20 April Saturday

മാറ്റത്തിന്റെ മാറ്റൊലി

ഡോ. യു പി അനിൽUpdated: Tuesday May 24, 2022

എൽഡിഎഫ്‌ നേതൃത്വത്തിലുള്ള രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ ഒരു വർഷം പൂർത്തിയാക്കുമ്പോൾ  പട്ടികജാതി–-പട്ടികവർഗ  ജനസമൂഹത്തെ പൊതുസമൂഹത്തിനൊപ്പം മുന്നിലേക്ക്‌ ഉയർത്തിക്കൊണ്ടുവരുന്നതിന്‌  സർക്കാർ നൽകുന്ന മുൻഗണന  അഭിനന്ദനീയമാണ്. പട്ടികവിഭാഗങ്ങളുടെ ഉന്നമനത്തിന് നടപ്പാക്കുന്ന ഒട്ടേറെ പദ്ധതികൾ നാളുകളായി നിലവിലുണ്ടെങ്കിലും വിവിധ കാരണങ്ങളാൽ അവയുടെ പ്രയോജനം പൂർണമായി ഈ സമൂഹത്തിന്‌ ലഭിക്കുന്നില്ലെന്ന വസ്തുത ഇന്ത്യയെമ്പാടും നിലനിൽക്കുകയാണ്. ഈ സാഹചര്യത്തിൽ പോരായ്മകൾ കണ്ടെത്താനും പരിഹരിക്കാനും തുറന്ന മനസ്സോടെയുള്ള സമീപനം സംസ്ഥാന സർക്കാർ സ്വീകരിക്കുന്നത് മാതൃകാപരമാണ്‌.

വകയിരുത്തലും വിതരണവും
2021-–-22 സാമ്പത്തികവർഷം പട്ടികജാതി വികസനത്തിനായി 2708.54 കോടി രൂപയും പട്ടികവർഗ വികസനത്തിന്‌  781.36 കോടി രൂപയും വകയിരുത്തി.  ഈ തുകയിൽ യഥാക്രമം 1221.15 കോടി,  183.10 കോടി എന്നിങ്ങനെ   തദ്ദേശഭരണ സ്ഥാപനങ്ങൾക്കു നൽകി. ഇത്‌ സംസ്ഥാനത്തിന്റെ മൊത്തം പദ്ധതി അടങ്കലിന്റെ 12.5 ശതമാനത്തിൽ കൂടുതലാണ്‌. കേന്ദ്രസർക്കാർ 2015 മുതൽ ആസൂത്രണ കമീഷനും പഞ്ചവൽസര പദ്ധതി സമ്പ്രദായവും നിർത്തലാക്കിയെങ്കിലും ആ സംവിധാനം  തുടരുന്ന സംസ്ഥാനമെന്ന നിലയിൽ പട്ടികവിഭാഗങ്ങളുടെ ജനസംഖ്യാനുപാതത്തിലും കൂടിയ പ്ലാൻഫണ്ട് അവരുടെ വികസനപ്രവർത്തനങ്ങൾക്കായി വകയിരുത്തുന്ന കേരള സർക്കാരിന്റെ നടപടി ഉചിതമാണ്.

വിവിധ പദ്ധതികൾക്കായി തുക വകയിരുത്തുന്ന രീതി പരിശോധിക്കുകയാണെങ്കിൽ പാവപ്പെട്ടവരുടെ ഏറ്റവും അടിസ്ഥാന ആവശ്യമായ ഭവനനിർമാണത്തിനാണ് സർക്കാർ പ്രഥമ പരിഗണന നൽകിയതെന്നു കാണാം. പട്ടികജാതി വികസനവകുപ്പിന്റെ 34 ശതമാനം തുക ഭവനനിർമാണത്തിനും 22.5 ശതമാനം തുക വിദ്യാഭ്യാസ പുരോഗതിക്കും 12.4 ശതമാനം തുക ഭൂരഹിതർക്ക് ഭൂമി നൽകാനും  മാറ്റിവച്ചു.

