24 April Wednesday

വികസനത്തിൽ ധീരമായ ചുവടുകൾ

ടി ഡി രാമകൃഷ്‌ണൻUpdated: Monday May 9, 2022

രണ്ടാം പിണറായി സർക്കാർ ആദ്യവർഷം പൂർത്തിയാക്കുമ്പോൾ കേരളീയ സമൂഹത്തിന് വലിയ പ്രതീക്ഷ നൽകുന്നത് വികസനരംഗത്തെ ധീരമായ ചുവടുവയ്‌പുകൾ തന്നെയാണ്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് പൊതുവിദ്യാഭ്യാസരംഗത്തും ആരോഗ്യമേഖലയിലും നടപ്പാക്കിയ വികസനത്തിന് സമാനമായ മാറ്റങ്ങളാണ് അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിൽ സംഭവിക്കാൻ പോകുന്നത്. കേരളത്തിന്റെ ഒരറ്റംമുതൽ മറ്റേയറ്റംവരെ നാഷണൽ ഹൈവേയും ജലപാതയും രണ്ടോ മൂന്നോ വർഷത്തിനുള്ളിൽ യാഥാർഥ്യമാകാൻ പോകുകയാണ്. പ്രതിപക്ഷത്തിന്റെയും പരിസ്ഥിതി വാദികളുടെയും അടിസ്ഥാനരഹിതമായ എതിർപ്പ്  നേരിട്ടുകൊണ്ട് സിൽവർ ലൈൻ എന്ന അർധഅതിവേഗ റെയിൽവേയുടെ സർവേ നടക്കുന്നു. ഗതാഗതരംഗത്തെ വികസനങ്ങളെപ്പോഴും അമ്പത് മുതൽ നൂറുവരെ കൊല്ലത്തിനുള്ളിൽ സമൂഹത്തിൽ സംഭവിക്കാവുന്ന മാറ്റങ്ങളെ മുന്നിൽക്കണ്ട് തയ്യാറാക്കേണ്ടവയാണ്. അങ്ങനെ ചെയ്യാത്തതുകൊണ്ടാണ് കേരളം അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിൽ മറ്റ് സംസ്ഥാനങ്ങളേക്കാൾ വളരെ പുറകിലായിപ്പോയത്. മാനവവിഭവശേഷിയുടെ കാര്യത്തിൽ വലിയ സ്രോതസ്സുണ്ടായിട്ടും ഐടി മേഖലയിലെ വികസനസാധ്യതകൾ വേണ്ട രീതിയിൽ ഉപയോഗപ്പെടുത്താൻ കഴിയാതെ പോയത് അതുകൊണ്ടാണ്. അടിസ്ഥാന സൗകര്യങ്ങളിലെ വികസനത്തിലൂടെ ഈ പ്രശ്നങ്ങൾക്ക് പരിഹാരമാകുമെന്ന് പ്രതീക്ഷിക്കാം. അപ്പോഴും സാമൂഹ്യവും സാംസ്കാരികവുമായ വലിയ ചില വെല്ലുവിളികൾ നമുക്ക് നേരിടാൻ ബാക്കിയുണ്ടാകും.

ഇന്ത്യയിൽ മതനിരപേക്ഷതയുടെ അവശേഷിക്കുന്ന അപൂർവം തുരുത്തുകളിലൊന്നാണ് കേരളം. തമിഴ്നാട് പോലെ ചില സംസ്ഥാനങ്ങൾ മാത്രമാണ് ഒരു പരിധിവരെയെങ്കിലും നമ്മളോടൊപ്പമുള്ളത്. ബാക്കിയെല്ലാ സംസ്ഥാനങ്ങളിലും വർഗീയമായ ധ്രുവീകരണം ശക്തമായി സംഭവിച്ചുകൊണ്ടിരിക്കുകയാണ്. മതനിരപേക്ഷതയുടെ  ഈ അവസാന തുരുത്തുകൾകൂടി നശിപ്പിക്കാനുള്ള വളരെ ആസൂത്രിതമായ ശ്രമങ്ങളാണ് വർഗീയശക്തികളുടെ ഭാഗത്തുനിന്നുണ്ടാകുന്നത്. അതിൽ ഭൂരിപക്ഷമെന്നോ ന്യൂനപക്ഷമെന്നോ വ്യത്യാസമൊന്നുമില്ല. അധികാരം ഭൂരിപക്ഷത്തിന്റെ കൈയിലായതിനാൽ അവർ മതനിരപേക്ഷതയ്‌ക്ക്‌ കൂടുതൽ ഭീഷണിയാകുന്നുവെന്നുമാത്രം. ചരിത്രം, സംസ്കാരം, വിദ്യാഭ്യാസം എന്നിവ മുതൽ ആർക്കിയോളജിവരെ അവർ അതിനുവേണ്ടി ഉപയോഗിക്കുകയാണ്. സോഷ്യൽ മീഡിയയുടെ അനന്തമായ സാധ്യതകൾ ഉപയോഗിച്ച് ഈ കൃത്രിമത്വം വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്യുന്നു. കേന്ദ്രത്തിന്റെ പിന്തുണയോടെയുള്ള ഇത്തരം ധ്രുവീകരണശ്രമങ്ങളെ പ്രതിരോധിച്ച് കേരളത്തെ ഒരു മതനിരപേക്ഷ സമൂഹമായി നിലനിർത്താനുള്ള ഉത്തരവാദിത്വം ഇടതുപക്ഷ ജനാധിപത്യമുന്നണി സർക്കാരിനുണ്ട്. അത് വികസനം നടപ്പാക്കുന്നതിനേക്കാൾ പതിന്മടങ്ങ് ബുദ്ധിമുട്ടുള്ള കാര്യമാണ്.


