26 April Friday

പ്രതിസന്ധി പരിഹരിക്കാൻ
 ഈ നിർദേശങ്ങൾ - ആനത്തലവട്ടം ആനന്ദൻ സംസാരിക്കുന്നു

വെബ് ഡെസ്‌ക്‌Updated: Saturday Jun 25, 2022

തിരുവിതാംകൂറിൽ ശ്രീചിത്തിരതിരുനാളിന്റെ കാലത്താണ് സ്റ്റേറ്റ് ട്രാൻസ്പോർട്ട് സർവീസ് ആരംഭിക്കുന്നത്. 1939 സെപ്തംബർ 30ന് 60 ബസുമായി തുടക്കംകുറിച്ചു. 1964 വരെ സർക്കാർ വകുപ്പായിരുന്നു. 1964ൽ കെഎസ്ആർടിസി രൂപീകരിച്ചു.  അതിന്റെ ഉദ്ദേശ്യലക്ഷ്യത്തിൽ എഴുതി–-"പൊതുജനങ്ങളുടെ യാത്രാ ആവശ്യത്തിനുവേണ്ടി ആവശ്യമുള്ള ബസുകൾ വാങ്ങി ഓടിക്കാനും മറ്റും വരുന്ന ചെലവിന്റെ മൂന്നിലൊന്ന്‌ കേന്ദ്രവും മൂന്നിൽരണ്ട്‌ സംസ്ഥാനവും വഹിക്കേണ്ടതാണ്’.

മാറിമാറിവന്ന കേന്ദ്ര–-സംസ്ഥാന സർക്കാരുകൾ  എത്രത്തോളം ഈ കടമ നിർവഹിച്ചുവെന്ന് പരിശോധിച്ചാൽ കോർപറേഷനെയും  തൊഴിലാളികളെയും വിചാരണ നടത്തുന്നവർക്ക് വസ്തുത മനസ്സിലാകും. 1984 മുതലാണ് പെൻഷൻ നൽകാൻ തീരുമാനിച്ചത്. അന്ന് രണ്ടു കോടി രൂപ മതിയായിരുന്നു. ഇന്ന് 70 കോടി പ്രതിമാസം വേണം. ഓരോ മാസവും ഈ സംഖ്യ വർധിക്കും. 1984 മുതൽ 2017 വരെ 9500 കോടി രൂപ പെൻഷനായി നൽകിയത് കെഎസ്ആർടിസിയാണ്. അതിനുശേഷം സർക്കാരാണ് നൽകുന്നത്. 

കെഎസ്ആർടിസിയുടെ കടബാധ്യത
കെഎസ്ആർടിസിയുടെ കടബാധ്യത 3200 കോടി രൂപ മാത്രമാണ്. സ്ഥാവര ജംഗമസ്വത്തുക്കൾ ഉയർന്ന പലിശയ്‌ക്ക് പണയംവച്ചാണ് 3200 കോടി എടുത്തത്.  മുതലും പലിശയുമായി ദിവസം മൂന്നു കോടി  തിരിച്ചടവ്‌.  പ്രതിവർഷം 1095 കോടി.  ഓരോ ദിവസവും തൊഴിലാളി അധ്വാനിച്ചുണ്ടാക്കുന്ന വരുമാനം ഈ തിരിച്ചടവിനും ഡീസലിനും ഇതര ചെലവുകൾക്കും മാറ്റിയാൽ ശമ്പളത്തിന് വകയില്ല.  എൽഡിഎഫ് സർക്കാർ പൊതുമേഖലാ ബാങ്കുകളുടെ കൺസോർഷ്യമുണ്ടാക്കി കുറഞ്ഞ പലിശയ്ക്ക് വായ്‌പ മാറ്റി. അതിന്  സർക്കാർ ജാമ്യംനിന്നു. തൽഫലമായി പ്രതിദിനം തിരിച്ചടവ് ഏതാണ്ട്  98 ലക്ഷമായി. ഈ 98 ലക്ഷം രൂപയുടെ തിരിച്ചടവും സർക്കാർ ഏറ്റെടുക്കുന്നു. അതോടെ  ഇതുവരെയുള്ള കടബാധ്യത സർക്കാർ ഏറ്റെടുത്തു. ദിനംപ്രതി 98 ലക്ഷം  തിരിച്ചടയ്‌ക്കണ്ട.

