29 March Friday

വിജയ ‘നൂറ്‌ ’ - ദിനേശ് വർമ എഴുതുന്നു

ദിനേശ് വർമUpdated: Saturday Sep 18, 2021

വസ്തുതകളിൽനിന്ന്‌ എത്രയോ അകലെനിന്നാണ്‌ പല മാധ്യമങ്ങളും കേരളത്തിലെ രാഷ്‌ട്രീയ സാഹചര്യം വിലയിരുത്തിയത്‌ എന്ന്‌ പച്ചയായി തെളിയിച്ചു നിയമസഭാ തെരഞ്ഞെടുപ്പ്‌. അൽപ്പായുസ്സുള്ള വിവാദങ്ങളിൽ ജനങ്ങളെ കെട്ടിയിടാൻ ശ്രമിച്ചു. അടിസ്ഥാനമില്ലാത്ത കാര്യങ്ങൾ വിശ്വസിപ്പിക്കാനും അതുവഴി സർക്കാരിനെതിരെ തിരിക്കാനും നോക്കി. എന്നാൽ, ജനം അതിലൊന്നും വീഴില്ലെന്ന്‌ അന്നേ ഇടതുപക്ഷവും മുഖ്യമന്ത്രി പിണറായി വിജയനും വ്യക്തമാക്കിയിരുന്നു. നേരിട്ട്‌ കണ്ടതും അനുഭവിച്ച്‌ അറിഞ്ഞതുമായ സർക്കാരിനെയാണ്‌ ജനം വിശ്വസിച്ചത്‌. ജനങ്ങൾക്ക്‌ ഇന്നാവശ്യമുള്ളതും നാളേക്ക്‌ ആവശ്യമായി വരുന്നതുമായ കാര്യങ്ങൾ ആസൂത്രിതമായും സമയബന്ധിതമായും നടപ്പാക്കിയാണ്‌ സർക്കാർ ആ വിശ്വാസ്യത നേടിയത്‌. വലിയ പ്രതിസന്ധികളുടെ മുന്നിൽ, അവസരം ജനത്തിന്‌ ഉപകാരപ്രദമായി എങ്ങനെ മാറ്റാം എന്നാണ്‌ സർക്കാർ ചിന്തിച്ചത്‌. ആ ശ്രേണിയിൽ ഏറ്റവും മുന്നേറ്റംകുറിച്ച പ്രവർത്തനമാണ്‌ ‘ നൂറുദിന പരിപാടി. ’

രണ്ടാം പിണറായി സർക്കാർ ആദ്യം പ്രഖ്യാപിച്ച നൂറുദിന പരിപാടിയും പൂർത്തിയായിരിക്കുന്നു. വികസന പന്ഥാവിൽ മറ്റൊരു നാഴികക്കല്ലായി അവ. എല്ലാ വിഭാഗം ജനങ്ങളെയും എപ്രകാരമാണ്‌ സർക്കാർ ഉൾക്കൊള്ളുന്നത്‌ എന്നതിന്റെ മാതൃക. ലെനിൻ പറഞ്ഞതുപോലെ ‘ രാഷ്‌ട്രീയം എന്നത്‌ കേവലം ആയിരങ്ങളെ മുന്നിൽക്കണ്ട്‌ നടത്തുന്ന പ്രവർത്തനമല്ല, ദശലക്ഷങ്ങളെയാണ്‌ മുന്നിൽ കാണുന്നത്‌. ’

പഠനം, തൊഴിൽ, ഉന്നതി
തൊഴിലവസരങ്ങളും അടിസ്ഥാനസൗകര്യങ്ങളും പരമാവധി വർധിപ്പിക്കുക സർക്കാരിന്റെ പ്രധാന ദൗത്യമായി പ്രഖ്യാപിച്ചു. ഉന്നത വിദ്യാഭ്യാസരംഗം കാലം ആവശ്യപ്പെടും വിധം പരിഷ്‌കരിക്കുന്നു. പാവങ്ങൾക്ക്‌ വീട്‌ നിർമിച്ചു നൽകുന്നതിലും ക്ഷേമ പദ്ധതികൾ നടപ്പാക്കുന്നതിലും റെക്കോഡ്‌ നേട്ടമാണുണ്ടാക്കിയത്‌. കേരളത്തിന്റെ മുഖച്ഛായ അക്ഷരാർഥത്തിൽ മാറ്റുംവിധമുള്ള വികസന പ്രവർത്തനമാണ്‌ വ്യവസായരംഗത്ത്‌ നടക്കുന്നത്‌. മീറ്റ്‌ ദ മിനിസ്‌റ്റർ പരിപാടിയുടെ വിജയകരമായ പൂർത്തീകരണത്തിനുശേഷം ‘ മീറ്റ്‌ ദ ഇൻവെസ്‌റ്ററി ’ ലേക്ക്‌ കടന്നപ്പോൾ നിക്ഷേപകരുടെ ആത്മവിശ്വാസമാണ്‌ വർധിച്ചത്‌. പൊതുമരാമത്ത് വകുപ്പ്, റീബിൽഡ് കേരളാ ഇനീഷ്യേറ്റീവ്, കിഫ്ബി എന്നിവയിലൂടെ 2464.92 കോടി രൂപയുടെ പരിപാടികളാണ് നൂറുദിന പരിപാടിയിൽ മുഖ്യമന്ത്രി പ്രഖ്യാപിച്ചത്‌. 20 ലക്ഷം തൊഴിലവസരം നൽകുന്ന പദ്ധതിയുടെ രൂപരേഖ കെ ഡിസ്കിന്റെ ആഭിമുഖ്യത്തിൽ പൂർത്തിയാക്കി. പ്രത്യക്ഷമായും പരോക്ഷമായും 77,350 തൊഴിലവസരമാണ്‌ സൃഷ്ടിച്ചത്‌.


