26 June Sunday

വൈദ്യുതി ബോർഡിൽ 
സംഭവിക്കുന്നത് - ഡോ. എം ജി 
സുരേഷ് കുമാർ എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Monday Apr 18, 2022

വൈദ്യുതി ബോർഡുകൾ വിഭജിച്ച് കമ്പനികളാക്കുകയും സ്വകാര്യവൽക്കരിക്കുകയും ചെയ്താൽ മാത്രമേ കാര്യക്ഷമമായി പ്രവർത്തിക്കുകയുള്ളൂ എന്ന നവലിബറൽ വാദത്തിന് മറുപടിയാണ് കെഎസ്ഇബി. ഒറ്റസ്ഥാപനമായി പൊതുമേഖലയിൽ പ്രവർത്തിക്കുന്നതിനോടൊപ്പം കാര്യക്ഷമതയിൽ രാജ്യത്തെ ഏറ്റവും മികച്ച സ്ഥാപനമാണ്‌ കെഎസ്‌ഇബി.

നിതി ആയോഗിന്റെ ഒടുവിലത്തെ റിപ്പോർട്ടു പ്രകാരം സംസ്ഥാനങ്ങളുടെ ഊർജവും കാലാവസ്ഥയും സംബന്ധിച്ച സൂചകം തിട്ടപ്പെടുത്തിയതിൽ കേരളത്തിന് രണ്ടാം സ്ഥാനം കിട്ടുന്നതിൽ കെഎസ്ഇബിയുടെ പ്രവർത്തനമികവ് പ്രധാനമായിരുന്നു. താങ്ങാവുന്ന നിരക്കിൽ വൈദ്യുതി ലഭ്യമാക്കുന്നതിലും കണക്‌ഷനുകൾ നൽകുന്നതിലുമൊക്കെ  ഒന്നാം സ്ഥാനത്ത് കേരളമാണ്. പവർ ഫിനാൻസ് കോർപറേഷൻ  വാർഷികകാര്യക്ഷമതാ റിപ്പോർട്ടിലും സമാനമായ കണ്ടെത്തലുകളാണുള്ളത്. 

ദേശീയാടിസ്ഥാനത്തിൽ ഒരു യൂണിറ്റ് വൈദ്യുതി ഉപയോക്താവിലെത്തുമ്പോൾ വരുന്ന ശരാശരി ചെലവ് 7.44 രൂപയാണെങ്കിൽ അത് കേരളത്തിൽ 6.59 രൂപ മാത്രമാണ്. ഇക്കാര്യങ്ങളെല്ലാം സൂചിപ്പിക്കുന്നത് വൈദ്യുതി മേഖലയിൽ സംസ്ഥാനം സ്വീകരിക്കുന്ന ബദൽ വികസന നയത്തിന്റെ വിജയമാണ്. എൽഡിഎഫ്‌ സർക്കാർ നടപ്പാക്കുന്ന ഊർജ കേരള മിഷൻ അടക്കമുള്ള പദ്ധതികൾ ഈ നേട്ടത്തിന് കാരണമാണ്.

ബോർഡ് മാനേജ്‌മെന്റും തൊഴിലാളികളും ഓഫീസർമാരും ഉൾപ്പെടുന്ന ജീവനക്കാരും തൊഴിലാളി ഓഫീസർ സംഘടനകളുമൊക്കെ യോജിച്ചു പ്രവർത്തിച്ചാണ്  ഈ നേട്ടങ്ങൾ കൈവരിച്ചത്.  സമ്പൂർണ വൈദ്യുതീകൃത സംസ്ഥാനമായി മാറിയതും ലോഡ് ഷെഡിങ്ങോ പവർകട്ടോ ഇല്ലാതെ വൈദ്യുതി വിതരണം സാധ്യമാക്കിയതും ഉപയോക്തൃ സംതൃപ്തി ഉറപ്പുവരുത്തുന്ന സേവനങ്ങൾ ജനകീയമാക്കിയതും ഈ കൂട്ടായ ഇടപെടലുകളുടെ ഭാഗമായാണ്. എന്നാൽ, ഈ സാഹചര്യത്തിൽ  കുറച്ചുകാലമായി  മാറ്റംവന്നിട്ടുണ്ട്. 2021 ആഗസ്‌തിൽ പുതിയ സിഎംഡി  ചുമതല ഏറ്റെടുക്കുകയും ഡയറക്ടർ ബോർഡിന്റെ സ്വഭാവത്തിൽ മാറ്റം വരുകയും ചെയ്തത് സ്ഥാപനത്തിലെ കൂട്ടായ്മ തകർത്തു. 2022 ഫെബ്രുവരിയിൽ  പ്രധാനപ്പെട്ട തൊഴിലാളി–-ഓഫീസർ സംഘടനകൾ സംയുക്തമായി പ്രക്ഷോഭത്തിലേക്ക് പോകേണ്ടി വന്നതും ഓഫീസേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിലുള്ള സമരങ്ങൾക്ക് കാരണമായതും മാനേജ്മെന്റിന്റെ സമീപനത്തിൽ വന്നിട്ടുള്ള ഈ മാറ്റമാണ്.