ഭൂമിയും വീടും എന്ന അടിസ്ഥാനപ്രശ്‌നം
പട്ടികവിഭാഗത്തിലെ മുഴുവൻ കുടുംബത്തിനും ഭൂമി, -വീട്,- ജീവനോപാധി എന്നിവ ഉറപ്പാക്കുകയെന്ന ലക്ഷ്യത്തിലേക്കുള്ള ചുവടുവയ്‌പെന്ന നിലയിൽ 2021–-22 സാമ്പത്തികവർഷം 418 കോടി രൂപയാണ്  ലൈഫ് മിഷന്‌ കൈമാറിയത്. വനാവകാശ നിയമപ്രകാരം 150 പട്ടികവർഗക്കാർക്ക് 108 ഏക്കർ ഭൂമി വിതരണം ചെയ്തു. പട്ടികവിഭാഗ സങ്കേതങ്ങളിലെ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനുള്ള അംബേദ്കർ ഗ്രാമം പദ്ധതിയിലെ അപാകതകൾ കണ്ടെത്തി പരിഹരിക്കാനും സമയബന്ധിതമായി പൂർത്തിയാക്കാനും  സർക്കാർ നടപടി സ്വീകരിക്കുന്നു. മാത്രമല്ല, അതിദാരിദ്ര്യ സർവേയിലൂടെ കണ്ടെത്തിയ പട്ടികവിഭാഗങ്ങളുടെ ദാരിദ്ര്യം പൂർണമായും തുടച്ചുനീക്കാനുള്ള പ്രത്യേക കർമപദ്ധതി ആവിഷ്‌കരിക്കുന്നതും മനുഷ്യത്വപൂർണമായ നടപടിയാണ്. പട്ടികജാതിക്കാർക്കിടയിലെ അതിദുർബല വിഭാഗങ്ങളായ വേടർ, നായാടി, കല്ലാടി, അരുന്ധതിയാർ തുടങ്ങിയ വിഭാഗങ്ങൾക്കായി പ്രത്യേക വികസന പാക്കേജ് നടപ്പാക്കുന്നതിലൂടെ സർക്കാരിന്റെ ശ്രദ്ധ ഏറ്റവും താഴെത്തട്ടുവരെ എത്തുന്നു.

വിദ്യാഭ്യാസം,- നൈപുണ്യം-, തൊഴിൽ
പട്ടികവിഭാഗങ്ങൾ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക്‌ എത്തുന്നതിന്‌ ഏറ്റവും പ്രധാനമാണ്‌ ഗുണമേന്മയേറിയ വിദ്യാഭ്യാസം,  വിദഗ്‌ധവും വിവിധവുമായ മേഖലകളിൽ നൈപുണ്യശേഷി ,  നല്ല വരുമാനം ലഭിക്കുന്ന തൊഴിൽ എന്നിവ.  പട്ടികവിഭാഗങ്ങളുടെ സാമൂഹ്യപുരോഗതിക്ക് അടിത്തറയായി മാറുന്ന ഈ മൂന്ന് മേഖലയിലും ശ്രദ്ധേയമായ നടപടികൾ സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുന്നുണ്ട്‌.

കോവിഡ് കാലത്ത് ഓൺലൈൻ വിദ്യാഭ്യാസ സൗകര്യമില്ലായ്മ ഏറ്റവുമധികം ബാധിച്ചത് പട്ടികവിഭാഗങ്ങളെ, വിശിഷ്യ പട്ടികവർഗക്കാരെയാണ്. ഊരുകളും സങ്കേതങ്ങളും സ്ഥിതി ചെയ്യുന്ന വിദൂരപ്രദേശങ്ങളിൽ ഇന്റർനെറ്റ് എത്തിക്കാൻവേണ്ട അടിസ്ഥാന സൗകര്യങ്ങളൊരുക്കുകയെന്ന വെല്ലുവിളി സർക്കാർ ഏറ്റെടുത്തത്‌ വലിയ നേട്ടമാണ്.   സമ്പൂർണ പട്ടികവർഗ പഞ്ചായത്തായ ഇടമലക്കുടിയിൽ ഇന്റർനെറ്റ് കണക്ടിവിറ്റിക്കായിമാത്രം നാലരക്കോടി രൂപയുടെ പ്രത്യേക പദ്ധതി നടപ്പാക്കുന്നതും വനമേഖലയിലുള്ള 1284 പട്ടിക വർഗ സങ്കേതത്തിൽ 1085 ഇടത്തും ഇന്റർനെറ്റ് ലഭ്യമാക്കിയതും പട്ടികജാതി- വർഗ വികസന വകുപ്പുകളുടെ പ്രതിബദ്ധതയ്ക്ക് ഉദാഹരണമാണ്. പട്ടികജാതിയിൽപ്പെട്ട 6472 കുട്ടികൾക്ക് പഠനമുറികളും പട്ടികവർഗ വിഭാഗക്കാർക്കായി 278 സാമൂഹ്യ പഠനമുറിയും ഇക്കാലയളവിൽ നിർമിച്ചു.

