27 April Saturday

മനസ്സോടിത്തിരി മണ്ണ് - തദ്ദേശഭരണമന്ത്രി എം വി ഗോവിന്ദൻ എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Tuesday Jan 25, 2022


കേരളത്തിലെ ഭവനരഹിതരായ കുടുംബങ്ങൾക്ക് സ്വന്തം വീടെന്ന സ്വപ്നം സാക്ഷാൽക്കരിക്കാൻ 2016ൽ കേരള സർക്കാർ ആവിഷ്‌കരിച്ച മാതൃകാപദ്ധതിയാണ് ലൈഫ് മിഷൻ. മൂന്നു ഘട്ടമായാണ് പദ്ധതി നടപ്പാക്കുന്നത്. ഒന്നാം ഘട്ടത്തിൽ നിർമാണം ആരംഭിച്ചതും പൂർത്തിയാക്കാത്തതുമായ വീടുകൾ പൂർത്തീകരിച്ചു നൽകി. രണ്ടാം ഘട്ടത്തിൽ, ഭവനരഹിതരായ എന്നാൽ, ഭൂമി സ്വന്തമായുള്ള കുടുംബങ്ങൾക്ക് വീടു നിർമിച്ചു. അത് 93 ശതമാനം പൂർത്തീകരിച്ചു. ബാക്കിയുള്ളവയിൽ നിയമവ്യവഹാരം പോലുള്ള തടസ്സങ്ങളില്ലാതെ പൂർത്തിയാക്കാൻ പറ്റുന്ന വീടുകൾ 2022 മാർച്ചോടെ നിർമിക്കും. മൂന്നാം ഘട്ടത്തിൽ ഭൂരഹിത–-ഭവനരഹിത കുടുംബങ്ങൾക്ക് ഭൂമിയും വീടും ലഭ്യമാക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. 2017ൽ തയ്യാറാക്കിയ ഗുണഭോക്തൃ പട്ടികയിൽ അവശേഷിക്കുന്നത് 1,10,487 ലക്ഷം ഭൂരഹിതരാണ്. പട്ടികജാതി, പട്ടികവർഗ, ഫിഷറീസ് വകുപ്പുകൾ ലഭ്യമാക്കിയ പട്ടികയിൽ 30,116 ഭൂരഹിതരും അവശേഷിക്കുന്നുണ്ട്. നിലവിൽ സൂക്ഷ്മ പരിശോധന നടക്കുന്ന 2020ലെ പട്ടിക പ്രകാരം 1.10 ലക്ഷം ഭൂരഹിതർ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വരുന്ന മൂന്നുവർഷം കൊണ്ട് ഏകദേശം 2.5 ലക്ഷം ഭൂരഹിതർക്ക് മൂന്നു സെന്റ് വീതം ഭൂമി ലഭ്യമാക്കേണ്ടതുണ്ട്. അതിന് ഉദ്ദേശം 7500 കോടി രൂപ ആവശ്യമായി വരും. സംസ്ഥാന സർക്കാരിന്റെയും തദ്ദേശഭരണ സ്ഥാപനങ്ങളുടെയും മാത്രം മുൻകൈയിൽ ഈ ലക്ഷ്യം പൂർത്തിയാക്കുക എളുപ്പമല്ല. ഇവിടെയാണ് സുമനസ്സുകളായ പൊതുജനങ്ങളും വ്യാപാരി– -വ്യവസായികളും പ്രവാസികളും സന്നദ്ധ സംഘടനകളും സ്ഥാപനങ്ങളും മറ്റും പങ്കാളികളാകേണ്ടത്. സംസ്ഥാന സർക്കാർ ‘മനസ്സോടിത്തിരി മണ്ണ്’ക്യാമ്പയിൻ ആരംഭിച്ചിരിക്കുന്നത് ഈ പശ്ചാത്തലത്തിലാണ്.

