05 December Tuesday

അക്ഷരലോകത്തും പുതിയ ‘വിചാരധാര’കൾ

വി കെ മധുUpdated: Tuesday Aug 22, 2023

ആശയപ്രചാരണരംഗത്ത് ആധിപത്യം സ്ഥാപിക്കാൻ ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിലധിഷ്ഠിതമായ പദ്ധതികളുമായി സംഘപരിവാർ രംഗത്തിറങ്ങിയിരിക്കുകയാണ്. കേന്ദ്രസാംസ്‌കാരിക മന്ത്രാലയം അടുത്തിടെ രാജ്യത്തെ ഗ്രന്ഥശാലകളുടെ മഹോത്സവം ഡൽഹിയിൽ സംഘടിപ്പിക്കുകയുണ്ടായി.  ബഹുസ്വരവും ജനാധിപത്യ മൂല്യങ്ങളിലധിഷ്ഠിതവുമായ സംവിധാനങ്ങളെയെല്ലാം സംഘപരിവാറിന്റെ ഹിന്ദുത്വ പ്രത്യയശാസ്‌ത്രംകൊണ്ട് പകരംവച്ച്‌ ഫാസിസ്റ്റ് ഭരണക്രമത്തിന് അടിത്തറ പാകാനുള്ള നീക്കങ്ങളാണല്ലോ ദ്രുതഗതിയിൽ നടക്കുന്നത്. ഡൽഹിയിൽ ചേർന്ന ലൈബ്രറി ഫെസ്റ്റിവലിലും ഇതേ പ്രവണതയുടെ പ്രതിഫലനമാണ് കണ്ടത്.

മൂന്നു കാര്യമാണ് ദേശീയ ഗ്രന്ഥശാലാ മഹോത്സവത്തിൽ പ്രധാനമായും ഉയർത്തിക്കൊണ്ടുവന്നത്. കേന്ദ്രമന്ത്രി മീനാക്ഷി ലേഖിയുടെ പ്രസംഗത്തിലുൾപ്പെടെ അവതരിപ്പിക്കപ്പെട്ട ഇന്ത്യയുടെ "സുവർണ ഭൂതകാലത്തെ'ക്കുറിച്ചുള്ള മിഥ്യാഭിമാനവും ഉപരാഷ്ട്രപതി സൂചിപ്പിച്ച "വൺ നേഷൻ വൺ ഡിജിറ്റൽ ലൈബ്രറി' എന്ന ആശയവും  ഗ്രന്ഥശാലകളെ സംസ്ഥാന പട്ടികയിൽനിന്ന്  സമവർത്തി പട്ടിക (കൺകറന്റ് ലിസ്റ്റ്) യിലേക്ക് മാറ്റേണ്ടത് അനിവാര്യമാണെന്ന വാദഗതിയുമായിരുന്നു അവ.

രാജാ റാം മോഹൻ റോയ് ലൈബ്രറി ഫൗണ്ടേഷന്റെ കണക്കനുസരിച്ച് ഇന്ത്യയിൽ 46,746 പബ്ലിക് ലൈബ്രറിയാണുള്ളത്. എന്നാൽ, കൊൽക്കത്ത സെൻട്രൽ ലൈബ്രറിയുടെ കണക്കനുസരിച്ച് 54,000 എണ്ണമുണ്ട്. ഇതിൽ 9515ഉം കേരളത്തിലാണ്. കർണാടകത്തിൽ 5792,  തമിഴ്നാട്ടിൽ 3527 , പശ്ചിമബംഗാളിൽ 2452 എന്നിങ്ങനെയാണ് ലൈബ്രറിയുടെ എണ്ണം. മഹാരാഷ്ട്രയിൽ 12,148 ഉം  ഗുജറാത്തിൽ 3168 ഉം  ഗ്രന്ഥശാലകൾ വിവിധ ട്രസ്റ്റുകളുടെയും എൻജിഒകളുടെയും നേതൃത്വത്തിലുണ്ട്.  രാജ്യത്താകെയുള്ള ലൈബ്രറികളിൽ മഹാഭൂരിപക്ഷവും നാലഞ്ചു സംസ്ഥാനങ്ങളിലാണ്. മറ്റു പലതിലും ആയിരത്തിനുതാഴെയാണ് എണ്ണം, പല സംസ്ഥാനങ്ങളിലും വിരലിലെണ്ണാവുന്നവയും (സ്‌കൂൾ, കോളേജ്, യൂണിവേഴ്‌സിറ്റി ലൈബ്രറികൾ ഒഴികെ). സ്വാതന്ത്ര്യം നേടി 76 വർഷം പിന്നിടുമ്പോൾ പൊതുചിത്രമാണിത്. കേരളത്തിൽ മാത്രമാണ് ജനകീയമായും ജനാധിപത്യപരമായും പ്രവർത്തിക്കുന്ന ലൈബ്രറികളുള്ളത്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഗ്രന്ഥശാലാസാന്ദ്രതയുള്ള സംസ്ഥാനവും കേരളമാണ്. കേരളത്തിലെ ഗ്രന്ഥശാലാ പ്രസ്ഥാനം സർഗാത്മകതയുടെയും ആശയവൈവിധ്യത്തിന്റെയും വലിയ ലോകമാണ് തുറക്കുന്നത്. ജനങ്ങളുടെ പങ്കാളിത്തവും കൂട്ടായ്മയുമാണ് മുഖമുദ്ര.

