29 March Friday

സാക്ഷര കേരളത്തിന്റെ ബദൽവഴി

എസ് പി നമ്പൂതിരിUpdated: Wednesday May 11, 2022

കേരള ചരിത്രത്തിൽ ആദ്യമായി ഭരണത്തുടർച്ച ലഭിച്ച ഇടതുപക്ഷ സർക്കാർ ഒന്നാംപിറന്നാൾ ആഘോഷിക്കുന്നു. ജനങ്ങളിലാകെ മതപരമായ ഭിന്നത സൃഷ്ടിച്ചുകൊണ്ട് വലതുപക്ഷ - പ്രതിലോമശക്തികൾ ഇന്ത്യയിലാകെ തേരോട്ടം നടത്തുമ്പോൾ ഈ സാക്ഷരകേരളം വ്യത്യസ്തമായ ഒരുവഴി കാണിച്ചുകൊടുക്കുകയാണ്. ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല. 1957ലെ ഒന്നാം ഇ എം എസ് മന്ത്രിസഭയുടെ കാലംമുതൽ തുടർന്നുവരുന്നതാണ്. ഓരോ ഇടതുപക്ഷ സർക്കാരിന്റെയും ജനക്ഷേമപരിപാടികളും പിന്നാലെ വന്ന വലതുപക്ഷ സർക്കാരുകളുടെ പിൻനടത്തങ്ങളും ഈയവസരത്തിൽ നാം വിലയിരുത്തേണ്ടതുണ്ട്. ഒന്നാം ഇ എം എസ് മന്ത്രിസഭയിലെ മൂന്നു മന്ത്രിമാർ കമ്യൂണിസ്റ്റുകാരായിരുന്നില്ല; സ്വതന്ത്രൻമാരായിരുന്നു. പ്രൊഫ. ജോസഫ് മുണ്ടശ്ശേരി, വി ആർ കൃഷ്ണയ്യർ, ഡോ. എ ആർ മേനോൻ എന്നീ പ്രഗത്ഭമതികളെ മന്ത്രിമാരാക്കിയത് അതത് മേഖലയിൽ അവർ നൽകിയ സംഭാവനകളെ മുൻനിർത്തിയാണ്.

പിൽക്കാലത്ത് വിഖ്യാതമായിത്തീർന്ന കേരള മോഡലിൽ ഇവരുടെയൊക്കെ സംഭാവനകളുണ്ടായിരുന്നു. ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭയെന്ന നിലയിലാണ് ആ മന്ത്രിസഭ അറിയപ്പെട്ടിരുന്നത്. വാസ്തവത്തിൽ അത് ഭരണമേഖലയിലെ ആദ്യത്തെ ഐക്യമുന്നണി പരീക്ഷണമായിരുന്നു. അന്ന് ഇ എം എസ് തന്നെ അത് വ്യക്തമാക്കിയിരുന്നു. ആതുരസേവന–-വിദ്യാഭ്യാസ മേഖലകളിൽ കേരളം കൈവരിച്ച നേട്ടങ്ങളെക്കുറിച്ച് വലതുപക്ഷക്കാരും ഇപ്പോൾ തർക്കിക്കുമെന്ന് തോന്നുന്നില്ല. അന്ന് ജലസേചനമന്ത്രിയായിരുന്ന വി ആർ കൃഷ്ണയ്യർ കേരളത്തിലെ ജല സമ്പത്തിനെക്കുറിച്ചും അതിന്റെ സാധ്യതകളെക്കുറിച്ചും നടത്തിയ പ്രസിദ്ധമായ ഒരു പഠനമുണ്ട്. അത് പുസ്തകരൂപത്തിലാക്കി പ്രധാനമന്ത്രി ജവാഹർലാൽ നെഹ്‌റുവിന് സമർപ്പിച്ചിരുന്നു. ആ പുസ്തകത്തിലാണ്  ആലപ്പുഴയെ  ‘കേരളത്തിലെ വെനീസ്' എന്ന് ആദ്യമായി വിശേഷിപ്പിച്ചത്. നീണ്ട കടൽത്തീരം, കായലുകൾ, 44 പുഴ, തോടുകൾ എന്നിവയുടെ  സാധ്യതാപഠനമായിരുന്നു അത്‌. ഇപ്പോൾ ഈ സർക്കാർ പൂർത്തിയാക്കിക്കൊണ്ടിരിക്കുന്ന ഉൾനാടൻ ജലഗതാഗതപദ്ധതി അന്ന്  കൃഷ്ണയ്യർ നെഹ്‌റുവിനു സമർപ്പിച്ച പദ്ധതിയുടെ ഭാഗമാണ്.

