19 April Friday

ഈ യുദ്ധം ജയിച്ചേ മതിയാകൂ - മുഖ്യമന്ത്രി പിണറായി വിജയൻ എഴുതുന്നു

പിണറായി വിജയൻUpdated: Tuesday Mar 31, 2020

ജനങ്ങൾ തമ്മിലുള്ള ഇടപഴകലിലും അവരുടെ നീക്കങ്ങളിലും നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമ്പോൾ അത് സാമൂഹ്യ–- സാമ്പത്തിക ജീവിതത്തെ ബാധിക്കും. ഇത് കൃത്യമായി മനസ്സിലാക്കിക്കൊണ്ടുതന്നെ ഒരു പൂർണ അടച്ചുപൂട്ടലിലേക്ക് പോകുന്നതിനും വളരെമുമ്പേ, വരാൻ പോകുന്ന പ്രതിസന്ധി മറികടക്കാനായി, മാർച്ച് 18നുതന്നെ കേരള സർക്കാർ 20,000 കോടി രൂപയുടെ ഒരു പാക്കേജ് പ്രഖ്യാപിച്ചു. അതിൽ 1320 കോടി മാറ്റിവച്ചത്, രണ്ടുമാസത്തെ ക്ഷേമ പെൻഷനുകൾ മാർച്ചിൽത്തന്നെ മുൻകൂറായി നൽകാനാണ്. ക്ഷേമപദ്ധതികൾക്കൊന്നും അർഹതയില്ലാത്ത കുടുംബങ്ങൾക്ക് 1000 രൂപവീതം സഹായമെത്തിക്കാനാണ് 100 കോടി മാറ്റിവച്ചത്. വരുന്ന രണ്ടുമാസങ്ങളിൽ, 2000 കോടിയുടെ വായ്പകൾ കുടുംബശ്രീ വഴി നൽകും. ഇതിന്റെ പലിശ പൂർണമായും സർക്കാർ വഹിക്കും. തൊഴിലുറപ്പ് പദ്ധതിപ്രകാരമുള്ള ജോലി നൽകാനായി 2000 കോടി ഉപയോഗപ്പെടുത്തും. കോവിഡ്–-19ന്റെ ശുശ്രൂഷയ്‌ക്കായി  വേണ്ടിവരുന്ന അധികച്ചെലവിനായാണ് 500 കോടി മാറ്റിവയ്‌ക്കുന്നത്.

100കോടി അർഹരായ കുടുംബങ്ങൾക്ക് പൊതുവിതരണ സമ്പ്രദായം വഴി ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്യാനാണ്. വിശപ്പുരഹിത കേരള പദ്ധതിയുടെ ഭാഗമായി വെറും 20 രൂപയ്‌ക്ക് ഊണ് ലഭ്യമാക്കാൻ 50 കോടി ചെലവാക്കും. ഇതിനായി 1000 ഭക്ഷ്യ സ്റ്റാൾ ആരംഭിക്കും. 14,000 കോടി സംസ്ഥാന സർക്കാർ സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും എല്ലാ കുടിശ്ശികയും  നൽകുന്നതിനായി ഉപയോഗപ്പെടുത്തും. ഇങ്ങനെ, സംസ്ഥാന സമ്പദ്‌വ്യവസ്ഥയിലക്ക് അടിയന്തര അടിസ്ഥാനത്തിൽ 20,000 കോടി  വന്നുചേരുകയാണ്. ഓട്ടോറിക്ഷകൾക്കും ടാക്സികൾക്കുമുള്ള ഫിറ്റ്നസ് ഫീസ് ഒടുക്കേണ്ട രീതി ലഘൂകരിക്കുകയാണ്. സ്റ്റേജ് കാരിയേജുകൾക്കും കോൺട്രാക്റ്റ് കാരിയേജുകൾക്കുമുള്ള നികുതികൾക്ക് ഒരു മാസത്തെ ഇളവ് അനുവദിക്കുകയാണ്.  ഇത്തരത്തിൽ നൽകുന്ന സൗജന്യം  23.60 കോടി രൂപവരും. ഒരു മാസംവരെ വൈകിയും വൈദ്യുതി–--കുടിവെള്ള ബില്ലുകൾ പിഴയില്ലാതെ അടയ്ക്കാനാകും. സിനിമാ തിയറ്ററുകളുടെ വിനോദനികുതിയും ഒരു മാസത്തേക്ക് ഒഴിവാക്കും.
 

