കേന്ദ്ര സാംസ്‌കാരിക മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിൽ അഞ്ചിനും ആറിനും ഡൽഹിയിലെ പ്രഗതി മൈതാനത്ത് നടന്ന ‘ലൈബ്രറി ഫെസ്റ്റിവൽ’ ഇതിനകം ചർച്ചാവിഷയമായി കഴിഞ്ഞിരിക്കുന്നു. സംസ്‌കാരങ്ങളുടെയും ഉപസംസ്‌കാരങ്ങളുടെയും പൂന്തോട്ടമായി വളർന്നുവന്ന ഇന്ത്യൻ ദേശീയതയെ ലോക രാഷ്‌ട്രങ്ങൾ ഒട്ടൊരു അസൂയയോടുകൂടിയാണ് നോക്കിക്കണ്ടിരുന്നത്. സുനിൽ ഗംഗോപാധ്യായയുടെ ‘അർജുൻ’ എന്ന നോവലിലെ ഒരു നിരീക്ഷണമുണ്ട്: ‘ഈ ലോകത്ത് ചിലരുണ്ട്. ഭംഗിയുള്ള ഒന്നിനെയും നിലനിൽക്കാൻ അവർ അനുവദിക്കില്ല. സൗന്ദര്യം എന്നാൽ അവർക്ക് നശിപ്പിക്കപ്പെടേണ്ട ഒന്നാണ്’. ചരിത്രവും വിദ്യാഭ്യാസവും ശാസ്‌ത്രവുമെല്ലാം തകർത്തുതരിപ്പണമാക്കി മുന്നേറിക്കൊണ്ടിരിക്കുന്ന ഭരണനേതൃത്വത്തിന്റെ പുതിയ അറിയിപ്പായി സ്‌റ്റേറ്റ് ലൈബ്രറി കൗൺസിൽ ഓഫീസിലെത്തിയ കത്തിന്റെ അടിസ്ഥാനത്തിലാണ് ഫെസ്റ്റിവലിൽ സംബന്ധിക്കാൻ തീരുമാനിച്ചത്. 1500 കോടിയോളം രൂപ ഗ്രന്ഥശാലാ നവീകരണത്തിന് നീക്കിവയ്‌ക്കാൻ പോകുന്നുവെന്നും അതിന്റെ ഒരു വിഹിതം കേരളത്തിലെ ഗ്രന്ഥശാലകൾക്കും ലഭിക്കുമെന്നും അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ വളരെ പെട്ടെന്നുതന്നെ ഒരു പ്രോജക്ട് തയ്യാറാക്കി നമ്മുടെ ഓഫീസ് സാംസ്‌കാരിക മന്ത്രാലയത്തിന് അയച്ചുകൊടുത്തു. ഇത്തരമൊരു സന്ദർഭത്തിൽ കേരളത്തിന്റെ സാന്നിധ്യം ഉറപ്പാക്കുന്നത് ഗുണകരമായിരിക്കുമെന്ന തോന്നലിന്റെ അടിസ്ഥാനത്തിൽക്കൂടിയായിരുന്നു ഡൽഹി യാത്ര.
നേരിയ മഴച്ചാറ്റലും മൂടിക്കെട്ടിയ ആകാശവുമായിരുന്നു ആഗസ്‌ത് അഞ്ചിന്റെ പ്രഭാതത്തിന്. ഇന്ദിര ഗാന്ധി പ്രധാനമന്ത്രി ആയിരിക്കെ നടന്ന ഏഷ്യാഡിന്റെ നിർമിതികളിലൊന്നായ ‘അപു ഘർ’ അന്ന് ഡൽഹിയിലെ മുഖ്യ ആകർഷകങ്ങളിൽ ഒന്നായിരുന്നു. ദശകങ്ങൾക്കുശേഷം പ്രഗതി മൈതാനത്ത് എത്തിയപ്പോൾ എല്ലാം എനിക്ക് അപരിചിതമായി തോന്നി. ‘അപു’വിന്റെ വീടിനെ വിഴുങ്ങിക്കൊണ്ട് വളർന്ന പുതുനിർമിതികൾ ‘അപു’വിന്റെ വീടിന്റെ വിശുദ്ധി തുടച്ചുമാറ്റിയതുപോലെ.
