27 April Saturday

വൈദ്യുതി താരിഫും
 സാമ്പത്തിക സ്ഥിതിയും

ബി പ്രദീപ്Updated: Thursday Jul 21, 2022

കഴിഞ്ഞ വർഷങ്ങളിൽ വൈദ്യുതി മേഖലയിൽനിന്ന് നല്ല വാർത്തകളാണ് വന്നിരുന്നത്. സേവന നിലവാരം ഗണ്യമായി മെച്ചപ്പെടുത്തിയതും പ്രളയ,- കോവിഡ് പ്രതിസന്ധികളിലും വൈദ്യുതി വിതരണം സ്തുത്യർഹമായി നിർവഹിച്ചതും സമ്പൂർണ വൈദ്യുതീകരണവും പുരപ്പുറ സോളാർ മേഖലയിലേക്കുള്ള ഉറച്ച കാൽവയ്‌പും ലോഡ് ഷെഡിങ്ങും പവർകട്ടും ഒഴിച്ചു നിർത്തിയതുമെല്ലാം കേരള സമൂഹം അംഗീകരിച്ച നേട്ടങ്ങളാണ്. നിതി ആയോഗിന്റെ വിലയിരുത്തലും നേട്ടങ്ങൾ ശരിവയ്‌ക്കുന്നു. എന്നാലിപ്പോൾ ചില കേന്ദ്രങ്ങൾ വിവാദങ്ങൾ തുടർച്ചയായി സൃഷ്ടിക്കുകയാണ്.

കേരളത്തിലെ വൈദ്യുതി നിരക്കുകൾ ഇന്ത്യയിലെ ഏറ്റവും ഉയർന്നതാണെന്നും കടബാധ്യത ഭീമമെന്നും പെൻഷൻ നൽകാൻ നിവർത്തിയില്ലെന്നും നിരന്തരം പ്രചാരണമുണ്ട്. കെഎസ്ഇബിയുടെ ലാഭ നഷ്ടങ്ങളെക്കുറിച്ച് വൈരുധ്യമുള്ള കണക്കുകളും കാണാം. ഇക്കാര്യങ്ങളെക്കുറിച്ചുള്ള വിശകലനത്തിന് വൈദ്യുതി റഗുലേറ്ററി കമീഷൻ താരിഫ് നിർണയത്തിന്റെ ഭാഗമായി പുറപ്പെടുവിച്ച വിശദമായ ഉത്തരവുകൾ സഹായകരമാണ്. 2020–--21 വരെയുള്ള കണക്കുകൾ അന്തിമമാക്കിയും 2022–--27 കാലയളവിലെ വരവും ചെലവും നിയന്ത്രിച്ചുമുള്ള ഉത്തരവുകൾ ഇപ്പോൾ ലഭ്യമാണ്. 2021–--22ലെ കണക്കുകളുടെ ഓഡിറ്റിങ് പൂർത്തിയായിട്ടില്ല. ഇതോടൊപ്പം, തമിഴ്നാട് ഒഴികെയുള്ള വിവിധ സംസ്ഥാനങ്ങളിലെ കഴിഞ്ഞ ഒരു വർഷത്തിനിടെയുള്ള ഉത്തരവുകളും ലഭ്യമാണ്. ഇവ പരിശോധിക്കുമ്പോൾ വിവാദങ്ങളെല്ലാം അടിസ്ഥാനരഹിതമെന്ന്‌ വ്യക്തമാകും.

താരിഫ്
വിവിധ സംസ്ഥാനങ്ങളിൽ താരിഫിലെ സ്ലാബുകളും ഫിക്സഡ് ചാർജ്/എനർജി ചാർജ് അനുപാതവും വ്യത്യസ്തമായതിനാൽ ഉപയോഗത്തിന്റെ അളവനുസരിച്ചുള്ള താരതമ്യങ്ങൾ കൃത്യമായ അനുമാനങ്ങൾക്ക് സഹായകരമല്ല. പൊതുവിൽ സ്വീകാര്യമായ അളവുകോൽ ശരാശരി താരിഫാണ്. വിവിധ കമീഷനുകളുടെ ഉത്തരവുകളിലെ ശരാശരി നിരക്കുകൾ ചുവടെ പട്ടികയിൽ നൽകിയിരിക്കുന്നു.

