10 June Saturday

എന്തിന്‌ വികസനം മുടക്കുന്നു

കെ ജെ തോമസ്‌Updated: Wednesday May 18, 2022

കേരളത്തിന്റെ വികസന ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലാകുന്ന പദ്ധതിയാണ്‌ സിൽവർ ലൈൻ. രണ്ടാം പിണറായി സർക്കാരിന്റെ തെരഞ്ഞെടുപ്പ്‌ വാഗ്‌ദാനങ്ങളിൽ പ്രധാനപ്പെട്ട പദ്ധതി. ഇതു നടപ്പാക്കാൻ സർക്കാർ ആത്മാർഥമായി പരിശ്രമിക്കുകയും നടപടികൾ വേഗത്തിലാക്കുകയും ചെയ്‌തപ്പോൾ യുഡിഎഫും ബിജെപിയും സമരവുമായി രംഗത്തെത്തി. പരിഷ്‌കൃതരാജ്യങ്ങളിലെല്ലാം അതിവേഗ, ഭൂഗർഭ റെയിൽവേയുണ്ട്‌. ഇന്ത്യയിലെ പല സംസ്ഥാനത്തും ഇത്തരം പദ്ധതികൾ നിലവിലുണ്ട്‌. എന്നാൽ, വികസനവിരുദ്ധരായ കോൺഗ്രസും ബിജെപിയും കേരളത്തിൽമാത്രം സമരരംഗത്താണ്‌. ഈ വഴിമുടക്കൽ സമരം  ആദ്യ അനുഭവമല്ല. എന്നൊക്കെ ഇടതുപക്ഷ സർക്കാർ പുതിയ പദ്ധതികൾ  നടപ്പാക്കാൻ ശ്രമിച്ചിട്ടുണ്ടോ അന്നൊക്കെ വികസനശ്രമങ്ങള അട്ടിമറിക്കാൻ കോൺഗ്രസും യുഡിഎഫും സമരാഭാസവുമായി രംഗത്തുവന്നിട്ടുണ്ട്‌.

പാശ്ചാത്യ രാഷ്ട്രങ്ങളുടെ വികസന മാതൃകകളെപ്പോലും അമ്പരപ്പിച്ച ജനക്ഷേമ മുന്നേറ്റങ്ങൾക്ക് തുടക്കംകുറിച്ച  ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭ അധികാരമേറ്റ 1957 മുതൽ കോൺഗ്രസ്‌ അട്ടിമറി സമരങ്ങളും ആരംഭിച്ചിരുന്നു.  കാർഷികബന്ധ ബിൽ,   വിദ്യാഭ്യാസ ബിൽ, തൊഴിൽ സുരക്ഷിതത്വം, മിനിമം കൂലി ഏർപ്പെടുത്തൽ, ആരോഗ്യരക്ഷാ പദ്ധതികൾ തുടങ്ങി എണ്ണിയാലൊടുങ്ങാത്ത വികസന-ക്ഷേമ പ്രവർത്തനങ്ങൾക്ക്  ആ സർക്കാർ തുടക്കംകുറിച്ചു. ഇവയെല്ലാം രാജ്യത്തിന്‌ മാതൃകയായിത്തീർന്നു. നിയമസഭയിൽ ജനകീയ ബില്ലുകൾ  വരുമ്പോൾ അട്ടിമറിക്കാൻ കോൺഗ്രസ്‌ സഭയ്‌ക്കകത്തും പുറത്തും സമരവുമായി രംഗത്തുവന്നു.
കർഷകത്തൊഴിലാളി പെൻഷൻ ഉൾപ്പെടെ  ക്ഷേമപദ്ധതികൾക്ക്‌ തുടക്കംകുറിച്ചത്‌ 1980ലെ ഇ കെ നായനാർ സർക്കാരായിരുന്നു.  ദശലക്ഷക്കണക്കിന്‌ തൊഴിലാളികൾക്കാണ്‌ പെൻഷൻ ആനുകൂല്യങ്ങൾ നൽകിയത്‌. പെൻഷൻ സർക്കാർ എന്നാക്ഷേപിച്ചാണ്‌ യുഡിഎഫ്‌ ഈ ക്ഷേമപദ്ധതികൾക്കെതിരെ രംഗത്തുവന്നത്‌. 45 രൂപയിൽ തുടങ്ങിയ പെൻഷൻ ഇന്ന്‌ 1600 രൂപയാണ്‌.

