03 October Tuesday

സദ്‌ഭരണത്തിന്റെ നേരനുഭവങ്ങൾ - ടി ഡി രാമകൃഷ്‌ണൻ എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Friday May 19, 2023

ഇടതുപക്ഷ ജനാധിപത്യമുന്നണി തുടർഭരണത്തിൽ എത്തിയിട്ട് രണ്ടുവർഷം കഴിയുമ്പോൾ സംസ്ഥാനത്തിന്റെ സമസ്ത മേഖലയിലും വലിയ മാറ്റങ്ങളാണ് സംഭവിക്കുന്നത്. അതിൽ ഏറ്റവും പ്രധാനം സമൂഹത്തിന്റെ താഴേത്തട്ടിലുള്ളവരുടെ ജീവിതത്തെ മെച്ചപ്പെടുത്തുന്നതിനായി നടപ്പാക്കിയ പദ്ധതികൾ തന്നെയാണ്. 57 ലക്ഷത്തോളംപേർക്ക് മാസം 1600 രൂപ വീതം സാമൂഹ്യസുരക്ഷാ പെൻഷൻ മുടങ്ങാതെ നൽകുന്നതാണ് ഇവയിൽ ഏറ്റവും പ്രധാനപ്പെട്ടത്. പല കാരണത്താൽ സ്വയം അധ്വാനിച്ച് ജീവിക്കാൻ ബുദ്ധിമുട്ടുള്ളവർക്ക് വലിയൊരു സഹായമാണത്. അതോടൊപ്പം കുടുംബശ്രീ ജനകീയ ഹോട്ടലുകളും ആരോഗ്യരംഗത്തുൾപ്പെടെ എല്ലാ മേഖലയിലും സാധാരണക്കാർക്ക് നൽകുന്ന ആനുകൂല്യങ്ങളും ഈ സർക്കാർ ആർക്കുവേണ്ടിയാണ് നിലകൊള്ളുന്നതെന്ന് വ്യക്തമാക്കുന്നു. സംസ്ഥാനത്തെ ഭവനരഹിതർക്കായി ലൈഫ് പദ്ധതിയിലൂടെ മൂന്നുലക്ഷത്തി നാൽപ്പതിനായിരത്തോളം വീടുകൾ നിർമിച്ചുനൽകിയത് ഇതിനു പുറമെയാണ്.

കേരളത്തെ വിശപ്പുരഹിത സംസ്ഥാനമാക്കി മാറ്റിയതിനോടൊപ്പം സമൂഹത്തിന്റെ ഏറ്റവും അടിത്തട്ടിലുള്ള അതിദരിദ്ര വിഭാഗത്തിൽപ്പെട്ടവരുടെ എണ്ണം പരമാവധി കുറയ്‌ക്കാനും ഈ സർക്കാരിന് കഴിഞ്ഞിട്ടുണ്ട്. നമ്മുടെ സംസ്ഥാനത്ത് അതിദരിദ്രരായി ആരുമുണ്ടാകാത്തവിധം സാമൂഹ്യസുരക്ഷാ പദ്ധതികൾ ഉറപ്പുവരുത്താനുള്ള ശ്രമങ്ങളാണ്‌ ഇപ്പോൾ നടന്നുവരുന്നത്. സംസ്ഥാനത്ത് ഒരു പൗരനും പട്ടിണി കിടക്കേണ്ട അവസ്ഥയുണ്ടാകാൻ പാടില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകളാണ് നമ്മളൊരു ഭരണാധികാരിയിൽനിന്ന് കേട്ട ഏറ്റവും മനുഷ്യത്വപരമായ പ്രഖ്യാപനം.