സാലറി ചലഞ്ച്, വാക്സിൻ ചലഞ്ച് തുടങ്ങിയവയിലൊക്കെ വലിയ പിന്തുണ നൽകിയ കെഎസ്ഇബിയിലെ ജീവനക്കാർ പ്രളയസന്ദർഭത്തിലും കോവിഡ്  കാലത്തുമെല്ലാം നൽകിയ സേവനം ജനങ്ങളിൽ വലിയ മതിപ്പുണ്ടാക്കി. എന്നാൽ, ഇതെല്ലാം ചോദ്യം ചെയ്യുകയും കെ -ഫോൺ പദ്ധതിക്കെതിരെ റഗുലേറ്ററി കമീഷനിൽ പരാതി നൽകി മുടക്കാൻ ശ്രമിക്കുകയും ചെയ്ത ചിലരും  വൈദ്യുതി ബോർഡിലും ഉണ്ടായിരുന്നു. മാനേജ്‌മെന്റിലുണ്ടായ മാറ്റത്തിൽ എൻജിനിയർമാരുടെ കാറ്റഗറി സംഘടനക്ക്‌  വലിയ പ്രാധാന്യം കിട്ടി.  പ്രധാനപ്പെട്ട ഇടങ്ങളിലെല്ലാം കാറ്റഗറി സംഘടനയുടെ ആളുകളെ നിയോഗിച്ചു. സ്ഥാപനത്തിലെ എഴുപതു ശതമാനത്തിലധികം ഓഫീസർമാരുടെ പിന്തുണയുള്ള ഓഫീസേഴ്‌സ് അസോസിയേഷൻ പ്രവർത്തകരെ മാറ്റി നിർത്തിയായിരുന്നു നിയമനം‌. മുഴുവൻ ജീവനക്കാർക്കും യൂണിഫോം എന്ന നിലയിൽ സൗജന്യമായി ടീ ഷർട്ടുകളും ചുരിദാറുകളും വിതരണം ചെയ്യാൻ തീരുമാനമെടുത്തു. ഒന്നിച്ചു വാങ്ങുമ്പോൾ അറുപതോ എഴുപതോ രൂപയ്‌ക്ക് കിട്ടാനിടയുള്ള ടീ ഷർട്ട്‌ 250 രൂപയും ടാക്സും നിരക്കിൽ വാങ്ങാനുള്ള നീക്കം നടന്നത് ശ്രദ്ധയിൽപ്പെട്ട സംഘടനകൾ ഇങ്ങനെയൊരു സൗജന്യം ആവശ്യമില്ലെന്ന സമീപനം സ്വീകരിച്ചു.


 

