29 May Sunday

ഇവർ വിശുദ്ധ കാളകളാണോ.... കെ ടി കുഞ്ഞിക്കണ്ണൻ എഴുതുന്നു

കെ ടി കുഞ്ഞിക്കണ്ണൻUpdated: Saturday Jan 29, 2022

ഫൈനാൻസ് മൂലധനത്തിൻ്റെ സംരക്ഷകരായ വലതുപക്ഷരാഷ്ട്രീയത്തിന് സംഭവിക്കുന്ന അപചയത്തെ ഇടതുപക്ഷത്തിനെതിരായ അപവാദ പ്രചരണങ്ങളിലൂടെ മറച്ചു പിടിക്കാനുള്ള കൗശലബുദ്ധിയുടെ ദാതാക്കളാണ് നമ്മൾ മാധ്യമങ്ങളിൽ കാണുന്ന ഈ സ്വതന്ത്ര രാഷ്ടീയ നിരീക്ഷകരായി പ്രത്യക്ഷപ്പെടുന്നവരിൽ ഭൂരിഭാഗമാളുകളും. വ്യക്തിപരമായി ഒരു ധാർമ്മികതയും സൂക്ഷിക്കേണ്ടതില്ലെന്നും ഒരു സോഷ്യൽ ഓഡിറ്റിംഗിനും വിധേയരാവേണ്ടതില്ലെന്നും ചിന്തിക്കുന്ന വിശുദ്ധകാളകളാണ് തങ്ങളെന്ന് സ്വയം ധരിച്ച് വെച്ചിരിക്കുന്നവരാണവർ- കെ ടി കുഞ്ഞിക്കണ്ണൻ എഴുതുന്നു

കെ ടി കുഞ്ഞിക്കണ്ണൻ

കെ ടി കുഞ്ഞിക്കണ്ണൻ

വിമർശനങ്ങൾ സംവാദാത്മകമാവുന്നത് വസ്തുതകളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിൽ സംസാരിക്കുമ്പോഴാണ്. തർക്കിക്കാനും തോല്പിക്കാനുമല്ലാതെ അറിയാനും അറിയിക്കാനുമായി വാദപ്രതിവാദങ്ങൾ ഉന്നയിക്കുമ്പോഴാണ് ആരോഗ്യകരമായ രാഷ്ട്രീയ സംവാദങ്ങളിലേക്ക് കടക്കാനാവുക. ശരിയായ വികസന പരിസ്ഥിതി വ്യവഹാരങ്ങളിലേക്ക് സമൂഹത്തെ നയിക്കാനാവുക. എന്നാൽ ആരും പിടിച്ച് കെട്ടില്ലെന്ന വിശ്വാസത്തിൽ ഏതു വിഷയത്തിലും എവിടെയും ഓടിക്കയറിയും ആർക്കെതിരെയും കൊമ്പു കൂർപ്പിക്കുന്ന വിശുദ്ധകാളകളാണ് തങ്ങളെന്ന് ധരിച്ച് വെച്ചിരിക്കുന്ന  സ്വതന്ത്രനിരീക്ഷകർ എന്താണ് ചെയ്തു കൊണ്ടിരിക്കുന്നത്.

ഡൂൾന്യൂസിൽ കെ റെയിലിനെതിരായ തൻ്റെ എതിർപ്പിൻ്റെ കാരണങ്ങൾ വിശദീകരിക്കുന്ന കാരശ്ശേരി മാഷുടെ വാദങ്ങൾ കേട്ടപ്പോൾ പുച്ഛത്തെക്കാളേറെ സങ്കടമാണ് തോന്നിയത്. ആരാലും ഓഡിറ്റ് ചെയ്യുപ്പെടില്ലെന്ന ധൈര്യത്തിൽ അസ്പഷ്ട ധാരണകളും ആരെല്ലാമോ പറഞ്ഞു കേട്ട പൊട്ട വിവരങ്ങളും ആധികാരിക വസ്തുതകളാന്നെന്ന നിലയിൽ ചിരിച്ചും കഥകൾ ഉദ്ധരിച്ചു വിളമ്പുകയാണല്ലോ മാഷ്. ഒരു ഇടതുപക്ഷവിരുദ്ധൻ്റ ഒതളങ്ങാവർത്തമാനമെന്നല്ലാതെ എന്താണ് ഇതിനൊക്കെ പറയുക?