കോവിഡ്‌ മഹാമാരി സമ്പദ്‌‌വ്യവസ്ഥയ്‌ക്ക് കനത്ത ആഘാതമേൽപ്പിച്ച സമയത്താണ് ഈ സർക്കാർ വീണ്ടും അധികാരത്തിൽ വരുന്നത്. കേന്ദ്ര സർക്കാരിന്റെ വിചിത്രമായ നിലപാടുകളും നയങ്ങളും സംസ്ഥാനത്തെ കൂടുതൽ സമ്മർദത്തിലാക്കുകയും ചെയ്തു. എന്നിട്ടും അടിസ്ഥാനസൗകര്യങ്ങളുടെ വികസനം നല്ല രീതിയിൽ മുന്നോട്ടുകൊണ്ടുപോകാൻ കഴിയുന്നുണ്ട്. അതിലെടുത്ത് പറയേണ്ടത് റോഡുകളുടെ വികസനമാണ്. സംസ്ഥാനത്തിന്റെ എല്ലാ ജില്ലയിലും ഉൾപ്രദേശങ്ങളിൽവരെ ഇന്ന്‌ ഒന്നാന്തരം റബറൈസ്ഡ് റോഡുകളുണ്ട്. ഏറെക്കാലമായി പല കാരണത്താൽ പൂർത്തിയാകാതിരുന്ന കുതിരാൻ തുരങ്കവും പല പ്രധാന ബൈപാസുകളും കഴിഞ്ഞ വർഷങ്ങളിലാണ് പൂർത്തിയായി തുറന്നുകൊടുത്തത്. മാത്രമല്ല, ഏറെക്കാലമായി മുടങ്ങിക്കിടന്നിരുന്ന നാഷണൽ ഹൈവേ നിർമാണം ത്വരിതഗതിയിൽ മുന്നേറുകയുമാണ്. കേന്ദ്ര സർക്കാർ പദ്ധതിയാണെങ്കിലും സംസ്ഥാന സർക്കാരിന്റെ നിശ്ചയദാർഢ്യത്തോടെയുള്ള ഇടപെടലിന്റെ ഫലമായിട്ടാണ് ഹൈവേ നിർമാണം പുനരാരംഭിക്കാനായത്. മുൻകാലങ്ങളിൽനിന്ന് വ്യത്യസ്തമായി നിലനിൽക്കുന്ന യാത്രാ സൗകര്യത്തിന് വലിയ തടസ്സം സൃഷ്ടിക്കാതെ സമാന്തര സംവിധാനങ്ങളൊരുക്കിയാണ് ഹൈവേ നിർമാണം നടക്കുന്നതെന്നത് വലിയൊരു ആശ്വാസമാണ്. കേരളത്തിന്റെ ഒരറ്റംമുതൽ മറ്റേയറ്റംവരെ അടുത്ത രണ്ടോ മൂന്നോ വർഷത്തിനുള്ളിൽ യാഥാർഥ്യമാകുന്ന ഈ ആറുവരിപ്പാത കേരളത്തിന്റെ മുഖച്ഛായ മാറ്റുമെന്ന കാര്യത്തിൽ ഒരു സംശയവുമില്ല. 


 

ട്രാൻസ്പോർട്ട് പ്ലാനിങ്, റോഡായാലും റെയിൽവേയായാലും ഏറ്റവും ചുരുങ്ങിയത് 50 മുതൽ 100 വർഷം വരെയെങ്കിലുമുള്ള കാലയളവിൽ സംഭവിക്കാൻ സാധ്യതയുള്ള മാറ്റങ്ങളെ മുൻകൂട്ടിക്കണ്ട് ദീർഘവീക്ഷണത്തോടെ ആവിഷ്കരിച്ച് നടപ്പാക്കേണ്ട കാര്യമാണ്. അത്തരത്തിൽ ചെയ്യാത്തതിന്റെ ഫലമായിട്ടുണ്ടാകുന്ന പ്രശ്നങ്ങളാണ് നാമിപ്പോൾ അനുഭവിക്കുന്നത്. ഈ യാഥാർഥ്യം ഗൗരവത്തോടെ പരിഗണിച്ച് പൊതുഗതാഗത സംവിധാനം ജാഗ്രതയോടെ വികസിപ്പിച്ചെടുത്തില്ലെങ്കിൽ കേരളംപോലെ വലിയ ജനസാന്ദ്രതയുള്ളൊരു സംസ്ഥാനം പത്തിരുപത്‌ വർഷം കഴിയുമ്പോൾ വലിയ പ്രതിസന്ധി നേരിടേണ്ടിവരും. ഓരോ ദിവസവും നിരത്തിലിറങ്ങുന്ന നൂറുകണക്കിന് പുതിയ സ്വകാര്യ വാഹനങ്ങളെക്കൊണ്ട് നമ്മുടെ റോഡുകൾ തിങ്ങിനിറയും. ഇപ്പോഴത്തെ പീക്ക് മണിക്കൂറുകളിലെ ബ്ലോക്കുകൾ പലമടങ്ങാകും. ഈ പ്രതിസന്ധി നേരിടാൻ വളരെ സഹായമാകുന്ന പദ്ധതിയാണ് സിൽവർ ലൈൻ. നിലവിലുള്ള റെയിൽവേ സംവിധാനത്തിൽ എന്തു പരിഷ്കാരം വരുത്തിയാലും ട്രെയിനുകളുടെ വേഗത കാര്യമായി വർധിപ്പിക്കാനോ കൂടുതൽ ട്രെയിനുകൾ ഓടിക്കാനോ സാധ്യമല്ല. അതിനുവേണ്ടി പുതിയ ലൈൻ പണിയുകതന്നെ വേണം. വന്ദേഭാരത് എക്സ്പ്രസ് പോലെയുള്ള ലക്ഷ്വറി ട്രെയിനുകൾ നിലവിലുള്ള സർവീസുകളുടെ വേഗത കുറയ്‌ക്കുകയും സാധാരണക്കാരുടെ യാത്ര കൂടുതൽ ദുരിതമയമാക്കുകയും ചെയ്യും. പ്രതിപക്ഷത്തിനും മറ്റു വിമർശകർക്കും രാഷ്ട്രീയമായ താൽപ്പര്യങ്ങൾ മാറ്റിവച്ച് ഈ യാഥാർഥ്യത്തെ അംഗീകരിക്കേണ്ടിവരുമെന്ന കാര്യത്തിൽ സംശയമില്ല.