ഗേറ്റ് നമ്പർ അഞ്ചിലൂടെ ഫെസ്റ്റിവൽ മുഖ്യവേദിക്ക് അരികിലെത്തിയപ്പോൾ പല സംസ്ഥാനങ്ങളിൽ നിന്നുമെത്തിയ പ്രതിനിധികൾക്കിടയിൽ അയാൾ നിൽക്കുന്നത് കണ്ടു. ആറടിയിലധികം ഉയരമുണ്ട്. മഹാഭാരതത്തിലെ ജയദ്രഥൻ, നമ്പൂതിരിച്ചിത്രത്തിലൂടെ പുനർജനിച്ചതുപോലെ, അതാണ് അജയ് പ്രതാപ് സിങ്. രാജാറാം മോഹൻറോയ് ഫൗണ്ടേഷന്റെ ഡയറക്ടർ ജനറൽ. ഇന്ത്യയിലെ ഏറ്റവും വലിയ ലൈബ്രറിയായ കൊൽക്കത്തയിലെ നാഷണൽ ലൈബ്രറിയുടെ ഡി ജി ഇൻചാർജ്. കേരളത്തിന്റെ പ്രതിനിധികൾ മുമ്പിലെത്തിയപ്പോൾ അയാൾ തിരിച്ചറിഞ്ഞു. മുഖത്ത് തെളിച്ചംപരന്നു. ഹൃദ്യമായ പെരുമാറ്റം. മുഴുവൻ പ്രതിനിധികളും പങ്കെടുത്തതിൽ അഭിനന്ദനം. ലൈബ്രറി രംഗത്ത് കേന്ദ്രമന്ത്രാലയം നടപ്പാക്കിക്കൊണ്ടിരിക്കുന്ന നൂതന പരിഷ്‌കാരങ്ങളെക്കുറിച്ച് ഹ്രസ്വമായ പരാമർശങ്ങൾ. ഫെസ്റ്റിവൽ ഉദ്‌ഘാടനം ചെയ്യാൻ രാഷ്‌ട്രപതി ദ്രൗപദി മുർമു രാഷ്‌ട്രപതിഭവനിൽനിന്നു പുറപ്പെട്ട വിവരമെത്തിയപ്പോൾ എല്ലാവരോടും സീറ്റിൽ ഇരിക്കാൻ അഭ്യർഥിച്ചും ഇരിപ്പിടം കിട്ടാത്തവർ എത്രയുംവേഗം ഹാളിനു പുറത്തുകടക്കണമെന്ന് കർക്കശസ്വരത്തിൽ ആജ്ഞാപിച്ചും ചടുലമായ നീക്കങ്ങളോടെ അയാൾ വേദിയിൽ നിറഞ്ഞുനിന്നു.