ബജറ്റിൽ വകയിരുത്തുന്ന 1000 കോടിയിൽ 840 കോടി പെൻഷൻ കഴിഞ്ഞാൽ 160 കോടി വിഹിതമായി ലഭിക്കുന്നു. ഇപ്പോൾ മുഖ്യമന്ത്രി പ്രഖ്യാപിച്ച തിരിച്ചടവിന്റെ ബാധ്യത ഏറ്റെടുക്കുന്നതോടെ പ്രതിമാസം 30 കോടി  സർക്കാർ അധികസഹായം നൽകുന്നു.  ഇതിനുപുറമേ ശമ്പളത്തിന് പ്രതിമാസം 30 കോടിയും നൽകുന്നു. നഷ്ടത്തിലായ പൊതുമേഖലാ സ്ഥാപനങ്ങളിലെ ശമ്പളപരിഷ്കരണം വർഷങ്ങളായി മുടങ്ങിയ കൂട്ടത്തിലായിരുന്നു കെ എസ്ആർടിസിയും.  എന്നാൽ, എല്ലാവിഭാഗം ജീവനക്കാർക്കും തൃപ്തികരമായ രീതിയിൽ ശമ്പളവർധന നൽകാൻ, സാമ്പത്തികനില നോക്കാതെ സർക്കാർ അനുമതി നൽകിയെന്നത് തൊഴിലാളികൾക്ക് മറക്കാനാകില്ല.


 

എന്നാൽ, യഥാസമയം തൊഴിലാളികൾക്ക് ശമ്പളം മാനേജ്മെന്റ്‌ നൽകാത്തതിൽ ശക്തിയായ പ്രതിഷേധം നിലനിൽക്കുകയാണ്.  പ്രക്ഷോഭങ്ങളും സമരങ്ങളും പതിവായി. തൊഴിലാളികളെയും ട്രേഡ് യൂണിയനുകളെയും കുറ്റംചാർത്തി ശീലിച്ചവർ ട്രാൻസ്പോർട്ട് ലാഭകരമാകാത്തതിന് ഉത്തരവാദികൾ തൊഴിലാളികളാണെന്ന് വിധികൽപ്പിക്കുന്നു.  സ്വകാര്യ ബസുടമകൾ ലാഭം കൊയ്യുന്നുവെന്ന് ഉദാഹരിക്കുകയും ചെയ്യുന്നു.  കേരളത്തിൽ അമ്പതിനായിരത്തിലധികം സ്വകാര്യ ബസുകൾ സർവീസ് നടത്തിയിരുന്ന സ്ഥാനത്ത് ഇപ്പോൾ 7000 ബസേ ഓടുന്നുള്ളൂ. ഇന്ത്യയിലെ ഇതരസംസ്ഥാനങ്ങളിലോ ലോകത്ത് ഏതെങ്കിലും രാജ്യത്തോ പൊതുഗതാഗതമേഖല ലാഭകരമായി നടത്തുന്ന ഒരു നാടിന്റെ പേര് ഈ വിമർശകർക്ക് പറയാൻ കഴിയില്ല.  ഇത് ലാഭം കൊയ്യുന്ന കമ്പനിയല്ല, സേവനം നൽകുന്ന സ്ഥാപനമാണ്. അതുകൊണ്ടാണ് വികസിത മുതലാളിത്ത രാജ്യങ്ങളടക്കം ട്രാൻസ്പോർട്ട് സർവീസിന് ലാഭ-നഷ്ടം നോക്കാതെ സഹായം നൽകുന്നത്.  

യുഎസിൽ- ബസ് ഗതാഗതത്തിന്റെ നടത്തിപ്പുചെലവിന്റെ 57 ശതമാനംമുതൽ 89 ശതമാനംവരെ സബ്സിഡി അനുവദിക്കുന്നു. യൂറോപ്യൻ യൂണിയൻ, ബീജിങ്‌, ചൈന, സ്പെയിൻ, നോർവേ സിറ്റി, ജപ്പാൻ, ജർമനി തുടങ്ങിയ രാജ്യത്തെല്ലാം -സർക്കാരുകൾ സാമ്പത്തിക സഹായം നൽകുന്നു. പൊതുജനങ്ങൾക്കുവേണ്ടിയുള്ള സേവനമേഖല ആയതുകൊണ്ടാണ് സർക്കാരുകൾ സഹായിക്കുന്നത്.

