19 April Friday

തത്വത്തിൽ അംഗീകാരമായാൽ എന്തൊക്കെ ചെയ്യാം

അഡ്വ. കെ എസ് 
അരുൺകുമാർUpdated: Monday Jan 17, 2022


കേരളത്തിന്റെ സ്വപ്നപദ്ധതിയായ സിൽവർ ലൈനുമായി ബന്ധപ്പെട്ട സംശയങ്ങൾ ഓരോന്നായി പരിഹരിച്ചുകൊണ്ടിരിക്കുകയാണല്ലോ? എന്താണ് തത്വത്തിൽ അംഗീകാരം ലഭിച്ച പദ്ധതികൾ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്? പദ്ധതികൾക്ക് തത്വത്തിൽ അംഗീകാരം കേന്ദ്ര സർക്കാരിൽനിന്നു ലഭിച്ചുകഴിഞ്ഞാൽ എന്തെല്ലാം പ്രവർത്തനങ്ങളാണ് കെ–- റെയിൽ ഡെവലപ്‌മെന്റ് കോർപറേഷന് ഏറ്റെടുക്കാൻ കഴിയുക?  കേന്ദ്ര സർക്കാരിന്റെ തത്വത്തിൽ അംഗീകാരംമാത്രം കിട്ടിയ പദ്ധതിക്ക് അന്തിമ അംഗീകാരം കിട്ടുന്നതിനുമുമ്പ്‌  സർവേ നടത്താനും കല്ലിടാനും കഴിയുമോ? പദ്ധതിക്കായി ഭൂമിയേറ്റെടുക്കൽ ആരംഭിച്ചിരിക്കുന്നുവെന്നത് സത്യമാണോ?

തത്വത്തിൽ അംഗീകാരം നൽകിയ  പദ്ധതിക്കുവേണ്ടി സർവേ നടപടികൾ ആരംഭിച്ച് മുന്നോട്ടുപോകാൻ സംസ്ഥാന സർക്കാരിന്‌ അധികാരമുണ്ട്. ഭൂമി ഏറ്റെടുക്കൽ നടപടിക്രമങ്ങൾ ആരംഭിക്കാൻ സംസ്ഥാന സർക്കാരിന്‌ അധികാരമുണ്ടെന്ന് മുഖ്യമന്ത്രിയുൾപ്പെടെ കെ റെയിൽ അധികൃതർ വിശദീകരിച്ചിട്ടും ഇവിടെ അനാവശ്യ ചർച്ചകളും വസ്തുതാവിരുദ്ധ പ്രചാരണങ്ങളും തുടരുകയാണ്.

എന്നാൽ, എന്താണ് വസ്തുത? എന്താണ് ഒരു വികസനപദ്ധതിയുടെ തത്വത്തിൽ അംഗീകാരമെന്നതുകൊണ്ട് അർഥമാക്കുന്നത്? കേന്ദ്ര സർക്കാർ "തത്വത്തിൽ അംഗീകാരം’ ഒരു പദ്ധതിക്ക്  നൽകിയാൽ പദ്ധതി നടപ്പാക്കുന്ന ഏജൻസിക്ക് എന്തൊക്കെ തുടർനടപടികൾ സ്വീകരിക്കാം? സംശയങ്ങൾക്ക് മറുപടി നൽകേണ്ടതുമുണ്ട്.

കേരളത്തിൽ തിരുവനന്തപുരത്ത് നിന്നു കാസർകോട് വരെ 530 കിലോമീറ്റർ നീളുന്ന സിൽവർ ലൈൻ പദ്ധതിക്ക്‌ കേന്ദ്ര സർക്കാർ തത്വത്തിൽ അംഗീകാരം നൽകി. കേന്ദ്ര ധന മന്ത്രാലയത്തിന്റെ ഓഫീസ് മെമ്മോറാണ്ടത്തിലെ വ്യവസ്ഥകൾക്ക് വിധേയമായി തുടർനടപടി സ്വീകരിക്കാമെന്നാണ് വ്യക്തമായിരിക്കുന്നത്. സംസ്ഥാന സർക്കാരുകളുടെ സർക്കാർ ഉത്തരവുകൾക്ക് സമാനമാണ് കേന്ദ്ര സർക്കാരുകളുടെ ഓഫീസ് മെമ്മോറാണ്ടങ്ങൾ.