എല്ലാവർക്കും വീട്‌
ഒന്നാം പിണറായി വിജയൻ സർക്കാരിന്റെ കാലത്ത് ലൈഫ് ഒന്നാം ഘട്ടത്തിൽ 52623 വീട്‌ പൂർത്തിയാക്കി. രണ്ടാംഘട്ടത്തിൽ 88651 വീടും. മൂന്നാം ഘട്ടത്തിൽ 3667 പേർ ഭൂമി സ്വന്തമാക്കിയിട്ടുണ്ട്. ഭവന സമുച്ചയത്തിലൂടെ 362 പേരെ പുനരധിവസിപ്പിക്കാനും സാധിച്ചു. പിഎംഎവൈ ലൈഫ് അർബനിലൂടെ 68445 വീടും പിഎംഎവൈ റൂറലിലൂടെ 17401 വീടും യാഥാർഥ്യമാക്കി. പട്ടികജാതി വികസന വകുപ്പ് 22605 വീടും പട്ടികവർഗ വികസന വകുപ്പ് 1558 എണ്ണവും നിർമിച്ചു. മത്സ്യത്തൊഴിലാളി വകുപ്പ് നിർമിച്ച 4456 വീടും ന്യൂനപക്ഷ ക്ഷേമവകുപ്പിന്റെ 2363 വീടും ചേരുമ്പോൾ കഴിഞ്ഞ സർക്കാർ പാവങ്ങൾക്കായി നിർമിച്ചു നൽകിയത് 262131 വീടാണ്.
ഭവന സമുച്ചയങ്ങൾക്കും തുടക്കമിട്ടിരുന്നു. ഭൂമിയുടെ ലഭ്യത കുറവായ ഇടങ്ങളിൽ ഫ്ലാറ്റുകൾ നിർമിച്ച് ഭവനരഹിതരെ പുനരധിവസിപ്പിച്ചു. 39 സമുച്ചയം നിർമിക്കാനാണ് ലക്ഷ്യമിട്ടിട്ടുള്ളത്. ഈ മാർച്ച് 22നു മുമ്പ് നാല് എണ്ണം പൂർത്തീകരിക്കും. 44 യൂണിറ്റുള്ള സമുച്ചയമാണ് നാലും. കൊല്ലം ജില്ലയിലെ പുനലൂരിലും കോട്ടയത്ത് വിജയപുരത്തും ഇടുക്കി കരിമണ്ണൂരിലും കണ്ണൂരിലെ കടമ്പൂരിലും നിർമാണം പൂർത്തിയാക്കി, കുടുംബങ്ങൾ താമസിക്കും.

ബാക്കിയുള്ളവയുടെ നിർമാണം പൂർത്തിയാക്കുന്നതിനുള്ള നടപടിക്രമങ്ങളുമായി സർക്കാർ മുന്നോട്ടുപോകുകയാണ്. 2022 മെയ് 31നു മുമ്പ് ആറും പൂർത്തിയാക്കും. 2022 ആഗസ്ത് 22നു മുമ്പ് 13 സമുച്ചയവും 2022 ഒക്ടോബർ 22നു മുമ്പ് അഞ്ചും പൂർത്തിയാക്കും. പാർട്‌ണർഷിപ്‌ പ്രോജക്ടിൽ മൂന്ന് എണ്ണമാണ് നിർമിക്കുന്നത്. എട്ടു സമുച്ചയം തടസ്സങ്ങൾ ഉയർത്തിയതിനാൽ മുടങ്ങി. പലതും വലതുപക്ഷ രാഷ്ട്രീയകക്ഷികളുടെ കുത്തിത്തിരുപ്പിന്റെ ഭാഗമായി സംഭവിച്ച തടസ്സമാണ്. നിക്ഷിപ്ത രാഷ്ട്രീയലക്ഷ്യത്തോടെ അശരണരായ ജനവിഭാഗങ്ങളുടെ സ്വന്തം വീടെന്ന സ്വപ്നത്തിന് ആരും തടസ്സം നിൽക്കരുത്‌.

ജനകീയ പിന്തുണയോടെ ലൈഫ്‌
രണ്ടാം പിണറായി വിജയൻ സർക്കാർ ലൈഫ് മിഷൻ പദ്ധതിയുടെ പുരോഗതി കൃത്യമായി നിരീക്ഷിക്കുന്നു. പിഴവുകളോ തടസ്സങ്ങളോ ഉണ്ടെങ്കിൽ അവ പെട്ടെന്നു പരിഹരിക്കാനും കഴിയുന്നുണ്ട്. 2021-–-22 വർഷത്തിൽ ലൈഫ് മിഷനിലൂടെ ലക്ഷ്യമിടുന്നത് ഒരു ലക്ഷം വീട്‌ പൂർത്തിയാക്കാനാണ്. ജനറൽ വിഭാഗത്തിൽ 40000 വീട്‌, പട്ടികജാതി വിഭാഗത്തിൽ 40000 , പട്ടികവർഗ വിഭാഗത്തിൽ 15000 , മത്സ്യത്തൊഴിലാളി വിഭാഗത്തിൽ 5000 എന്നിങ്ങനെയാണിത്‌. 2021 ഏപ്രിൽ മുതൽ ഇതുവരെ 14914 വീടാണ് പൂർത്തീകരിച്ചു. 85086 എണ്ണം പൂർത്തീകരിക്കാനുണ്ട്. അതിനുള്ള പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചു.

മനസ്സോടിത്തിരി മണ്ണ് എന്ന ക്യാമ്പയിന്റെ ഉദ്ഘാടനവേളയിൽ കെ–- ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ 1000 ഭൂരഹിതർക്ക്‌ ആലംബമേകി. ഒരു ഗുണഭോക്താവിന് 2.5 ലക്ഷം രൂപ വീതം നൽകാൻ 25 കോടി രൂപ കൈമാറുന്നതിനുള്ള ധാരണപത്രം കൈമാറാൻ അവർ മുന്നോട്ടുവന്നു. നെല്ലിക്കുഴി പഞ്ചായത്തിലെ ഭൂരഹിതർക്കായി 50 സെന്റ് ഭൂമി സംഭാവന ചെയ്ത സമീർ പി ബി ഭൂമിയുടെ ആധാരം പഞ്ചായത്ത് പ്രസിഡന്റിനു നൽകി.