പട്ടികജാതി- വർഗ വിഭാഗത്തിലെ 4.21 ലക്ഷം വിദ്യാർഥികൾക്ക് പ്രീമെട്രിക് സ്‌കോളർഷിപ്പും രണ്ടു ലക്ഷത്തിൽപ്പരം വിദ്യാർഥികൾക്ക് പോസ്റ്റ്‌മെട്രിക് സ്‌കോളർഷിപ്പും 2021–---22 കാലയളവിൽ വിതരണം ചെയ്‌തു. മറ്റു സംസ്ഥാനങ്ങളിൽ പഠിക്കുന്ന അയ്യായിരത്തോളം കുട്ടികൾക്ക് പഠനസഹായം നൽകി. മാത്രമല്ല, സമർഥരായ വിദ്യാർഥികൾക്ക് മികവുറ്റ വിദേശ സർവകലാശാലകളിൽ പഠിക്കുന്നതിന്‌ ഒരാൾക്ക് 25 ലക്ഷം രൂപവീതം 188 വിദ്യാർഥികൾക്ക് 29 കോടി രൂപ നൽകി. വിദ്യാർഥികൾക്ക് ലാപ്‌ടോപ്, സ്റ്റെതസ്‌കോപ്പ് തുടങ്ങിയവ വാങ്ങാനും എൽഎൽബി, മെഡിക്കൽ, എൻജിനിയറിങ്‌ തുടങ്ങിയ പ്രൊഫഷണൽ കോഴ്‌സുകളിലെ പ്രവേശന പരീക്ഷകൾക്ക് തയ്യാറെടുക്കുന്നതിനുള്ള പ്രത്യേക പരിശീലനം നൽകുന്നതുമെല്ലാം ഉന്നതവിദ്യാഭ്യാസ മേഖലയിൽ പട്ടികവിഭാഗക്കാരുടെ പ്രാതിനിധ്യം ഉറപ്പാക്കാനുപകരിക്കുന്ന പദ്ധതികളാണ്.

വിദ്യാഭ്യാസത്തിലൂടെ പുരോഗതിക്കുവേണ്ട അടിത്തറയിടുന്നതുപോലെതന്നെ പ്രധാനമാണ് വിവിധ നൈപുണ്യങ്ങൾ ആർജിക്കുന്നത്. സ്ഥിരമായ വരുമാനത്തിലേക്കുള്ള പ്രധാന താക്കോലും ഇതുതന്നെയാണ്. പട്ടികജാതിക്കാരുടെ നൈപുണ്യപരിശീലനത്തിനും തൊഴിൽ പദ്ധതികൾക്കുമായി കഴിഞ്ഞ വർഷം അമ്പതുകോടി രൂപയാണ് നീക്കിവച്ചത്. വിജയകരമായി നൈപുണ്യപരിശീലനം പൂർത്തിയാക്കുന്ന വിദ്യാർഥികൾക്ക് സ്വദേശത്തും വിദേശത്തും തൊഴിൽസാധ്യത വർധിക്കും. പട്ടികവർഗ വിഭാഗത്തിലെ 500 പേർക്ക് ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായും 200 പേരെ എക്‌സൈസ് ഗാർഡുകളായും നിയമിച്ച  സർക്കാർ സമീപനം  എടുത്തുപറയേണ്ടതാണ്‌.

ആരോഗ്യം,- സാമൂഹ്യനീതി
പാവപ്പെട്ട പട്ടികവിഭാഗക്കാർക്ക് മെച്ചപ്പെട്ട ചികിൽസ ഉറപ്പാക്കുന്നതിനായി സർക്കാർ ഒന്നാം വർഷം നടത്തിയ ഇടപെടലുകൾ പ്രത്യേകം പറയേണ്ടതുണ്ട്‌. പട്ടികവിഭാഗത്തിലെ 58,978 പേർക്കായി 54 കോടിയിൽപ്പരം രൂപയാണ് കഴിഞ്ഞ വർഷം അനുവദിച്ചത്. കുടുംബത്തിലെ ഏകവരുമാനദായകൻ മരണപ്പെടുന്നതിലൂടെ അനാഥമായ കുടുംബങ്ങളെ സംരക്ഷിക്കുന്ന പദ്ധതിയിൻകീഴിൽ 1592 കുടുംബത്തിന്‌ 32 കോടിയോളം രൂപ വിതരണം ചെയ്തു. പെൺകുട്ടികൾക്കുള്ള വിവാഹധനസഹായം 1.25 ലക്ഷം രൂപയായി ഉയർത്തിയതും പ്രധാന നേട്ടമാണ്.