ഗാർഹിക, വ്യാവസായിക താരിഫുകൾ ഏറ്റവും കുറവുള്ള സംസ്ഥാനങ്ങളിലൊന്നാണ് കേരളമെന്ന് ഈ കണക്കുകളിൽനിന്ന് വ്യക്തമാണ്. മറിച്ചുള്ള എല്ലാ പ്രചാരണവും വ്യാജമാണ്. വൈദ്യുതി മേഖലയുടെ കാര്യക്ഷമത ഗണ്യമായി മെച്ചപ്പെടുത്തിയാണ് ഇത് സാധ്യമായത്. ഇന്ത്യയിൽ വൈദ്യുതി വിതരണത്തിലെ ഊർജനഷ്ടം ശരാശരി 21 ശതമാനം ആയിരിക്കേ കേരളത്തിൽ 8.1 ശതമാനംമാത്രം.  വൈദ്യുതി വാങ്ങലിന്റെ ദേശീയ ശരാശരി നിരക്ക് 4.73 രൂപ ആയിരിക്കേ കേരളത്തിൽ 3.58 രൂപ.

കാര്യക്ഷമതാ വർധന
കാര്യക്ഷമതാ വർധന അളക്കാൻ അന്തർദേശീയ തലത്തിൽ അംഗീകാരമുള്ള രീതി വിലക്കയറ്റത്തെ ആധാരമാക്കിയുള്ളതാണ്. വിലക്കയറ്റം ഏത് വ്യവസായം നടത്തുന്നതിനുമുള്ള ചെലവുകളിൽ വർധനയുണ്ടാക്കും. ഉദാഹരണത്തിന്, വൈദ്യുതി വ്യവസായത്തിൽ ഇന്ധനവില, മറ്റ് സാധന സാമഗ്രികളുടെ വില, ശമ്പളച്ചെലവ്, കടത്തുകൂലി തുടങ്ങിയവയെല്ലാം വിലക്കയറ്റത്തിനനുസരിച്ച് വർധിക്കും. സാധാരണനിലയിൽ ഈ വർധന വൈദ്യുതി വിലയിലും പ്രതിഫലിച്ചാൽ മാത്രമേ ലാഭവും നഷ്ടവുമില്ലാതെയെങ്കിലും നിലനിൽക്കാൻ കഴിയൂ. എന്നാൽ, കാര്യക്ഷമതാ വർധനയിലൂടെ ഈ അധികച്ചെലവിന്റെ ഒരു പങ്ക് ഉൾക്കൊള്ളാൻ കഴിഞ്ഞാൽ വിലക്കയറ്റ തോതിനേക്കാൾ കുറഞ്ഞ നിലയിലുള്ള താരിഫ് വർധന മതിയാകും. വികസിത രാജ്യങ്ങളിലടക്കം "പ്രൈസ് ക്യാപ്പ് റഗുലേഷൻ' എന്ന നിലയിൽ ഇത് നടപ്പാക്കിയിട്ടുണ്ട്. വിലക്കയറ്റ തോതിനേക്കാൾ ഒന്നുമുതൽ രണ്ട് ശതമാനംവരെ കുറഞ്ഞ തോതിൽ നിരക്ക് വർധിപ്പിക്കാൻ അനുവദിക്കുന്നതാണ് ഈ രീതി.

കേരളത്തിൽ രണ്ട് താരിഫ് നിർണയത്തിനിടയിലുള്ള ഇടവേളയിലെ വിലക്കയറ്റത്തിന്റെ തോത് 19.3ശതമാനം ആണ്. ഇതേ കാലയളവിൽ വൈദ്യുതിയുടെ വിതരണച്ചെലവിലെ വർധന 13.6 ശതമാനം. കാര്യക്ഷമതാവർധനയിലൂടെ ചെലവു കുറച്ചത് 5.7ശതമാനം. പ്രതിവർഷം കാര്യക്ഷമതാനേട്ടം ഏകദേശം 1.9 ശതമാനം വീതം. എന്നാൽ, കുറേക്കൂടി ഉയർന്ന നേട്ടം വരുംവർഷം കൈവരിക്കാൻ കെഎസ്ഇബി തയ്യാറായതിനാൽ 13.6 ശതമാനം വർധനയ്‌ക്കുപകരം 6.6 ശതമാനം നിരക്ക് വർധനയേ അനുവദിച്ചിട്ടുള്ളൂ. അതായത്, അന്തർദേശീയ തലത്തിൽ നടപ്പാക്കുന്നതിനേക്കാൾ ഉയർന്ന തോതിലുള്ള കാര്യക്ഷമതാ വർധനയാണ് ലക്ഷ്യമിടുന്നത്.

എന്നാൽ, ഭരണച്ചെലവുകളിലും ശമ്പളച്ചെലവുകളിലും റഗുലേറ്റർ അനുവദിക്കുന്നതിലധികം ചെലവുണ്ടാകുന്നത് പ്രശ്നമാണ്. ഈ ചെലവുകൾ നിയന്ത്രിക്കാനുള്ള വിശദമായ ശുപാർശകൾ 2020 മുതൽ വിവിധ തലങ്ങളിൽ ചർച്ച ചെയ്യുന്നുണ്ട്. താമസംവിനാ അവ നടപ്പാക്കേണ്ടതുണ്ട്.

