29 March Friday

കനൽമുദ്രയായി കൂത്തുപറമ്പ്‌

എസ് സതീഷ്Updated: Thursday Nov 25, 2021

കൂത്തുപറമ്പിന്റെ മണ്ണിൽ രണധീരർ ചുടുചോരയിലെഴുതിയ വീരേതിഹാസത്തിന് 27 വയസ്സ്‌. കാലമെത്ര കഴിഞ്ഞാലും നിറംമങ്ങാത്ത രക്തനക്ഷത്രങ്ങളായി തലമുറകൾക്ക് സമരാവേശം പകർന്ന് ജ്വലിച്ചുനിൽക്കും പ്രിയസഖാക്കളായ കെ കെ രാജീവൻ, കെ വി റോഷൻ, കെ മധു, സി ബാബു, ഷിബുലാൽ ഒപ്പം ജീവിക്കുന്ന പോരാളി സ. പുഷ്പൻ.  1994 നവംബർ 25 കണ്ണൂർ ജില്ലയിലെ കൂത്തുപറമ്പിൽ അഞ്ച് ഡിവൈഎഫ്ഐ പ്രവർത്തകരാണ് ഭരണകേന്ദ്ര ഭീകരതയിൽ രക്തസാക്ഷികളായത്. ആഗോളവൽക്കരണ നയങ്ങൾക്കെതിരായ പോരാട്ടത്തിലെ ആദ്യത്തെ രക്തസാക്ഷികൾ. 

1991 കോൺഗ്രസ് നേതൃത്വത്തിൽ തുടക്കംകുറിച്ച് ഇന്ത്യൻ ജനതയ്ക്ക് വിനാശകരമായി മാറിയ ആഗോളവൽക്കരണ സാമ്പത്തികനയത്തിന്റെ തുടക്കകാലം. വിദ്യാഭ്യാസമേഖലയെ കച്ചവടമാക്കാനുള്ള യുഡിഎഫ് സർക്കാരിന്റെ തീരുമാനം വരുന്നു. ഇതിനെതിരായി എസ്എഫ്ഐ നേതൃത്വത്തിൽ ശക്തമായ സമരം ആരംഭിച്ചു. വിദ്യാർഥി സമരത്തെ ചോരയിൽ മുക്കിക്കൊല്ലാനായിരുന്നു കരുണാകരന്റെ പൊലീസ് തീരുമാനം. അധികാരം ഉപയോഗിച്ച് പൊതുമുതൽ കൊള്ളയടിക്കാനുള്ള മത്സരങ്ങൾക്കിടയിൽ പരിയാരം മെഡിക്കൽ കോളേജിന്റെ മറവിലുള്ള തീവെട്ടിക്കൊള്ള പുറംലോകമറിഞ്ഞു. സർക്കാർ ഭൂമിയിൽ, ടിബി സാനിറ്റോറിയത്തിന്റെ കെട്ടിടത്തിൽ ആരംഭിക്കുന്ന മെഡിക്കൽ കോളേജ് സ്വകാര്യട്രസ്റ്റ് കൈയടക്കുന്നു എന്നതായിരുന്നു ഞെട്ടിക്കുന്ന വിവരം. അന്നത്തെ സഹകരണ മന്ത്രി എം വി രാഘവൻ നേതൃത്വം കൊടുക്കുന്ന സ്വകാര്യട്രസ്റ്റിൽ മുഖ്യമന്ത്രി കെ കരുണാകരനും യുഡിഎഫ് നേതാക്കളും അംഗങ്ങളായിരുന്നു. പ്രസ്തുത മെഡിക്കൽ കോളേജിന്‌ ആവശ്യമായ വായ്പയ്ക്ക് ജാമ്യം നിൽക്കുന്നത് സർക്കാരും. നഗ്നമായ കൊള്ളയ്ക്കെതിരായി നാടെങ്ങും സമരപാതയിൽ അണിനിരന്നു. മുഖ്യമന്ത്രിയും സഹകരണ മന്ത്രിയും പങ്കെടുക്കുന്ന പൊതുപരിപാടികളിൽ യുവജനങ്ങളുടെ പ്രതിഷേധം അലയടിച്ചു.

