26 April Friday

ഇനി യുവതീമുന്നേറ്റത്തിന്റെ നാളുകൾ - തദ്ദേശഭരണമന്ത്രി എം വി ഗോവിന്ദൻ എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Monday Nov 29, 2021

കുടുംബശ്രീ പ്രസ്ഥാനത്തിന് തുടക്കം കുറിച്ചുകൊണ്ട് കേരളത്തിലെ സ്ത്രീശാക്തീകരണത്തിന്റെ പുതിയൊരധ്യായത്തിനാണ് 1998ൽ ഇ കെ നായനാർ സർക്കാർ തുടക്കമിട്ടത്.  ദരിദ്ര വനിതകളെ മുഖ്യധാരയിലേക്ക് ഉയർത്തുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ചതാണെങ്കിലും കുടുംബശ്രീ ഇന്ന് എല്ലാ സ്ത്രീകളും പ്രതിനിധാനംചെയ്യുന്ന ഒരു മഹാപ്രസ്ഥാനമായി മാറി. നിലവിൽ കുടുംബശ്രീയിൽ 45 ലക്ഷത്തോളം  അംഗങ്ങളുണ്ട്‌. ഇവരിൽ 18നും 40നും ഇടയിൽ പ്രായമുള്ളവർ വെറും 10 ശതമാനം മാത്രമാണ്. ഇവരിലേക്ക് കുടുംബശ്രീ പദ്ധതികളുടെ ഗുണഫലങ്ങൾ വേണ്ടത്ര ലഭ്യമാകാത്ത അവസ്ഥയുണ്ട്.  ഈ പശ്ചാത്തലത്തിലാണ് യുവതീ ഓക്‌സിലറി ഗ്രൂപ്പുകൾ രൂപീകരിക്കാൻ തീരുമാനിക്കുന്നത്.   

മാനവവിഭവശേഷിയുടെ കാര്യത്തിൽ രാജ്യത്ത് മുൻപന്തിയിൽ നിൽക്കുന്ന സംസ്ഥാനമാണ് കേരളം. പക്ഷേ, ഈ വിഭവശേഷിയെ നാം വേണ്ടത്ര ഉപയോഗപ്പെടുത്തുന്നില്ല. ഇതിന് മാറ്റമുണ്ടാകണമെങ്കിൽ യുവജനതയുടെ കാര്യശേഷി വികസിപ്പിക്കുന്നതിൽ ഊന്നിക്കൊണ്ട് വിവിധ പദ്ധതികൾ ആസൂത്രണം ചെയ്ത് നടപ്പാക്കണം. കേരള ജനതയുടെ 57 ശതമാനവും 20നും 59നും ഇടയിൽപ്രായമുള്ളവരാണ്. ഇതിൽ 53 ശതമാനവും സ്ത്രീകളാണ്. തൊഴിലില്ലായ്മയുടെ കണക്ക് പരിശോധിക്കുമ്പോൾ പുരുഷൻമാരേക്കാൾ സ്ത്രീകളാണ് തൊഴിൽരഹിതർ. 2020ലെ കേരള ഇക്കണോമിക് റിവ്യൂവിലെ കണക്ക് സൂചിപ്പിക്കുന്നത്, അഭ്യസ്തവിദ്യരായ കേരളത്തിലെ സ്ത്രീകളുടെ എണ്ണം തൊഴിൽരഹിത സ്ത്രീകളുടെ ദേശീയ ശരാശരിയേക്കാൾ മൂന്ന് ഇരട്ടിയോളം കൂടുതലാണെന്നാണ്. അഭ്യസ്തവിദ്യരായിട്ടും സ്വന്തം കഴിവുകൾ പ്രയോജനപ്പെടുത്താൻ സാധിക്കാതെ "വീട്ടമ്മ'മാരായി ഒതുങ്ങിക്കഴിയുന്ന യുവതികൾ അനുഭവിക്കുന്ന മാനസിക പ്രയാസങ്ങൾ  കൂടിവരുന്നുണ്ട്.  ഈ പ്രശ്‌നത്തിന് ശാശ്വതമായ പരിഹാരം കണ്ടെത്തുന്നതിലൂടെ മാത്രമേ സാമൂഹ്യ ഉന്നമനം ലക്ഷ്യമാക്കിയുള്ള വികസനം സാധ്യമാകുകയുള്ളൂ.