ഉദ്‌ഘാടനത്തിനുശേഷം നടന്ന വട്ടമേശ സമ്മേളനത്തിലാണ് ഡി ജി വിവിധ സംസ്ഥാനങ്ങളിൽനിന്ന് എത്തിയവരെ പരിചയപ്പെട്ടതും അവരുടെ ലൈബ്രറി മൂവ്‌മെന്റിന്റെ സവിശേഷതകൾ ചോദിച്ചറിഞ്ഞതും. അതിനുശേഷം അദ്ദേഹം പ്രതിനിധിളോടായി ഇങ്ങനെ പറഞ്ഞു:
‘‘നമ്മുടെ രാജ്യത്തെ മഹാഭൂരിപക്ഷം ലൈബ്രറികളും സംസ്ഥാന സർക്കാരുകളടെ നിയന്ത്രണത്തിലാണ്. ഇത് ലൈബ്രറി മൂവ്‌മെന്റിന്റെ വളർച്ചയ്‌ക്ക് തടസ്സമുണ്ടാക്കുന്നു. നോക്കൂ, പാകിസ്ഥാനിൽപ്പോലും സമവർത്തിപ്പട്ടികയിലാണ് ഗ്രന്ഥശാലകൾ. ഒരു രാഷ്‌ട്രം–- ഒരു ഗ്രന്ഥശാലാ നിയമം, ഒരു രാഷ്‌ട്രം–- ഒരു ഡിജിറ്റൽ ലൈബ്രറി തുടങ്ങിയ ആശയങ്ങൾ നടപ്പാക്കാൻ നിങ്ങളുടെ ഗ്രന്ഥശാലകളെ സമവർത്തിപ്പട്ടികയിൽ കൊണ്ടുവരണമെന്ന പ്രമേയം നാട്ടിൽ തിരിച്ചെത്തിയ ഉടൻ നിങ്ങൾ കേന്ദ്ര സാംസ്‌കാരിക മന്ത്രാലയത്തിന് അയച്ചുകൊടുക്കണം. എങ്കിൽ എത്രയുംവേഗം അത് നിയമമാക്കിക്കൊണ്ടുവരാൻ കഴിയും.’’
ഫാസിസ്റ്റുകളുടെ അച്ചടക്ക സിദ്ധാന്തങ്ങൾക്ക് കീഴടങ്ങാനുള്ള ആഹ്വാനത്തിന്റെ തീക്ഷ്‌ണതയത്രയും കണ്ണുകളിൽ നിറച്ചുകൊണ്ടുള്ള തീതുപ്പലായി ആ വാചകങ്ങൾ കോൺഫറൻസ് ഹാളിൽ മുഴങ്ങിക്കൊണ്ടിരുന്നു. കേരളത്തിന്റെ പ്രതിനിധിസംഘം രേഖാമൂലം പ്രതിഷേധം അറിയിച്ചു. രണ്ടാമത്തെ വെടിപൊട്ടിക്കാനുള്ള സമയമായതുപോലെ ഡി ജി ഒന്ന് അമർന്നിരുന്ന് ചുറ്റുംനോക്കി. പിന്നെ ചിരിച്ചുകൊണ്ട് തുടർന്നു:
‘‘രാജ്യമെങ്ങുമുള്ള ലൈബ്രറികളുടെ നിലവാരം നിശ്ചയിക്കാനുള്ള ഗ്രഡേഷൻ പ്രവർത്തനം കേന്ദ്ര സാംസ്‌കാരിക മന്ത്രാലയത്തിന്റെ പരിഗണനാ വിഷയങ്ങളിലൊന്നാണ്. ഇക്കാര്യങ്ങൾ വിശദമായി ചർച്ച ചെയ്യാൻ ഇപ്പോൾ സമയമില്ല. നിങ്ങളുടെ പ്രതികരണങ്ങൾ പിന്നാലെ എഴുതി അറിയിച്ചാൽ മതി’’–- ഡയറക്ടർ ജനറൽ എഴുന്നേറ്റ് മുഖത്ത് പുഞ്ചിരി നിറച്ച് എല്ലാവരെയും കൈകൂപ്പിക്കൊണ്ട് പുറത്തുകടന്നു.
ചിത്രം വ്യക്തമായി. സംസ്ഥാന ഗ്രന്ഥശാലകൾ സമവർത്തിപ്പട്ടികയിൽപ്പെടുത്താനുള്ള നിയമം ഉടൻ പാർലമെന്റിൽ അവതരിപ്പിക്കാൻ പോകുന്നു. ഗ്രന്ഥശാലകളെ തരംതിരിച്ച് ഗ്രാന്റ് ശുപാർശ ചെയ്യാനുള്ള അധികാരം കേന്ദ്ര സാംസ്‌കാരിക വകുപ്പിനുവേണ്ടി രാജാറാം മോഹൻ റോയ് ഫൗണ്ടേഷനിൽ നിക്ഷിപ്‌തമാകാൻ പോകുന്നു. ദൂരവ്യാപക പ്രത്യാഘാതങ്ങൾ ഇതുണ്ടാക്കുമെന്നതിൽ ഒരു സംശയവുമില്ല.
