24 April Wednesday
ഇന്ന്‌ മഹാകവി കുമാരനാശാന്റെ 150–-ാം ജന്മദിനം

ചാതുർവർണ്യക്കുടുമയ്ക്ക് തീ കൊളുത്തിയ കവിഗുരു

രാവുണ്ണിUpdated: Tuesday Apr 12, 2022

എ ആർ രാജരാജവർമ നിർദേശിച്ചിട്ടും ദ്വിതിയാക്ഷര പ്രാസം ഒഴിവാക്കാൻ കുമാരനാശാന് പറ്റിയില്ല. കാവ്യശീലം മാറ്റാനൊക്കുന്നില്ലല്ലോ എന്ന് അദ്ദേഹം പരസ്യമായി പറയുകയും ചെയ്തു. അങ്ങനെയൊരാൾ തന്റെ എഴുത്തുശീലങ്ങളെ ചുരുട്ടിക്കെട്ടി അട്ടത്തുവച്ചിട്ട് ദുരവസ്ഥയെന്നൊരു വിലക്ഷണ കൃതി രചിക്കാൻ ഒരു സങ്കോചവും കൂടാതെ നിശ്ചയദാർഢ്യത്തോടെ തുനിഞ്ഞിറങ്ങിയത്‌ എന്തുകൊണ്ടാകും? അക്ഷരവും അഭയവും നിഷേധിക്കപ്പെട്ട ഒരു ജനതയ്‌ക്കുവേണ്ടിയാണ് ഈ കൃതി ശബ്ദിക്കുന്നത് എന്നതുതന്നെ കാരണം. ലക്ഷണാഭിരാമന്മാർക്കുള്ള കവിതയല്ല ഇത്. ഇത് വെളുവെളെ വെളുത്ത വെൺ (മണി) മലയാളമല്ല. കറുകറെ കറുത്ത മലയാളമാണ്. മനുഷ്യരെ ജാതിയുടെയും മതത്തിന്റെയും കള്ളികളിൽ വേർതിരിച്ചുനിർത്തി അവർക്ക് ജീവിതം നിഷേധിക്കുന്ന ചാതുർവർണ്യത്തിനെതിരെയാണ് കുമാരകവിയുടെ അക്ഷരപ്പടനീക്കം.

കുമാരനാശാന്റെ 150–-ാം ജൻമദിനവും ദുരവസ്ഥയുടെ നൂറാം വാർഷികവുമാണ് ഇത്. 1873 ഏപ്രിൽ 12-ന്‌ തിരുവനന്തപുരം ജില്ലയിലെ ചിറയിൻകീഴിനടുത്തെ അഞ്ചുതെങ്ങ് പഞ്ചായത്തിൽ കായിക്കരയിലെ തൊമ്മൻവിളാകം വീട്ടിലാണ്‌ കുമാരനാശാൻ ജനിച്ചത്‌. അച്ഛൻ നാരായണൻ പെരുങ്ങാടിയിൽനിന്നാണ്‌ കുമാരു എന്നു വിളിപ്പേരുള്ള കുമാരനാശാന്‌ കഥകളിയിലും സംഗീതത്തിലുമുള്ള താൽപ്പര്യം പകർന്നുകിട്ടിയത്‌. അമ്മ കാളിയമ്മയ്‌ക്കും പുരാണേതിഹാസങ്ങളിൽ അവഗാഹമുണ്ടായിരുന്നു. പതിനെട്ടാമത്തെ വയസ്സിൽ അസുഖംബാധിച്ച്‌ കിടപ്പായിരുന്ന അവസരത്തിൽ ശ്രീനാരായണഗുരു അവരുടെ വീട്ടിൽ വരികയും കുമാരുവിനെ തന്നോടൊപ്പം കൂട്ടിക്കൊണ്ടുപോകുകയും ചെയ്തു. അന്നുമുതൽ ആരംഭിച്ചതാണ്‌ ഗുരുവിനോടുള്ള ആത്മബന്ധം. അത്‌ ആശാന്റെ കാവ്യജീവിതത്തിൽ വഴിത്തിരിവായി മാറി. ജീവിതകാലം മുഴുവൻ നീണ്ട സുദൃഢമായൊരു ബന്ധത്തിന്റെ തുടക്കം. 1924 ജനുവരി 16-ന്  51 –-ാം വയസ്സിൽ പല്ലനയാറ്റിൽ ബോട്ടുമറിഞ്ഞുണ്ടായ ദുരന്തത്തിൽ കുമാരനാശാൻ അന്തരിച്ചു.