തൊഴിലെടുക്കുന്നതിനും ജീവനോപാധികൾ കണ്ടെത്തുന്നതിനും സാമൂഹ്യ പ്രശ്‌നങ്ങളെക്കുറിച്ച് സംവദിക്കുന്നതിനും സഹായകമാകുന്ന വേദി ഒരുക്കുന്നതിലൂടെ യുവതികളുടെ കാര്യശേഷിയും ഇടപെടൽ ശേഷിയും വർധിപ്പിക്കാനും അതുവഴി സാമൂഹ്യപുരോഗതിക്ക് ആക്കം കൂട്ടാനും കഴിയും. യുവതീ കൂട്ടായ്മകളായി മാറുന്ന ഓക്‌സിലറി ഗ്രൂപ്പുകൾ ഇതിന് പര്യാപ്തമാകുമെന്നതിൽ തർക്കമില്ല. 


 

കുടുംബശ്രീയിൽ ഒരു കുടുംബത്തിലെ ഒരു വനിതയ്ക്ക് മാത്രമേ അംഗത്വം ലഭിക്കുകയുള്ളൂ.  പത്ത് വർഷത്തിന് മുകളിൽ പ്രവർത്തിച്ചുവരുന്ന ഒരു അയൽക്കൂട്ടത്തിലേക്ക്‌ പുതിയ ഒരാൾ അംഗമാകുമ്പോൾ നിലവിലുള്ളവരുടെ നിക്ഷേപം വഴിയുള്ള സമ്പാദ്യവും പുതുതായി ചേരുന്നവരുടെ സമ്പാദ്യവും തമ്മിൽ വലിയ അന്തരമുണ്ടാകും. ഈ സാഹചര്യത്തിൽ യുവതലമുറയെ കുടുംബശ്രീയുടെ ഭാഗമാക്കാനും ഇവരെ പൊതുധാരയിൽ കൊണ്ടുവരുന്നതിനും  അവർക്ക് വിവിധ തൊഴിൽ സാധ്യതകളെക്കുറിച്ചുള്ള അറിവുകൾ നൽകുന്നതിനുമുള്ള പൊതുവേദി സൃഷ്ടിക്കുകയെന്നത് അടിയന്തരപ്രാധാന്യമുള്ളതാണ്‌. 

വിദ്യാഭ്യാസവും കഴിവുമുള്ള യുവതികളെ ഒരു കുടക്കീഴിൽ കൊണ്ടുവരുന്നതിലൂടെ  അവരുടെ അഭിരുചിക്കനുസരിച്ചുള്ള മേഖലകളിൽ നൈപുണ്യമുള്ളവരാക്കി മാറ്റാൻ സാധിക്കും.  പല കാരണങ്ങളാലും കുടുംബശ്രീ അയൽക്കൂട്ടത്തിൽ ചേരാൻ കഴിയാതിരുന്ന കുടുംബങ്ങളിലെ യുവതികൾക്ക്  അവസരം നൽകണം. ഈ സാഹചര്യത്തിലാണ്  മുഴുവൻ  വാർഡിലും 18 മുതൽ 40 വയസ്സുവരെയുള്ള യുവതികളെ അംഗങ്ങളാക്കിയുള്ള ഓക്‌സിലറി ഗ്രൂപ്പുകൾ രൂപീകരിക്കുന്നത്.


