28 March Thursday
കെപിജി വേർപിരിഞ്ഞിട്ട്‌ അരനൂറ്റാണ്ട്‌

കെപിജി : കവിയും കമ്യൂണിസ്റ്റും

എം ആർ സുരേന്ദ്രൻUpdated: Tuesday Jan 10, 2023

സത്യാനന്തരം എന്ന കാലിക പരികൽപ്പന ഏറ്റവും കരുത്താർജിച്ച അനുഭവമണ്ഡലം നിശ്ചയമായും മാധ്യമങ്ങളുടേതു തന്നെ. സത്യവിരുദ്ധതയെ മത്സരബുദ്ധ്യാ പൊലിപ്പിക്കുന്ന മുഖ്യധാരാ മാധ്യമതന്ത്രങ്ങളെ ആവോളം പ്രതിരോധിച്ചുകൊണ്ട് തന്നെയാണ് ദേശാഭിമാനി പത്രം പ്രചാരണത്തിൽ മൂന്നാം സ്ഥാനം കൈവരിച്ചിട്ടുള്ളത്. ജനപക്ഷമാർന്ന ഈ പത്രധർമ നിർവഹണം എട്ടു പതിറ്റാണ്ട് പിന്നിടുന്നതിലെ അഭിമാനം ആഘോഷപൂർവം പങ്കിടുന്ന വേളയിൽ അതിന്റെ ചരിത്രസ്മൃതികൾ അതീവ പ്രധാനമാകുന്നു.

പാർടി മുഖപത്രം എന്നതിൽ ഉപരിയായ പൊതുസ്വീകാര്യത സ്വന്തമാക്കാൻ ദേശാഭിമാനി പ്രാപ്‌തമായതിൽ പൂർവസൂരികൾക്കുള്ള പങ്ക് നിർണായകമാണ്‌.  ആദ്യകാലത്തെ പാർടി സംഘാടനവും പത്രപ്രവർത്തനവും പരസ്പരപൂരകമാക്കിയ മുൻനിര നേതാക്കൾക്കൊപ്പം പ്രവർത്തനനിരതരായ രണ്ടാം നിരക്കാരുണ്ട്. അവരിൽ പ്രമുഖനും കവിയുമായിരുന്ന കെ പി ഗോവിന്ദൻ നമ്പൂതിരിയുടെ വിയോഗ സ്മരണ ജനുവരി 10ന്‌ അരനൂറ്റാണ്ട് പിന്നിടുകയാണ്.

കവി എന്ന നിലയിലുള്ള സാമാന്യപരിചയത്തിൽ പരിമിതപ്പെട്ടുപോയ കെ പി ജിയുടെ ബഹുമുഖ കർമകാണ്ഡങ്ങൾ വേണ്ടുംവിധം വെളിപ്പെടുത്തുന്ന സമ്പൂർണ ജീവചരിത്രഗ്രന്ഥം സമീപകാലത്ത് മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശിപ്പിച്ചു. ഡോ. മുരളി ചന്തവിള, കെ പി ജിയുടെ പുത്രന്റെ പശ്ചാത്തല പങ്കാളിത്തത്തോടെ രചിച്ച ‘ കെ പി ജി കമ്യൂണിസ്റ്റും കവിയും’ എന്ന കൃതി സംഭവ ബഹുലമായ വ്യക്തിചരിതമെന്നപോലെ, പുരോഗമനോന്മുഖമായ ഒരു സവിശേഷ കാലഘട്ടത്തിന്റെ സാംസ്കാരിക ചരിത്രരേഖയുമാണ്.
ഇളം കൗമാരത്തിൽതന്നെ യാഥാസ്ഥിതിക ഗൃഹാന്തരീക്ഷത്തിൽനിന്നു സ്വയമേ വഴിമാറി കെ പി ജി പിന്നിട്ട വൈവിധ്യമാർന്ന കമ്യൂണിസ്റ്റ് കർമപാതയിലൂടെ തന്നെയാണ് തുടക്കവും ഒടുക്കവും. ദേശാഭിമാനി പത്രാധിപ സമിതി അംഗമായി ഒരു നിയോഗം പോലെ അതിന്റെ പരിവൃത്തി പൂർത്തിയാക്കുകയും ചെയ്തു.