നവോത്ഥാന പ്രസ്ഥാനങ്ങളുടെ സന്ദേശവാഹകർ കൂടിയായിരുന്നു കേരളത്തിൽ ഗ്രന്ഥശാലകൾ. വ്യത്യസ്തമായ പ്രവർത്തനശൈലി തുടക്കംമുതൽ ഉണ്ടായിരുന്നു. വിദ്യാസമ്പന്നരും ഉൽപ്പതിഷ്ണുക്കളുമായവർ  മുൻകൈയെടുത്ത് സ്ഥാപിച്ചതാണ് അവ. സാമൂഹ്യ ലക്ഷ്യത്തോടെ സ്വയം സന്നദ്ധരായി സംഭാവനകൾ സ്വരൂപിച്ച് നാട്ടിൻപുറങ്ങളിലും നഗരങ്ങളിലും ഗ്രന്ഥശാലകൾ സ്ഥാപിച്ചു. ജാതി മത രാഷ്ട്രീയ വേർതിരിവുകൾക്കതീതമായി ഒരുമിച്ചു കൂടാനും വായിക്കാനും ചർച്ച ചെയ്യാനും അയിത്തം, അനാചാരങ്ങൾ തുടങ്ങിയ സാമൂഹ്യവിപത്തുകളെ ചെറുക്കാനുമെല്ലാമുള്ള ഇടങ്ങളായി ഗ്രന്ഥശാലകൾ മുന്നേറി. സാക്ഷരതയിൽ കേരളത്തെ മുന്നിലെത്തിക്കുന്നതിൽ ആദ്യകാലംമുതൽ ഇവ വഹിച്ച പങ്ക് പ്രധാനമാണ്. എൺപതുകളിൽ സമ്പൂർണ സാക്ഷരതയ്‌ക്കു വേണ്ടിയുള്ള ജനകീയയജ്ഞത്തിൽ ഗ്രന്ഥശാലകൾ മുന്നിലായിരുന്നുവല്ലോ.

അമൃത് മഹോത്സവങ്ങൾ പൊടിപൊടിക്കുമ്പോൾ രാജ്യത്തെ ജനസംഖ്യയുടെ നാലിലൊന്ന് ഭാഗം നിരക്ഷരരാണ്. നല്ലൊരു വിഭാഗത്തിന്‌ അക്ഷരത്തിന്റെ ഹരിശ്രീ കുറിക്കാൻ അവസരം ലഭിക്കാത്ത, പുസ്തകങ്ങളും വായനയും അപ്രാപ്യമായ രാജ്യത്താണ് ഗ്രന്ഥശാലകളുടെ മേൽ പിടിമുറുക്കാൻ ഭരണാധികാരികൾ തുനിഞ്ഞിറങ്ങിയിരിക്കുന്നത്.