 

പട്ടയം മുതൽ ‘ ടേക്‌ എ ബ്രേക്ക്‌ ’ വരെ
പതിറ്റാണ്ടുകളായി പാവപ്പെട്ടവർ ഉന്നയിക്കുന്ന പട്ടയ പ്രശ്നം പരിഹരിക്കുന്നതിന്‌ നിശ്ചയദാർഢ്യത്തോടെയാണ്‌ സർക്കാർ നിലകൊണ്ടത്‌. നൂറുദിനത്തിൽ 12000 പട്ടയം വിതരണം ചെയ്യുമെന്നാണ്‌ പ്രഖ്യാപിച്ചതെങ്കിൽ 13534 പട്ടയം നൽകാനായത്‌ സർക്കാരിന്റെ കിരീടത്തിലെ പൊൻതൂവൽ. പുത്തൻ സ്‌കൂൾ കെട്ടിടങ്ങളും ലബോറട്ടറികളും ലൈബ്രറികളും പൊതു വിദ്യാഭ്യാസരംഗത്തെ വലിയ മാറ്റത്തിന്റെ തുടർച്ച. പഴയന്നൂരിൽ 40 യൂണിറ്റുള്ള ഭവന സമുച്ചയമായി. വിദ്യാശ്രീ പദ്ധതിയിൽ പഠനോപകരണ വിതരണം, ദുർബല വിഭാഗങ്ങൾക്ക് 200 കോടിരൂപയുടെ ധനസഹായവുമെല്ലാം ഏറ്റവും സാധാരണക്കാരുടെ മുന്നിലേക്ക്‌ സർക്കാർ എത്തിയതിന്റെ ഉദാഹരണങ്ങളാണ്‌.

യാത്രികർക്കായി തുറന്ന ‘ ടേക്ക് എ ബ്രേക്ക് ’ ടോയ്‌ലറ്റ് കോംപ്ലക്‌സുകൾ നാട്‌ ഏത്‌ ദിശയിലൂടെയാണ്‌ മാറുന്നത്‌ എന്ന്‌ വ്യക്തമാക്കുന്നു. വികസിത രാജ്യങ്ങളിലേതുപോലെ പതിവായി ദീർഘദൂരയാത്രകൾ നടത്തുന്ന സമൂഹമാണ്‌ നമ്മുടേത്‌. എത്രയോ വർഷങ്ങളായി യാത്രക്കാരുടെ ആവശ്യമാണിത്‌. ചിലത്‌ തുടങ്ങി വച്ചെങ്കിലും കാടുകയറി. എന്നാൽ, ഇപ്പോൾ അവ സ്ഥാപിക്കുക മാത്രമല്ല തുടർന്നും നിലനിർത്താനുള്ള സംവിധാനവും ആസൂത്രണം ചെയ്തു.

കെഎസ്ഐഡിസി വഴി 100 കോടി രൂപയുടെ വായ്പാ പദ്ധതി, മടങ്ങിവന്ന പതിനായിരക്കണക്കിന്‌ പ്രവാസികൾക്ക്‌ ആശ്വാസമേകുന്നു. ഒരു വ്യക്തിക്ക് 25 ലക്ഷംമുതൽ പരമാവധി 2 കോടിവരെയാണ്‌ വായ്പ. യുവ സംരംഭകർക്കായി സഹകരണ സംഘങ്ങൾ ആരംഭിച്ചതും ഭാവനാപൂർണമായ പദ്ധതിയാണ്‌. വനിതാ സഹകരണ സംഘങ്ങൾ വഴി മിതമായ നിരക്കിൽ കോവിഡ് പ്രതിരോധ ഉൽപ്പന്ന നിർമാണ യൂണിറ്റുകൾ ആരംഭിച്ചു. നിർധന വിദ്യാർഥികൾക്ക് സ്മാർട്ട് ഫോൺ ലഭ്യമാക്കുന്നതിനായി ഒരു വിദ്യാർഥിക്ക് 10,000 രൂപ നിരക്കിൽ പലിശരഹിത വായ്പ നൽകുന്ന പദ്ധതി തുടങ്ങി. തീരദേശ ഷിപ്പിങ്‌ സർവീസ് ദീർഘകാലമായി നാം കാണുന്ന സ്വപ്നമാണ്‌. ബേപ്പൂരിൽനിന്നും കൊച്ചിവരെയും കൊല്ലത്തുനിന്നും കൊച്ചിവരെയും ആരംഭിക്കാൻ നടപടികളായി. കെഎസ്ആർടിസി ബസിലെ യാത്രക്കാരെ ബസ് സ്റ്റാൻഡുകളിൽനിന്നും വീടുകളിൽ എത്തിക്കുന്ന ഇ ഓട്ടോറിക്ഷാ ഫീഡർ സർവീസ് വയോജനങ്ങൾക്കുൾപ്പെടെ ഏറെ പ്രയോജനകരമായ പദ്ധതിയാണ്‌.