തൃൂശൂരിലെ സെന്റ്‌ തോമസ് കോളേജ് പഠനകാലത്തു തന്നെ ജന്മസിദ്ധ കവിതാരചനാ വാസനയും നമ്പൂതിരി നവോത്ഥാന പ്രവർത്തനവും വഴി ‘ഉണ്ണിനമ്പൂതിരി,’ ‘ മംഗളോദയം’ തുടങ്ങിയ പ്രസിദ്ധീകരണങ്ങളിൽ അദ്ദേഹം രചനാ പരിചയം നേടി.  കാൽപ്പനിക നവോത്ഥാന വിഷയങ്ങളായ കവിതകളോട് ഒപ്പം ‘ഉണ്ണിനമ്പൂതിരി’യിൽ ‘മുഖം നോക്കാതെ’ എന്ന പേരിലുള്ള വിമർശപംക്തി  കൈകാര്യം ചെയ്യാൻ  ആ കോളേജ് കുമാരൻ സമർഥനായി.  പ്രഗത്ഭ അധ്യാപകരും സാഹിത്യനായകരും ആയിരുന്ന എം പി പോൾ, മുണ്ടശ്ശേരി എന്നിവരുടെ ശിഷ്യത്വം, സീനിയർ ബാച്ചിൽ പഠിച്ചിരുന്ന ഇ എം എസുമായുള്ള സൗഹൃദം, മഹാകവി ജി ശങ്കരക്കുറുപ്പിന്റെ സഹവാസം, വിശ്വസാഹിത്യ പരിചയം എന്നിവ ചേർന്ന് രൂപപ്പെടുത്തിയ ഉൽപ്പതിഷ്‌ണുത്വമാർന്ന ഉൽക്കർഷേഛയ്‌ക്ക്‌  ദിശാബോധമേകിയത് സഖാവ് പി കൃഷ്ണപിള്ളയുമായുള്ള ആകസ്മിക പരിചയമായിരുന്നു. സഖാവിന്റെ നിർദേശാനുസരണം ‘ചുവപ്പുകൊടി’ എന്ന ആദ്യത്തെ വിപ്ലവഗീത രചന അതിന്റെ നാന്ദികുറിക്കുകയും ചെയ്തു.

ബിരുദപഠനാനന്തരം സ്വഗൃഹത്തിലേക്കു മടങ്ങാനിരുന്ന കെ പി ജിയെ മലബാർ കേന്ദ്രീകരിച്ചുള്ള പാർടി സംഘാടനത്തിന്‌ പി കൃഷ്ണപിള്ളയും ഇ എം എസും ചേർന്ന് നിയോഗിക്കുകയായിരുന്നു. അതിൽ ഏറ്റവും ശ്രദ്ധേയമായത് ‘പ്രഭാതം വാരിക’ ‘ദേശാഭിമാനി പത്രം’ എന്നിവയുടെ പ്രവർത്തനംതന്നെ. 1935ൽ കോൺഗ്രസ് സോഷ്യലിസ്റ്റ് പാർടിയുടെ മുഖപത്രം എന്ന നിലയിൽ ഇ എം എസ് പത്രാധിപരായും ഐ സി പി നമ്പൂതിരി പ്രിന്ററും പബ്ലിഷറുമായി ആരംഭിച്ച ‘പ്രഭാതം’ നിർത്തിവയ്ക്കാൻ നിർബന്ധിതമായി. 1938 ൽ പുനഃ പ്രസിദ്ധീകരണം ആരംഭിച്ച പ്രഭാതത്തിൽ പിറ്റേവർഷം തന്നെ കെ പി ജി നിയുക്തനായി. തുടർന്ന് അതിൽ കവിതകളും ലേഖനങ്ങളും എഴുതി. 1942ൽ കമ്യൂണിസ്റ്റ് പാർടിയുടെ പ്രതിവാര മുഖപത്രമായ ദേശാഭിമാനി കോഴിക്കോട്ടുനിന്നു പ്രസിദ്ധീകരണം ആരംഭിക്കുകയും 1946ൽ ദിനപത്രമായി വളരുകയും ചെയ്തു. ഈ കാലയളവിൽ പത്രാധിപസമിതി പ്രവർത്തനത്തോടൊപ്പം രണ്ടാം ലോകമഹായുദ്ധ വിശേഷങ്ങളെ ‘യുദ്ധ വിമർശനം’ എന്ന പേരിലുള്ള ഒരു പ്രധാന പംക്തിയിലൂടെ കെ പി ജി റിപ്പോർട്ട് ചെയ്തിരുന്നു. ബ്രിട്ടീഷ് ഗവൺമെന്റിന്റെ താക്കീതുകൾ അവഗണിച്ച്‌ ‘ഇന്ത്യൻ സ്വാതന്ത്ര്യസമരം’‘ ബ്രിട്ടീഷ്–- അമേരിക്കൻ  സാമ്രാജ്യത്വ അതിക്രമങ്ങൾ’ എന്നിവയെല്ലാം അന്നത്തെ ദേശാഭിമാനി പംക്തിയിൽ ഇടംപിടിച്ചു. ഇതിനുപിന്നിൽ കെ പി ജി യോടൊപ്പം എം എസ്‌ ദേവദാസ്‌, സി ഉണ്ണിരാജ, ഇ വി ദേവ്‌ എന്നിവരുടെ പങ്കും എടുത്തുപറയേണ്ടതുണ്ട്.

