25 April Thursday

അടുക്കുംതോറും അകലുന്നവർ

കെ ശ്രീകണ്‌ഠൻUpdated: Wednesday Mar 15, 2023

പ്രതിനായകർ ഇത്രയും ശരവേഗത്തിൽ യുദ്ധസന്നദ്ധരായി രംഗത്തുവരുമെന്ന്‌ കെപിസിസി പ്രസിഡന്റ്‌ കെ സുധാകരൻ സ്വപ്നത്തിൽപ്പോലും വിചാരിച്ചിട്ടുണ്ടാകില്ല. ചൊടിച്ചുനിൽക്കുന്ന എം കെ രാഘവനെയും കെ മുരളീധരനെയും വിരട്ടാനാണ്‌ ശ്രമിച്ചത്‌. അച്ചടക്കലംഘനത്തിന്‌ കാരണം കാണിക്കൽ നോട്ടീസ്‌ നൽകിയതും അതൃപ്‌തി അറിയിച്ച്‌ ഹൈക്കമാൻഡിന്‌ കത്ത്‌ നൽകിയതും അതിനായിരുന്നു. പക്ഷേ, കെ സുധാകരനെ നീക്കണമെന്ന ആവശ്യവുമായി എംപിമാരുടെ പടതന്നെ രംഗത്തുവന്നു. യുദ്ധത്തിൽ പ്രതീക്ഷിച്ച വിജയം കിട്ടാതെ വരുമ്പോൾ സൈന്യാധിപനെതിരെ തിരിയുന്ന മട്ടിലാണ്‌ ഇപ്പോൾ കോൺഗ്രസ്‌. പുനഃസംഘടനമുതൽ സർക്കാർവിരുദ്ധ സമരംവരെ പ്രഖ്യാപനങ്ങളെല്ലാം പാളി. പ്രധാന തീരുമാനങ്ങളെടുക്കുന്നതിനു മുമ്പ്‌ മുതിർന്ന നേതാക്കളുമായി കെപിസിസി പ്രസിഡന്റ്‌ കൂടിയാലോചന നടത്തുന്നില്ലെന്ന പരാതി മുമ്പേയുള്ളതാണ്‌. കെ സുധാകരന്റെ മാനസപുത്രന്മാരായ നാൽവർ സംഘത്തിന്‌ ഇന്ദിരാഭവന്റെ നിയന്ത്രണം വിട്ടു കൊടുത്തിരിക്കുകയാണെന്നതാണ്‌ ഏറ്റവും ഒടുവിലുയർന്ന ആരോപണം. പുകഴ്‌ത്തുന്നവർക്ക്‌ അന്തപ്പുരവും വിയോജിക്കുന്നവർക്ക്‌ പുറംതിണ്ണയും എന്നതാണ്‌ അവസ്ഥയെന്ന്‌ പരിതപിക്കുന്നവരുടെ നിര നീളുകയാണ്‌. കെപിസിസി അഥവാ സ്‌തുതിപാഠക സംഘം എന്ന വിശേഷണം ഒട്ടും അതിശയോക്തിയാകില്ലത്രേ.

ഇപ്പോഴത്തെ നിലയിൽ കെ സുധാകരന്‌ എത്രനാൾ സ്ഥാനത്ത്‌ തുടരാൻ കഴിയുമെന്നാണ് നേതൃത്വത്തിലെ പലരും ഉറ്റുനോക്കുന്നത്‌. കെപിസിസി പ്രസിഡന്റ്‌ സ്ഥാനത്തുനിന്ന്‌ ഉടനെ നീക്കണമെന്ന ആവശ്യം അനുദിനം ശക്തിപ്പെടുകയാണ്‌. എംപിമാരുടെ യുദ്ധപ്രഖ്യാപനത്തിനു പിന്നിലും ഈ ഉന്നമാണ്‌. എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിന്റെ അകമഴിഞ്ഞ പിന്തുണയുള്ളതിനാൽ എതിർനീക്കങ്ങളെ പ്രതിരോധിക്കാൻ കഴിയുമെന്ന ഉറച്ച വിശ്വാസമാണ്‌ സുധാകരന്‌. കൂടെ കിടക്കുന്നവർപോലും ഇരുട്ടിവെളുക്കുമ്പോൾ മറുകണ്ടം ചാടുമോയെന്ന അങ്കലാപ്പും സുധാകരൻ മറച്ചുവയ്‌ക്കുന്നില്ല. ഗ്രൂപ്പുകളുടെ എതിർപ്പിനു പുറമെ എംപിമാരുടെ നീക്കമാണ്‌ കെപിസിസി നേതൃത്വത്തിന്‌ മുന്നിലെ പുതിയ വെല്ലുവിളി. ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുമ്പ്‌ സുധാകരനെ മാറ്റുന്നതിനോട്‌ ഹൈക്കമാൻഡിന്‌ യോജിപ്പില്ലെന്നാണ്‌ ഒരു വിഭാഗം കരുതുന്നത്‌. കുത്തഴിഞ്ഞ്‌ മുന്നോട്ട്‌ പോകുന്നതിനോടും അവർ അനുകൂലിക്കുന്നില്ല. പൊട്ടിത്തെറി ഒഴിവാക്കാൻ ഹൈക്കമാൻഡ്‌ ഇടപെട്ട്‌ അനുരഞ്ജന ഫോർമുലയുണ്ടാക്കുമെന്ന പ്രതീക്ഷ പുലർത്തുന്നവരുമുണ്ട്‌. നേതൃനിരയിലെ തമ്മിലടിയിൽ മുസ്ലിംലീഗ്‌ അടക്കമുള്ള യുഡിഎഫ്‌ കക്ഷികളും അസ്വസ്ഥരാണ്‌.