 

997 സെന്റ് ഭൂമി സംഭാവനയായി ലഭിച്ചു. തിരുവനന്തപുരം പൂവച്ചലിലെ സുകുമാരൻ വൈദ്യർ 250 സെന്റും കൊല്ലം പരവൂരിലെ ഹേമ ജയചന്ദ്രൻ 73 സെന്റും കൊല്ലം കടയ്ക്കലിലെ സുബ്രഹ്മണ്യം അബ്ദുള്ള 100 സെന്റും കോട്ടയം വൈക്കത്തെ ആർ ബി ബാബുവും ആർ ബി രാജലക്ഷ്മിയും 64 സെന്റും ഇടുക്കി പെരുവന്താനത്തെ മൈക്കിൽ എ കല്ലിവേലിൽ 200 സെന്റും മലപ്പുറം തൃക്കലങ്ങോട് പി പി ഫാത്തിമ 50 സെന്റും മലപ്പുറം പുറത്തൂർ കൈപ്പാടത്ത് അബ്ദുള്ള 50 സെന്റും പാലക്കാട് മണ്ണാർക്കാട്ടുള്ള തങ്കം 30 സെന്റും പാലക്കാട് കരിമ്പുഴ ഇളമ്പുളശ്ശേരി എഡ്യൂക്കേഷണൽ ട്രസ്റ്റ് 45 സെന്റും പാലക്കാട് പെരുമാനൂർ വി വി ബാലകൃഷ്ണൻ 100 സെന്റും പാലക്കാട് കൊപ്പം വിപിനചന്ദ്രൻ 30 സെന്റും ഭൂമിയാണ് അർഹമായ കൈകളിലേക്ക് എത്തിക്കുന്നത്. ഈ പേരുകൾ ഇവിടെ എഴുതുന്നത് നാട് അറിയാൻ വേണ്ടി തന്നെയാണ്. നിറഞ്ഞ മനസ്സോടെ ഭൂമി കൈമാറാൻ ഇനിയും സുമനസ്സുകൾ മുന്നോട്ടുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഈ ക്യാമ്പയിന്റെ ഭാഗമായി മൂന്നുസെന്റും അതിൽ കൂടുതലും ഭൂമി വിട്ടുനൽകാൻ തയ്യാറാകുമ്പോൾ, ഒരു കുടുംബത്തിന് കൈത്താങ്ങായി മാറാൻ സാധിക്കും. രജിസ്‌ട്രേഷൻ ഫീസും സ്റ്റാമ്പ് ഡ്യൂട്ടിയും അടയ്‌ക്കേണ്ടതില്ല. ഭൂമി വാങ്ങാനുള്ള തുക ഗുണഭോക്താക്കൾക്ക് നേരിട്ടു നൽകാനും സാധിക്കും. ഇങ്ങനെ ഭൂമി ലഭ്യമാക്കുന്നത് ലൈഫ് ഗുണഭോക്താക്കൾക്കു വേണ്ടി മാത്രമാണ്.

കേരളം രാജ്യത്തെ മറ്റു സംസ്ഥാനങ്ങളിൽനിന്നു വേറിട്ടു നിൽക്കുന്നതിന് ഭൂപരിഷ്‌കരണം നടപ്പാക്കിയത് പ്രധാന കാരണമാണ്. ജാതി- മത- വർഗ വ്യത്യാസമില്ലാതെ ഭൂവിതരണം നടപ്പാക്കാൻ സംസ്ഥാനത്തിനു സാധിച്ചു. ഇ എം എസ് നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിലുള്ള സംസ്ഥാനത്തെ ആദ്യത്തെ സർക്കാർ പടുത്തുയർത്തിയ അടിത്തറയിൽനിന്നാണ് നാം ഇന്ന് ഭൂരഹിത–-ഭവനരഹിതർക്ക് വീടു നിർമിച്ചു നൽകുന്നത്. സമരഭരിതമായ ഭൂതകാലങ്ങൾക്ക് നേതൃത്വം നൽകിയവർ നയിക്കുന്ന കേരളത്തിലെ ഇന്നത്തെ ഭരണത്തിലൂടെ ജനകീയ ബദലുകൾ ഉയർത്തിപ്പിടിച്ച് നവകേരള നിർമിതി യാഥാർഥ്യമാക്കുമ്പോൾ, മനസ്സോടിത്തിരി മണ്ണ് ക്യാമ്പയിന് ഏറെ പ്രസക്തിയുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top