1987ലെ നായനാർ സർക്കാരാണ്‌ മാവേലിസ്‌റ്റോർ സംവിധാനം തുടങ്ങിയത്‌. മാവേലിസ്‌റ്റോറിനോട്‌ തുടക്കത്തിലേ വലിയ അസഹിഷ്‌ണുത കാണിച്ച യുഡിഎഫ്‌ തൃശൂരിൽ വാമനസ്‌റ്റോർ തുടങ്ങിയാണ്‌ ഈ ജനകീയ പദ്ധതിയെ അപഹസിച്ചത്‌. കേരളത്തിലെ മുഴുവൻ ആളുകളെയും എഴുത്തിലേക്കും വായനയിലേക്കും ആനയിച്ച ജനകീയ പദ്ധതിയായിരുന്നു സാക്ഷരതാ പ്രസ്ഥാനം. 1987ലെ എൽഡിഎഫ്‌ സർക്കാരിന്റെ കാലത്താണ് സാക്ഷരതാപ്രസ്ഥാനം  വളർന്നത്.  സാമൂഹ്യവും സാംസ്കാരികവും രാഷ്ട്രീയവും സാമ്പത്തികവുമായ കാര്യങ്ങളിൽ ഇടപെടാനുള്ള കഴിവ് ആർജിക്കുമ്പോഴാണ് സാക്ഷരതയ്ക്ക് അർഥമുണ്ടാകുന്നത്. നിരക്ഷരതയുടെ ഒരു തുരുത്തുപോലും കേരളത്തിലുണ്ടാകാൻ പാടില്ലെന്ന സർക്കാർ ലക്ഷ്യം കൈവരിക്കാൻ മഹാഭൂരിപക്ഷം ജനങ്ങളും കൈമെയ്‌ മറന്ന്‌ പ്രവർത്തിച്ചു. തുടക്കംതൊട്ടേ സാക്ഷരതാ പ്രസ്ഥാനത്തെ തള്ളിപ്പറഞ്ഞ കോൺഗ്രസ്‌ നേതൃത്വത്തെ പക്ഷേ അണികൾ തിരുത്തുകയായിരുന്നു.

1996ലാണ്‌ ലോകത്തിന്‌ മാതൃകയായ ജനകീയാസൂത്രണ പ്രസ്ഥാനം കേരളത്തിൽ ചിറകുവിരിച്ചത്‌.  തദ്ദേശസ്ഥാപനങ്ങൾക്ക് വികസനപദ്ധതികൾ ആസൂത്രണം ചെയ്യുന്നതിനും നടപ്പാക്കുന്നതിനുമുള്ള അധികാരം കൈമാറിക്കൊണ്ട് 1996-ലെ നായനാർ സർക്കാർ നടപ്പാക്കിയ വികേന്ദ്രീകൃത ആസൂത്രണപദ്ധതിയാണ് ജനകീയാസൂത്രണം. 1996 ആഗസ്ത്‌ 17ന് ആരംഭിച്ച ചരിത്രപ്രധാനമായ ഒരു പരീക്ഷണമായിരുന്നു ഇത്‌. ഇ എം എസിന്റെ നേതൃത്വത്തിൽ നാനൂറിൽപ്പരം അംഗങ്ങളുള്ള ഒരു ഉന്നതാധികാര മാർഗനിർദേശക സമിതിയും മുഖ്യമന്ത്രി അധ്യക്ഷനായി ഒരു നിർവഹണ സമിതിയും  രൂപീകരിച്ചു. ജനകീയാസൂത്രണത്തിനെതിരായിരുന്നു യുഡിഎഫ്‌ എങ്കിലും പദ്ധതി ആസൂത്രണത്തിൽനിന്ന്‌ വിട്ടുനിൽക്കാൻ അവർക്ക്‌ കഴിയുമായിരുന്നില്ല.ത്രിതല പഞ്ചായത്തിലും വനിതകൾക്ക്‌ 50 ശതമാനം സംവരണം ഏർപ്പെടുത്തി സ്‌ത്രീകളെ അധികാരത്തിന്റെ ഇടനാഴിയിലേക്ക്‌ കൈപിടിച്ചുകൊണ്ടുവന്നതും 96ലെ എൽഡിഎഫ്‌ സർക്കാരായിരുന്നു.