ഈ സമയത്ത്, അവശ്യസാധനങ്ങളുടെ മതിയായ ലഭ്യത ഉറപ്പാക്കാനായി വ്യാപാരികളുടെ സംഘടനകളുമായി ചർച്ച നടത്തിയിരുന്നു.ഈ ലോക്ക്ഡൗൺ കാലത്ത് പച്ചക്കറിയും  ധാന്യങ്ങളുമടക്കമുള്ള അവശ്യസാധനങ്ങൾ വീടുകളിൽ എത്തുന്നുവെന്ന് ഉറപ്പാക്കാനായി ഓൺലൈൻ സൗകര്യം തയ്യാറാക്കിയിട്ടുണ്ട്. ആവശ്യം നേരിടുന്നവരെ സഹായിക്കാനായി സന്നദ്ധസംഘടനകളുടെ സേവനം ഉറപ്പാക്കിയിട്ടുണ്ട്. സംസ്ഥാനതല ബാങ്കേഴ്സ് കമ്മിറ്റി യോഗം ചേർന്ന് ഈ സാമ്പത്തികക്കുഴപ്പത്തിന്റെ കാലത്ത് റിക്കവറി നടപടികളുമായി മുന്നോട്ടുപോകരുതെന്നും പലിശയുടെ കാര്യത്തിലും തിരിച്ചടവിന്റെ കാര്യത്തിലും ഇളവുകൾ അനുവദിക്കണമെന്നുമുള്ള കാര്യം അവരെ  ബോധ്യപ്പെടുത്തി. കേരള ഹൈക്കോടതിയടക്കം  ഇക്കാര്യത്തിൽ അനുകൂലമായ വിധി പുറപ്പെടുവിച്ചിട്ടുണ്ടെങ്കിലും കേന്ദ്ര ഇടപെടലിനെത്തുടർന്ന് സുപ്രീംകോടതി അത് സ്റ്റേ ചെയ്തിരിക്കുകയാണ്. ലോക്ക്ഡൗണിലേക്ക് നീങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജീവിതരക്ഷ ഉറപ്പാക്കാനായുള്ള എല്ലാ നടപടികളും  കൈക്കൊള്ളുന്നുണ്ട്. ജീവിതം സുസ്ഥിരമാകാൻ, ആരോഗ്യവും സാമ്പത്തിക പ്രവർത്തനവും കൂടിയേ കഴിയൂ. വെല്ലുവിളികളുടെ ഈ കാലത്ത് ഇത് ഉറപ്പാക്കാനായി കേരള സർക്കാർ നിരന്തരം പ്രവർത്തിക്കുകയാണ്. ജനങ്ങളോട്  വീട്ടിലിരിക്കാൻ വെറുതെ ആവശ്യപ്പെടുകയായിരുന്നില്ല. വീട്ടിലിരുന്നുകൊണ്ടുതന്നെ ജീവിതം നിലനിർത്താനാകുമെന്ന് അവർക്ക് ഉറപ്പ് കൊടുത്തിട്ടുണ്ട്.


 