‘തിരിഞ്ഞുനോക്കുമ്പോൾ’ എന്ന ശീർഷകത്തിൽ മരണത്തിനു തൊട്ടുമുമ്പ് കെ പി ജി എഴുതിയ ശ്രദ്ധേയമായ പത്രപ്രവർത്തന അനുഭവക്കുറിപ്പ്  മാധ്യമരംഗത്തേക്ക് കടന്നുവരുന്നവർക്കുള്ള മാർഗരേഖയാണ്‌. പ്രൊഫഷണലിസം പിടിമുറുക്കിപ്പോന്ന പിൽക്കാല പത്രരംഗ വിമർശത്തോടെ ആ അനുഭവക്കുറിപ്പിൽ അദ്ദേഹം എഴുതി–-‘‘ ഇതായിരുന്നില്ല ഞാൻ പ്രവർത്തിച്ചിരുന്ന കാലത്തെ സ്ഥിതി. ഞങ്ങൾ  മാർക്‌സ്‌, എംഗൽസ്‌, ലെനിൻ തുടങ്ങിയവരുടെ കൃതികൾ ഒറ്റയ്ക്കും കൂട്ടായും ധാരാളമായി വായിച്ചു പഠിക്കുകയും അവയിലൂടെ സമകാലിക സംഭവങ്ങളെ വിലയിരുത്താൻ ശ്രമിക്കുകയും ചെയ്തിരുന്നു. മാത്രമല്ല ലോകത്തിന്റെ രാഷ്ട്രീയ സാമ്പത്തിക രംഗങ്ങളിലും വിജ്ഞാനമേഖലയിലും പുതുതായി ഉത്ഭവിക്കുന്ന പ്രതിഭാസങ്ങൾ ഓരോന്നും മനസ്സിലാക്കുകയും അവയെപ്പറ്റി പത്രത്തിൽ പംക്തികളിലൂടെ വെളിച്ചം നൽകുകയും ചെയ്തിരുന്നു.( കെ പി ജി കാവ്യ ജീവിതസമരം–- പേജ് 25)  മലബാർ ഗ്രാമാന്തരങ്ങളിലെ അണികൾക്ക്‌ ക്ലാസെടുക്കുന്ന ചരിത്രദൗത്യവും സമാന്തരമായി കെ പി ജി നിർവഹിച്ചു. കോൺഗ്രസ് സോഷ്യലിസ്റ്റ് പാർടി ആയി പ്രവർത്തിച്ചിരുന്ന കേരള ഘടകം സ്വതന്ത്ര കമ്യൂണിസ്റ്റ് പാർടി എന്ന നിലയിൽ രൂപപ്പെടുത്തുവാൻ അണികളെ കമ്മ്യൂണിസ്റ്റ് ആശയസംഹിത പഠിപ്പിക്കേണ്ടതുണ്ടായിരുന്നു. അതിനു നിയുക്തമായ പാർടി അധ്യാപക സെല്ലിൽ കെ പി ജി യോടൊപ്പം എം എസ് ദേവദാസ്‌, സി ഉണ്ണിരാജ, ശങ്കരനാരായണൻ തമ്പി എന്നിവരായിരുന്നു അംഗങ്ങൾ.