സ്‌ത്രീശാക്തീകരണത്തിന്റെ പൊരുൾ മനസ്സിലാക്കിയാണ്‌ കുടുംബശ്രീ പദ്ധതി ആവിഷ്‌കരിച്ചത്‌. ദാരിദ്ര്യലഘൂകരണത്തിനായി സ്‌ത്രീകൾക്ക്‌ വായ്‌പാ സൗകര്യം ലഭ്യമാക്കുകയെന്ന ആശയത്തിലായിരുന്നു തുടക്കം. ഇന്നത്‌ ആഹാരം, പാർപ്പിടം, വസ്‌ത്രം, വിദ്യാഭ്യാസം, തൊഴിൽ, ശുദ്ധമായ കുടിവെള്ളം, ഗതാഗത സംവിധാനം, വരുമാനം, സൂക്ഷ്‌മസംരംഭം, സമ്പാദ്യവും വായ്‌പയും, അതിക്രമങ്ങൾ പ്രതിരോധിക്കൽ, സുരക്ഷ ഉറപ്പാക്കൽ എന്നിവയിലൂടെ മുന്നേറുകയാണ്‌. 1998 മെയ് പതിനേഴിന്‌ അമ്പതിനായിരത്തിലധികം സ്ത്രീകൾ പങ്കെടുത്ത മഹാ സമ്മേളനത്തിലാണ്‌ കുടുംബശ്രീ ഉദ്‌ഘാടനം ചെയ്തത്‌. മലപ്പുറത്തെ കോട്ടക്കുന്ന് മൈതാനിയിലെ സ്ത്രീ പ്രവാഹം കണ്ട് ഉദ്‌ഘാടകനായിരുന്ന അന്നത്തെ പ്രധാനമന്ത്രി വാജ്പേയി പോലും അതിശയിച്ചു പോയി. ‘ഇത്രയധികം സ്ത്രീകളെ ഒന്നിച്ച് കാണുന്നത്‌ ആദ്യം’ എന്നാണ്‌ പ്രസംഗിച്ചത്‌. ഇത്‌ കുടുംബശ്രീയുടെ രജത ജൂബിലി വർഷമാണ്‌.   കുടുംബശ്രീയെ തകർത്താലേ എൽഡിഎഫിനെ തകർക്കാനാകൂ എന്ന്‌ കണക്കുകൂട്ടി ജനശ്രീ പദ്ധതിയുമായി യുഡിഎഫ്‌ പ്രതിരോധം തീർത്തെങ്കിലും ജനം അത്‌ തിരസ്‌കരിച്ചു.

കിഫ്‌ബിക്കു ലഭിച്ച സാർവത്രിക അംഗീകാരവും കിഫ്‌ബിയുടെ ഗുണഫലങ്ങളും ജനങ്ങളെ സന്തോഷഭരിതരാക്കുന്നു. ഒപ്പം വിമർശകരെ അസ്വസ്ഥരുമാക്കുന്നു.

കേരള ചരിത്രത്തിലെ ഏറ്റവും വലിയ വികസന വിപ്ലവത്തിനാണ്‌ ഒന്നാം പിണറായി സർക്കാർ തുടക്കമിട്ടത്‌.  സാമ്പത്തിക പിന്നാക്കാവസ്ഥ മറികടന്ന്‌ വികസിത സംസ്ഥാനമായി മാറണമെങ്കിൽ ഉൽപ്പാദനമേഖലയിൽ വൻമൂലധനനിക്ഷേപം കൂടിയേതീരൂ. നിക്ഷേപം വരാൻ പശ്‌ചാത്തല സൗകര്യങ്ങൾ ശക്തിപ്പെടണം. അതിന്‌ പണം കണ്ടെത്താനാണ്‌ കിഫ്‌ബി സംവിധാനം ഫലപ്രദമാക്കാൻ സർക്കാർ തീരുമാനിച്ചത്‌. സംസ്ഥാനത്തിന്റെ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ നടപ്പാക്കാനാണ്‌ കിഫ്‌ബി (കേരള ഇൻഫ്രാസ്‌ട്രക്‌ചർ ഇൻവെസ്‌റ്റ്‌മെന്റ്‌ ഫണ്ട്‌ ബോർഡ്‌) രൂപീകരിച്ചത്‌. കിഫ്‌ബിക്കെതിരെ യുഡിഎഫ്‌ നടത്തിയ ദുഷ്‌പ്രചാരണത്തിനും സമരകോലാഹലങ്ങൾക്കും കൈയുംകണക്കുമില്ല. വികസനപ്രവർത്തനങ്ങൾ വേഗതയാർജിച്ചതോടെ വിമർശങ്ങൾ സ്വയം കെട്ടടങ്ങി; യുഡിഎഫ്‌ പരിഹാസ്യരായി. കണ്ണഞ്ചിപ്പിക്കുന്ന വേഗത്തിലാണ്‌ പ്രതിപക്ഷ എംഎൽഎമാരുടെയടക്കം 140 നിയോജക മണ്ഡലത്തിലും കിഫ്‌ബി സഹായത്തോടെ വികസനപ്രവർത്തനങ്ങൾ മുന്നേറുന്നത്‌. കിഫ്‌ബിക്കു ലഭിച്ച സാർവത്രിക അംഗീകാരവും കിഫ്‌ബിയുടെ ഗുണഫലങ്ങളും ജനങ്ങളെ സന്തോഷഭരിതരാക്കുന്നു. ഒപ്പം വിമർശകരെ അസ്വസ്ഥരുമാക്കുന്നു.