രണ്ടാം പിണറായി സർക്കാരിന്റെ സാംസ്കാരികരംഗത്തെ നേട്ടങ്ങളും എടുത്തുപറയേണ്ടതാണ്. സിനിമ, സാഹിത്യം, സംഗീതം, ചിത്രകല തുടങ്ങിയ വിവിധ മേഖലയിൽ പ്രവർത്തിക്കുന്ന അക്കാദമികൾ നടത്തുന്ന പ്രവർത്തനങ്ങൾ സാംസ്കാരിക രംഗത്ത് വലിയ ഉണർവുണ്ടാക്കിയിട്ടുണ്ട്. സച്ചിദാനന്ദൻ മാഷിനെപ്പോലെ  ആഗോളതലത്തിൽ അറിയപ്പെടുന്നൊരു എഴുത്തുകാരന്റെ നേതൃത്വത്തിൽ സാഹിത്യ അക്കാദമി ശ്രദ്ധേയമായ പ്രവർത്തനങ്ങളാണ് ചെയ്യുന്നത്. കേരളീയ സമൂഹത്തിലെ എല്ലാ വിഭാഗത്തിലുംപെട്ട മനുഷ്യരെ പരിഗണിച്ചുള്ള നിരവധി സാഹിത്യ പരിപാടികളാണ് അക്കാദമിയുടെ നേതൃത്വത്തിൽ നടക്കുന്നത്. കേരളത്തിലുടനീളം സർക്കാർതലത്തിലും മറ്റു സംഘടനകളുടെയും പ്രസാധകരുടെയും നേതൃത്വത്തിലും നിരവധി സാഹിത്യോത്സവങ്ങൾ സംഘടിപ്പിക്കപ്പെടുന്നു. അതിന്റെ ഭാഗമായി വ്യത്യസ്ത വിഷയത്തിൽ നിരവധി സംവാദങ്ങൾ നടക്കുന്നു. അതിൽ എഴുത്തുകാരും സാംസ്കാരിക പ്രവർത്തകും മന്ത്രിമാരും മറ്റു രാഷ്ട്രീയ നേതാക്കളുമെല്ലാം പങ്കെടുക്കുന്നു. സംവാദങ്ങളെ നിരാകരിക്കുന്ന ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ കാലത്ത് അതെല്ലാം വലിയ സാംസ്കാരിക പ്രതിരോധങ്ങളായി മാറുന്നുണ്ട്. ബിനാലെ പോലെയുള്ള കലയുടെ ഉത്സവങ്ങളും ഫിലിം ഫെസ്റ്റിവലുകളും നാടകോത്സവങ്ങളും ഈ പ്രതിരോധത്തിന് കൂടുതൽ ശക്തിപകരുന്നവയാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top