02 December Friday

നിയമനസ്ഥിരതയുടെ 6 വർഷം

ബി ജയകുമാർUpdated: Saturday Aug 20, 2022

ഇടതുപക്ഷ സർക്കാരിന്റെ ആറുവർഷത്തെ ജനപക്ഷ ബദൽനയങ്ങൾ ജനജീവിതവുമായി ബന്ധപ്പെട്ട വ്യത്യസ്ത തലങ്ങളിൽ മികച്ച മുന്നേറ്റങ്ങളാണ് സൃഷ്ടിച്ചത്. സ്ഥിതിവിവരക്കണക്കുകൾ വിലയിരുത്തി വിവിധ ദേശീയ ഏജൻസികളും മാധ്യമസ്ഥാപനങ്ങളും ഈ നേട്ടങ്ങൾ സാക്ഷ്യപ്പെടുത്തുന്നു.  പബ്ലിക് അഫയേഴ്സ് ഇൻഡക്സ് സൂചനപ്രകാരം ഇന്ത്യയിൽ ഏറ്റവും മികച്ച ഭരണനിർവഹണമുള്ള സംസ്ഥാനമാണ് കേരളം. 2016ൽ എൽഡിഎഫ്‌ അധികാരത്തിൽ വന്നശേഷം 2022 ജൂൺവരെ പിഎസ്‌സിവഴി നടത്തിയ 1,87,078 നിയമനം സർവകാല റെക്കോഡാണ്.  ഈ സാഹചര്യത്തിലാണ്‌ കേരള പിഎസ്‌സിയിലെ മഹാഭൂരിപക്ഷം ജീവനക്കാരെയും ഉൾക്കൊള്ളുന്ന പിഎസ്‌സി എംപ്ലോയീസ് യൂണിയന്റെ നാൽപ്പത്തൊമ്പതാം സംസ്ഥാന സമ്മേളനം ശനിയും ഞായറും തിരുവനന്തപുരത്ത് ചേരുന്നത്‌.

രണ്ടാമത് അധികാരത്തിൽവന്ന സർക്കാരിന് സാമ്പത്തികപ്രയാസം അഭിമുഖീകരിക്കേണ്ടി വന്നെങ്കിലും തൊഴിലവസരങ്ങൾ സംരക്ഷിക്കുന്നതിന്റെ കാര്യത്തിൽ അതീവശ്രദ്ധ പുലർത്തിയിട്ടുണ്ട്. പുതിയ തസ്തികകൾ സൃഷ്ടിക്കുകയും ചെയ്തു. സാമ്പത്തിക പ്രയാസത്തിന്റെ പേര് പറഞ്ഞ് നിയമന നിരോധനവും പെൻഷൻ പ്രായവർധനയുമെല്ലാം മുൻ യുഡിഎഫ് സർക്കാരുകൾ നടപ്പാക്കി.  തൊഴിലന്വേഷകരായ യുവതയുടെ പ്രതീക്ഷകൾ കെടുത്തുന്ന ഒരു കുറുക്കുവഴിയും സ്വീകരിക്കാൻ എൽഡിഎഫ് സർക്കാർ തയ്യാറല്ലെന്ന്‌  മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയിട്ടുണ്ട്. 

രണ്ടാം എൽഡിഎഫ് സർക്കാർ അധികാരമേറ്റ ശേഷം ജൂൺവരെമാത്രം 26,717 നിയമന ശുപാർശ നടന്നിട്ടുണ്ട്. ജൂണിൽ 2346 നിയമന ശുപാർശയെന്ന മികച്ച ശരാശരിയാണ് കൈവരിക്കാനായത്. ഇന്ത്യയിലെ മറ്റു  പിഎസ്‌സികളുടെ നിയമനനില താരതമ്യേന  കുറവാണെന്നും അതത്‌ സ്ഥാപനത്തിന്റെ വെബ്സൈറ്റുകളുടെ നിയമനക്കണക്ക് പരിശോധിച്ചാൽ വ്യക്തമാകും. യുപിഎസ്‌സി നിലയും വ്യത്യസ്തമല്ല. 