വസ്നിഷ്ഠതയുടെയും സത്യാന്വേഷണത്തിൻ്റെയും വ്യവഹാര മണ്ഡലമാണ് മാധ്യമ പ്രവർത്തനത്തിൻ്റെതെന്ന് എന്നോ മറന്നു പോയ കുത്തകമാധ്യമങ്ങൾ ആവശ്യപ്പെടുന്നതെന്തും സമ്മതിച്ച് കൊടുക്കുന്നവരായി സ്വയം അധ:പതിച്ചു പോയവരാണ് നമ്മുടെ അന്തിചർച്ചക്ക് എത്തുന്ന സ്വതന്ത്രനിരീക്ഷക കേസരികൾ.  ഇടതുപക്ഷ വിരുദ്ധമായ പൊതുബോധ നിർമ്മിതിക്കുള്ള കരുക്കളായിട്ടാണ് മാധ്യമങ്ങൾ ഇക്കൂട്ടരെ ചാനൽ മുറികളിലിരുത്തുന്നത്.

വികസിതവും നീതിപൂർവ്വവുമായ ഒരു ഭാവി സമൂഹത്തിന് വേണ്ടിയുള്ള സമരമാണ് പലതായ സാമൂഹ്യ രാഷ്ട്രീയ ചിന്താപദ്ധതികൾക്കും തത്വസംഹിതകൾക്കും ജന്മം നൽകിയിട്ടുള്ളതെന്നൊന്നും മനസിലാക്കിയിട്ടില്ലാത്ത കമ്യൂണിസ്റ്റ് വിരോധം മൂലധനമാക്കിയവരാണിവർ. പുരോഗതിക്ക് തടസ്സം നില്ക്കുന്ന ഭൗതിക ബന്ധങ്ങളെ ശാശ്വതീകരിച്ച് നിർത്തുന്ന എല്ലാ പിന്തിരിപ്പൻ ആശയങ്ങൾക്കും മൂല്യവ്യവസ്ഥകൾക്കും സാധൂകരണം ചമയ്ക്കുന്നവർ.ഇത്തരം വലതുപക്ഷ വാമനമാർക്കെതിരായിട്ടു കൂടിയുള്ള വിട്ടുവീഴ്ചയില്ലാത്ത സമരങ്ങളിലൂടെ മാത്രമെ മാറ്റവും മെച്ചപ്പെട്ട ജീവിതവും മലയാളികൾക്ക് സ്വായത്തമാക്കാനാവൂ..

ഭിന്നവർഗ്ഗങ്ങളും സാമൂഹ്യശക്തികളും വിഭാഗങ്ങളും തമ്മിലുള്ള  കടുത്ത സമരത്തിലൂടെ തന്നെയാണ് സ്വാതന്ത്ര്യത്തിൻ്റെയും ജനാധിപത്യത്തിൻ്റെയും പ്രശ്നങ്ങൾ പരമപ്രധാനമായി തീരുന്നത്. വിധിനിർണായകമായൊരു ഈ ചരിത്രപ്രക്രിയയിൽ ആരും സ്വതന്ത്രരും നിരീക്ഷകരുമല്ലായെന്നതാണ് പരമപ്രധാനമായ സത്യം. ഈയൊരു യാഥാർത്ഥ്യത്തെയാണ് ആഗോളവൽക്കരണകാലത്തെ മാധ്യമങ്ങളും അവയുടെ പരിലാളനയിൽ മുളച്ചുപൊങ്ങുന്ന ബുദ്ധിജീവികളും അജ്ഞതയിൽ നിർത്തുന്നത്. ഫൈനാൻസ് മൂലധനത്തിൻ്റെ സംരക്ഷകരായ വലതുപക്ഷരാഷ്ട്രീയത്തിന് സംഭവിക്കുന്ന അപചയത്തെ ഇടതുപക്ഷത്തിനെതിരായ അപവാദ പ്രചരണങ്ങളിലൂടെ മറച്ചു പിടിക്കാനുള്ള കൗശലബുദ്ധിയുടെ ദാതാക്കളാണ് നമ്മൾ മാധ്യമങ്ങളിൽ കാണുന്ന ഈ സ്വതന്ത്ര രാഷ്ടീയ നിരീക്ഷകരായി പ്രത്യക്ഷപ്പെടുന്നവരിൽ ഭൂരിഭാഗമാളുകളും. വ്യക്തിപരമായി ഒരു ധാർമ്മികതയും സൂക്ഷിക്കേണ്ടതില്ലെന്നും ഒരു സോഷ്യൽ ഓഡിറ്റിംഗിനും വിധേയരാവേണ്ടതില്ലെന്നും ചിന്തിക്കുന്ന വിശുദ്ധകാളകളാണ് തങ്ങളെന്ന് സ്വയം ധരിച്ച് വെച്ചിരിക്കുന്നവരാണവർ

കെ ടി കുഞ്ഞിക്കണ്ണൻ


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top