ദൗർഭാഗ്യമെന്ന് പറയട്ടെ നമ്മുടെ കേന്ദ്ര സർക്കാർ സഹായിക്കുന്നില്ലെന്നു മാത്രമല്ല, ഒരുതരത്തിലും മുന്നോട്ടുപോകാൻ കഴിയാത്ത അമിതഭാരം അടിച്ചേൽപ്പിക്കുകയും ചെയ്യുന്നു. ഇന്ധനവില,  ഇൻഷുറൻസ് പ്രീമിയം നിരക്കുവർധന, -നികുതിവർധന, ചെസിസുകൾ, സ്പെയർ പാർട്ടുകൾ ഇവയുടെ വിലവർധന, ഇതിനനുസരിച്ച് വരുമാനം കൂട്ടാൻ കഴിയുന്നില്ല. അതിനുള്ള അധികാരവും മാനേജ്മെന്റിനില്ല.  ദിവസവും ഡീസൽവില വർധിക്കുന്നതിന്‌ അനുസരിച്ച് ടിക്കറ്റ് ചാർജ് വർധിപ്പിക്കാനോ, ലാഭ-നഷ്ടം നോക്കി സർവീസ് നടത്താനോ സാധിക്കില്ല. ലാഭമുള്ള റൂട്ടുകളിൽമാത്രം സർവീസ് നടത്താൻ  കഴിയില്ല. വരുമാനം നോക്കാതെ  സർവീസ്‌ നടത്തുന്നുണ്ട്. ഇത് നിലച്ചാൽ കേരളം നിശ്ചലമാകും. ഇപ്പോഴും യാത്രക്ലേശം അനുഭവിക്കുന്ന പ്രദേശങ്ങളുണ്ട്. യാത്രാസൗകര്യം നൽകാൻ കൂടുതൽ ബസ്‌ തെരുവിലിറക്കണം. ഡിസംബർ അവസാനിക്കുംമുമ്പ് 1000 ബസുകൂടി സർവീസിനു നൽകി വരുമാനം 10 കോടിയാക്കി ഉയർത്താൻ കഴിയണം.  

എംപാനൽ ജീവനക്കാരായി 10 മുതൽ 15 വർഷംവരെ സർവീസുണ്ടായിരുന്ന തൊഴിലാളികളെ കോവിഡ് വന്നപ്പോൾ മാറ്റിനിർത്തി. രണ്ടു വർഷമായി വരുമാനമില്ലാതെ ആത്മഹത്യയുടെ വക്കിലാണ്‌ അവർ. അവരെ ഉപയോഗിച്ച് കൈവശമുള്ള 500 ബസ്‌ സർവീസ് നടത്തണം.   വിവിധ വിദഗ്‌ധർ കെഎസ്ആർടിസിയെ നന്നാക്കാൻ പഠനം നടത്തിയിട്ടുണ്ട്. അവസാനം പഠനം നടത്തിയ പ്രൊഫ. സുശീൽ ഖന്നയുടെ  പ്രധാന ശുപാർശകളുടെ അടിസ്ഥാനത്തിൽ മാനേജ്മെന്റ്‌ ആക്‌ഷൻ പ്ലാൻ തയ്യാറാക്കി. മൂന്നു കാര്യമാണ് അതിൽ സൂചിപ്പിക്കുന്നത്. ഇന്ധനച്ചെവ് ആകെ ചെലവിന്റെ 50 ശതമാനമായി കുറയ്ക്കണം, ടിക്കറ്റിതര വരുമാനം വർധിപ്പിക്കണം, തൊഴിലാളികളുടെ ഉൽപ്പാദനക്ഷമത മെച്ചപ്പെടുത്തണം. ഒന്നും  രണ്ടും കാര്യം മാനേജ്മെന്റ്‌ ഉറപ്പുവരുത്തണം. കേന്ദ്ര സർക്കാർ ആർടിസിക്ക് നികുതിരഹിതമായി ഡീസൽ നൽകുകയോ വൈദ്യുത ബസുകൾ നൽകുകയോ വേണം.

