20 April Saturday

മനുഷ്യമോചന പോരാട്ടം തുടരും

എൻ ചന്ദ്രൻUpdated: Wednesday May 18, 2022

കർഷക തൊഴിലാളി പ്രസ്ഥാനത്തിന്റെ ആദ്യ സംസ്ഥാന സമ്മേളനം ചേർന്നത് 1970 മേയിൽ പാലക്കാട് യാക്കരയിലായിരുന്നു. കേരളത്തിൽനിന്ന്‌ ജന്മി–- ഭൂപ്രഭുത്വത്തെ ഇല്ലാതാക്കിയ ഭൂപരിഷ്‌കരണ നിയമം ഉജ്വലമായ പോരാട്ടങ്ങളുടെ പിൻബലത്തോടെ നടപ്പാക്കിയതിന്റെ ഊർജവുമായിട്ടായിരുന്നു ആ സമ്മേളനം. വിവിധ കർഷക തൊഴിലാളി സംഘടനകളെ ഏകോപിപ്പിച്ച് 1968 മാർച്ച് 10ന് കേരള സ്റ്റേറ്റ് കർഷക തൊഴിലാളി യൂണിയൻ (കെഎസ്‌കെടിയു) രൂപീകൃതമായി. തുടർന്ന് ഭൂപരിഷ്‌കരണ നിയമം നടപ്പാക്കാത്ത കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരായി, 1969 ഡിസംബർ 14ന് ആലപ്പുഴയിൽ മഹാസമ്മേളനം സംഘടിപ്പിക്കപ്പെട്ടു.

അവിടെവച്ചായിരുന്നു പാവങ്ങളുടെ പടത്തലവൻ എ കെ ജിയുടെ ചരിത്രപ്രസിദ്ധമായ പ്രഖ്യാപനം: ‘നിയമസഭ പാസാക്കിയ നിയമം ഇന്ത്യൻ യൂണിയൻ പ്രസിഡന്റ് ഒപ്പുവച്ചാലും ഇല്ലെങ്കിലും 1970 ജനുവരി ഒന്നുമുതൽ ഈ നിയമം ഞങ്ങൾ നടപ്പിൽ വരുത്തും.’ ഏതാനും ദിവസങ്ങൾക്കകം ആ നിയമത്തിന് രാഷ്‌ട്രപതി അംഗീകാരം നൽകി. 1970 ജനുവരി ഒന്നുമുതൽ നിയമം പ്രാബല്യത്തിൽ വന്നുവെന്ന് സർക്കാർ പ്രഖ്യാപിച്ചെങ്കിലും കടലാസിൽമാത്രം ഒതുക്കിവയ്‌ക്കാനുള്ള ശ്രമമായിരുന്നു നടന്നത്. കർഷക തൊഴിലാളി യൂണിയൻ പ്രവർത്തകരും കർഷകരും കമ്യൂണിസ്റ്റ് പാർടിയുടെ പിന്തുണയോടെ കുടികിടപ്പുകാരന് പത്തുസെന്റ് ഭൂമി വളച്ചുകെട്ടി കൊടുത്തു. ഭൂമിയിൽ അധികാരം സ്ഥാപിച്ചു. കുടിയാന്മാർ അവരുടെ ഭൂമി സ്വന്തമാക്കി ജന്മിത്വത്തെ തൂത്തെറിഞ്ഞു. ഏതാണ്ട് രണ്ട് വർഷം നീണ്ടുനിന്ന പോരാട്ടങ്ങളിലൂടെ 36 ലക്ഷം കുടുംബങ്ങൾക്ക് സ്വന്തമായി ഭൂമി ലഭ്യമായി. 