14 വയസ്സുവരെയുള്ളവർക്ക് സൗജന്യവും സാർവത്രികവും നിർബന്ധിതവുമായ വിദ്യാഭ്യാസം ഭരണഘടനയുടെ 45–-ാം വകുപ്പിൽ നിർദേശകതത്വങ്ങളിലാണ് ഉൾപ്പെടുത്തിയത്. രാഷ്ട്രത്തിന്റെ പരമപ്രധാനമായ ഉത്തരവാദിത്വമാണ് ജനങ്ങൾക്ക് വിദ്യാഭ്യാസം നൽകുക എന്നുള്ളത്‌. സ്വതന്ത്ര ഇന്ത്യയിൽ വിദ്യാഭ്യാസം മൗലികാവകാശമായി ഭരണഘടനയിൽ ഇടംപിടിച്ചില്ല. ഇടതുപക്ഷം മുന്നോട്ടുവച്ച പൊതുമിനിമം പരിപാടിയുടെ ഭാഗമായി 2009ൽ യുപിഎ സർക്കാർ വിദ്യാഭ്യാസ അവകാശനിയമം പാസാക്കി. എന്തു ഫലം? വിവിധ സംസ്ഥാനങ്ങളുടെ സാക്ഷരതാ നിരക്കുകൾ പരിശോധിച്ചാൽ വസ്തുത വ്യക്തമാകും. സാക്ഷരതയിൽ മുന്നിൽ സമ്പൂർണസാക്ഷരത നേടിയ കേരളംതന്നെ. 96.2 ശതമാനമാണ്  സാക്ഷരത. തൊട്ടു പിന്നിൽ മിസോറമാണ് 91.58 ശതമാനം. ഇന്ത്യയിൽ മറ്റൊരു സംസ്ഥാനത്തും 90 ശതമാനത്തിനു മുകളിൽ സാക്ഷരതയില്ല. ഏറ്റവും പിന്നിൽ നിൽക്കുന്ന സംസ്ഥാനം ആന്ധ്രപ്രദേശാണ്, 66.4 ശതമാനമാണ് സാക്ഷരത. അമൃത് മഹോത്സവങ്ങൾ പൊടിപൊടിക്കുമ്പോൾ രാജ്യത്തെ ജനസംഖ്യയുടെ നാലിലൊന്ന് ഭാഗം നിരക്ഷരരാണ്. നല്ലൊരു വിഭാഗത്തിന്‌ അക്ഷരത്തിന്റെ ഹരിശ്രീ കുറിക്കാൻ അവസരം ലഭിക്കാത്ത, പുസ്തകങ്ങളും വായനയും അപ്രാപ്യമായ രാജ്യത്താണ് ഗ്രന്ഥശാലകളുടെ മേൽ പിടിമുറുക്കാൻ ഭരണാധികാരികൾ തുനിഞ്ഞിറങ്ങിയിരിക്കുന്നത്. ജനസംഖ്യാനുപാതികമായി ഗ്രന്ഥശാലകൾ ഏറ്റവും കൂടുതലുള്ളത്‌ കേരളത്തിലാണ്. 3510 പേർക്ക് ഒരു ലൈബ്രറി വീതമുണ്ട്. മഹാരാഷ്ട്രയിൽ 8987 പേർക്കാണ് ഒരു ലൈബ്രറി.  രാജ്യത്തൊട്ടാകെ പരിശോധിച്ചാൽ 25,925 പേർക്കാണ് ഒന്ന്‌.

ലോകത്തിലെതന്നെ പ്രാചീനമായ സംസ്‌കാരങ്ങളിലൊന്ന് ഇന്ത്യയുടേതാണെന്ന് നാം അഭിമാനംകൊള്ളുന്നുണ്ട്.  "സുവർണ ഭൂതകാല'ത്തെക്കുറിച്ചും നഷ്ടപ്പെട്ടുപോയ നളന്ദ, തക്ഷശില, വിക്രമശില തുടങ്ങിയ പ്രാചീന ഗ്രന്ഥാലയ മാതൃകകൾ വീണ്ടെടുക്കേണ്ടതിന്റെ ആവശ്യകത സംബന്ധിച്ചും ബോധപൂർവമായ ചർച്ചകൾ ഉയർത്തിക്കൊണ്ടു വരുന്നുണ്ട്. അധികാരശ്രേണിയിൽ ബ്രാഹ്മണ്യം ആധിപത്യം നേടുകയും മറ്റെല്ലാ ആശയങ്ങളെയും തമസ്‌കരിക്കുകയും ചെയ്തതാണ് ഇന്ത്യയുടെ വൈജ്ഞാനിക ഭൂതകാലം. സാംസ്‌കാരിക പാരമ്പര്യത്തിന്റെ പുരോഗമനപരവും മാനവികവുമായ വശങ്ങളെ മറച്ചുവയ്ക്കാനാണ് ഈ ശക്തികൾ എക്കാലവും ശ്രമിച്ചിട്ടുള്ളത്. ചരിത്രകാലഘട്ടത്തിൽ ലോകത്തിന്റെ വിവിധ കോണുകളിൽ വികസിച്ചുവന്ന സംസ്‌കാരവും സാഹിത്യവും കലയുമെല്ലാം അന്യോന്യമുള്ള വിനിമയത്തിലൂടെയാണ് വളർന്നുവന്നത് എന്ന ചരിത്ര വസ്തുത വിസ്മരിക്കപ്പെടുകയാണിവിടെ. 