രാജാ റാം മോഹൻ റോയ് ഫൗണ്ടേഷൻ (ആർആർഎൽഎഫ്) ലൈബ്രറികൾക്ക് പുസ്‌തകം വിതരണം ചെയ്യാൻ എല്ലാവർഷവും മാച്ചിങ് ഗ്രാന്റ് അനുവദിക്കാറുണ്ട്. 40 ലക്ഷം രൂപയാണ് സ്‌റ്റേറ്റ് ലൈബ്രറി കൗൺസിൽ ഇത്തവണ ഇതിനുവേണ്ടി നീക്കിവച്ചത്. ആർആർഎൽഎഫിന്റെ 40 ലക്ഷംകൂടി ചേരുമ്പോൾ 80 ലക്ഷത്തിന്റെ പുസ്‌തകം വാങ്ങിക്കാം. പതിവുപോലെ ആർആർഎൽഎഫ് പ്രതിനിധിയെക്കൂടി ഉൾപ്പെടുത്തി ബുക് സെലക്‌ഷൻ കമ്മിറ്റിയുണ്ടാക്കി പ്രസാധകരിൽനിന്ന് പുസ്‌തകങ്ങൾ ക്ഷണിച്ചു. പുസ്‌തകങ്ങൾ തെരഞ്ഞെടുത്തു. പൊടുന്നനെ ഒരു നീക്കമുണ്ടായി. ആർആർഎൽഎഫ് അതിന്റെ പ്രതിനിധിയെ പിൻവലിച്ചു. പ്രവർത്തനം തൃപ്‌തികരമല്ലാത്തതാകാം കാരണം. പുതിയ പ്രതിനിധി വന്നു. നിശ്ചയിച്ചവരുടെ നിഗൂഢ താൽപ്പര്യങ്ങൾ തിരിച്ചറിയാനുള്ള കണ്ണും കാതും മനസ്സുമുള്ള പ്രതിനിധി കളംനിറഞ്ഞു കളിച്ചു. പട്ടികയിൽ ഉൾപ്പെടുത്തേണ്ട പുസ്‌തകങ്ങൾ, നീക്കംചെയ്യേണ്ട പുസ്‌തകങ്ങൾ... പുതിയ പുതിയ ആവശ്യങ്ങൾ വന്നുകൊണ്ടേയിരുന്നു. ന്യായമായ ആവശ്യങ്ങൾ അംഗീകരിച്ചു. അംഗീകരിക്കുന്തോറും സമ്മർദങ്ങൾ മുറുകി. വഴങ്ങിക്കൊടുക്കാൻ പറ്റുന്നതായിരുന്നില്ല, തുടർന്നുള്ള നീക്കങ്ങൾ.
ശാസ്‌ത്രയുക്തിക്ക് തീരെ നിരക്കാത്തതും അന്ധവിശ്വാസങ്ങൾക്ക് പ്രാണവായു നൽകുന്നതുമായ പുസ്‌തകങ്ങൾ ഗ്രന്ഥശാലകൾക്ക് നൽകിക്കൊണ്ട് ഒരു തിരിച്ചുപോക്കിന് വായനസമൂഹത്തെ പ്രേരിപ്പിക്കുന്നതിലും ഭേദം മാച്ചിങ് ഗ്രാന്റ് ഉപേക്ഷിക്കുന്നതാണെന്ന തീരുമാനത്തിന്റെ അടിസ്ഥാത്തിൽ 40 ലക്ഷത്തിന്റെ പുസ്‌തകങ്ങൾമാത്രം വാങ്ങി താഴ്‌ന്ന ഗ്രേഡിലുള്ള ഗ്രന്ഥാലയങ്ങൾക്ക് നൽകുകയാണ് ഇത്തവണ ചെയ്‌തത്. ഇപ്പോൾത്തന്നെ ഇതാണ് സ്ഥിതിയെങ്കിൽ പുതിയ നിയമങ്ങൾ നടപ്പാക്കിക്കഴിഞ്ഞാൽ ഏത് പുസ്‌തകം വായിക്കണം, എപ്പോൾ വായിക്കണം എന്നൊക്കെ ബാഹ്യശക്തികൾ തീരുമാനിക്കുന്ന സ്ഥിതിവരും. ഉയർന്ന ഗ്രേഡ് ലഭിക്കാൻ ജനപങ്കാളിത്തത്തോടെ നടപ്പാക്കുന്ന മികച്ച പ്രവർത്തനങ്ങൾ മതിയാകാതെ വരും. ഒരുപക്ഷേ, ഗ്രന്ഥാലയത്തിന്റെ പേരുപോലും ഇതിനു തടസ്സമായി നിന്നേക്കാം.