ജാതി-ജന്മി- നാടുവാഴിത്തം അടിച്ചേൽപ്പിച്ച അടിമത്തവും ജാതി ജീർണതകളും അനാചാരങ്ങളും നിലനിന്നിരുന്ന കാലത്ത്‌ പാർശ്വവൽക്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെ മോചനത്തിനുവേണ്ടി പൊരുതിയ പ്രസ്ഥാനമാണ് കർഷക തൊഴിലാളി യൂണിയൻ. കുട്ടനാട്ടിലെ കൈനകരിയിൽ, കുട്ടമംഗലത്ത് ചെറുകാലിൽ ജാനകിയമ്മയുടെ വീട്ടിൽ കർഷക തൊഴിലാളികൾ ഒത്തുകൂടിയത് 1940ലാണ്. തുടർന്ന് ‘തിരുവിതാംകൂർ കർഷകത്തൊഴിലാളി യൂണിയൻ' രൂപീകൃതമായി. അവകാശസമരങ്ങൾക്കൊപ്പം, ഫ്യൂഡൽ - സാമ്രാജ്യത്വ ഭരണകൂടങ്ങളുടെ അന്ത്യത്തിനും ജനാധിപത്യ വ്യവസ്ഥിതിയുടെ സ്ഥാപനത്തിനുംവേണ്ടി യൂണിയൻ മുദ്രാവാക്യമുയർത്തി. അധ്വാനിക്കുന്ന തൊഴിലാളികളുടെ ആ വർഗപരമായ ഉൾക്കാഴ്ചയ്ക്ക് ഇന്നും മങ്ങലേറ്റിട്ടില്ല.

ആദ്യഘട്ടത്തിൽ നെൽപ്പാടങ്ങളിലെ കൂലി പ്രശ്‌നമാണ് കർഷക തൊഴിലാളികൾക്കുവേണ്ടി പ്രസ്ഥാനം ഉയർത്തിയത്. ജോലി സമയം നിജപ്പെടുത്താനും സമരങ്ങളുണ്ടായി. പാലക്കാട് തോലന്നൂരിൽ സ്‌ത്രീ തൊഴിലാളികൾ മാറുമറച്ച് ജോലിക്ക് പോകുമെന്ന് പ്രഖ്യാപിച്ചു. എറണാകുളത്തെ വൈപ്പിൻകരയിൽ 1948ൽ കൂലിക്കൂടുതലിനുവേണ്ടി സമരം ആരംഭിച്ചു. തെങ്ങുകയറ്റത്തൊഴിലാളികളുടെ പണിമുടക്കും ആ വേളയിലാണ്. 1949-–-50കളിൽ തിരുവനന്തപുരം മേഖലയിലും പ്രക്ഷോഭങ്ങൾ മൂർച്ഛിച്ചു. വയനാട്ടിലെ തിരുനെല്ലി, വള്ളിയൂർക്കാവുകളിൽ ആദിവാസികളെ അടിമകളായി ജന്മിമാർക്ക് കൈമാറിയിരുന്ന പ്രാകൃത വ്യവസ്ഥയ്‌ക്കെതിരായസമരവും ആവേശമുണർത്തുന്ന സമരഗാഥയാണ്. കണ്ണൂരിലെ ഏഴോത്ത് 1958ൽ കൂലിക്കൂടുതലിനുവേണ്ടി സമരമുണ്ടായി. ‘അനീം വല്ലീം' എന്ന സമ്പ്രദായത്തിനെതിരെ സംഘടിത സമരങ്ങൾക്ക് കണ്ണൂർ വേദിയായി. മലപ്പുറത്ത് പുറത്തൂരിൽ കർഷക തൊഴിലാളി പ്രക്ഷോഭം ഉശിരുറ്റതായിരുന്നു. കയ്യൂർ, കരിവെള്ളൂർ, കാവുമ്പായി, പുന്നപ്ര-–-വയലാർ പ്രക്ഷോഭങ്ങളിൽ കർഷക തൊഴിലാളികൾ പങ്കാളികളായി എന്നത് ആവേശകരമായ സ്മരണയാണ്.