കേന്ദ്രത്തിന് മുമ്പാകെ ഉയർത്തിയ ആശങ്കകൾ
ചൈനയുടെയും ദക്ഷിണ കൊറിയയുടെയും അനുഭവങ്ങളും ലോകാരോഗ്യ സംഘടനയുടെ നിർദേശങ്ങളും സൂചിപ്പിക്കുന്നത്, വൈറസിനെ കണ്ടെത്താനും അത് പിടിപെട്ടവരെ ചികിത്സിക്കാനും രോഗം കൂടുതലായി പകരുന്നത് തടയാനുംവേണ്ടി വൻതോതിൽ പരിശോധനകൾ നടത്തേണ്ടതുണ്ടെന്നാണ്. അതനുസരിച്ച് കേരളം വലിയ തോതിലുള്ള പരിശോധന നടത്തുകയാണ്. എങ്കിലും സംസ്ഥാന സർക്കാരിന് ചെയ്യാനാകുന്നതിന് പരിമിതികളുണ്ട്. രാജ്യമാകെ അങ്ങനെയുള്ള വ്യാപകമായ പരിശോധന നടത്തിയില്ലെങ്കിൽ, വൈറസ് പരക്കുന്നതിനെക്കുറിച്ചും രോഗവ്യാപ്തിയെക്കുറിച്ചും കൃത്യമായി കണക്കുകൂട്ടാൻ നമുക്കാകില്ല. തെറ്റായ ഏതൊരു കണക്കുകൂട്ടലും രാജ്യത്തെ ഗുരുതരമായ ആരോഗ്യ അടിയന്തരാവസ്ഥയിലേക്ക് തള്ളിവിടും. അതുകൊണ്ട്  പരിശോധനകൾ നടത്താൻ കൂടുതൽ കേന്ദ്രങ്ങൾ അനുവദിച്ചുതരണം എന്ന് കേന്ദ്രഗവൺമെന്റിനോട് അഭ്യർഥിച്ചിട്ടുണ്ട്. കോവിഡ്–-19നും എതിരായി പോരാടുന്നതിനിടയിൽ  കേരളത്തിന് ഒട്ടനവധി പുതിയ അറിവ് നേടാനായിട്ടുണ്ട്. പക്ഷേ, അതോടൊപ്പം ഒട്ടനവധി പരിമിതികളും അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. അതൊക്കെ പ്രധാനമന്ത്രിക്കും ആരോഗ്യമന്ത്രിക്കും ധനകാര്യമന്ത്രിക്കും വിദേശകാര്യ മന്ത്രിക്കുമൊക്കെയുള്ള കത്തുകളിലൂടെ കേന്ദ്ര സർക്കാരുമായി പങ്കുവയ്‌ക്കാൻ ശ്രമിച്ചിട്ടുണ്ട്. സംസ്ഥാന സർക്കാരുകൾക്ക് ലഭ്യമായ പരിമിതവിഭവങ്ങൾവച്ചുകൊണ്ട് ഇത്ര വലിയ ഒരു മഹാമാരിയെ പിടിച്ചുനിർത്തുക എന്നത് ഒരു ഭഗീരഥപ്രയത്നമാണ്. സംസ്ഥാനങ്ങൾക്ക് കൂടുതൽ വിഭവങ്ങൾ മാറ്റിവച്ചുകൊണ്ടല്ലാതെ ഈ പോരാട്ടം  സമഗ്രമായി വിജയിപ്പിച്ചെടുക്കാനാകില്ല. അതുകൊണ്ട്, സംസ്ഥാനങ്ങളുടെ വായ്പാ പരിമിതി വർധിപ്പിക്കൽ, പലിശനിരക്ക് ചുരുക്കൽ, മുൻകൂർ വായ്പ അനുവദിക്കൽ, തൊഴിലുറപ്പ് പദ്ധതിയനുസരിച്ചുള്ള ജോലി ദിനവും കൂലിയും വർധിപ്പിക്കൽ, മരുന്നുകൾ, മാസ്കുകൾ, സാനിറ്റെെസറുകൾ തുടങ്ങിയ അവശ്യവസ്തുക്കളും ഉൽപ്പാദിപ്പിക്കുന്നതിന് പൊതുമേഖലാ സ്ഥാപനങ്ങളെ പ്രേരിപ്പിക്കൽ, കൂടുതൽ മെഡിക്കൽ ഉപകരണങ്ങൾ ലഭ്യമാക്കൽ, ഡിആർഎഫ് ഉപയോഗിക്കുന്നതിൽ ഇളവുകൾ അനുവദിക്കൽ തുടങ്ങിയവയാണ് കേന്ദ്ര സർക്കാർ മുൻഗണനാ അടിസ്ഥാനത്തിൽ നടപ്പാക്കേണ്ട നടപടികൾ.