നവോത്ഥാനത്തിന്റെ ശക്തമായ അടിവേരുകളും പാരമ്പര്യവും കേരളത്തിനുണ്ടെങ്കിലും ഇന്നും ജാതീയമായ വേർതിരിവുകൾക്കും അതിക്രമങ്ങൾക്കും പട്ടികജാതി–- വർഗക്കാരിൽ ചിലരെങ്കിലും ഇരയാകുന്നു എന്നത് വസ്തുതയാണ്. ശക്തമായ നിയമനടപടികളും വ്യാപകമായ സാമൂഹ്യബോധവൽക്കരണത്തിനുമൊപ്പം പട്ടികജാതി–- വർഗക്കാരുടെ സാമൂഹ്യ സാമ്പത്തിക പദവി ഉയരുന്നതും ഇത്തരം ജാതീയ വിവേചനങ്ങൾ ഇല്ലാതാക്കുന്നതിൽ സുപ്രധാന പങ്കുവഹിക്കുന്നു. അതിനാൽ അതിക്രമങ്ങൾക്കെതിരെ നിയമപരമായ സംരക്ഷണം നൽകുന്നതിനൊപ്പംതന്നെ സമൂഹവും പട്ടികവിഭാഗങ്ങളും തമ്മിൽ സാമൂഹ്യമായി ഇഴുകിച്ചേരുന്നതിനായുള്ള ചില പ്രായോഗിക നടപടികളുടെ ഭാഗമായി പട്ടികവിഭാഗങ്ങളെ ക്ഷേത്രജീവനക്കാരായി നിയമിച്ചത്‌ ഏറെ പുരോഗമനപരമായ നടപടിയാണ്‌.

പുതിയ അവസരങ്ങൾ
പട്ടികവിഭാഗങ്ങൾക്കു മാത്രമായി പ്രത്യേക വികസനപദ്ധതികൾ സർക്കാർ നടപ്പാക്കുന്നതിനുപരിയായി പട്ടികവിഭാഗങ്ങൾക്ക് പ്രയോജനപ്പെടുത്താവുന്ന നിരവധി പുതിയ അവസരങ്ങളും മേഖലകളും ഇടതുപക്ഷ സർക്കാർ മുന്നോട്ടുവയ്ക്കുുണ്ട്. അതിൽ പ്രധാനപ്പെട്ടതാണ് വൈജ്ഞാനിക സമ്പദ്‌വ്യവസ്ഥ.

അതുപോലെതന്നെ വളരെ വിപുലമായ നൈപുണ്യ വികസന പദ്ധതിയാണ് സർക്കാർ വിഭാവനം ചെയ്തിട്ടുള്ളത്.  നിർമിത ബുദ്ധി, ഡിജിറ്റൽ സ്‌കിൽ, ഭാഷാ നൈപുണ്യം, ലൈഫ് സ്‌കിൽസ് തുടങ്ങി കേരളത്തെ ഡിജിറ്റൽ ഇക്കോണമിയായി പരിവർത്തനപ്പെടുത്തുന്നതിന്‌ മുന്നുപാധികളിലൊന്നാണ് അത്യന്തം വൈദഗ്ധ്യമുള്ള തൊഴിൽസമൂഹം. ഇതിനായി കെ-ഡിസ്‌ക്, അസാപ്, തുടങ്ങിയ ഏജൻസികളിലൂടെ സർക്കാർ നടത്തുന്ന ശ്രമങ്ങളിൽ,  പരമ്പരാഗതമായിത്തന്നെ നിരവധിയായ നൈപുണ്യശേഷികൾ ഉൾക്കൊള്ളുന്ന പട്ടികജാതി-–-പട്ടികവർഗ സമൂഹത്തിന്‌ പരിഗണന നൽകേണ്ടതുണ്ട്‌.

(ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട്‌ ഓഫ് ഫിനാൻസ് 
ആൻഡ്‌ ടാക്‌സേഷനിലെ റിസർച്ച് 
അസോസിയറ്റാണ്‌ ലേഖകൻ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top