ടിക്കറ്റിതര വരുമാനം വർധിപ്പിക്കാൻ മാനേജ്മെന്റ്‌  ചില നടപടി സ്വീകരിച്ചിട്ടുണ്ട്.  എന്നാൽ, കോടിക്കണക്കിന് രൂപ വായ്പയെടുത്ത് പ്രധാനപ്പെട്ട നഗരങ്ങളിൽ നിർമിച്ച കോംപ്ലക്സുകൾ വാടകയ്‌ക്ക് പോകാതെ ഇപ്പോഴും അടഞ്ഞുകിടക്കുകയാണ്. തൊഴിലാളികളുടെ ഉൽപ്പാദനക്ഷമത വർധിപ്പിക്കുന്നതിനെക്കുറിച്ച് തുറന്ന ചർച്ചയ്ക്കും ഗുണകരമായ തീരുമാനം കൈക്കൊള്ളുന്നതിനും യൂണിയനുകൾ സന്നദ്ധമാണ്.

നടപ്പാക്കേണ്ട നിർദേശങ്ങൾ
ലാഭനഷ്ടം ഇല്ലാതെയും ജനങ്ങൾക്ക് കൂടുതൽ യാത്രാസൗകര്യം ഒരുക്കുന്നതിനും  പര്യാപ്തമായ രീതിയിൽ കെഎസ്ആർടിസിയുടെ ഭാവിപ്രവർത്തനം മെച്ചപ്പെടുത്തുന്നതിന് ദേശീയ, -സംസ്ഥാന സർക്കാരുകളും മാനേജ്മെന്റും സ്വീകരിക്കേണ്ട ചില നിർദേശം ചുവടെ ചേർക്കുന്നു: കേന്ദ്ര സർക്കാർ പരിസ്ഥിതി സംരക്ഷണത്തിനും ഇന്ധനലാഭത്തിനുമായി വർഷത്തിൽ 1000 വൈദ്യുത ബസ്‌ നൽകണം. 

വൈദ്യുത ബസിലേക്ക് മാറുന്നതുവരെ നികുതി വിഹിതമായി ഡീസൽ നൽകണം. സംസ്ഥാന സർക്കാർ നൽകിയിട്ടുള്ള സഹായം സർക്കാരിന്റെ ഓഹരിയാക്കി മാറ്റണം. പെൻഷൻ ബാധ്യത സംബന്ധിച്ച തീരുമാനം സർക്കാർ കൈക്കൊള്ളണം.  എല്ലാ മാസവും അഞ്ചിനുമുമ്പ് ശമ്പളം ലഭ്യമാകുമെന്ന് ഉറപ്പുവരുത്താൻ സർക്കാർ ഇടപെടണം. മാറ്റിനിർത്തപ്പെട്ട എംപാനൽ ജീവനക്കാരെ പുനരധിവസിപ്പിക്കണം.


 

സമയനിഷ്ഠ പാലിച്ച് യാത്രക്കാർക്ക് മികച്ച സേവനം ലഭ്യമാക്കണം. വരുമാനം വർധിപ്പിക്കാൻ കഴിയുംവിധം യൂണിറ്റുകളെ ശക്തിപ്പെടുത്തണം. ഷെഡ്യൂളിന്റെ എണ്ണം ആറായിരമായി ഉയർത്തണം. ജീവനക്കാരുടെ കുറവ് പരിഹരിക്കാൻ മാറ്റിനിർത്തപ്പെട്ട എംപാനൽ ജീവനക്കാരെ തിരിച്ചെടുത്ത് നിയോഗിക്കണം. സൂപ്പർക്ലാസ് സർവീസുകൾ ചീഫ് ഓഫീസ് തലത്തിലും ഫാസ്റ്റ് പാസഞ്ചർ സർവീസുകൾ ജില്ലാതലത്തിലും  ഓർഡിനറി സർവീസുകൾ യൂണിറ്റ് തലത്തിലും ക്രമീകരിക്കാം. ഓരോ ദിവസത്തെയും കളക്‌ഷൻ പരിശോധിച്ച്‌  നിശ്ചയിച്ചിട്ടുള്ള ടാർജറ്റിലേക്ക് എത്തണം.

