29 November Monday

‘മോനു’ മിശ്രമാർ ഓമനിക്കപ്പെടുന്ന രാജ്യം

വെബ് ഡെസ്‌ക്‌Updated: Monday Oct 11, 2021

ഈമാസം മൂന്നിനാണ് ‘തേനി മഹാരാജാവ്’ എന്നറിയപ്പെടുന്ന കേന്ദ്ര ആഭ്യന്തര സഹമന്ത്രി  അജയ് മിശ്രയ്ക്കൊപ്പം അദ്ദേഹത്തിന്റെ ഥാർ ജീപ്പിനു പിറകെ അകമ്പടിയായെത്തിയ എസ്‌‌യുവി കാറുകളിലൊന്ന് ലഖിംപുർ ഖേരിയിൽ അതിവേഗത്തിൽ കർഷക സമരക്കാർക്കിടയിലേക്ക് ഇടിച്ചുകയറ്റി നാലു കർഷകരെയും മാധ്യമപ്രവർത്തകനായ രമൺ കശ്യപിനെയും കൊലപ്പെടുത്തിയത്. ഒരു എസ്‌യുവി കാർ ഓടിച്ചിരുന്നത്, കേന്ദ്ര മന്ത്രിയുടെ മകൻ മോനു എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന ആശിഷ് മിശ്രയായിരുന്നു.

മോനുവും സംഘവും നടത്തിയത് ആസൂത്രിതവും ബോധപൂർവവുമായ കൂട്ടക്കൊലയായിരുന്നെന്ന് ആ ‘വാഹന രഥയാത്ര’യുടെ അതിശീഘ്ര പ്രയാണത്തിന്റെയും തുടർന്ന് കർഷകർക്കിടയിലേക്ക് നിരങ്കുശമായി ഇടിച്ചുകയറ്റുന്നതിന്റെയും വീഡിയോ ദൃശ്യങ്ങൾ കണ്ടാലറിയാം. മോനു എന്നും മോനു ഭയ്യ എന്നുമുള്ള അപരനാമങ്ങളിൽ അറിയപ്പെടുന്ന ആശിഷ് മിശ്രയാണ് ഗുർവിന്ദർ സിങ് എന്ന കർഷകനെ വെടിവച്ചു കൊന്നതെന്ന് ദൃക്സാക്ഷികൾ പറയുന്നു. ഈ കൂട്ടക്കൊല നടക്കുമ്പോൾ ആശിഷ് നാലു കിലോമീറ്റർ അപ്പുറമുള്ള ഭാൻവിപുരിലായിരുന്നെന്നാണ്  മന്ത്രി അജയ് മിശ്ര അവകാശപ്പെടുന്നത്. പക്ഷേ, ലഖിംപുർ മേഖലയിലെ പൊലീസ് എഡിജി പവൻ കുമാർ പറഞ്ഞത് ‘ഭൻവിപുരിലുണ്ടായിരുന്ന ആശിഷ്, തന്റെ അച്ഛനായ മന്ത്രിക്കെതിരെ കർഷകർ വിളിക്കുന്ന മുദ്രാവാക്യങ്ങൾ കേട്ടെന്നും അപ്പോൾ മോനു എന്ന ആശിഷ് തന്റെ പ്രദേശത്ത്,  അച്ഛനെതിരെ മുദ്രാവാക്യം വിളിക്കുന്ന ധാർഷ്ട്യക്കാരായ കർഷകരെ ഒന്നുകാണണമെന്നും പറഞ്ഞ് ലഖിംപുർ മേഖലയിലേക്ക് പുറപ്പെടുകയായിരുന്നു’ എന്നാണ്.  

കർഷക കൂട്ടക്കൊലയുടെ സൂത്രധാരനായ മോനുവിന് ‘പൊന്നോമനപ്പരിഗണന’ കൊടുത്ത്, തെളിവുകൾ നശിപ്പിക്കാനും കൃത്രിമത്തെളിവുകൾ ഉണ്ടാക്കാനും യഥേഷ്ടം സമയം നൽകിയശേഷം കഴിഞ്ഞദിവസം രാത്രിയാണ് പ്രത്യേക അന്വേഷണസംഘം (എസ്‌ഐടി) അറസ്റ്റു ചെയ്തത്. മിക്ക ചോദ്യത്തോടും ‘പറയാൻ മനസ്സില്ല’ എന്ന് അധികാര ദുരഹങ്കാരത്തോടെ മറുപടി നൽകിയ ആശിഷ്, സംഭവസ്ഥലത്തോ സംഭവസമയത്തോ താൻ അവിടെ ഉണ്ടായിരുന്നില്ലെന്ന് വാദിക്കാനുള്ള  നിരവധി സാക്ഷിമൊഴികളും ഒരു ഡസനിലധികം പെൻ ഡ്രൈവുകളും വീഡിയോകളുമായാണ് അന്വേഷണസംഘത്തിനു മുമ്പിൽ എത്തിയത്.   