60,000 കോടി രൂപയുടെ വികസനപ്രവർത്തനങ്ങളാണ്‌ ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത്‌ നടപ്പാക്കിയത്‌. മെഡിക്കൽ കോളേജുകളടക്കം സംസ്ഥാനത്തെ ആശുപത്രികൾക്ക്‌ പുതിയ കെട്ടിടങ്ങളും ആധുനിക ഉപകരണങ്ങളും ലഭ്യമാക്കി. ഇതുവഴി ആരോഗ്യരംഗം മെച്ചപ്പെട്ടു. സ്‌കൂളുകൾക്ക്‌ പുതിയ കെട്ടിടവും കുട്ടികൾക്ക്‌ പഠനസൗകര്യവുമുണ്ടായി. പുതിയ റോഡുകളും പാലങ്ങളും ഓവർബ്രിഡ്‌ജുകളും ബൈപാസ്‌ റോഡുകളും യാഥാർഥ്യമായി.

കൺമുന്നിലെ നന്മകൾക്കെതിരെ യുഡിഎഫ്‌ നടത്തിയ സമരമാണ്‌ സിൽവർ ലൈൻ പദ്ധതിക്കെതിരെയും എന്ന തിരിച്ചറിവ്‌ ജനങ്ങൾക്കുണ്ട്‌. സംസ്ഥാനത്തിന്റെ മുഖച്ഛായ മാറ്റുന്ന ഈ പദ്ധതിക്ക്‌ ഭൂമി നൽകേണ്ടതിന്റെ അനിവാര്യത ബോധ്യമുള്ളവരാണ്‌ മഹാഭൂരിപക്ഷവും. നഷ്ടപ്പെടുന്ന വീടിനും ഭൂമിക്കും പകരം തൃപ്‌തികരമായ പുനരധിവാസ പാക്കേജാണ്‌ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചത്‌. ദേശീയപാത, ഗെയ്‌ൽ പദ്ധതികളുടെ അനുഭവത്തിൽനിന്ന്‌ സർക്കാരിന്‌ ഭൂമി വിട്ടുനൽകുന്നവർ കണ്ണീർ കുടിക്കേണ്ടി വരില്ലെന്നുറപ്പുണ്ട്‌. ജനങ്ങളുടെ ഈ വിശ്വാസമാണ്‌ സംസ്ഥാന സർക്കാരിന്റെ കരുത്ത്‌. എന്നാൽ, രാഷ്‌ട്രീയവൈരംവച്ച്‌ യുഡിഎഫും ബിജെപിയും ചില മാധ്യമങ്ങളുടെ പിന്തുണയോടെ മുഖ്യമന്ത്രിയെയും സർക്കാരിനെയും അനാവശ്യ വിവാദങ്ങൾക്കിരയാക്കാൻ ശ്രമിക്കുന്നത്‌ അത്യന്തം അപലപനീയമാണ്‌. നാട്ടിൽ വികസനമെത്തിക്കാനും അതിനൊപ്പം ജനങ്ങളെ ചേർത്തുനിർത്താനുമുള്ള കടമ സർക്കാരിനുണ്ട്‌. അതാണ്‌ പിണറായി സർക്കാർ നിർവഹിക്കുന്നത്‌.

ഇതൊക്കെയാണ്‌ വികസനം. ഇതിനെതിരെയാണ്‌ യുഡിഎഫ്‌ സമരാഭാസവുമായി രംഗത്തിറങ്ങുന്നത്‌. ജനങ്ങൾ ഇത്‌ തിരിച്ചറിയുകതന്നെ ചെയ്യും. തൃക്കാക്കരയിലെ പ്രബുദ്ധരായ വോട്ടർമാർ വികസനത്തിനായി നിൽക്കുന്ന എൽഡിഎഫിന്‌ വോട്ടുചെയ്യും.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top