 

പൊലീസിനെയും ഗുണ്ടകളെയും ഉപയോഗിച്ച് സമരശക്തിയെ ദുർബലപ്പെടുത്താൻ ഭൂപ്രമാണിമാരും ജന്മികളും പരമാവധി പരിശ്രമിച്ചു. നിരവധി രക്തസാക്ഷിത്വങ്ങൾ അതിന്റെ ഭാഗമായി ഉണ്ടായി. യൂണിയന്റെ വഴിത്താരകളിൽ നിരവധി രക്തസാക്ഷിത്വങ്ങൾ ഉണ്ടായിട്ടുണ്ട്. ഈ സമ്മേളന കാലയളവിൽ യൂണിയന്റെ ആദ്യപഥികരായ ബി രാഘവനും ടി ചാത്തുവും കെ കുഞ്ഞപ്പയും കെ എസ് അമ്മുക്കുട്ടിയും വിടവാങ്ങി.

കർഷക തൊഴിലാളി യൂണിയന്റെ 22–--ാം സംസ്ഥാന സമ്മേളനത്തിന് പാലക്കാട് പതാക ഉയരുമ്പോൾ നവകേരള സൃഷ്ടിയുടെ ഭാഗമാകാൻ മുൻകാലപോരാട്ടങ്ങളുടെ ഊർജവുമായി യൂണിയൻ മുന്നോട്ടുപോകുകയാണ്. വർഗീയ ശക്തികൾ നിയന്ത്രിക്കുന്ന കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ അതിശക്തമായ പ്രക്ഷോഭങ്ങളിലും യൂണിയൻ നേതൃസ്ഥാനത്തുണ്ട്‌. കഴിഞ്ഞ കാലങ്ങളിൽ ഉയർത്തിയ മുദ്രാവാക്യങ്ങൾ യാഥാർഥ്യമാക്കാനുള്ള അന്തരീക്ഷ സൃഷ്ടിയാണ് സംസ്ഥാന സർക്കാർ ഒരുക്കിയിട്ടുള്ളത്. അത് ഉപയോഗപ്പെടുത്താനുള്ള പദ്ധതികൾ ഈ സമ്മേളനം ആവിഷ്‌കരിക്കും. 

രാജ്യം ഭരിക്കുന്ന ബിജെപി സർക്കാർ പാവപ്പെട്ട ജനങ്ങൾക്കെതിരായ യുദ്ധ പ്രഖ്യാപനമാണ് നടത്തുന്നത്. കർഷക തൊഴിലാളികളും ദരിദ്രകർഷകരും തൊഴിലിടങ്ങളിൽനിന്ന് പലായനം ചെയ്യാൻ നിർബന്ധിതരാകുന്നു. ജനാധിപത്യ മതനിരപേക്ഷ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് സാധാരണക്കാരായ ജനങ്ങളെ വർഗീയതയ്‌ക്കെതിരായി അണിനിരത്താനുള്ള പരിപാടികളും യൂണിയൻ മുന്നോട്ടുവയ്‌ക്കുന്നുണ്ട്. 25,60,237 പേരുടെ അംഗത്വമുള്ള സംഘടനയാണ്‌ കെഎസ്‌കെടിയു. മതനിരപേക്ഷതയിലൂന്നി, സാമ്രാജ്യത്വമേധാവിത്വത്തിനെതിരെ പോരാടുന്നവരും ദേശീയ പരമാധികാരത്തെ പ്രതിരോധിക്കുന്നവരുമായ എല്ലാവരോടും ഐക്യപ്പെട്ടു സാമ്രാജ്യത്വ വിരുദ്ധ പ്രസ്ഥാനം കെട്ടിപ്പടുക്കാനുള്ള ബാധ്യത കെഎസ്‌കെടിയു നിറവേറ്റുക തന്നെ ചെയ്യും.

(കെഎസ്‌കെടിയു ജനറൽ സെക്രട്ടറിയാണ്‌ ലേഖകൻ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top