സുപ്രീംകോടതിയുടെ തീക്ഷ്ണമായ ഇടപെടലും അതിരൂക്ഷമായ വിമർശവും യുപി സർക്കാരിനെതിരെ ഉണ്ടായപ്പോൾ ആശിഷിനെ അറസ്റ്റുചെയ്യാൻ യുപി പൊലീസ് നിർബന്ധിതമാകുകയായിരുന്നു. ഒരു കൂട്ടക്കൊലയാളിയെ രണ്ടു തവണ സമൻസ് അയച്ചശേഷം, അഞ്ചാറു ദിവസം അറസ്റ്റുചെയ്യാതെ പ്രതിക്ക് ഉപകരിച്ചേക്കാവുന്ന ‘തെളിവുകൾ’ സൃഷ്ടിക്കാൻ സമയംകൊടുത്ത് വിളിച്ചുവരുത്തിയ ‘അത്യുദാരത’ ഇന്ത്യയിലെ ജനാധിപത്യത്തെക്കുറിച്ചും  നിയമവാഴ്ചയെക്കുറിച്ചും അതീവ ഗൗരവതരവും വിപൽക്കരവുമായ ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്. ബിജെപിയുടെ ഫാസിസ്റ്റ് എത്നോക്രസി ഏതറ്റംവരെ എത്തിയെന്നതിന്റെ മാരകമായ നിദർശനംകൂടിയാണ് ഒരു വൻ കർഷകസമരത്തെ  ഒതുക്കാൻ കരുതിക്കൂട്ടി നടത്തിയ ഈ കൂട്ടക്കൊല.  

വിദേശരാജ്യങ്ങളിൽ എവിടെപ്പോയാലും ഇന്ത്യയുടെ സുദൃഢ ജനാധിപത്യസ്ഥാപനങ്ങളെക്കുറിച്ചും മാതൃകാപരമായ ബഹുസ്വരതയെക്കുറിച്ചും അസൂയാവഹമായ സഹിഷ്ണുതയെക്കുറിച്ചും സുഭദ്രമായ ഭരണഘടനയെക്കുറിച്ചുമെല്ലാം വാചാടോപം നടത്തുന്ന മോദി,  തന്റെ ആറുവർഷം പിന്നിട്ട ഭരണത്തിൻ കീഴിൽ ഇന്ത്യ അക്ഷരാർഥത്തിൽ ഒരു ബനാന റിപ്പബ്ലിക്കായി മാറിയിട്ടുണ്ടെന്ന പരമാർഥം അംഗീകരിക്കില്ല. എന്നാൽ, ലോകപ്രശസ്ത വിദേശ മാധ്യമങ്ങളും അന്താരാഷ്ട്ര സംഘടനകളും ഈ തിക്തമായ വസ്തുത പലപാട് ചൂണ്ടിക്കാണിച്ചിട്ടുണ്ട്. രാജ്യത്ത്, പ്രത്യേകിച്ച് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ നിയമവാഴ്ചയുടെ അണുമാത്രപോലും അവശേഷിക്കുന്നില്ലെന്നും അതേസമയം ഭരണകൂടനയങ്ങളെയും തീരുമാനങ്ങളെയും ചോദ്യം ചെയ്യുന്നവരെയും വിമർശിക്കുന്നവരെയും സത്വരം ബന്ദികളാക്കുകയും വേണ്ടിവന്നാൽ തുറുങ്കിലടയ്‌ക്കുകയും ചെയ്യുന്ന  ഇസ്രയേലിനെപ്പോലുള്ള  കടുത്ത ഫാസിസ്റ്റ് സ്വഭാവമുള്ള എത്നോക്രസിയുടെ ഒരു സവിശേഷ ‘നിയമവാഴ്ച’ ഇവിടെ ആഴത്തിൽ വേരുകളാഴ്ത്തിയിരിക്കുന്നു എന്നുമാണ്  ഇതെല്ലാം കാണിക്കുന്നത്.  

