അമേരിക്കയും യൂറോപ്യൻ യൂണിയനും റഷ്യക്കെതിരെ ഏർപ്പെടുത്തിയ സാമ്പത്തിക ഉപരോധവും അതേപടി ബ്രിട്ടനും നടപ്പാക്കി. യുദ്ധത്തിനുമുമ്പ്‌ എണ്ണ ഇറക്കുമതിയുടെ 15–-20 ശതമാനം റഷ്യയിൽ നിന്നായിരുന്നെങ്കിൽ ഉപരോധത്തിനുശേഷം അത്‌ 2–-5 ശതമാനമായി കുറഞ്ഞു. ഇതിന്റെ ഫലമായി ഇന്ധനവില കുത്തനെ വർധിച്ചു. 10.1 ശതമാനം പണപ്പെരുപ്പത്തിന്റെ 70 ശതമാനവും ഇന്ധനവിലയിലുണ്ടായ വർധനയിൽനിന്നാണ്‌. കഴിഞ്ഞ വർഷം ഒരു വീടിന്റെ ശരാശരി ഇന്ധന ബിൽ 1200 പൗണ്ടായിരുന്നെങ്കിൽ ഈവർഷം അത്‌ 4000 പൗണ്ടായി ഉയരുമെന്നാണ്‌ ചില പഠനങ്ങൾ പറയുന്നത്‌.  ബ്രിട്ടനിൽ ഇനി അധികാരത്തിൽ വരുമെന്ന്‌ പറയുന്ന ഇന്ത്യൻ വംശജനായ ഋഷി സുനകും വ്യത്യസ്‌തനല്ല. അതുകൊണ്ടുതന്നെ നേതാവിനെ മാറ്റി ബ്രിട്ടന്‌ ഇന്നത്തെ സാമ്പത്തികക്കുഴപ്പത്തിൽനിന്ന്‌ രക്ഷപ്പെടാനാകില്ല. അതിനുവേണ്ടത്‌ നയം മാറ്റമാണ്‌. വിലക്കയറ്റവും തൊഴിലില്ലായ്‌മയും രൂക്ഷമായ ഈകാലത്ത്‌ പൊതു നിക്ഷേപത്തിലാണ്‌ സർക്കാർ ഊന്നൽ നൽകേണ്ടത്‌. അതിന്‌ തയ്യാറാകുന്ന സർക്കാരുകൾക്കു മാത്രമേ ബ്രിട്ടൻ അകപ്പെട്ട സാമ്പത്തികക്കുഴപ്പത്തിൽനിന്ന്‌ രക്ഷപ്പെടുത്താനാകൂ. ലേബർ പാർടിയെ വലത്തോട്ട്‌ നയിക്കുന്ന കീർ സ്‌റ്റാമറും വലിയ പ്രതീക്ഷയൊന്നും നൽകുന്നില്ല. എങ്കിലും ബ്രിട്ടന്‌ അഭികാമ്യം ലേബർ പാർടി ആവശ്യപ്പെടുന്നതുപോലെ തെരഞ്ഞെടുപ്പായിരിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top