സാമ്പത്തികസ്ഥിതി
റവന്യുകമ്മി കണക്കാക്കുന്നത് എല്ലാ ചെലവിനങ്ങൾക്കും പുറമെ സർക്കാർ ഓഹരിയുടെ ലാഭവിഹിതമായി പ്രതിവർഷം 489 കോടി രൂപ വകയിരുത്തിയാണ്. കമ്മി പൂജ്യമായിരുന്നാൽ ലാഭം 489 കോടിയുണ്ട് എന്നാണർഥം. ഇപ്പോഴത്തെ ഉത്തരവിന് മുന്നോടിയായി 2017–--18, 2018–--1-9, 2019-–-20, 2020–--21 വർഷങ്ങളിലെ കണക്കുകൾ പരിശോധന പൂർത്തിയാക്കി റഗുലേറ്റർ അന്തിമമാക്കിയിട്ടുണ്ട്. ആദ്യ മൂന്ന് വർഷം യഥാക്രമം 84.13, 214.30, 127.80 കോടി വീതം കമ്മിയും 2020-–-21ൽ 81.86 കോടി മിച്ചവുമാണ്. വരുമാനാവശ്യകതയിലെ 489 കോടി ലാഭവിഹിതം കണക്കിലെടുക്കുമ്പോൾ ഈ വർഷങ്ങളിൽ യഥാക്രമം 404.87, 274.70, 361.20, 570.86 കോടി വീതം ലാഭമാണ് റഗുലേറ്റർ അന്തിമമാക്കിയ കണക്കുകളിലുള്ളത്. പെൻഷൻ ഫണ്ടിലേക്കുള്ള അധിക നീക്കിയിരിപ്പിനുശേഷമുള്ള മിച്ചമാണിത്. വരുന്ന അഞ്ച്‌ വർഷത്തേക്ക് 9132.5 കോടി രൂപകൂടി ഫണ്ടിലേക്ക് വകയിരുത്തിയിട്ടുണ്ട്. പെൻഷൻ സംബന്ധിച്ച വിവാദങ്ങളും അർഥരഹിതമെന്നാണ് വ്യക്തമാകുന്നത്.

പെൻഷൻ ഫണ്ടിലേക്കുള്ള വിഹിതം ഒഴികെ 2022–--23ലെ പലിശച്ചെലവ് ആകെ വരുമാനത്തിന്റെ 6.4 ശതമാനം മാത്രമാണ്. ഇത് വരും വർഷങ്ങളിൽ കുറയുകയുമാണ്. മാത്രവുമല്ല, ഓഡിറ്റ് ചെയ്ത കണക്കുകൾ പ്രകാരം മൂലധനനിക്ഷേപത്തിൽ വലിയൊരുപങ്കും വരുമാനമിച്ചത്തിൽ നിന്നുമാണ്. ഉദാഹരണത്തിന് 2020-–-21ലെ 2902.36 കോടിയുടെ മൂലധന നിക്ഷേപത്തിൽ 2248.77 കോടിയും ആഭ്യന്തരവിഭവ സമാഹരണത്തിലൂടെയാണ് (തേയ്മാനച്ചെലവ് തുടങ്ങിയ കാഷ് ഇതര വകയിരുത്തലുകൾ ആഭ്യന്തരവിഭവ സമാഹരണത്തിൽ ഉൾപ്പെടും). കടബാധ്യത സംബന്ധിച്ച വിവാദവും കഴമ്പില്ലാത്തതാണെന്ന് ഇതോടെ വ്യക്തമാണ്.


 

മുൻകാല ബാധ്യതകൾ
സ്വാഭാവികമായും താരിഫ് പരിഷ്കരണം ആവശ്യമുണ്ടായിരുന്നോയെന്ന ചോദ്യം ഉയരാം. അതിന്റെ കാരണം തിരയുമ്പോൾ മുൻകാല ബാധ്യത പരിഹരിക്കാൻ 850 കോടി രൂപ തോതിൽ പ്രതിവർഷം വകയിരുത്തിയത് ശ്രദ്ധയിൽപ്പെടും. ഒപ്പം മുൻകാല ബാധ്യതയുടെ ക്യാരിയിങ് കോസ്റ്റായ 325.05 കോടിയും. ആകെ 1175.05 കോടി രൂപ. 2017നു മുമ്പുള്ള കാലയളവിലേതാണ് ഇതിൽ സിംഹഭാഗവും; 6780 കോടി രൂപ. പ്രധാനമായും 2011–--16 കാലയളവിലെ ഭീമമായ നഷ്ടമാണ് ഇതിനിടയാക്കിയത്. 2012, 2013, 2014 വർഷങ്ങളിൽ സാമാന്യേന ഉയർന്ന താരിഫ് വർധന നടപ്പാക്കിയിരുന്നതിനാൽ ഈ തുക അപ്പോൾത്തന്നെ ഈടാക്കാൻ അനുവദിക്കുന്നത് താരിഫ് ഷോക്ക് സൃഷ്ടിക്കുമെന്ന കാരണത്താൽ റഗുലേറ്റർ പിന്നീടത്തേക്ക് മാറ്റി വയ്ക്കുകയായിരുന്നു. കേന്ദ്ര താരിഫ് നയം, പതിനഞ്ചാം ധനകമീഷന്റെ ശുപാർശയുടെ അടിസ്ഥാനത്തിലുള്ള കേന്ദ്ര ധനവകുപ്പിന്റെ ഉത്തരവുകൾ, അപ്പലേറ്റ് ട്രിബ്യൂണൽ ഉത്തരവുകൾ എന്നിവ പ്രകാരം ഈ മുൻകാല ബാധ്യത സമയബന്ധിതമായി താരിഫ് വഴി പരിഹരിക്കണം. പുറമേ, പൊതു വിലക്കയറ്റംമൂലം വരുന്ന അധിക ചെലവും പരിഗണിക്കണം. ഇക്കാരണങ്ങളാണ് താരിഫ് പരിഷ്കരണം ആവശ്യമാക്കിയത്.