ഹിന്ദുത്വവാദത്തെയും അതിന്റെ ഉദ്ഘോഷകരെയും രാഷ്ട്രത്തിന്റെ അകക്കാമ്പായി കണക്കാക്കുകയും  മറ്റുള്ളവരെ രാഷ്ട്രത്തിലെ പ്രാന്തീയരോ രാഷ്ട്രബാഹ്യരോ ആയി  പരിഗണിക്കുകയും അങ്ങനെ ജനസഞ്ചയത്തിന്റെ വലിയൊരു വിഭാഗത്തെ ഒഴിച്ചുനിർത്തുകയും ചെയ്യുന്ന ഭരണപദ്ധതിയാണ് ഇന്ത്യയിലെ ഫാസിസ്റ്റ് എത്നോക്രസി. ആശിഷ് മിശ്രയുടെ അച്ഛനും കേന്ദ്ര മന്ത്രിസഭയുടെ കൗൺസിൽ ഓഫ് മിനിസ്റ്റേഴ്സിൽ മന്ത്രിപദവുമുള്ള (അതും ആഭ്യന്തര മന്ത്രാലയത്തിൽ) അജയ് മിശ്രയുടെ അധികാരപരിധിയിൽ  വരുന്നതാണ് നിയമവാഴ്ച ഉറപ്പുവരുത്തുക എന്നത്.  ഈ കൂട്ടക്കൊലയ്ക്ക് മുമ്പും സമരം ചെയ്യുന്ന കർഷകർക്കെതിരെ രണോത്സുകവും അക്രാമകവുമായ പ്രസ്താവനകളും ഉദീരണങ്ങളും നടത്തിയിട്ടുണ്ട് ഈ മന്ത്രി.  അദ്ദേഹത്തെ ഇപ്പോഴും രാജിവയ്‌ക്കാൻ പറയാതെ  നെഞ്ചോടുചേർത്തു പിടിക്കുന്നത് ഹിന്ദുത്വ ഫാസിസ്റ്റ് എത്നോക്രസിയുടെ നൈസർഗിക സ്വഭാവമാണ് അനാച്ഛാദനം ചെയ്യുന്നത്. നിയമം അതിന്റെ വഴിക്കല്ല, തങ്ങൾ നിശ്ചയിക്കുന്ന പന്ഥാവിലൂടെയേ മുന്നോട്ടുപോകൂവെന്ന നിർലജ്ജ ധിക്കാരമാണ്‌ ഇത്.  

പ്രതിപക്ഷ നേതാക്കളെയും ആക്ടിവിസ്റ്റുകളെയും കൊല്ലപ്പെട്ട കർഷകരുടെ കുടുംബങ്ങളെ അനുശോചനമറിയിക്കാൻ ലഖിംപുരിലേക്ക് പോകാൻ മൂന്നു ദിവസംഅനുവദിച്ചില്ലെന്ന് മാത്രമല്ല, അവരെ നിയമവിരുദ്ധമായി തടവിൽ വയ്‌ക്കുകയും ചെയ്തു. ഇക്കാര്യത്തിൽ യുപി സർക്കാർ സമീപകാലത്ത് കുപ്രസിദ്ധമായ ചരിത്രം കുറിച്ചിട്ടുണ്ട്. സംസ്ഥാന സർക്കാരിന്റെ രാഷ്ട്രീയ വൈകൃതങ്ങളും അസ്വസ്ഥതയും ആധിയും മറച്ചുവയ്‌ക്കാനും ന്യായീകരിക്കാനും പ്രതിരോധിക്കാനും ഐപിസിയിലെ സെക്‌ഷൻ 144 അടിച്ചേൽപ്പിക്കുന്നത് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വിനോദവൃത്തികളിലൊന്നാണ്. മറ്റൊന്ന് ‘നിയമവാഴ്ച’യുടെ പേരിൽ നടപ്പാക്കുന്ന വാർത്താവിനിമയ ബ്ലാക്കൗട്ടാണ്.

കോർപറേറ്റുകൾക്ക് കൃഷിയെയും കാർഷികോൽപ്പന്നങ്ങളെയും തീറെഴുതിക്കൊടുക്കുന്ന മൂന്ന് കാർഷികനിയമം പിൻവലിക്കണമെന്ന്‌ ആവശ്യപ്പെട്ട് 10 മാസംമുമ്പ് കർഷകർ തുടങ്ങിയ സമരത്തെ  അവഗണിക്കുക മാത്രമല്ല, അവരെ ‘ഖാലിസ്ഥാനി, പാകിസ്ഥാനി, നക്സൽ’ എന്നൊക്കെ മുദ്രകുത്തി രാഷ്ട്രവിരുദ്ധരാക്കാൻ ശ്രമിക്കുകയും തരംകിട്ടുമ്പോഴൊക്കെ മറ്റുവിധത്തിൽ ഞെരുക്കാൻ പ്രയത്നിക്കുകയും ചെയ്യുന്ന കേന്ദ്ര സർക്കാരിനെയും അതിന്റെ സാമന്തരായ യുപി ‐ ഹരിയാന സർക്കാരുകളെയും  ഇനി ദുഷ്കരമായ നാളുകളാണ് കാത്തിരിക്കുന്നത്. കർഷകർക്ക് പോരാടാൻ ഇപ്പോൾ ഒരു വലിയ വിഷയംകൂടി കിട്ടിയിരിക്കുന്നു. ഇന്ത്യയിലെ ദശലക്ഷക്കണക്കിന് ജനങ്ങൾ കർഷകസമരത്തിന് പൂർവാധികം ഐക്യദാർഢ്യവുമായി ഇനി മുന്നോട്ടുവരും. ആ അർഥത്തിൽ ലഖിംപുർ കൂട്ടക്കൊല ഇന്ത്യൻ രാഷ്ട്രീയത്തിൽ ‘ഗെയിം ചേഞ്ചർ’ ആയി മാറും.

(എറണാകുളം മഹാരാജാസ്‌ കോളേജ്‌ ചരിത്രവിഭാഗം മേധാവിയാണ് ലേഖകൻ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top