നവംബർ 25ന്‌ കൂത്തുപറമ്പിലെ സഹകരണ ബാങ്കിന്റെ സായാഹ്നശാഖ ഉദ്ഘാടനം ചെയ്യാനാണ് എം വി രാഘവൻ എത്തിയത്. മുൻകൂട്ടി പ്രഖ്യാപിച്ച് കരിങ്കൊടി പ്രതിഷേധത്തിന് ആയിരക്കണക്കിന് ചെറുപ്പക്കാർ  ഒത്തുചേർന്നു. കൂത്തുപറമ്പ് പരിപാടിയിൽ പങ്കെടുക്കാതെ പിന്മാറുന്നതാണ് ഉചിതമെന്ന് പൊലീസും സഹപ്രവർത്തകരിൽ ചിലരും എം വി രാഘവനെ ഉപദേശിച്ചു. യുവജനപ്രതിഷേധം കണക്കിലെടുത്ത് ആ പരിപാടിയിൽ പങ്കെടുക്കേണ്ടിയിരുന്ന മറ്റൊരു മന്ത്രിയായ എൻ രാമകൃഷ്ണൻ വിട്ടുനിൽക്കാൻ തയ്യാറായി. എന്നാൽ, ഇപ്പോഴത്തെ കെപിസിസി അധ്യക്ഷൻ കെ സുധാകരനുമായി കണ്ണൂരിൽവച്ച് ഗൂഢാലോചന നടത്തിയാണ് കൂത്തുപറമ്പിലേക്ക് വാശിയോടെ വരാൻ എം വി രാഘവൻ തീരുമാനിച്ചത്.

തുടർന്ന് മുൻകൂട്ടി തീരുമാനിച്ചുറപ്പിച്ചതിന്റെ അടിസ്ഥാനത്തിലുള്ള വെടിവയ്‌പായിരുന്നു നടന്നത്. ഉന്നതരായ പൊലീസ് ഉദ്യോഗസ്ഥരും ക്രൂരമായ നരഹത്യക്ക്‌ കൂട്ടുനിന്നു. അഞ്ച് രക്തസാക്ഷിത്വം ഉൾപ്പെടെ നിരവധി സഖാക്കൾക്ക് ഗൗരവമായ പരിക്കേറ്റു.  എഴുന്നേറ്റിരിക്കാൻ പോലുമാകാതെ ഒരേ കിടപ്പിൽ  ജീവിക്കുന്ന പുഷ്പന്റെ നിശ്ചയദാർഢ്യവും ഇച്ഛാശക്തിയും ആവേശം കൊള്ളിക്കുന്നതാണ്. കൂത്തുപറമ്പ് വെടിവയ്‌പിനുശേഷം നടത്തിയ രണ്ട് അന്വേഷണ കമീഷനും ഒരേ വസ്തുതകളാണ് കണ്ടെത്തിയത്. യുഡിഎഫ് സർക്കാർ നിയോഗിച്ച ജസ്റ്റിസ് പത്മനാഭൻ നായർ നേതൃത്വം നൽകിയ അന്വേഷണവും ദേശീയ ജനകീയ മനുഷ്യാവകാശ കമീഷൻ ജസ്റ്റിസ് ഹരിസ്വരൂപ്, എച്ച് സുരേഷ് എന്നിവർ നേതൃത്വം നൽകിയ കമീഷനും കൂത്തുപറമ്പ് വെടിവയ്‌പ്‌ അനാവശ്യമായിരുന്നെന്ന് കണ്ടെത്തി. എം വി രാഘവനും ഡിവൈഎസ്പി ഹക്കിം ബത്തേരി ഉൾപ്പെടെയുള്ളവരാണ് ഉത്തരവാദികളെന്ന് കമീഷൻ വിലയിരുത്തി. കൂത്തുപറമ്പ് വെടിവയ്‌പിനുശേഷം നടന്ന 1996ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് പരാജയപ്പെട്ടു.

ഇന്ന് ആഗോളവൽക്കരണത്തിന്റെ മൂന്നു പതിറ്റാണ്ട് പിന്നിടുകയാണ്. ജനവിരുദ്ധ നയത്തിന്റെ ശിൽപ്പികളായ കോൺഗ്രസ് രാജ്യത്ത് തീർത്തും ദുർബലമായി. നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരാകട്ടെ എല്ലാം കോർപറേറ്റുകൾക്ക് എന്ന സമീപനമാണ് സ്വീകരിക്കുന്നത്. ഇതിനൊപ്പം മതപരമായ വിഭജനവും ആർഎസ്എസ് നടത്തിക്കൊണ്ടിരിക്കുന്നു. ഈ ഘട്ടത്തിലാണ് ഡിവൈഎഫ്ഐ പൊതുമേഖലാ സ്ഥാപനങ്ങൾ വിൽക്കുന്നതിനും വർഗീയതയ്ക്കുമെതിരായി സമരമാകുകയെന്ന മുദ്രാവാക്യം കൂത്തുപറമ്പ് രക്തസാക്ഷിദിനത്തിൽ ഉയർത്തുന്നത്. കോർപറേറ്റ് നയത്തിന്റെ ഏറ്റവും വലിയ ദുരിതം പേറുന്നവരാണ് രാജ്യത്തെ യുവജനത. സുരക്ഷിതമാർന്ന തൊഴിൽ എന്നത് സ്വപ്നം കാണാൻപോലും കഴിയാത്ത ഒന്നായിമാറി. ആഗോളവൽക്കരണം ഇന്ത്യൻ തൊഴിൽ സംസ്‌കാരത്തെ പാടെ തകർത്തു. പുതിയ തൊഴിലവസരങ്ങൾ ഉണ്ടാകുന്നില്ലെന്നു മാത്രമല്ല, ഉള്ള തൊഴിൽപോലും നഷ്ടപ്പെടുകയാണ്. തൊഴിലാളികൾ നേടിയെടുത്ത അവന്റെ പരിമിതമായ അവകാശങ്ങൾ പോലും അട്ടിമറിക്കപ്പെടുന്നു. സ്ഥിരതയുള്ള തൊഴിൽ ഇല്ലാതായി.