പൊതുജന സമ്പർക്കവിഭാഗം പുറംകരാർ കൊടുക്കാൻ തീരുമാനിച്ചതും  മാനേ‌ജ്മെന്റിന്റെ ഏകപക്ഷീയ സമീപനത്തിന്റെ തുടർച്ചയായിരുന്നു.  സ്വന്തമായി മികച്ച പൊതുജന സമ്പർക്കപരിപാടി സംഘടിപ്പിക്കാൻ  കഴിയുന്ന സ്ഥിതിക്ക് അത്തരത്തിൽ ഒരു പാഴ്‌ചെലവ് ആവശ്യമില്ലെന്ന നിലപാടാണ് സംഘടനകൾ സ്വീകരിച്ചത്. ഇതിനിടയിലാണ് 1200 വൈദ്യുത വാഹനം വാങ്ങാൻ തീരുമാനിക്കുന്നത്. മുഴുവൻ ഓഫീസുകളിലേക്കുമായാണ് 1200 വാഹനം വാങ്ങാൻ ധാരണയായത്. സെക്‌ഷൻ ഓഫീസുകളിലെ പ്രവർത്തനം വാടകയ്‌ക്കെടുത്ത ജീപ്പുകൾ മുഖാന്തരമാണ്. സാധന സാമഗ്രികളും ഉപകരണങ്ങളും സൗകര്യപ്രദമായി കൊണ്ടുപോകുന്നതിന് ജീപ്പ് ഏറെ പ്രയോജനകരമാണ്. വൈദ്യുത വാഹനങ്ങൾ പ്രോത്സാഹിപ്പിക്കേണ്ടത്  ബോർഡിന്റെയും ഉത്തരവാദിത്വമാണ് എന്നതിനാൽ പൈലറ്റ് അടിസ്ഥാനത്തിൽ ഏതാനും വാഹനം വാങ്ങാമെന്നും വൈദ്യുത വാഹനങ്ങളുടെ വില കുറഞ്ഞുവരുന്ന സാഹചര്യത്തിൽ ഒന്നിച്ച് കുറേ എണ്ണം വാങ്ങുന്നത് ഗുണകരമാകില്ലെന്നും സംഘടനകൾ ചൂണ്ടിക്കാട്ടി.  അതോടെ 65 വാഹനത്തിൽ ഒതുക്കാൻ  മാനേജ്‌മെന്റ് നിർബന്ധിതമായി.

കംപ്യൂട്ടർവൽക്കരണത്തിന് ഉപയോഗപ്പെടുത്തിയിട്ടുള്ള മിക്കവാറും സോഫ്റ്റ്‌വെയറുകളെല്ലാം ജീവനക്കാർ രൂപപ്പെടുത്തിയതാണ്. സ്വതന്ത്ര സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്നതിനാൽ ലൈസൻസ് ഫീസിനത്തിൽ ചെലവൊന്നുമില്ല. ആവശ്യമായ മാറ്റങ്ങൾ വരുത്തി സമഗ്രമായ ഒരു ഇആർപി (Enterprise resource planning) സോഫ്റ്റ്‌വെയറാക്കി വികസിപ്പിക്കുന്നതിനുള്ള നടപടി നടന്നുവരികയുമാണ്.  എന്നാൽ, ബോർഡിന്റെ ഇആർപി ഫലപ്രദമല്ലെന്നു  പ്രചരിപ്പിക്കാനും ടാറ്റാ പവറിൽനിന്ന്‌ കുത്തക സോഫ്റ്റ്‌വെയർ അടിസ്ഥാനത്തിലുള്ള ഇആർപി വാങ്ങാനുമാണ് മാനേജ്‌മെന്റ് ശ്രമിച്ചത്. ഈ ഇടപെടലിനെയും സംഘടനകൾ ശക്തമായി എതിർത്തു. വാങ്ങാനുദ്ദേശിക്കുന്ന സോഫ്റ്റ്‌വെയർ ബോർഡ് രൂപം കൊടുത്തതിനേക്കാൾ മോശം നിലവാരമുള്ളതാണെന്ന് വസ്തുതകളുടെ അടിസ്ഥാനത്തിൽ സമർഥിച്ചതോടെ  മാനേജ്‌മെന്റിന് പിൻമാറേണ്ടി വന്നു.

