28 March Thursday

ലാറ്റിനമേരിക്കയിൽ ചുവപ്പ്‌ വസന്തം

റിസർച്ച്‌ ഡെസ്‌ക്‌Updated: Tuesday Jun 21, 2022

അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ ജനാധിപത്യഹത്യകളെയും തെരഞ്ഞെടുപ്പ്‌ അട്ടിമറി നീക്കങ്ങളെയും ചെറുത്തു തോൽപ്പിക്കുകയാണ്‌ ലാറ്റിനമേരിക്ക. തങ്ങളുടെ മേധാവിത്വം അംഗീകരിക്കാത്തവരെ ലാറ്റിനമേരിക്കയിൽ വച്ചുപൊറുപ്പിക്കില്ലെന്നാണ് അമേരിക്കൻ നയം. വെല്ലുവിളിച്ചുവന്നവരെ ഒതുക്കാൻ പട്ടാളത്തെ ഇറക്കും, അല്ലെങ്കിൽ പണംനൽകി രാജ്യത്ത് കലാപം സംഘടിപ്പിക്കും. ഇന്നും അമേരിക്ക അതേ തന്ത്രങ്ങൾ പയറ്റുന്നു. പണം ഒഴുക്കി അട്ടിമറിക്ക്‌ ആളെക്കൂട്ടുന്നു. പക്ഷേ, ഒന്നും പണ്ടേപോലെ ഫലം കാണുന്നില്ല. ലാറ്റിനമേരിക്ക ഇടത്തേക്കുള്ള പാതയിലാണ്‌. ചരിത്രനേട്ടങ്ങൾ സൃഷ്ടിച്ച ആ പിങ്ക്‌ ടൈഡിലേക്ക്‌ വീണ്ടും ലാറ്റിനമേരിക്ക നീങ്ങുകയാണ്‌. കൊളംബിയ, ഹോണ്ടുറാസ്‌, നിക്കരാഗ്വ, ചിലി എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പിലെല്ലാം തെളിയുന്നത്‌ ഇടതുപക്ഷത്തേക്ക്‌ നീങ്ങിയ ലാറ്റിനമേരിക്കൻ ജനതയെയാണ്‌. 2021 നവംബർ–-ഡിസംബർ മാസങ്ങളിൽ അഞ്ച്‌ രാജ്യത്ത്‌ നടന്ന തെരഞ്ഞെടുപ്പുകളിലും ഇടതുപക്ഷം വിജയിച്ചു. അമേരിക്ക കരിമ്പട്ടികയിൽ ഉൾപ്പെടുത്തി ഭരണം അസ്ഥിരപ്പെടുത്താൻ നിരന്തരമായി നടത്തിയിരുന്ന ശ്രമങ്ങൾകൂടിയാണ്‌ ഇടതുമുന്നേറ്റത്തിനു മുന്നിൽ പരാജയപ്പെട്ടത്‌.

ഗബ്രിയേൽ ബോറിക് ചിലിയൻ പ്രസിഡന്റായതോടെ പിറന്നത്‌ പുതുചരിത്രമാണ്‌. സിഐഎ അട്ടിമറിയിലൂടെ മാർക്‌സിസ്റ്റ് പ്രസിഡന്റ് സാൽവദോർ അലൻഡെയെ പുറത്താക്കി 48 വർഷത്തിനുശേഷമാണ്‌ ചിലിയിൽ വീണ്ടുമൊരു ഇടതുപക്ഷ ഭരണം. ഹോണ്ടുറാസിൽ പ്രസിഡന്റായിരുന്ന മാന്വൽ സെലായയെ 2009ൽ അട്ടിമറിച്ചത്‌ അമേരിക്കൻ പ്രസിഡന്റായിരുന്ന ഒബാമയും സെക്രട്ടറി ഓഫ്‌ സ്‌റ്റേറ്റ്‌സ്‌ ഹിലരി ക്ലിന്റണും ചേർന്നായിരുന്നു. അമേരിക്കയ്‌ക്ക്‌ വഴങ്ങാത്തതും ഹ്യൂഗോ ഷാവേസുമായുള്ള അടുപ്പവുമായിരുന്നു കാരണം. ബൈഡന്റെ നേതൃത്വത്തിലുള്ള സർക്കാർ നിക്കരാഗ്വയ്‌ക്കെതിരെ സാമ്പത്തിക–- നയതന്ത്ര നീക്കങ്ങൾ നടത്തുന്നതിനിടെയാണ്‌ ഒർടേഗയെ തുടർച്ചയായി നാലാം തവണയും നിക്കരാഗ്വ തെരഞ്ഞെടുത്തത്‌.