സംഘപരിവാറിന്റെ പദ്ധതി ഏകശിലാത്മകമായ ആശയങ്ങൾ കേന്ദ്ര ലൈബ്രറിയിലൂടെ രാജ്യത്തൊട്ടാകെ വിനിമയം ചെയ്യുകയാണെന്ന് തിരിച്ചറിയാൻ പ്രയാസമില്ല.

‘ഒരു രാജ്യം ഒരു ഡിജിറ്റൽ ലൈബ്രറി’ എന്ന ആശയം വളരെയേറെ ആശങ്കകളുണർത്തുന്നതാണ്. ഇതിന്റെ വിശദാംശങ്ങൾ ഇപ്പോഴും വെളിവാക്കപ്പെട്ടിട്ടില്ല. രാജ്യത്ത് ലൈബ്രറികളുടെ ഡിജിറ്റലൈസേഷൻ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിക്കൊണ്ടിരിക്കുന്നത് കൊൽക്കത്ത സെൻട്രൽ ലൈബ്രറിയാണ്. ഈ രംഗത്ത് ഇന്ന് വലിയ പുരോഗതിയും കൈവരിച്ചിട്ടുണ്ട്. ലോക ഭാഷകളിലേക്കും ഇന്ത്യൻ ഭാഷകളിലേക്കുമുള്ള പുസ്തകങ്ങളുടെ മൊഴിമാറ്റവും ലൈബ്രറികളെയാകെ ഏകോപിതമായ കംപ്യൂട്ടർ ശൃംഖലയിലേക്ക് കൊണ്ടുവരാനുള്ള പ്രവർത്തനങ്ങളും പുരോഗമിക്കുന്നതിന്റെ വിവരങ്ങൾ ലൈബ്രറി അധികൃതർ വിവരിച്ചുതരികയുണ്ടായി. ഒരു കേന്ദ്രത്തിൽനിന്ന് തയ്യാറാക്കപ്പെടുന്ന ആശയങ്ങളെ രാജ്യത്തെ എല്ലാ ലൈബ്രറി സോഫ്റ്റ്‌വെയറുകളിലേക്കും വിന്യസിപ്പിക്കുകയും ലൈബ്രറികളെ ആശ്രയിക്കുന്ന വിജ്ഞാനസമൂഹത്തിലേക്ക് വിനിമയം ചെയ്യാനുമുള്ള ഉപാധിയായാകും ഹിന്ദുത്വ ഭരണകൂടം ഈ സാങ്കേതികവിദ്യയെ ഉപയോഗിക്കുകയെന്ന ആശങ്ക മുൻ അനുഭവങ്ങളുടെ വെളിച്ചത്തിൽ അസ്ഥാനത്തല്ല. സാങ്കേതികവിദ്യയുടെ ഗുണവും ദോഷവും അതാര്, എന്തിനുവേണ്ടി പ്രയോഗിക്കുന്നു എന്നതിനെ ആശ്രയിച്ചാണല്ലോ. സംഘപരിവാറിന്റെ പദ്ധതി ഏകശിലാത്മകമായ ആശയങ്ങൾ കേന്ദ്ര ലൈബ്രറിയിലൂടെ രാജ്യത്തൊട്ടാകെ വിനിമയം ചെയ്യുകയാണെന്ന് തിരിച്ചറിയാൻ പ്രയാസമില്ല.

മറ്റൊരു പ്രധാനകാര്യം ഗ്രന്ഥശാലകളുടെ നവീകരണത്തിനും ആധുനികവൽക്കരണത്തിനുംവേണ്ടി കേന്ദ്ര സർക്കാരിന്റെ പുതിയ പദ്ധതിയാണ് സ്‌കീം ഫോർ സ്‌പെഷ്യൽ അസിസ്‌സ്‌റ്റൻസ്‌ റ്റു സ്‌റ്റേറ്റ്‌സ്‌ ഫോർ കാപിറ്റൽ ഇൻവെസ്‌റ്റ്‌മെൻറ്‌.  ഈ പദ്ധതിയിൽ 5000 കോടി രൂപയുടെ വികസന പദ്ധതികളാണ് വിഭാവനം ചെയ്യപ്പെട്ടിരിക്കുന്നത്. പൊതുവെ സ്വാഗതാർഹമായ പദ്ധതിയാണിതെന്ന് തോന്നാം. എന്നാൽ,  ലൈബ്രറികളെ കൂട്ടിയിണക്കുന്ന ഒരു ഡിജിറ്റൽ ലൈബ്രറിയെന്ന ആശയം മുന്നിൽനിൽക്കുമ്പോൾ ഈ വൻ പദ്ധതിയുടെ ഉദ്ദേശശുദ്ധിയും സംശയമുണർത്തുന്നു. ഈ പശ്ചാത്തലത്തിലാണ് ലൈബ്രറികളെ സമവർത്തി പട്ടികയിലേക്ക് മാറ്റാനുള്ള നീക്കത്തെ കാണേണ്ടത്. ഇന്ത്യയിലെ ഗ്രന്ഥശാലകളുടെ ജനാധിപത്യ അടിത്തറ തകർക്കുകയെന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് വ്യക്തം.