ബോർഡ് രൂപകൽപ്പന ചെയ്ത് നിർമിച്ച് ഉപയോഗിച്ചുവരുന്ന ഒരുപകരണമാണ് ഫാൾട്ട് പാസ് ഇൻഡിക്കേറ്റർ. 11 കെവി ലൈനുകളിലെ തകരാറുകൾ എവിടെയാണ് സംഭവിക്കുന്നതെന്ന് കണ്ടെത്തി  സന്ദേശമായി നൽകുന്ന ഈ ഉപകരണം വൈദ്യുതിത്തകരാറുകൾ എളുപ്പം പരിഹരിക്കുന്നതിന്‌ പര്യാപ്തമാണ്. ഒരെണ്ണത്തിന് ഏകദേശം 17,400 രൂപയാണ് നിർമാണച്ചെലവ്.  ഈ ഉപകരണം  ഊർജ്ജിത ഊർജ്ജ  വികസന പരിഷ്കരണ പദ്ധതിയുടെ   ഭാഗമായ സ്കാഡ സംവിധാനത്തിൽ ഉൾച്ചേർക്കുന്നതിനുള്ള ചെറിയ മാറ്റത്തോടെ പുറത്തുനിന്ന് വാങ്ങുന്നതിനുള്ള ഒരു പദ്ധതിക്ക് കേന്ദ്ര ധനസഹായത്തോടെ നടപ്പാക്കുന്ന ആർഡിഎസ്എസ്‌ പദ്ധതിയിൽ ഉൾപ്പെടുത്തിയതും വൻപ്രതിഷേധത്തിന് കാരണമായി. ഒരെണ്ണത്തിന് ഒരു ലക്ഷത്തി എൺപതിനായിരം രൂപ നിരക്കിൽ 20,000 എണ്ണം വാങ്ങാനാണ് പദ്ധതിയിൽ പെടുത്തിയത്.  ഇത്തരത്തിൽ നിരവധി അനാവശ്യ വാങ്ങലുകളെ തടയാനും  ബോർഡിന് ദുർച്ചെലവുണ്ടാകുന്ന നടപടികളെ ചെറുക്കാനും  ഓഫീസേഴ്‌സ് അസോസിയേഷനും വർക്കേഴ്‌സ് അസോസിയേഷനും കഴിഞ്ഞിട്ടുണ്ട്. സ്വാഭാവികമായും  മാനേജ്‌മെന്റും സംഘടനകളും തമ്മിൽ സംഘർഷ അന്തരീക്ഷം രൂപപ്പെട്ടു.

