20 April Saturday

കുടുംബശ്രീ ; പെൺകരുത്തിന്റെ മഹാപ്രസ്ഥാനം - എം ബി രാജേഷ് എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Friday Mar 17, 2023

രാജ്യത്തിന്റെ സാമൂഹ്യചരിത്രത്തിലെ സുപ്രധാന വഴിത്തിരിവുകളിലൊന്നായ കുടുംബശ്രീ ലോക ശ്രദ്ധയാകർഷിച്ച വനിതാ കൂട്ടായ്മയാണ്. ജനകീയാസൂത്രണത്തിനു പിന്നാലെയാണ്  കുടുംബശ്രീയുടെയും പിറവി. ദാരിദ്യനിർമാർജനവും സ്‌ത്രീശാക്തീകരണവും ലക്ഷ്യമിട്ട് 1998 മെയ് 17നാണ് ഇടതുപക്ഷം നേതൃത്വം നൽകിയ സർക്കാർ സംസ്ഥാന ദാരിദ്യനിർമാർജന മിഷൻ എന്ന നിലയിൽ  കുടുംബശ്രീയുടെ രൂപീകരണം  പ്രഖ്യപിച്ചത്.   
സാമ്പത്തികമായും സാമൂഹ്യമായും ദുർബലാവസ്ഥയിലുള്ള സ്‌ത്രീസമൂഹത്തെ സാമ്പത്തിക സ്വാശ്രയത്വവും സാമൂഹ്യശാക്തീകരണവും നേടാൻ പ്രാപ്തരാക്കുന്നതിനുള്ള മുന്നേറ്റത്തിൽ അഭിമാനാർഹമായ നേട്ടമാണ് കുടുംബശ്രീ കൈവരിച്ചത്. ഇരുപത്തഞ്ചാം വർഷത്തിൽ എത്തിനിൽക്കുമ്പോൾ 45 ലക്ഷം അംഗങ്ങളുടെ കരുത്ത് ഈ പ്രസ്ഥാനത്തിനുണ്ട്. മൂന്ന് ലക്ഷം അയൽക്കൂട്ടവും 19,470 എഡിഎസും 1070 സിഡിഎസും പ്രവർത്തിക്കുന്നു. ഇതിനുപുറമെ 19,000 ഓക്സിലറി ഗ്രൂപ്പൂം പ്രവർത്തിക്കുന്നു. സാമ്പത്തികശാക്തീകരണത്തിന്റെ വഴികളിലൂടെ ദാരിദ്യനിർമാർജനമാണ് കുടുംബശ്രീയുടെ ലക്ഷ്യം. കുടുംബശ്രീ അയൽക്കൂട്ടങ്ങൾക്ക് ഇന്ന് 8029 കോടി രൂപയുടെ സമ്പാദ്യമുണ്ട്.

ഓരോ അംഗത്തിനും വിശ്വാസത്തോടെ സമീപിക്കാൻ സാധിക്കുന്ന ഇടമായും വീട്ടുമുറ്റത്തെ ബാങ്കായും കുടുംബശ്രീ മാറി.  അടുക്കളയുടെ നാലു ചുവരിനുള്ളിൽ കഴിഞ്ഞിരുന്ന സ്‌ത്രീകളെ വരുമാനം നേടാനും  സ്വാശ്രയത്വം കൈവരിക്കാനും  പ്രാപ്തരാക്കുകയെന്ന ദൗത്യമാണ് കുടുംബശ്രീ ഏറ്റെടുത്തത്. വിവിധ പദ്ധതികളുടെ ഭാഗമായി സംസ്ഥാനമൊട്ടാകെ ഒരു ലക്ഷത്തിലേറെ സൂക്ഷ്മ സംരംഭങ്ങൾ പ്രവർത്തിക്കുന്നു. പാർശ്വവൽക്കരിക്കപ്പെട്ടവർ, അഗതികൾ, നിരാലംബർ, മാനസിക– ബൗദ്ധിക വെല്ലുവിളി നേരിടുന്നവർ എന്നിവരെ സമൂഹത്തിന്റെ  മുഖ്യധാരയിൽ എത്തിക്കാനുള്ള നിരവധി പദ്ധതികൾ നടപ്പാക്കുന്നു. പഞ്ചായത്ത് രാജ് സംവിധാനംവഴിയുള്ള സംയോജനവും ഏകോപനവും വഴിയാണ് കുടുംബശ്രീ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു വരുന്നത്.