സർക്കാർ നിയമനങ്ങളിൽ മാത്രമല്ല, ഇതര തൊഴിൽമേഖലകളിലും വലിയതോതിലുള്ള അവസരനിഷേധമാണ് രാജ്യത്ത് നിലനിൽക്കുന്നത്. കേരളമൊഴികെയുള്ള സംസ്ഥാനങ്ങളിൽ പരിമിതമായ നിയമനങ്ങൾമാത്രം പിഎസ്‌സി വഴി നടത്തിയിട്ട് ബാക്കിയുള്ളവ റിക്രൂട്ട്മെന്റ് ബോർഡുകളാണ് നിർവഹിക്കുന്നത്.  അതിലേറെയും താൽക്കാലിക നിയമനങ്ങളുമാണ്.  ഭരണഘടനാ സ്ഥാപനങ്ങളെ ചുമതലയേൽപ്പിക്കാതെ സമാന്തര റിക്രൂട്ട്മെന്റ് സ്ഥാപനങ്ങൾ രൂപീകരിക്കുന്നതുവഴി നിയമനങ്ങളിൽ വലിയതോതിൽ നീതി നിഷേധം നടക്കുന്നതായും പരാതികളുണ്ട്.  ചെറുപ്പക്കാരുടെ സ്ഥിരം തൊഴിലെന്ന സ്വപ്നത്തെ വലിയതോതിൽ സാക്ഷാൽക്കരിക്കുന്ന സൈനിക തൊഴിലിൽപ്പോലും കരാർവൽക്കരണം അടിച്ചേൽപ്പിക്കുന്നതാണ് അഗ്നിപഥ് പദ്ധതി നടപ്പാക്കിയതിലൂടെ കണ്ടത്. പ്രതിവർഷം രണ്ട്‌ കോടി തൊഴിൽ വാഗ്ദാനംചെയ്ത് അധികാരത്തിലെത്തിയവർ എട്ട്‌ വർഷം ഭരണം പൂർത്തിയാക്കുമ്പോൾ 15 ലക്ഷം തൊഴിലവസരംമാത്രമാണ് സൃഷ്ടിച്ചത്.

കേരളം ഒരു നോളജ് ഹബ്ബായി പരിണമിക്കുന്ന ഘട്ടത്തിൽ പിഎസ്‌സിയും വലിയതോതിലുള്ള മാറ്റത്തിന്റെ പാതയിലാണ് മുന്നേറുന്നത്. എല്ലാ ജില്ലയിലും ഓൺലൈൻ പരീക്ഷാ കേന്ദ്രങ്ങൾ യാഥാർഥ്യമായിക്കൊണ്ടിരിക്കുന്നു. ഓൺ സ്ക്രീനിങ്‌ വഴിയുള്ള മൂല്യനിർണയം, ഓൺലൈനായിമാത്രം ഒഴിവുകൾ അറിയിക്കുന്ന ഇ–- വേക്കൻസി സമ്പ്രദായം, ചോദ്യശേഖര രൂപീകരണം, കാലഹരണപ്പെട്ട വിശേഷാൽ ചട്ടങ്ങൾക്ക് മാറ്റംവരുത്തുന്നതിലെ വേഗത കൈവരിക്കൽ എന്നിവയെല്ലാം ഈ ദിശയിലുള്ള മാറ്റങ്ങളാണ്. ബിരുദതലംവരെയുള്ള പരീക്ഷകൾ മൂന്ന് ഗ്രൂപ്പായി തിരിച്ച് പ്രാഥമിക പരീക്ഷയും മുഖ്യപരീക്ഷയും എന്നനിലയിൽ രണ്ടുഘട്ട പരീക്ഷ നടത്തുന്നതുവഴി സർവീസിലേക്ക് കടന്നുവരുന്നവരുടെ മെരിറ്റ് ദ്വിതല പരിശോധനയ്ക്ക് വിധേയമാക്കാൻ കഴിഞ്ഞിട്ടുണ്ട്. എന്നാൽ, ഉദ്യോഗാർഥികളുടെ അവസര നഷ്ടമുണ്ടാകാതിരിക്കാനുള്ള മാറ്റങ്ങൾകൂടി ഇതുമായി ബന്ധപ്പെട്ട് പരിഹരിക്കേണ്ടതുണ്ട്.

(കേരള പിഎസ്‌സി എംപ്ലോയീസ് യൂണിയൻ 
ജനറൽ സെക്രട്ടറിയാണ്‌ ലേഖകൻ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top