യൂണിറ്റ് ഓഫീസർ, കൺട്രോളിങ്‌ ഇൻസ്പെക്ടർ, വെഹിക്കിൾ സൂപ്പർവൈസർ, മെക്കാനിക്കൽ ഓഫീസർ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ/സൂപ്രണ്ട്, അംഗീകൃത സംഘടനാ പ്രതിനിധികൾ എന്നിവരടങ്ങുന്ന മോണിറ്ററിങ്‌ കമ്മിറ്റികൾ യൂണിറ്റടിസ്ഥാനത്തിൽ രൂപീകരിക്കണം.  ദിവസവും അവലോകനയോഗം ചേരണം.

വരുമാനം തലേദിവസങ്ങളിൽനിന്ന് കുറവുണ്ടായിട്ടുണ്ടെങ്കിൽ കാരണം കണ്ടെത്തണം. ട്രിപ് റദ്ദുചെയ്യാൻ ഇടയാക്കുന്നെങ്കിൽ കാരണം കണ്ടെത്തി പരിഹരിക്കണം.വരുമാനം കുറവുള്ള ട്രിപ്പുകൾ കണ്ടെത്തി മോഡിഫൈ ചെയ്യണം. ജീവനക്കാരുടെയും യാത്രക്കാരുടെയും പരാതിയിന്മേലും നിർദേശങ്ങളിലും തീരുമാനമെടുക്കണം. ബസിനകത്ത് ടിവി സ്ഥാപിച്ചും ഇലക്ട്രോണിക്സ് ഡിസ്‌പ്ലെ സംവിധാനം സ്ഥാപിച്ചും പര്സ്യവരുമാനം വർധിപ്പിക്കണം. ട്രാൻസ്പോർട്ട് സ്റ്റാൻഡുകൾ വൃത്തിയും വെടിപ്പുമുള്ള കേന്ദ്രങ്ങളാക്കി മാറ്റണം. പാപ്പനംകോട് സെൻട്രൽ വർക് ഷോപ്പിന്റെ സൗകര്യം വർധിപ്പിച്ച്‌ ബോഡി നിർമാണ യൂണിറ്റ് പുനരാരംഭിക്കണം. കെ–-സ്വിഫ്റ്റിന്റെ പ്രവർത്തനം സുതാര്യമാക്കണം. ഫ്യൂവൽ പമ്പുകൾ കാര്യക്ഷമവും വ്യാപകവുമാക്കണം. ലോജസ്റ്റിക് സർവീസുകളും കൊറിയർ സർവീസുകളും ആരംഭിക്കണം.

കെഎസ്ആർടിസിക്ക് 12,100 കോടി രൂപയുടെ വായ്പാ ബാധ്യതയുണ്ടെന്ന ഭീതിജനകമായ വാർത്ത തെറ്റിദ്ധരിപ്പിക്കുന്നതാണ്.  ബാധ്യതയേക്കാൾ സ്വത്തുള്ള സ്ഥാപനമാണ് ഇത്‌. കൈവശമുള്ള സ്വത്തിന്റെ പകുതി വിറ്റാൽ ഉണ്ടെന്നു പറയുന്ന ബാധ്യത തീർക്കാവുന്നതേയുള്ളൂ. ഈ ബാധ്യത ഇതുവരെ സർക്കാർ നൽകിയ സഹായധനമാണ്. അത് വായ്പയായി എഴുതിവച്ചിരിക്കുന്നെങ്കിൽ ഓഹരിയാക്കി മാറ്റി എഴുതിയാൽ മതി.  കെഎസ്ആർടിസിയുടെ സ്വത്ത് സംസ്ഥാന സർക്കാരിനുള്ളതാണ്.

(കെഎസ്ആർടി എംപ്ലോയീസ് അസോസിയേഷൻ  പ്രസിഡന്റാണ്‌ ലേഖകൻ)
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top