 

പ്രതിപക്ഷ നേതാവ്‌ വി ഡി സതീശനും കെ സുധാകരനും തമ്മിൽ നല്ല അടുപ്പത്തിലാണെന്ന്‌ പ്രചാരണമുണ്ടെങ്കിലും അങ്ങനെയല്ല കാര്യങ്ങൾ. ഇരുവരെയും അടുപ്പിക്കുന്നതും അകറ്റുന്നതും കെ സി വേണുഗോപാലാണ്‌. വേണുഗോപാലുമായി ഉറ്റബന്ധം ആർക്കാണെന്ന കാര്യത്തിലും ഇരുവരും മത്സരത്തിലാണ്‌. ആർക്കായിരിക്കും ജയമെന്നത്‌ മുൻകൂട്ടി പറയാൻ കഴിയില്ല. ആരുടെ തടവറയിലായാലും കെ സി വേണുഗോപാൽ സ്വയം അവസരം പാർത്തിരിക്കുകയാണത്രേ. സുധാകരന്റെയും സതീശന്റെയും ഇണക്കവും പിണക്കവും സസൂക്ഷ്‌മം വീക്ഷിച്ച്‌ കരുക്കൾ നീക്കുന്ന ഒരാൾകൂടിയുണ്ട്‌. രമേശ്‌ ചെന്നിത്തല. തർക്കത്തിൽ മുതലെടുപ്പ്‌ നടത്താനാണ്‌ ചെന്നിത്തലയുടെ നോട്ടം.

രാഘവനും കെ മുരളീധരനുമെതിരായ കെപിസിസി നീക്കമാണ്‌ ഇപ്പോഴത്തെ അങ്കം മുറുകാൻ കാരണം. നേതൃത്വത്തിലെ പലർക്കും രുചിക്കാത്ത പേരുകളാണ്‌ മുരളിയും രാഘവനും. പരസ്യപ്രസ്‌താവനകൾ അനുചിതമായതിനാൽ ഇരുവർക്കും മുന്നറിയിപ്പ്‌ നൽകണമെന്നാണ്‌ കെപിസിസിയുടെ കത്ത്‌. ഈ കത്ത്‌ വകവയ്‌ക്കില്ലെന്നും രണ്ടുപേരും വ്യക്തമാക്കി. എഐസിസി പ്ലീനറിയിൽ പങ്കെടുക്കാനായി 60  അംഗങ്ങളെ കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും ചേർന്ന്‌ പങ്കി്ട്ടതാണ്‌ ഇരുവരെയും ചൊടിപ്പിച്ചിരിക്കുന്നത്‌. രോഗശയ്യയിൽ കഴിയുന്ന ഉമ്മൻചാണ്ടി നൽകിയ കത്തുപോലും പരിഗണിച്ചില്ലത്രേ. അഭിപ്രായം പറയാൻ പാടില്ലെങ്കിൽ മേലിൽ വായ തുറക്കില്ലെന്നും തെരഞ്ഞെടുപ്പിന്‌ മത്സരിക്കാനില്ലെന്നുമാണ്‌ കെ മുരളീധരന്റെ നിലപാട്‌. കെപിസിസി നേതാക്കളെ അവഗണിച്ച്‌ ശശി തരൂർ നടത്തിയ വിമതനീക്കങ്ങളെ പരസ്യമായി പിന്തുണച്ചവരാണ്‌ രാഘവനും മുരളീധരനും. തരൂരിനെ അവഗണിക്കുന്നതിനോട്‌ കടുത്ത എതിർപ്പ്‌ തുടരുകയും ചെയ്യുന്നു. പലകാര്യങ്ങളിലും അഭിപ്രായവ്യത്യാസമുണ്ടെങ്കിലും എം കെ രാഘവനും മുരളീധരനും എതിരായ നീക്കത്തിൽ കെ സുധാകരനും സതീശനും ചെന്നിത്തലയ്‌ക്കും ഏകമനസ്സാണ്‌.