ശാരീരിക അകലം സാമൂഹ്യ ഐക്യം
കേരളത്തെ സംബന്ധിച്ചിടത്തോളം, അടിക്കടിയുള്ള വൈറസ് ആക്രമണങ്ങളും പകർച്ചവ്യാധികളും കാരണം  ഞങ്ങളുടെ പൊതു ആരോഗ്യ സംവിധാനത്തിന് പൂർവസ്ഥിതി പ്രാപിക്കാനുള്ള കഴിവ് വർധിച്ചിട്ടുണ്ട്. പോരായ്മകൾ മനസ്സിലാക്കി പരിഹാരം കൈക്കൊള്ളാൻ അതുവഴി കഴിഞ്ഞിട്ടുമുണ്ട്. കോവിഡ്–-19 നെ എതിരിടുന്നതിന് കരുത്തുറ്റ ഒരു പൊതുജനാരോഗ്യ സംവിധാനം അത്യാവശ്യമാണ് എന്നാണ്  ലോകത്താകെയുള്ള അനുഭവം പഠിപ്പിക്കുന്നത്. ഇക്കാര്യം ഉൾക്കൊണ്ട് കേരളത്തിന്റെ പൊതുജനാരോഗ്യ സംവിധാനം ശക്തിപ്പെടുത്താൻ വേണ്ട നടപടികൾ കൈക്കൊണ്ടു. ആർദ്രം മിഷൻവഴി ഏറ്റെടുത്ത പ്രാപ്തി വളർത്തൽ ഇക്കാലത്ത് ഞങ്ങളെ വളരെയേറെ സഹായിച്ചിട്ടുണ്ട് എന്ന കാര്യം പ്രത്യേകം പ്രസ്താവ്യമാണ്.


 

ഈ പ്രതിസന്ധിയെ അതിജീവിക്കാനായി സമൂഹമാകെ ഒറ്റക്കെട്ടായി നീങ്ങുന്നു എന്നും ഉറപ്പുവരുത്തി. കോവിഡ്–-19 നെ നേരിടുന്നതിനുള്ള മുദ്രാവാക്യം ‘ശാരീരിക അകലം, സാമൂഹ്യ ഐക്യം’ എന്നതാണ്. സമൂഹത്തെ ഒന്നിപ്പിച്ചു നിർത്താനായി, യഥാസമയം പത്രസമ്മേളനങ്ങൾ വഴിയും മറ്റ് വിനിമയ മാധ്യമങ്ങൾ വഴിയും കാര്യങ്ങൾ ജനങ്ങളെ അറിയിക്കുന്നുണ്ട്. ആധികാരികവും ശാസ്ത്രീയവുമായ വിവരങ്ങൾ പങ്കുവയ്‌ക്കുന്നതിനും വ്യാജവാർത്തകളെയും തെറ്റായ വിവരങ്ങളെയും ചെറുക്കുന്നതിനുമായി സമൂഹമാധ്യമങ്ങളെ ഫലപ്രദമായി ഉപയോഗിച്ചുവരുന്നുണ്ട്. ജനങ്ങൾക്ക് ആശ്വാസം എത്തിച്ചുകൊടുക്കുന്നതിനായി സർക്കാർ സംവിധാനം ഉപയോഗപ്പെടുത്തുന്നുമുണ്ട്. അത്  സാധ്യമാക്കുന്നതിനാണ് കേരള എപ്പിഡെമിക് ഡിസീസസ് ഓർഡിനൻസ്, 2020 പ്രഖ്യാപിച്ചത്. അതുവഴി മഹാമാരിയുടെ കാലത്ത് സാഹചര്യങ്ങൾ ആവശ്യപ്പെടുന്നതനുസരിച്ച്  സർക്കാരിന് ഫലപ്രദമായും സജീവമായും ഇടപെടാൻ കഴിയും.

നാം അഭിമുഖീകരിക്കുന്നത് അത്യസാധാരണമായ ഒരു വെല്ലുവിളിയാണ്. നമ്മുടെ മുന്നോട്ടുപോക്കിനായി,  സംവിധാനങ്ങളാകെയും നമ്മുടെ പ്രതിബദ്ധതയും സഹജീവി സ്നേഹവും എല്ലാം ഒത്തുചേർത്തുകൊണ്ടിരിക്കുകയാണ്. ഈ മഹാമാരി പല വികസിത രാഷ്ട്രങ്ങളെയും നിശ്ചലമാക്കിയിരിക്കുന്നു. ഈ വൈറസിന്റെ വ്യാപനം തടയാനുള്ള കടുത്ത പോരാട്ടത്തിലാണ് കേരളം. കേരളത്തിലെ എൽഡിഎഫ് സർക്കാർ ഇതിന് നേതൃത്വം നൽകുന്നത് യുദ്ധത്തിന്റെ  മുന്നണിയിൽത്തന്നെ നിന്നുകൊണ്ടാണ്.

(അവസാനിച്ച‌ു)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top