 

പൊതുപണം ഉപയോഗിച്ച് നടത്തപ്പെടുന്ന പദ്ധതികളുടെയും സ്കീമുകളുടെയും വിലയിരുത്തലും അംഗീകാരവുമെല്ലാം രാജ്യത്താകെ മുന്നോട്ടുപോകുന്നത് ഓഫീസ് മെമ്മോറാണ്ട പ്രകാരമാണ്.  സിൽവർ ലെെനുമായി ബന്ധപ്പെട്ട് "നിക്ഷേപത്തിനു മുമ്പുള്ള പ്രവർത്തനങ്ങൾ’ എല്ലാം പൂർത്തീകരിക്കണമെന്നാണ് റെയിൽവേ ബോർഡിന്റെയും റെയിൽ  മന്ത്രാലയത്തിന്റെയും ഉത്തരവ്‌. എന്തൊക്കെയാണ് നിക്ഷേപത്തിനു മുമ്പുള്ള പ്രവർത്തനങ്ങളെന്ന് ഓഫീസ് മെമ്മോറാണ്ടത്തിലെ 10–-ാമത് നിബന്ധനയിൽ വിവരിച്ചിട്ടുണ്ട്. അത്‌ ഇപ്രകാരമാണ്:

●സാധ്യതാ പഠനങ്ങൾ നടത്തുക
●വിശദമായ പദ്ധതിരേഖകൾ തയ്യാറാക്കൽ
●പ്രാരംഭ പരീക്ഷണങ്ങൾ
●സർവേകൾ / അന്വേഷണങ്ങൾ
●പദ്ധതികൾക്കായി ആവശ്യമായ ഭൂമിക്ക് നഷ്ടപരിഹാരം നൽകൽ
●അതിർത്തി മതിലുകളുടെ നിർമാണം
●റോഡുകളുടെ നിർമാണം
●ചെറിയ പാലങ്ങളും കൾവെർട്ടുകളും നിർമിക്കൽ
●ജല - വൈദ്യുത ലൈനുകളുടെ നിർമാണം
●പദ്ധതിപ്രദേശത്തെ ഓഫീസുകളുടെ നിർമാണം
●പദ്ധതി പ്രദേശത്തെ താല്ക്കാലിക താമസ സൗകര്യങ്ങളൊരുക്കൽ
●പരിസ്ഥിതി മാനേജ്മെന്റ് പ്ലാനുകൾ തയ്യാറാക്കൽ
●വനം -വന്യജീവി അനുവാദങ്ങൾ
●വനവൽക്കരണ നഷ്ടപരിഹാരങ്ങൾ
●വനഭൂമി വന ഇതര ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നതിലേക്കുള്ള നഷ്ടപരിഹാരം നൽകൽ

മേൽപ്രവർത്തനങ്ങളെല്ലാം ഒരു വികസനപദ്ധതിക്ക് കേന്ദ്ര സർക്കാരിന്റെ തത്വത്തിൽ അംഗീകാരം ലഭിച്ചശേഷം അന്തിമ അനുവാദം ലഭിക്കുന്ന കാലയളവുകൾക്കിടയിൽ പദ്ധതി നടപ്പാക്കൽ ഏജൻസി പൂർത്തീകരിക്കേണ്ടതാണ്. പദ്ധതിക്കായി ഏറ്റെടുക്കുന്ന ഭൂമിയുടെ അന്തിമ തുക നിശ്ചയിക്കുന്നതിനുമുമ്പ്‌ പൂർത്തീകരിക്കേണ്ട നിയമപരമായ നടപടിക്രമങ്ങളാണ്‌ ഇത്. ഇതുമായി സർക്കാരും കെ–- റെയിൽ കോർപറേഷനും മുന്നോട്ടുപോകുമ്പോഴാണ് വസ്തുതാവിരുദ്ധമായ പ്രചാരണങ്ങളും ഭീഷണിയുമായി പ്രതിപക്ഷവും മാധ്യമങ്ങളും രംഗത്തിറങ്ങിയിരിക്കുന്നത്.

ഏത് നിയമപ്രകാരമാണ് സർവേയും തുടർ നടപടികളും നടക്കുന്നത് ?
2013-ലെ ഭൂമി ഏറ്റെടുക്കലിൽ ന്യായമായ നഷ്ടപരിഹാരത്തിനും സുതാര്യതയ്‌ക്കും പുനരധിവാസത്തിനും പുനഃസ്ഥാപനത്തിനുമുള്ള അവകാശനിയമത്തിന്റെ അടിസ്ഥാനത്തിലാണ് ഭൂമി ഏറ്റെടുക്കൽ നടപടിക്രമങ്ങൾ ആരംഭിച്ചത്. പാർലമെന്റ് പാസാക്കിയ നിയമത്തിന്റെയും കേന്ദ്ര-–-സംസ്ഥാന സർക്കാരുകൾ നടപ്പാക്കിയ ചട്ടങ്ങളുടെയും അടിസ്ഥാനത്തിൽ മാത്രമേ ഭൂമി ഏറ്റെടുക്കാൻ കഴിയൂ.  ഭൂമി ഏറ്റെടുക്കൽ നടപടിക്രമങ്ങളുടെ അദ്യഘട്ടം 1961ലെ സർവേ അതിരടയാള നിയമത്തിലെ 6 (1) വകുപ്പുപ്രകാരമുള്ള വിജ്ഞാപനവും അതിരടയാള കല്ലിടലുമാണ്. സിൽവർ ലൈൻ കടന്നുപോകുന്ന 11 ജില്ലയിലും ഇതുസംബന്ധിച്ച വിജ്ഞാപനം നേരത്തെ പുറപ്പെടുവിച്ചിരുന്നു. സർവേയും അതിരടയാള കല്ലിടലും പൂർത്തീകരിച്ചതിനുശേഷമാണ് സാമൂഹ്യ ആഘാതപഠനം.  അതിരടയാള കല്ലിടൽ പൂർത്തീകരിച്ചശേഷം അളന്നുതിട്ടപ്പെടുത്തിയ സ്ഥലങ്ങളുടെ മാത്രമാണ് സാമൂഹ്യ ആഘാതപഠനം നടത്തുന്നത്.