1998ൽ കുടുംബശ്രീക്ക് തുടക്കംകുറിച്ചപ്പോൾ അതുവരെയുണ്ടായിരുന്ന ദാരിദ്ര്യനിർമാർജന രീതികളിൽനിന്ന് വേറിട്ട് സാമൂഹ്യ സംഘടനാ സംവിധാനത്തിനു കീഴിൽ പാവപ്പെട്ടവരെ അണിനിരത്തി ദാരിദ്ര്യനിർമാർജനം സാധ്യമാക്കുകയെന്ന തീർത്തും വ്യത്യസ്തമായ നയമാണ് കുടുംബശ്രീ കൈക്കൊണ്ടത്. 2011ൽ കേന്ദ്ര ഗ്രാമവികസന മന്ത്രാലയം കുടുംബശ്രീയെ ദേശീയ ഗ്രാമീണ ഉപജീവന ദൗത്യത്തിനു കീഴിലുള്ള സംസ്ഥാന ഗ്രാമീണ ഉപജീവന ദൗത്യമായി അംഗീകരിച്ചു. സർക്കാരിന്റെ ദാരിദ്ര്യ ലഘൂകരണ ഏജൻസി, തദ്ദേശഭരണ സ്ഥാപനവുമായി പരസ്പര സഹകരണത്തോടെ  പ്രവർത്തിക്കുന്ന സംഘടന, സ്വതന്ത്രവും പരസ്‌പര ബന്ധവുമുള്ള ത്രിതല സംഘടനാ സംവിധാനം, സ്‌ത്രീശാക്തീകരണത്തിലൂന്നിയ ദാരിദ്ര്യലഘൂകരണ പ്രവർത്തനങ്ങൾ, സർക്കാർ അംഗീകൃത നിയമാവലിയുടെ അടിസ്ഥാനത്തിലുള്ള പ്രവർത്തനം എന്നിവയെല്ലാം കുടുംബശ്രീയുടെ സാമൂഹ്യാധിഷ്ഠിത സംഘടനാ സംവിധാനത്തെ വേറിട്ട് നിർത്തുന്നു.


 

സംസ്ഥാനത്താകെ 3.09 ലക്ഷം അയൽക്കൂട്ടത്തിലായി 46.16 ലക്ഷം കുടുംബം അംഗങ്ങളായി പ്രവർത്തനം നടത്തിവരികയാണ്. സാമ്പത്തികശാക്തീകരണത്തിനും സാമൂഹ്യശാക്തീകരണത്തിനും ഉതകുന്ന നിരവധി പ്രവർത്തനങ്ങളാണ് സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ കുടുംബശ്രീ താഴെത്തട്ടിൽ നടത്തിവരുന്നത്. സ്ത്രീകളുടെ വ്യക്തിത്വ വികാസത്തിനും സാമൂഹ്യ പങ്കാളിത്തം വർധിപ്പിക്കുന്നതിനും കുടുംബശ്രീയുടെ ഇടപെടൽ വളരെയധികം പ്രയോജനപ്രദമായിട്ടുണ്ട്. ദേശീയ, അന്തർദേശീയ തലത്തിലുള്ള നിരവധി പുരസ്കാരങ്ങളും കുടുംബശ്രീയെ തേടിയെത്തി.

കഴിഞ്ഞ 25 വർഷത്തിനുള്ളിൽ കുടുംബശ്രീയുടെ പ്രവർത്തനം ശക്തവും വിപുലവും ജനകീയവുമാക്കുന്നതിന് പാർശ്വവൽക്കരിക്കപ്പെട്ട ആദിവാസി, ദളിത് വിഭാഗങ്ങൾ, തീരദേശമേഖല, സാമൂഹ്യനീതിയും സാമ്പത്തികവുമായ പ്രത്യേക പരിഗണന അർഹിക്കുന്ന ശാരീരിക മാനസിക വെല്ലുവിളികൾ നേരിടുന്നവർ, രോഗികൾ, ട്രാൻസ്ജെൻഡേഴ്സ്, വയോജനങ്ങൾ എന്നിങ്ങനെ പ്രത്യേകമായി പരിഗണന ആവശ്യമുള്ളവർ എന്നിവർക്കെല്ലാം സഹായകരമായ പ്രവർത്തനങ്ങളാണ് നടത്തിവരുന്നത്.