സംസ്ഥാന വിഷയമായിരുന്ന വിദ്യാഭ്യാസരംഗവും സഹകരണമേഖലയും കേന്ദ്ര സർക്കാരിന്റെ നിയന്ത്രണത്തിലാക്കാനുള്ള നീക്കങ്ങൾ ശക്തമാണല്ലോ. ചരിത്രഗവേഷണ കൗൺസിൽ, എൻസിഇആർടി സിലബസിലെ പരിഷ്‌കാരങ്ങൾ, പാഠപുസ്തകങ്ങളിലെ മാറ്റങ്ങളെല്ലാം സൂചിപ്പിക്കുന്നത് വൈജ്ഞാനികരംഗത്തെയാകെ കൈയടക്കാനും ഒരു കേന്ദ്രത്തിൽനിന്ന് നിയന്ത്രിക്കാനുമുള്ള ആസൂത്രിതമായ അജൻഡയാണ് തയ്യാറാക്കപ്പെട്ടിരിക്കുന്നത് എന്നാണ്. എന്ത് വായിക്കണമെന്നും എങ്ങനെ എഴുതണമെന്നും ഏതുതരത്തിലുള്ള പുസ്തകങ്ങൾ പ്രസിദ്ധീകരിക്കണമെന്നുമെല്ലാം നിർദേശിക്കപ്പെടുന്ന സാഹചര്യമാണ് കടന്നുവരുന്നത്. പുസ്തക പ്രസാധനത്തിനും അച്ചടി മാധ്യമങ്ങൾക്കും ഈ ചരടുകൾ പ്രതിസന്ധി സൃഷ്ടിക്കുമെന്നകാര്യം ഉറപ്പാണ്.
ജർമനിയിൽ അധികാരത്തിലെത്തിയ ഹിറ്റ്‌ലർ ആദ്യം കൈവച്ചത് ഗ്രന്ഥശാലകൾക്കുമേലായിരുന്നു. ജർമൻ സംസ്‌കാരത്തിന്റെ ശവക്കൂനകൾക്കു മുകളിലാണ് ഹിറ്റ്‌ലർ ആര്യൻ ആധിപത്യത്തിന്റെ കോട്ടകൾ പണിതുയർത്തിയത്. സമകാലിക ഇന്ത്യയിൽനിന്ന്‌ നമുക്ക് കിട്ടുന്ന സൂചനകളും സമാനമാണെന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

മിത്തുകളുടെയും വിശ്വാസങ്ങളുടെയും ആശയലോകം വികസ്വരമാക്കി ചരിത്രത്തിന്റെയും ശാസ്ത്രത്തിന്റെയും സ്ഥാനത്ത് പ്രതിഷ്ഠിക്കാനാണ് ശ്രമം. ആർഷഭാരത സംസ്‌കാരത്തിന്റെ മിഥ്യാഭിമാനം ആളിക്കത്തിച്ച് കാലഹരണപ്പെട്ട ബ്രാഹ്മണാധിപത്യ വ്യവസ്ഥയുടെ കാലത്തെ പ്രകീർത്തിക്കാനാണ് ചിലർ നോക്കുന്നത്. വിവേചനത്തിന്റെയും വിദ്വേഷത്തിന്റെയും ഇരുണ്ടകാലത്തേക്ക് തിരിച്ചുപോകാനല്ല, വിജ്ഞാനത്തിന്റെയും മാനവികതയുടെയും വെളിച്ചത്തിലേക്ക് പ്രയാണം തുടരുകയെന്നതാണ് സാംസ്‌കാരിക രംഗത്തെ ഇന്നത്തെ കടമ.

(കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ സംസ്ഥാന സെക്രട്ടറിയാണ്‌ ലേഖകൻ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top