സാമൂഹ്യ ആഘാതപഠനം

2013ലെ ഭൂമി ഏറ്റെടുക്കൽ  നിയമത്തിന്റെ 4 (1) വകുപ്പുപ്രകാരമുള്ള വിജ്ഞാപനമാണ് ഇപ്പോൾ പുറപ്പെടുവിച്ചിരിക്കുന്നത്. സാമൂഹ്യ ആഘാതപഠനത്തിനായുള്ള തയ്യാറെടുപ്പാണ് ഈ വകുപ്പിൽ പ്രതിപാദിക്കുന്നത്.

●പൊതു ആവശ്യത്തിനാണോ ഭൂമി ഏറ്റെടുക്കുന്നത്?
●പദ്ധതി ബാധിക്കുന്ന കുടുംബത്തിന്റെ എണ്ണം?
● പദ്ധതിമൂലം മാറ്റിപ്പാർപ്പിക്കേണ്ട കുടുംബത്തിന്റെ എണ്ണം?
● ആകെ ഏറ്റെടുക്കേണ്ട ഭൂമിയുടെ അളവ് എത്ര? അതിൽ സർക്കാർ ഭൂമി? സ്വകാര്യ ഭൂമി? വീടുകൾ, കോളനികൾ, മറ്റു പൊതു ഇടങ്ങൾ എത്ര?
● ഏറ്റെടുക്കുന്ന ഭൂമി മുഴുവൻ നിർദിഷ്ട പദ്ധതിക്ക് ആവശ്യമാണോ?
● പദ്ധതി എത്രത്തോളം സാമൂഹ്യ ആഘാതമുണ്ടാക്കും? അത് പരിഹരിക്കാനുള്ള ചെലവ് എത്ര?

സാമൂഹ്യ ആഘാതപഠനം നടത്തിയശേഷം ഭൂമി നഷ്ടപ്പെട്ടവരുടെയും മറ്റും പൊതു ഹിയറിങ്‌ നടത്തും (വകുപ്പ്‌ 5). അതിനുശേഷം സാമൂഹ്യ ആഘാത പഠന റിപ്പോർട്ടിന്റെ കരട് പ്രസിദ്ധീകരിക്കും (വകുപ്പ് - 6). തുടർന്ന് സാമൂഹ്യ ആഘാതപഠന റിപ്പോർട്ട്‌  വിദഗ്‌ധസമിതി വിലയിരുത്തി സർക്കാരിനു സമർപ്പിക്കും (വകുപ്പ് 7).  ഭൂമി ഏറ്റെടുക്കാനുള്ള നിർദേശങ്ങളും സാമൂഹ്യ ആഘാതപഠന റിപ്പോർട്ടും സർക്കാർ വിശദമായി പരിശോധിച്ചശേഷമാണ് ഭൂമിക്ക് സർക്കാർ നിശ്ചയിച്ചപ്രകാരമുള്ള നഷ്ടപരിഹാരവും പുനരധിവാസ പാക്കേജും നൽകി  ഭൂമി ഏറ്റെടുക്കൽ നടപടി പൂർത്തിയാക്കുക.

ഭൂമി ഏറ്റെടുക്കൽ ആരംഭിച്ചുള്ള സംസ്ഥാന സർക്കാരിന്റെ ഉത്തരവിൽത്തന്നെ ഇക്കാര്യങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. സാമൂഹ്യ ആഘാതപഠന റിപ്പോർട്ട്, വിദഗ്‌ധസമിതി ശുപാർശകൾ,  കലക്ടറുടെ റിപ്പോർട്ട് എന്നിവ പ്രസിദ്ധീകരിക്കുന്നത് സിൽവർ ലൈൻ പദ്ധതിക്കുള്ള കേന്ദ്ര റെയിൽ  ബോർഡിന്റെ അന്തിമ അംഗികാരം ലഭിച്ചതിനുശേഷമായിരിക്കും.

നുണപ്രചാരണം നടത്തുന്നവർക്കും അനാവശ്യ ആശങ്കകൾ ഉയർത്തുന്നവർക്കും മുട്ടുമടക്കേണ്ടിവരും. നിയമപ്രകാരമുള്ള മാർഗത്തിലൂടെ മാത്രമാണ് വികസനപദ്ധതികളുടെ നിക്ഷേപത്തിനു മുമ്പുള്ള പ്രവർത്തനങ്ങളുമായി കേരള റെയിൽ ഡെവലപ്‌മെന്റ് കോർപറേഷൻ മുന്നോട്ടുപോകുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top