ഭാവിയിലേക്ക്
ഭാവിയിൽ ഉണ്ടാകുമെന്ന് ഉറപ്പുള്ളതും റഗുലേറ്റർ ഇപ്പോൾ പരിഗണിച്ചിട്ടില്ലാത്തതുമായ ചെലവുകൾ ഉണ്ട്. ഒന്നാമത്തേത്, രാജ്യത്തെ വൈദ്യുതിക്ഷാമം പരിഹരിക്കാൻ കൽക്കരി ഇറക്കുമതി ചെയ്യുന്നതു കൊണ്ടുള്ള അധികച്ചെലവാണ്. യൂണിറ്റിന് ഏകദേശം 50 പൈസ തോതിൽ ഇത് അധികച്ചെലവുണ്ടാക്കും. രണ്ടാമത്, കൽക്കരി നിലയങ്ങളിൽ അന്തരീക്ഷ മലിനീകരണം കുറയ്ക്കാൻ നടന്നുവരുന്ന പ്രവൃത്തികൾ. ഇതും യൂണിറ്റ് നിരക്കിൽ ഏകദേശം 60 പൈസയിലേറെ വർധന സൃഷ്ടിക്കും. മുൻകാലബാധ്യതകൾ തീർത്ത് സാമ്പത്തിക സുസ്ഥിരത കൈവരിക്കുന്നത് ഈ ഭാവി ഷോക്കുകൾ സാധാരണക്കാരെ കാര്യമായി ബാധിക്കാതെ സംരക്ഷിക്കാൻ ആവശ്യമാണ്.

ധനകാര്യ പരിശോധനയില്ലാതെ സമർപ്പിച്ച സ്മാർട്ട് മീറ്റർ, ബാറ്ററി സ്റ്റോറേജ് പദ്ധതികൾക്ക് അനുമതി നൽകിയിട്ടില്ല.  നിർദിഷ്ട രീതിയിൽ സ്മാർട്ട് മീറ്റർ ഏർപ്പെടുത്തുന്നത് ഉപയോക്താക്കളിൽ പകുതിയിലധികം പേരെയും ദോഷകരമായി ബാധിക്കാമെന്നും നിരീക്ഷിക്കുന്നുണ്ട്. ഉയർന്ന ചെലവ് കണക്കാക്കിയ ചില ജലവൈദ്യുത പദ്ധതികൾക്കും അനുമതിയില്ല. ഇവ കെഎസ്ഇബി പുനഃപരിശോധിക്കേണ്ടതുണ്ട്. ഒപ്പം, ലോകമാകെ ഊർജ പരിണാമം (എനർജി ട്രാൻസിഷൻ) മുന്നോട്ടുള്ള വഴിയായി സ്വീകരിച്ചിരിക്കെ കേരളത്തിന്റെ ഊർജമേഖലയിലും സുസ്ഥിരഭാവിയെക്കുറിച്ചുള്ള ചർച്ചകളാണ് വിവാദങ്ങളേക്കാൾ അഭികാമ്യം. ഒപ്പം, വരുംവർഷങ്ങളിൽ പ്രതീക്ഷിക്കുന്ന വൈദ്യുതി കമ്മി നികത്താൻ കമ്പോളത്തെ പൂർണമായി ആശ്രയിക്കാമെന്ന ധാരണയും വിശദ പരിശോധന ആവശ്യപ്പെടുന്നുണ്ട്

(കെഎസ്ഇബി കൊമേഴ്സ്യൽ, പ്ലാനിങ് വിഭാഗങ്ങളിൽ  ചീഫ് എൻജിനിയറായിരുന്നു  ലേഖകൻ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top