 

കുളിരുള്ള ആതിരകൾ
ഒ എൻ വി പാടിയതുപോലെ ‘ ആതിരകൾ കുളിര്‌ തിരയുകയും ആറുകളൊഴുക്ക്‌ തിരയുകയും ’ ചെയ്യുന്ന കാലഘട്ടത്തിൽനിന്ന്‌ തിരിഞ്ഞു നടന്നേ മതിയാകൂ. നമ്മുടെ കൃഷിയിടങ്ങളും പുഴകളും തോടുകളും പ്രകൃതിവിഭവങ്ങളാൽ സമ്പന്നമായ വനമേഖലയും അതിലെ ജീവികളെയുമെല്ലാം സംരക്ഷിക്കണം. നാശത്തിന്റെ വക്കിലെത്തിയവ തിരിച്ചു പിടിക്കണം. എൽഡിഎഫ്‌ നയപരിപാടികളിൽ ആ കാഴ്‌ചപ്പാടുണ്ട്‌. ഇപ്പോഴത്തെ നൂറുദിന പരിപാടിയും അതിന്റെ പങ്ക്‌ നിർവഹിച്ചു.

വനവൽക്കരണവും വന–-വന്യജീവി സംരക്ഷണ പരിപാടികളും നടപ്പാക്കി. കാർഷിക മേഖലയിൽ തുടരുന്ന മുന്നേറ്റത്തിന്‌ ആക്കം വർധിപ്പിച്ചു 25,000 ഹെക്ടറിലെ ജൈവകൃഷി. സമൂഹത്തിൽ ഏതെങ്കിലും മേഖല പിറകോട്ട് പോയാൽ അത് നവകേരള സൃഷ്ടി എന്ന ആശയത്തെ പ്രതികൂലമായി ബാധിക്കുമെന്ന്‌ മുഖ്യമന്ത്രി പ്രത്യേകം ഓർമിപ്പിക്കുന്നുണ്ട്‌; ‘ നദികൾ മലിനമാകുന്നതും മാലിന്യം കെട്ടിക്കിടക്കുന്നതും പുരോഗമന സമൂഹത്തിന് യോജിച്ചതല്ല. സ്വന്തം വീട്ടിലെ മാലിന്യം മറ്റുള്ളവരുടെ സ്ഥലത്തേക്ക് വലിച്ചെറിയുന്ന മനോഭാവത്തിന് ഹരിത കേരളം മിഷൻ പ്രവർത്തനങ്ങളോടെ നല്ല മാറ്റങ്ങൾ ഉണ്ടായെങ്കിലും പൂർണമായും ഇല്ലാതാക്കാനായിട്ടില്ല. ’

ഭരണനിർവഹണം എന്നത്‌ ഒരാൾക്ക്‌ അല്ലെങ്കിൽ ഒരു കുടുംബത്തിന്‌ ജീവിത പരിസരങ്ങളിൽ അനുഭവപ്പെടുന്നതും ബോധ്യപ്പെടുന്നതുമായ കാര്യങ്ങളാണ്‌. നെഞ്ചിൽനിന്നുയരുന്ന പാട്ട്‌ കേൾക്കാൻ മറ്റൊരാളുടെ സഹായം വേണ്ടല്ലോ. പരിമിത വിഭവംകൊണ്ട്‌ എല്ലാവരെയും പരിഗണിക്കുകയും സംരക്ഷിക്കുകയും ചെയ്യുകയെന്ന വലിയ ദൗത്യം സർക്കാർ അഭിമാനപൂർവം നിർവഹിക്കുന്നു.

പിണറായി വിജയന്റെ നേതൃത്വത്തിൽ എൽഡിഎഫ്‌ ഉയർത്തിയ രാഷ്‌ട്രീയ മാതൃകയുടെ വിജയം കൂടിയാണ്‌ സർക്കാരിന്‌ ലഭിച്ച ലോകാംഗീകാരങ്ങൾ. ആയിരക്കണക്കിന്‌ ‘ നൂറുദിന ’ പരിപാടികളിലൂടെ കേരളത്തിന്റെ കൊടിക്കൂറ ഇനിയും ഉയർന്നു പാറട്ടെ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top