‘‘ സ്വതന്ത്രഭാരത നൂതന ചരിതം
സ്വന്തം ചോരയിൽ എഴുതുന്നവരെ’’

എന്നിങ്ങനെ എത്രയോ സമരോജ്വല കവിതകൾ അണികളിൽ വർഗബോധവും വിപ്ലവ ആഭിമുഖ്യവും ജനിപ്പിച്ചുകൊണ്ട് കെ പി ജി  രചിച്ചു. പത്രപ്രവർത്തനവും പാർടി തത്വ പ്രചാരണവും സമരോത്സുക കവിതാരചനയും പരസ്പരബന്ധിതമായി നിർവഹിച്ചു കൊണ്ട് തന്നെ പുരോഗമന വിദ്യാർഥി പ്രസ്ഥാനം , പുരോഗമനസാഹിത്യപ്രസ്ഥാനം എന്നിവയുടെ സംഘാടനത്തിലും കെ പി ജി വ്യാപൃതനായിരുന്നു. അതിന്റെ വിശദാംശങ്ങൾ ജീവചരിത്രത്തിൽ പ്രതിപാദിച്ചിട്ടുണ്ട്‌.

കെ പി ജിയോടൊപ്പം കൊച്ചി ദേശാഭിമാനിയിൽ 1972ൽ പ്രവർത്തിച്ചിരുന്ന കവി ഏഴാച്ചേരി രാമചന്ദ്രൻ സമീപകാലത്ത് എഴുതിയ  കുറിപ്പിൽ ഇപ്രകാരം വ്യക്തമാക്കുന്നുണ്ട്–- ‘‘കവിയും ഗാനരചയിതാവുമായ പി ഭാസ്കരനും വിപ്ലവകാരി കെ പി ജിയും ഉൾപ്പെടെയുള്ളവർ ദേശാഭിമാനിയുടെ പ്രൂഫ്‌ വിഭാഗത്തിൽ പ്രവർത്തിച്ചവരാണ്. കെ പി ജിയെ പോലുള്ളവർ പകൽ മുഴുവൻ പത്രത്തിനു വേണ്ടി പ്രവർത്തിക്കും. രാത്രി പത്രം കയറ്റി അയക്കും. പിന്നീട് റെയിൽവേ സ്റ്റേഷനിൽ പത്രം വിൽക്കുകയും ചെയ്തിട്ടുണ്ട്’’.

ശ്രദ്ധേയമായ വിശ്വസാഹിത്യ കൃതികൾ വിവർത്തനം ചെയ്യുവാനും ആനുകാലിക കൃതികളുടെ നിരൂപണത്തിനും കെ പി ജി സമയം കണ്ടെത്തി. വിശ്വ കവികളായ മയക്കോവ്സ്കി (ലെനിൻ കാവ്യം), പാബ്ലോ നെരൂദ (റെയിൽ പണിക്കാരൻ ഉണരട്ടെ–-ആഖ്യാന കവിത) റഷ്യൻ നോവലിസ്റ്റായ പുഷ്കിൻ (ദുബ്രോവ്‌സ്‌കി), വാൻറാവാസിലേവിസ്‌ക (റെയിൻബോ), അമേരിക്കൻ നോവലിസ്റ്റ് ഹോവാർഡ് ഫാസ്റ്റ് (ഫ്രീഡം റോഡ്) എന്നിവരെ മലയാളത്തിൽ ആദ്യം പരിചയപ്പെടുത്തിയത് കെ പി ജിയാണ്‌. ആ  ശ്രമം 1968ലെ സോവിയറ്റ് ലാൻഡ്–- നെഹ്റു അവാർഡിന്‌ അദ്ദേഹത്തെ അർഹനാക്കി.

കള്ളക്കേസിൽ കുടുക്കിയ അറസ്റ്റും ജയിൽവാസപീഡകളും ഒരു ഘട്ടത്തിൽ അദ്ദേഹത്തെ കടുത്ത ക്ഷയരോഗിയാക്കി മാറ്റി. കാലടി ബ്രഹ്മാനന്ദോദയം ഹൈസ്കൂൾ അധ്യാപകനായും രണ്ടു പതിറ്റാണ്ടിലേറെ സേവനമനുഷ്ഠിച്ചശേഷം 1972ൽ വിരമിച്ചു. തുടർന്ന് കൊച്ചി ദേശാഭിമാനി പത്രാധിപസമിതിയിൽ പ്രവർത്തിക്കുന്നതിനിടയിലാണ് 1973 ജനുവരി പത്തിന് രോഗം മൂർച്ഛിച്ച് ആ ജീവിതം പൊടുന്നനെ പൊലിഞ്ഞത്‌.

(എറണാകുളം ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറിയാണ്‌ ലേഖകൻ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top