കോവിഡ് മഹാമാരി, പ്രളയം തുടങ്ങി വിവിധ ദുരന്തമുഖത്ത് കുടുംബശ്രീയുടെ ഇടപെടൽ പ്രശംസനീയമാണ്. വാർഡ് തലത്തിൽ രൂപീകരിച്ച ആർആർപിമാരിൽ ബഹുഭൂരിപക്ഷവും കുടുംബശ്രീ പ്രവർത്തകരാണ്. കോവിഡ്കാലത്തും പ്രളയകാലത്തും കമ്യൂണിറ്റി കിച്ചനുകളെ സജീവമാക്കുന്നതിലും മറ്റു പ്രതിരോധ പ്രവർത്തനങ്ങളിലും കുടുംബശ്രീ അംഗങ്ങൾ സജീവമായി ഇടപെടൽ നടത്തി. ഹരിതകർമസേന കുടുംബശ്രീ വനിതകളെ ഉപയോഗപ്പെടുത്തിയ ബൃഹത്‌ സംരംഭമാണ്.


 

സാമൂഹ്യവിപത്തുകളായ സ്‌ത്രീധനം, ഗാർഹിക പീഡനം എന്നിവയ്ക്കെതിരെ സ്‌ത്രീപക്ഷ കേരളം എന്ന നിലയിൽ വിപുലമായ ക്യാമ്പയിനുകൾക്ക് നേതൃത്വം നൽകി. ജെൻഡർ റിസോഴ്സ് സെന്ററുകൾ സ്ഥാപിക്കാനും സാധിച്ചു.   തനത് പ്രവർത്തനങ്ങൾക്കു പുറമെ, വിവിധ കേന്ദ്രാവിഷ്കൃത പദ്ധതികളുടെ നോഡൽ ഏജൻസിയുമാണ് കുടുംബശ്രീ.  ഈ  പ്രവർത്തനങ്ങൾ മറ്റ് സംസ്ഥാനങ്ങളിലേക്ക് പകർത്താനുള്ള സാധ്യത നിറവേറ്റുന്നതിനു വേണ്ടിയാണ്  കുടുംബശ്രീക്ക്‌ കേന്ദ്രസർക്കാർ നാഷണൽ റിസോഴ്സ് ഓർഗനൈസേഷൻ എന്ന പദവി നൽകിയത്.

കാൽനൂറ്റാണ്ടത്തെ വളർച്ച തുടരുന്നതിനും പുതിയ മുന്നേറ്റം സൃഷ്ടിക്കുന്നതിനുമുള്ള  ശ്രമങ്ങളിലാണ് കുടുംബശ്രീ പ്രസ്ഥാനം. ദാരിദ്ര്യനിർമാർജനത്തോടൊപ്പം പ്രാദേശിക സാമ്പത്തിക വികസനത്തിനുകൂടി  സഹായകരമാകുന്ന തരത്തിൽ നവീകരിക്കാനുള്ള ശ്രമമാണ് ഇരുപത്തഞ്ചാം വാർഷികത്തിൽ നടക്കുന്നത്. സാമൂഹ്യ സാമ്പത്തിക വികസനത്തിന് അടിത്തറ പാകാൻ കഴിയുന്ന ഏറ്റവും പ്രധാനപ്പെട്ട സംവിധാനങ്ങളിലൊന്നാണ് കുടുംബശ്രീ. കുടുംബശ്രീക്ക് നവീനമായ ഒരു മുഖവും കേരളത്തിലെ സ്‌ത്രീ സംരംഭങ്ങൾക്ക് പുതിയൊരു തലവുമാണ് രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ലക്ഷ്യമിടുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top