 

കളത്തിനുപുറത്ത്‌ ആരെല്ലാം
ലോക്‌സഭ ‘മടുത്തവരുടെ’ പട്ടികയിൽ ഏറ്റവും ഒടുവിലാണ്‌ കെ മുരളീധരന്റെ പേര്‌. ടി എൻ പ്രതാപൻ, അടൂർ പ്രകാശ്‌ തുടങ്ങിയവരൊക്ക ലോക്‌സഭയോടുള്ള വിരക്തി ഉള്ളിൽ സൂക്ഷിക്കുന്നവരാണ്‌.  നിയമസഭയാണ്‌ തങ്ങൾക്ക്‌ പറ്റിയ ഇടമെന്നാണ്‌ ഇവരുടെയെല്ലാം വാദം. അതിനു പിന്നിലെ ഗുട്ടൻസ്‌ ഇതിനകം വെളിച്ചത്താകുകയും ചെയ്‌തു. ലോക്‌സഭാ തെരഞ്ഞെടുപ്പിനിറങ്ങിയാൽ കളത്തിന്‌ പുറത്താകുമോയെന്ന ഉൾഭയം കലശലായുള്ള ഒരു ഡസൻ എംപിമാരെങ്കിലും  ഉണ്ടെന്നാണ്‌ അടക്കം പറച്ചിൽ. എന്നാൽ, എംപിയായിരിക്കെത്തന്നെ നിയമസഭയിലേക്ക്‌ നേമത്ത്‌ പരീക്ഷണത്തിനിറങ്ങി നിരാശനായ കെ മുരളീധരൻ ഒരു മുഴം നീട്ടി എറിഞ്ഞതാകാമെന്ന്‌ കരുതുന്നവരാണ്‌ ഏറെയും. വടകരയിൽ അടുത്ത തവണ രക്ഷയുണ്ടാകില്ലെന്ന്‌ മുരളിക്ക്‌ നല്ല ബോധ്യമുണ്ടത്രേ. നേമത്ത്‌ തന്റെ അധോഗതിയായിരിക്കുമെന്ന്‌ മുരളിക്ക്‌ അറിയാം.

ശശി തരൂരിനുവേണ്ടി മുറവിളി കൂട്ടുന്നവരുണ്ടെങ്കിലും പഴയ ആരവം ഇപ്പോഴില്ല. തരൂരിനെ എഐസിസി ഉന്നത പദവികളിൽ പരിഗണിക്കുമെന്ന്‌ പ്രചാരണമുണ്ടെങ്കിലും ഇതുവരെ അനുകൂല പ്രതികരണം ഉണ്ടായിട്ടില്ല. വീണ്ടും തഴഞ്ഞാൽ തരൂർ എങ്ങനെ പ്രതികരിക്കുമെന്നതും പ്രസക്തമാണ്‌. തരൂരിനെ പിന്തുണച്ച ചില സമുദായ സംഘടനകളും ഉൾവലിഞ്ഞ മട്ടിലാണ്‌. പുനഃസംഘടന ഗണപതി കല്യാണം പോലെയായതും സർക്കാരിനെതിരായ സമരം ക്ലച്ചു പിടിക്കാത്തതും പ്രതിസന്ധി മൂർച്ഛിപ്പിക്കുന്നതിനിടെയാണ്‌ നേതൃത്വത്തിനെതിരെ എംപിമാർതന്നെ ഇറങ്ങിയിരിക്കുന്നത്‌. കോൺഗ്രസ്‌ നേതാക്കളും എംപിമാരും അങ്കക്കലി പൂണ്ടിരിക്കുന്നതിൽ യുഡിഎഫ്‌ ഘടകകക്ഷികളും നിരാശയിലാണ്‌. തമ്മിലടിയിൽ പരസ്യമായി അഭിപ്രായം പറഞ്ഞിട്ടില്ലെങ്കിലും മുസ്ലിംലീഗാണ്‌ കടുത്ത പ്രതിസന്ധി അഭിമുഖീകരിക്കുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top