എൻസിഇആർടി പാഠപുസ്‌തകങ്ങളിൽനിന്ന് യുഗപ്രഭാവന്മാരായ ധീരദേശാഭിമാനികളെയും ചരിത്രസംഭവങ്ങളെയും ഇറക്കിവിട്ട്, വിഘടനവാദികളെവരെ തിരുകിക്കയറ്റുന്നതുപോലെ ഗ്രന്ഥാലയങ്ങളിലെ അലമാരകളിൽനിന്ന് മതനിരപേക്ഷതയുടെയും ബഹുസ്വരതയുടെയും പതാകവാഹകരെ ഇറക്കിവിട്ട്, ശാസ്‌ത്രയുക്തിയെ നിരാകരിച്ച് അന്ധവിശ്വാസങ്ങളുടെ ഫ്യൂഡൽ ബിംബങ്ങളിൽ അഭിരമിക്കുന്നവരെ കുടിയിരുത്താനുള്ള എല്ലാ സാധ്യതയും മുമ്പിൽ തെളിഞ്ഞുവരുന്നുണ്ട്.
1989ലെ പബ്ലിക് ലൈബ്രറീസ് (കേരള ഗ്രന്ഥശാലാ സംഘം) ആക്ടും 1991ൽ പ്രസിദ്ധീകരിച്ച ചട്ടങ്ങളും കേരള നവോത്ഥാനത്തിന്റെയും സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന്റെയും നിർഭയരായ വഴികാട്ടികളുടെ അനുപമമായ ഭാവനയുടെയും ധിഷണാശേഷിയുടെയും ഉലയിൽ പരുവപ്പെട്ടതാണ്. നാട്ടിൻപുറത്തെ ഗ്രന്ഥശാലകൾമുതൽ സംസ്ഥാന സമിതിവരെ സ്വതന്ത്രവും നിഷ്‌പക്ഷവുമായ തെരഞ്ഞെടുപ്പിലൂടെ 1994 ഏപ്രിൽ 27നു നിലവിൽവന്ന കേരള സ്‌റ്റേറ്റ് ലൈബ്രറി കൗൺസിൽ പോലെ ജനസമൂഹത്തിൽ ആഴത്തിൽ വേരോട്ടമുള്ള അക്ഷരലോകം ലോകത്ത് മറ്റൊരിടത്തുമില്ല. ചരിത്രത്തിലേക്ക് യാദൃച്ഛികമായി കടന്നുവന്ന ഒരാളുടെ പേരിലല്ല, കാലത്തിനുമുമ്പേ സഞ്ചരിച്ച യുഗപ്രഭാവരായ മുഴുവൻ നേതാക്കളുടെയും ഹൃദ്‌രക്തത്താൽ ബലപ്പെട്ടതാണ് ഈ പ്രസ്ഥാനം. ചരിത്രനിഷേധികളുടെ കൂട്ടുപിടിച്ച് ഇതിനെ തകർക്കാമെന്നു വിചാരിക്കുന്നത് വെറുമൊരു പകൽക്കിനാവാണ്.
(കേരള സ്‌റ്റേറ്റ് ലൈബ്രറി കൗൺസിൽ
നിർവാഹകസമിതി അംഗവും ഗ്രന്ഥാലോകം
പത്രാധിപരുമാണ് ലേഖകൻ)
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..