ഈ സാഹചര്യത്തിലാണ് ദ്വിദിന ദേശീയ പണിമുടക്കുമായി ബന്ധപ്പെട്ട് സംഘടനാ പ്രവർത്തകരെ ഭീഷണിപ്പെടുത്തുന്ന സമീപനം ഉണ്ടായത്. ജോലിക്ക് ഹാജരാകാത്ത ഓഫീസർമാരുടെ പ്രമോഷൻ തടയുന്നതടക്കമുള്ള നടപടികളുണ്ടാകുമെന്ന്  സിഎംഡി പ്രഖ്യാപിച്ചു. എന്നാൽ, 80 ശതമാനത്തിലധികം ഓഫീസർമാരും പണിമുടക്കി.  ഓഫീസേഴ്‌സ് അസോസിയേഷന്റെ നിർവാഹകസമിതി അംഗവും തിരുവനന്തപുരം ഇലക്ട്രിക്കൽ ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനിയറുമായ  ജാസ്മിൻ ബാനുവിനെ വ്യക്തിപരമായ  യാത്രയ്‌ക്ക് മാർച്ച് 22 മുതൽ ലീവിൽപ്പോയത് അനുവാദമില്ലാത്ത വിട്ടുനിൽക്കലാണെന്ന് വ്യാഖ്യാനിച്ച്‌ സസ്പെൻഡ്‌ ചെയ്തു. എക്സിക്യൂട്ടീവ് എൻജിനിയർ അവരുടെ മേലാധികാരികളുടെ അനുമതിയോടെ നിയമാനുസൃതം ചുമതല കൈമാറുകയും ബാങ്ക് രേഖകളിൽ ഒപ്പ് സാക്ഷ്യപ്പെടുത്തി മാറ്റുകയും കംപ്യൂട്ടർ ഫയലുകൾ കൈകാര്യം ചെയ്യാനുള്ള അധികാരം മാറ്റി നൽകുകയുമൊക്കെ ചെയ്താണ് യാത്ര പോയത്. ചുമതല കൈമാറിയതിന്റെ രേഖയും ലീവ് ലെറ്ററും ഓഫീസിൽ ഏൽപ്പിച്ചത് മേലാധികാരിക്ക് എത്തിയത് താമസിച്ചുപോയി എന്നതിനെ അനുവാദമില്ലാത്ത വിട്ടുനിൽക്കലായി വ്യാഖാനിച്ചു. 2020 മാർച്ചിൽ കെഎസ്ഇബി തന്നെ പുറപ്പെടുവിച്ച ഒരു  സർക്കുലറിൽ   പത്തുദിവസത്തിലധികം അനുവാദമില്ലാതെ വിട്ടുനിന്നാലേ കൃത്യവിലോപമാകൂ എന്ന് വ്യക്തമാക്കുന്നുണ്ട്. മാത്രമല്ല, അങ്ങനെ വിട്ടുനിൽക്കുന്ന ഒരാളെ സസ്പെൻഡ്‌ ചെയ്യേണ്ടതില്ല എന്നും അതേ സർക്കുലർ അനുശാസിക്കുന്നു. എന്നാൽ, ഇതെല്ലാം സിഎംഡിയുടെ പ്രതികാരബുദ്ധിയിൽ അവഗണിക്കപ്പെട്ടു.  ജാസ്മിൻ ബാനുവിനെ സിഎംഡി വളരെ  കളിയാക്കുകയും അവരുടെ സ്ത്രീത്വത്തെ അവഹേളിക്കുകയും ചെയ്തു. സംഘടനാ നേതാക്കളോട് സംസാരിക്കാൻപോലും അദ്ദേഹം തയ്യാറായില്ല. ഈ സാഹചര്യത്തിലാണ്  തിരുവനന്തപുരത്തെ വൈദ്യുതി ഭവന് പുറത്ത് ഉച്ചവരെ സൂചനാ സത്യഗ്രഹം നടത്താൻ  ഓഫീസേഴ്‌സ് അസോസിയേഷന്റെ വനിതാ സബ് കമ്മിറ്റി തീരുമാനിച്ചത്. എന്നാൽ, ഈ സത്യഗ്രഹം നിരോധിക്കുകയും  ഡൈസ്‌നോൺ പ്രഖ്യാപിക്കുകയുമാണ് മാനേജ്‌മെന്റ് ചെയ്തത്. ഇതേത്തുടർന്ന്  പുരുഷൻമാർകൂടി പങ്കെടുക്കുന്ന ഒരു വിപുലമായ സത്യഗ്രഹമായി പ്രക്ഷോഭം മാറി. സംഘടനയുടെ പ്രസിഡന്റിനെയും ജനറൽ സെക്രട്ടറിയെയുംകൂടി സസ്പെൻഡ്‌ ചെയ്തുകൊണ്ടാണ് ഇതിനോട് പ്രതികരിച്ചത്. ഒരാഴ്ചയ്‌ക്കുശേഷം സസ്പെൻഷൻ പിൻവലിച്ചെങ്കിലും ജാസ്മിൻ ബാനുവിനെ പത്തനംതിട്ടയിലെ സീതത്തോടേക്കും സംഘടനാ പ്രസിഡന്റിനെ പെരിന്തൽമണ്ണയിലേക്കും ജനറൽ സെക്രട്ടറിയെ പാലക്കാട്ടേക്കും സ്ഥലംമാറ്റി.

കേന്ദ്രത്തിൽനിന്ന്‌ സ്വകാര്യവൽക്കരണ സമ്മർദം ശക്തമായിക്കൊണ്ടിരിക്കുന്ന, സാങ്കേതികമായും നിയമപരമായും വലിയ മാറ്റങ്ങൾക്ക് വിധേയമാകുന്ന കാലഘട്ടത്തിലാണ് കെഎസ്ഇബിയിൽ ഇത്തരം സമീപനങ്ങളുണ്ടാകുന്നത്. മാനേജ്‌മെന്റും സംഘടനകളും ജീവനക്കാരുമൊക്കെ ഒന്നിച്ചു പ്രവർത്തിക്കേണ്ട സാഹചര്യമാണ്. അതിന് വിഘാതമായ സമീപനം തിരുത്താനുള്ള  പ്രക്ഷോഭങ്ങൾക്കാണ് കേരളം സാക്ഷ്യം വഹിക്കുന്നത്.

(കെഎസ്ഇബി  ഓഫീസേഴ്‌സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റാണ്‌  ലേഖകൻ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top