അഹഹ! സങ്കടമോർത്താൽ
മനുഷ്യജീവിതത്തേക്കാൾ
മഹിയിൽ ദയനീയമായ് മറ്റെന്തോന്നുള്ളു
എന്ന് കരുണയിൽ അദ്ദേഹം നെഞ്ചുപൊട്ടി ചോദിച്ചിട്ടുണ്ട്.

ഒരു വീണപൂവല്ല. വീണപൂക്കളുടെ പല പല വംശങ്ങൾ. സാധ്യമെന്ത് കണ്ണീരിനാൽ എന്ന് അവനിവാഴ്‌വിന്റെ പേക്കിനാവ് അനുഭവിച്ച്‌ ചോദിച്ചവർ. എന്തിനു ഭാരതധരേ കരയുന്നു പാരതന്ത്ര്യം നിനക്കു നിധി കൽപ്പിതമാണു തായേ!
ചിന്തിക്ക ജാതി മദിരാന്ധരടിച്ചു തമ്മി -
ലന്തപ്പെടും തനയരെന്തിനയേ, സ്വരാജ്യം

ജാതിപ്പിശാചുക്കളുടെ വാഴ്ച നടക്കുന്ന നാട്ടിൽ സ്വരാജ്യംകൊണ്ട് ഒരു കാര്യവുമില്ല. സ്വാതന്ത്ര്യത്തിലും പാരതന്ത്ര്യം അനുഭവിക്കേണ്ടി വരും എന്ന് കവിക്ക് ഉറപ്പായിരുന്നു.

അതിസങ്കടമാണ് നീതി തൻ
ഗതി, കഷ്ടം പരതന്ത്രർ മന്നവർ
എന്ന് സ്ത്രീത്വത്തെ മുൻനിർത്തി കുമാരകവി പാരതന്ത്ര്യത്തെ വിശകലനം ചെയ്തിട്ടുണ്ട്. രാജ്യത്തിന്റെ സ്വാതന്ത്ര്യം അതിനുള്ളിലെ മനുഷ്യവിഭാഗങ്ങളുടെ സ്വാതന്ത്ര്യം ആവുകയില്ല. നാടിനെ ഒരിഞ്ചു മുന്നോട്ടു നീങ്ങാൻ അനുവദിക്കാതെ, പിന്നോട്ടു വലിക്കാൻ ശ്രമിക്കുന്നവർ ആരാണ്?

മുമ്പോട്ടു കാലം കടന്നു പോയീടാതെ
മുമ്പേ സ്മൃതികളാൽ കോട്ട കെട്ടി
വമ്പാർന്നനാചാര മണ്ഡച്ഛത്രരായ്
നമ്പൂരാർ വാണരുളുന്ന നാട്ടിൽ... ( ദുരവസ്ഥ )

അന്ധവിശ്വാസങ്ങളുടെ കുടുമയും അനാചാരങ്ങളുടെ പൂണൂലുമായി നാടുവാഴുന്ന ബ്രാഹ്മണ്യമാണ് അധ്വാനിക്കാൻമാത്രം ശീലിച്ച ഒരു ജനതയെ ഇല്ലായ്മ ചെയ്തത്.
എത്ര പെരുമാക്കൾ ശങ്കരാചാര്യന്മാ-
രെത്രയോ തുഞ്ചന്മാർ കുഞ്ചന്മാരും
ക്രൂരയാം ജാതിയാൽ നൂനമലസിപ്പോയ്
കേരള മാതാവേ, നിൻ വയറ്റിൽ.

അലസിപ്പോയ ജന്മങ്ങൾക്കുമുമ്പാകെയാണ് കുമാരനാശാന് ഈ ദുർഘടാവസ്ഥയുടെ കാര്യകാരണങ്ങൾ ബോധിപ്പിക്കാനുള്ളത്. അതിന് ലക്ഷണയുക്തമായ അലങ്കാരഭാഷ പോരാ. നിലവിളിക്കുമ്പോഴും കുതറുമ്പോഴുമുള്ള നേർഭാഷ വേണം. അതാണ് ആശാൻ ദുരവസ്ഥയിൽ ഉപയോഗിച്ചത്.