വെനസ്വേലയിലെ ഇടതുപക്ഷ ഭരണത്തെ ഇല്ലാതാക്കാനുള്ള സാമ്രാജ്യത്വ ശ്രമങ്ങൾ വിലപ്പോകില്ലെന്ന്‌ 2021 നവംബർ 21ന്‌  പ്രവിശ്യാ ഗവർണർസ്ഥാനത്തേക്കും ന​ഗരസഭകളിലേക്കും നടന്ന തെരഞ്ഞെടുപ്പ്‌ അടിവരയിട്ടു. 2018 ജൂലൈയിൽ മെക്‌സിക്കോയിൽ നടന്ന തെരഞ്ഞെടുപ്പിൽ ഇടത്‌ സ്ഥാനാർഥി ലോപസ് ഒബ്രദോർ വിജയിച്ചു. രാജ്യത്തിന്റെ 49 വർഷ ചരിത്രത്തിൽ ആദ്യമായിരുന്നു ഇടത്‌ വിജയം.


കൊളംബിയ (2022 ജൂൺ 20)
പ്രസിഡന്റ്‌: ഗുസ്‌താവ പെത്രോ ,പാർടി: ഹ്യൂമൻ 
കൊളംബിയ

ചിലി (2021 ഡിസംബർ 21)
പ്രസിഡന്റ്‌: ഗബ്രിയേൽ ബോറിക്‌, സോഷ്യൽ 
കൺവേർജെൻസ് പാർടി

ഹോണ്ടുറാസ്‌ 
(2021 നവംബർ 29-)
പ്രസിഡന്റ്‌: സിയോമാര കാസ്‌ട്രോ , ലിബറൽ പാർടി

നിക്കരാഗ്വ 
(2021 നവംബർ 8)
പ്രസിഡന്റ്‌: ഡാനിയൽ ഒർടേഗ , സാന്തനീസ്റ്റ ഫ്രണ്ട് ഫോർ നാഷണൽ ലിബറേഷൻ 
(എഫ്എസ്എൽഎൻ)

ബൊളീവിയ 
(2020 ഒക്‌ടോബർ 19)
പ്രസിഡന്റ്‌: ലൂയിസ് ആർസ് 
കാറ്റക്കോറ , മൂവ്‌മെന്റ്‌
ഫോർ സോഷ്യലിസം

പെറു (2021 ജൂലൈ 19)
പ്രസിഡന്റ്‌: പെദ്രോ കാസ്‌തിയ്യോ ,ഫ്രീ പെറു നാഷണൽ പൊളിറ്റിക്കൽ പാർടി

മെക്‌സിക്കോ 
(2018 ജൂലൈ 2)
പ്രസിഡന്റ്‌: ആൻഡ്രസ് 
മാനുവൽ ലോപസ് ഒബ്രദോർ ,ജുന്തോസ് ഹരേമൊസ് ഹിസ്റ്റോറിയ

അർജന്റീന (2019 ഒക്ടോബർ 28)
പ്രസിഡന്റ്‌: ആൽബെർട്ടോ ഫെർണാണ്ടസ്‌ ,പെറോണിസ്റ്റ് പാർടി

വെനസ്വേല (2018 മെയ്‌ 20)
പ്രസിഡന്റ്‌: നിക്കോളസ്‌ മഡൂറോ, യുണൈറ്റഡ്‌ സോഷ്യലിസ്‌റ്റ്‌ പാർടി ഓഫ്‌ വെനസ്വേല (1999 മുതൽ ഷാവേസിലൂടെ 
പാർടി അധികാരത്തിൽ)

ക്യൂബ ( 2018 ഏപ്രിൽ 20)
മിഗ്വേൽ ഡയസ് കാനെൽ , കമ്യൂണിസ്റ്റ്‌ പാർടി ഓഫ്‌ ക്യൂബ 
(1959 മുതൽ പാർടി ഭരണത്തിലാണ്‌)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top