 

പുതിയ തൊഴിൽ സാധ്യതകൾ കണ്ടുപിടിക്കാനും വിവാഹശേഷം യുവതികൾ ജോലിയിൽനിന്ന്‌ പിൻവാങ്ങുന്ന രീതി കുറയ്ക്കാനും ഓക്‌സിലറി ഗ്രൂപ്പുകൾ മുഖേന സാധിക്കും. നാടിന്റെ വികസന പ്രവർത്തനങ്ങളിൽ ക്രിയാത്മകമായി ഇടപെടുന്നതിനും  സാധിക്കും. പൊതു വിഷയങ്ങളിലും ഇടപെടാനും ചർച്ച ചെയ്യാനും പ്രതികരിക്കാനുമുള്ള ആത്മവിശ്വാസം വളർത്താനും ഇതിലൂടെ കഴിയും.  ജാഗ്രതാ സമിതികൾ, ലഹരി ഉപയോഗത്തിനെതിരായുള്ള വിമുക്തി ഗ്രൂപ്പുകൾ, സാംസ്‌കാരിക വകുപ്പ് നടപ്പാക്കുന്ന സമം തുടങ്ങി സ്ത്രീകൾക്കുവേണ്ടിയുള്ള വിവിധ പദ്ധതികളുമായി സഹകരിച്ച് പ്രവർത്തിക്കാനും വിവിധ ക്യാമ്പയിനുകൾ ഏറ്റെടുത്ത് സംഘടിപ്പിക്കാനും ഓക്‌സിലറി ഗ്രൂപ്പുകൾ മുന്നോട്ടുവരും. യുവജന കമീഷൻ, യുവജന ക്ഷേമ ബോർഡ് തുടങ്ങി വിവിധ ഏജൻസികളുടെ പ്രവർത്തനങ്ങളെയും പദ്ധതികളെയും പരിചയപ്പെടാനും അവയിൽ പങ്കാളികളാകാനും ഓക്‌സിലറി ഗ്രൂപ്പിനെ പര്യാപ്തമാക്കും. 

അഭ്യസ്തവിദ്യരായ സ്ത്രീകളുടെ മാനവശേഷി  ഉപയോഗിക്കുന്നതിലൂടെ വരുമാനദായക പ്രവർത്തനങ്ങളെക്കുറിച്ചുള്ള അറിവും അവസരങ്ങളും കുടുംബശ്രീ അയൽക്കൂട്ടങ്ങളിലും അല്ലാതെയും ലഭ്യമാക്കാനാകും.  സംസ്ഥാനത്ത്  20,116  ഓക്‌സിലറി ഗ്രൂപ്പ്‌ രജിസ്റ്റർ ചെയ്തു. ഒക്‌ടോബർ രണ്ടിനായിരുന്നു രജിസ്‌ട്രേഷൻ ആരംഭിച്ചത്. 3,25,000 പേർ അംഗങ്ങളായി. ഒരു യൂണിറ്റിൽ അമ്പത് പേർക്ക് അംഗങ്ങളാകാം.  തൊഴിൽ മുടങ്ങിയവരും കോഴ്‌സ്‌ പൂർത്തിയാക്കിയപ്പോൾ വിവാഹിതരാകുകയും തുടർന്ന് "വീട്ടമ്മ'മാരായി മാറിയതുമായ നിരവധി യുവതികൾ സംസ്ഥാനത്തുണ്ട്. ഇവർക്ക് നൈപുണി വികസനത്തിനുള്ള അവസരമൊരുക്കുമ്പോൾ കേരളത്തിൽ യുവതികളുടെ മെച്ചപ്പെട്ട ഒരു തൊഴിൽസേനതന്നെ ഉണ്ടാകും. കോവിഡാനന്തരം ലോകമാകെ വർക്ക് അറ്റ് ഹോം എന്ന നിലയിലാണ് പോകുന്നത്. സ്വന്തം വീടുകളിലിരുന്നും അങ്ങനെയല്ലാത്തവർക്ക് വീടിനടുത്തും ജോലി ലഭ്യമാക്കാനുള്ള പദ്ധതിയും ആവിഷ്‌കരിക്കുന്നുണ്ട്. ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിന്റെ പ്രധാനപ്പെട്ട പ്രഖ്യാപനമായ ആയിരത്തിൽ അഞ്ചുപേർക്ക് തൊഴിലെന്ന ലക്ഷ്യം കൈവരിക്കാൻ യുവതീ ഓക്‌സിലറി ഗ്രൂപ്പുകൾ വഴിയൊരുക്കും. ഇതിലൂടെ സാമൂഹ്യമുന്നേറ്റത്തിന്റെ പുതിയൊരു ചരിത്രം രചിക്കപ്പെടും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top