തൊട്ടുകൂടാത്തവർ തീണ്ടിക്കൂടാത്തവർ
ദൃഷ്ടിയിൽ പെട്ടാലും ദോഷമുള്ളോർ
കെട്ടില്ലാത്തോർ തമ്മിലുണ്ണാത്തോരിങ്ങനെ -
യൊട്ടല്ലഹോ ജാതിക്കോമരങ്ങൾ
ജാതിക്കോമരങ്ങളുടെ ഉറഞ്ഞുതുള്ളലാണ് നാട്ടിൽ നടക്കുന്നത്. അത്ര നിർദോഷമല്ല അത് എന്തുകൊണ്ടെന്നാൽ
ഭേദങ്ങളറ്റ പൊരുളിനെക്കാഹള
മൂതി വാഴ്ത്തീടുന്നുവേദം നാലും
വൈദിക മാനികൾ മർത്യരിൽ ഭേദവും
ഭേദത്തിൽ ഭേദവും ജൽപ്പിക്കുന്നു
മനുഷ്യരെ വിഭജിച്ചു വിഭജിച്ച് പിന്നോക്കം തള്ളുകയാണ് പൗരോഹിത്യം. അവരിൽ ഭീതിനിറയ്‌ക്കുകയാണ്.

അല്ലെങ്കിലിങ്ങീയടിമകൾ പേടിച്ചു
മെല്ലെ നടപ്പതു മണ്ണറിയാ
എല്ലാറ്റിലും തുച്ഛമല്ലോ ചെറുമക്കൾ
പുല്ലുമിവർക്ക് വഴിവഴങ്ങാ
പുല്ലിനേക്കാളും പുഴുവിനേക്കാളും താഴെയാണ്‌ അവർ. അവരുടെ ജീവിതം അവർക്ക് സ്വന്തപ്പെട്ടതല്ല.
മറ്റുള്ളവർക്കായൂഴാനും നടുവാനും
കറ്റ കൊയ്യാനും മെതിക്കുവാനും
പറ്റുമിക്കൂട്ടരിരുകാലിമാടുകൾ
മറ്റു കൃഷിപ്പണി ചെയ്യുവാനും
ഒന്നോർത്താൽ മാടും കയർക്കുമിതുകളോ -
ടൊന്നായവറ്റയെ നാം ഗണിച്ചാൽ

പൂണൂലിട്ട വെൺമലയാളത്തിൽനിന്ന് വെയിലിൽ കരിഞ്ഞ കരിമലയാളത്തിലേക്ക് ആശാന്റെ കവിത പരിവർത്തനപ്പെട്ടത് എന്തുകൊണ്ടാണ്? "വെൺമണി സംസ്‌കാരത്തോടുള്ള ഒരു വെല്ലുവിളിയാണ് ആശാൻ സാഹിത്യം’ എന്ന് ഇ എം എസ് നിരീക്ഷിച്ചിട്ടുണ്ട്, ആത്മീയതയുടെ ഒരാവരണവുമില്ലാത്ത ആശാന്റെ ഏക കൃതിയാണ് ദുരവസ്ഥയെന്നും അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു.

‘എണ്ണീടുകാർക്കുമിതുതാൻ ഗതി’യെന്ന് കണ്ണീർവാർക്കാനല്ല ആശാൻ ദുരവസ്ഥ എഴുതിയത്.
ഉണരിനുണരിനുള്ളിലാത്മശക്തി -
പ്രണയമെഴും സഹജാതരേ ത്വരിപ്പിൻ
രണപടഹമടിച്ചു ജിതിരക്ഷ -
സ്സണവൊരിടങ്ങളിലൊക്കെയെത്തി നേർപ്പിൻ (സിംഹനാദം)
എന്ന് ആഹ്വാനം ചെയ്യാനാണ്.

കാലം വൈകിപ്പോയി, കേവലമാചാര -
നൂലുകളെല്ലാം പഴകിപ്പോയി
കെട്ടിനിറുത്താൻ കഴിയാതെ ദുർബ്ബല -
പ്പെട്ട ചരടിൽ ജനത നില്ക്കാ
മാറ്റുവിൻ ചട്ടങ്ങളെ
എന്ന് അറിയിക്കേണ്ടവരെ അറിയിക്കാനുണ്ട്. കാലം മാറുന്നു എന്നറിയാതെ മൂടിപ്പുതച്ചുറങ്ങുന്നവരെ ഉണർത്താനാണ്.
വെട്ടിമുറിക്കുക കാൽച്ചങ്ങല വിഭോ
പൊട്ടിച്ചെറിയുകയീ കൈവിലങ്ങും
(സ്വാതന്ത്ര്യഗാഥ )

എന്നതാണ് അധഃസ്ഥിതജനതയോട് കുമാരനാശാന്റെ ആഹ്വാനം. ആത്മീയത നിഷേധിക്കപ്പെട്ട ഒരു ജനതയ്‌ക്ക് അത് നൽകുകയാണ് ശ്രീനാരായണ ഗുരു ചെയ്തത്. ശ്രീനാരായണ ഗുരു ആത്മീയതയിലും സമൂഹത്തിലും നിർവഹിച്ചതാണ് ആശാൻ കവിതയിൽ ചെയ്തത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top