എല്ലാവരും പ്രശംസിക്കുന്ന കേരളമാതൃകയ്ക്ക് അടിത്തറയിട്ടത് ഒന്നാം ഇ എം എസ് മന്ത്രിസഭയാണെങ്കിൽ ആ വികസനമാർഗം സമർഥമായും ഫലപ്രദമായും പിന്തുടരുന്നത് പിണറായി സർക്കാരാണെന്ന് മുൻവിധികളില്ലാത്ത രാഷ്ട്രീയ വിദ്യാർഥികൾ വിലയിരുത്തുമെന്നതിൽ സംശയമില്ല. ഒന്നാംവാർഷിക വേളയിൽ രണ്ടാംപിണറായി സർക്കാരിനു ലഭിക്കുന്ന മഹത്തായ ഒരംഗീകാരമായിരിക്കും ഈ രാഷ്ട്രീയാപഗ്രഥനം. പ്രകൃതിക്ഷോഭങ്ങൾക്കും മഹാമാരികൾക്കും കേന്ദ്ര അവഗണനകൾക്കുമിടയിലും വികസനപദ്ധതികൾ കേരളം വിജയകരമായി നിർവഹിക്കുന്നുവെന്നത് നിസ്സാരകാര്യമല്ല.

ശാസ്ത്രീയ സംവാദങ്ങളിൽ സിദ്ധാന്തപക്ഷവും പൂർവപക്ഷവും വാദമുഖങ്ങൾ അവതരിപ്പിക്കും. പൂർവപക്ഷത്തെ യുക്തിപൂർവം ഖണ്ഡിച്ചാൽ മാത്രമേ സിദ്ധാന്തപക്ഷം ശാസ്ത്രസത്യമായി അംഗീകരിക്കപ്പെടുകയുള്ളൂ. കേരളത്തിലെ ഇടതുപക്ഷ സർക്കാരുകളെല്ലാം സിദ്ധാന്തപക്ഷവും വലതുപക്ഷ സർക്കാരുകളെല്ലാം പൂർവപക്ഷവുമാണെന്ന് തോന്നിപ്പോകുന്നു. പോരാ, ഇന്ത്യയൊട്ടാകെയുള്ള വലതുപക്ഷശക്തികളുടെ പൂർവപക്ഷത്തെ യുക്തിപൂർവം ഖണ്ഡിച്ചുകൊണ്ട് സിദ്ധാന്തപക്ഷം സ്ഥാപിക്കുകയെന്ന ഭാരിച്ച ഉത്തരവാദിത്വവും ഒരുവർഷം പൂർത്തിയാക്കുന്ന രണ്ടാം പിണറായി സർക്കാരിൽ വന്നുചേർന്നിരിക്കുന്നു. ഇന്ത്യയൊട്ടാകെ ആകുമ്പോൾ പൂർവപക്ഷം കേരളത്തിലെപ്പോലെ നിസ്സാരമല്ല. - പ്രതിലോമശക്തികളുടെ പ്രചണ്ഡമായ പ്രതിരോധത്തെ തന്നെ നേരിടേണ്ടിവരും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top