 

ഇന്ത്യയെ ഒരു മതനിരപേക്ഷ രാജ്യമല്ലാതാക്കി മാറ്റാനും ഭരണഘടനയിൽനിന്ന് സെക്കുലർ എന്ന വാക്ക് നീക്കംചെയ്യാനും വളരെ ആസൂത്രിതമായ ശ്രമം കേന്ദ്രത്തിൽ അധികാരത്തിലെത്തിയ കാലംമുതൽ ബിജെപിയുടെ ഭാഗത്തുനിന്ന് നടക്കുന്നുണ്ട്. ആർട്ടിക്കിൾ 370 പ്രകാരമുള്ള ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കുക, ഏക സിവിൽകോഡ്  നടപ്പാക്കുക എന്നിവപോലെ ഹിന്ദുത്വ ഭരണകൂടത്തിന്റെ പ്രധാനപ്പെട്ട ലക്ഷ്യങ്ങളിലൊന്നാണ് ഭരണഘടനയിൽനിന്ന് സെക്കുലർ എന്ന വാക്ക് എടുത്തുകളയുകയെന്നതും. ഏതാനും വർഷങ്ങൾക്കുമുമ്പ് പ്രൊഫസർ മിഷേൽ ഡാനിനോ എന്ന ഇൻഡോളജിസ്റ്റ് മദ്രാസ് ഐഐടിയിൽ നടത്തിയ ഒരു പ്രഭാഷണത്തിന്റെ വീഡിയോ കേൾക്കാനിടയായപ്പോഴാണ് എത്ര ആസൂത്രിതമായാണ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വർഗീയ അജൻഡ നടപ്പാക്കുന്നതെന്ന് മനസ്സിലായത്. ഐഐടി ഗാന്ധിനഗറിലെ വിസിറ്റിങ് ഫാക്കൽറ്റിയായ പ്രൊഫസർ മിഷേൽ ഡാനിനോ 21 വയസ്സുള്ളപ്പോൾ ഭാരതീയ ചിന്തകളിലാകൃഷ്ടനായി ഇന്ത്യയിലെത്തി വേദങ്ങളും പുരാണങ്ങളും ചരിത്രവും പഠിച്ചുകൊണ്ടിരിക്കുകയാണ്. ചരിത്രവും സംസ്കാരവുമായി ബന്ധപ്പെട്ട് സംഘപരിവാർ പ്രചരിപ്പിക്കുന്ന വ്യാജയുക്തികൾക്ക് അദ്ദേഹത്തിന്റെ പഠനങ്ങൾ താത്വികമായ ആധികാരികത നൽകുന്നുണ്ട്. 2017ൽ സാഹിത്യത്തിലും വിദ്യാഭ്യാസമേഖലയിലും നൽകിയ സംഭാവനകൾക്ക് രാജ്യം അദ്ദേഹത്തെ പദ്മശ്രീ നൽകി ആദരിച്ചിരുന്നു.

പ്രൊഫസർ ഡാനിനോയുടെ പ്രഭാഷണത്തിലുടനീളം സ്ഥാപിക്കാൻ ശ്രമിക്കുന്നത് ഭരണഘടനയനുസരിച്ച് ഇന്ത്യയൊരു സെക്കുലർ രാജ്യമല്ലെന്നാണ്. ന്യൂനപക്ഷങ്ങൾക്ക് സ്വന്തമായി ആരാധനാലയങ്ങളും വിദ്യാഭ്യാസസ്ഥാപനങ്ങളും നടത്താനുള്ള അവകാശമുണ്ടായിരിക്കുകയും ഭൂരിപക്ഷ മതവിഭാഗത്തിന്റെ ആരാധനാലയങ്ങൾ സർക്കാർ നിയന്ത്രണത്തിലായിരിക്കുന്നതുമുൾപ്പെടെ നിരവധി കാര്യങ്ങൾ  അതിനുദാഹരണമായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.


 

അടിയന്തരാവസ്ഥയിൽ ഇന്ദിര ഗാന്ധിയുടെ സർക്കാർ നാൽപ്പത്തിരണ്ടാം ഭേദഗതിയിലൂടെ കമ്യൂണിസ്റ്റുകാരെ പ്രീണിപ്പിക്കാൻ വേണ്ടിയാണ് സെക്കുലർ എന്ന വാക്ക് ഭരണഘടനയിൽ എഴുതിച്ചേർത്തതെന്നും ആരോപിക്കുന്നുണ്ട്. മാത്രമല്ല, ഈ ഭേദഗതി കാരണം മഹാഭാരതം, രാമായണം മുതലായ മതഗ്രന്ഥങ്ങൾ പൂർണമായി കരിക്കുലത്തിന്റെ ഭാഗമാക്കാൻ കഴിയാതെ വരുന്നുവെന്നും പറയുന്നു. അങ്ങനെ വിദ്യാർഥികൾക്ക് ഭാരതത്തിന്റെ പാരമ്പര്യജ്ഞാനമേഖലകളെക്കുറിച്ച് പഠിക്കാനുള്ള അവസരം നിഷേധിക്കപ്പെടുകയാണ്. ഇത് പരിഹരിക്കുന്നതിനായി ഭരണഘടനയിൽനിന്ന് സെക്കുലർ എന്ന വാക്ക് നീക്കം ചെയ്യേണ്ടതല്ലേയെന്ന് ചോദിക്കുമ്പോൾ കേട്ടിരിക്കുന്ന വിദ്യാർഥികളിൽ കുറെപ്പേർ വേണമെന്ന അർഥത്തിൽ പ്രതികരിച്ചതാണ് എന്നെ അത്ഭുതപ്പെടുത്തിയത്. തുടർന്ന്, ഭരണഘടനയിൽ സെക്കുലറിസം തുടരണമോയെന്ന കാര്യത്തിൽ ഒരു അഭിപ്രായവോട്ടെടുപ്പ് നടത്താവുന്നതാണെന്ന നിർദേശവും മുന്നോട്ടുവയ്‌ക്കുന്നു. പ്രൗഢമായ അക്കാദമിക് ഭാഷയിൽ വളരെ സൗമ്യമായി പ്രൊഫ. ഡാനിനോ നടത്തിയ ആ പ്രഭാഷണത്തിലൂടെ ഇന്ത്യയിലെ ഏറ്റവും മികച്ച വിദ്യാഭ്യാസസ്ഥാപനങ്ങളിലൊന്നായ ഐഐടി മദ്രാസിലെ കുറച്ച് വിദ്യാർഥികളുടെ മനസ്സിൽ സെക്കുലറിസത്തെക്കുറിച്ച് സംശയത്തിന്റെ വിത്തുകൾ വിതയ്‌ക്കാൻ കഴിയുന്നുവെന്നത് ഭയപ്പെടുത്തുന്നൊരു യാഥാർഥ്യമാണ്. ഇതിന് സമാനമായ പല തരത്തിലുള്ള പ്രവർത്തനങ്ങൾ ഭൂരിപക്ഷ വർഗീയവാദികൾ സമൂഹത്തിലെ ഏറ്റവും താഴേത്തട്ട് മുതൽ വളരെ ആസൂത്രിതമായി നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്. ലൗജിഹാദും ഹിജാബും മുതൽ കേരളം തീവ്രവാദികളുടെ കേന്ദ്രമാണെന്ന ആരോപണമുൾപ്പെടെ നിരന്തരമായി സംഘപരിവാർ  ഉയർത്തിക്കൊണ്ടുവരുന്ന പ്രശ്നങ്ങളെല്ലാം മതനിരപേക്ഷതയ്‌ക്കെതിരെയുള്ള വെല്ലുവിളികളാണ്.

ഇടതുപക്ഷത്തിന്റെ നിരന്തരമായ സാംസ്കാരിക ഇടപെടലുകളാണ് മതനിരപേക്ഷതയ്‌ക്കെതിരെയുള്ള വെല്ലുവിളികളെ നേരിടുന്നതിൽ കേരളീയസമൂഹത്തിന് കരുത്താകുന്നത്. എന്നാൽ, അത് കൂടുതൽ ശക്തമാക്കേണ്ട സാഹചര്യത്തിലൂടെയാണ് നമ്മൾ കടന്നുപോകുന്നത്. സമഗ്രമായ വികസനത്തോടൊപ്പം ശാന്തിയും സമാധാനവും പരസ്പര വിശ്വാസവുമുള്ളൊരു ജനസമൂഹത്തെ നിലനിർത്താനുള്ള ശ്രമങ്ങളിലും നമ്മൾ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടിയിരിക്കുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top