ആഗോളവൽക്കരണം ഇന്ത്യയിൽ അസമത്വം ഭീകരമാകുന്നവിധത്തിൽ വർധിപ്പിച്ചിരിക്കുന്നു. ആഗോള പട്ടിണിസൂചികയിൽ 116 രാജ്യത്തിന്റെ കണക്കിൽ ഇന്ത്യക്ക്‌ 101–-ാം സ്ഥാനമാണ് ഉള്ളത്. കോവിഡ് പ്രതിസന്ധിയെ അതിജീവിക്കാൻ തൊഴിലുറപ്പുതൊഴിലാളികളുടെ തൊഴിൽദിനവും കൂലിയും വർധിപ്പിക്കണമെന്നാവശ്യം നിരാകരിച്ച മോദി സർക്കാർ കോർപറേറ്റുകൾക്ക് ഒന്നരലക്ഷം കോടിയുടെ നികുതിയിളവ് അനുവദിക്കുന്നതിൽ മടികാണിച്ചില്ല. ഇതിനൊപ്പം മതപരമായ വിഭജനം ആർഎസ്എസ് നടത്തിക്കൊണ്ടിരിക്കുന്നു.  ആരാധനാ സ്വാതന്ത്ര്യം ഇല്ലാതാക്കുന്നു. അഭിപ്രായസ്വാതന്ത്ര്യവും സ്വകാര്യതയും വെല്ലുവിളിക്കപ്പെടുന്നു. ലൗ ജിഹാദ്, നർകോട്ടിക് ജിഹാദ്, ഹലാൽ ഭക്ഷണം, മനുഷ്യജീവിതത്തിന്റെ എന്തിലും വിഷലിപ്തമായ മതവർഗീയത ചേർക്കാൻ പരിശ്രമിക്കുകയാണ്.

എല്ലാവരും വിളിക്കുന്ന മുദ്രാവാക്യം ഒന്നായിത്തീരുന്നു.  ഉയർന്നുവരുന്ന സമരപോരാട്ടങ്ങളുടെ രാഷ്ട്രീയ ഉള്ളടക്കമായി ഇടതുപക്ഷം മാറുന്നു.

ഇതിനെതിരായി ഇന്ത്യൻ ജനത അണിചേരേണ്ട സന്ദർഭമാണ്. അജയ്യരെന്ന് പ്രഖ്യാപിച്ച ബിജെപി ആർഎസ്എസ് സംഘങ്ങൾക്കെതിരെ ഇന്ത്യൻ ജനത ഒത്തുചേരാൻ തുടങ്ങിയിരിക്കുന്നു. ആഗോളവൽക്കരണത്തിന്റെ ജീവിതാനുഭവം ഉത്തരേന്ത്യയിൽ ഉൾപ്പെടെ വലിയ സമരചലനങ്ങൾ സൃഷ്ടിക്കാൻ തുടങ്ങിയിരിക്കുന്നു. ഇന്ത്യൻ കർഷകർ ഉയർത്തിയ സമരം സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും കരുത്തുറ്റ സമരമായി മാറി. സമരവീര്യത്തിനു മുന്നിൽ മോദി സർക്കാരിന് മുട്ടുമടക്കേണ്ടിവന്നിരിക്കുന്നു.  കർഷകസമരത്തിന്റെ വിജയം പുതിയ സമരാന്തരീക്ഷം ഇന്ത്യയിൽ സൃഷ്ടിക്കും.  എല്ലാവരും വിളിക്കുന്ന മുദ്രാവാക്യം ഒന്നായിത്തീരുന്നു.  ഉയർന്നുവരുന്ന സമരപോരാട്ടങ്ങളുടെ രാഷ്ട്രീയ ഉള്ളടക്കമായി ഇടതുപക്ഷം മാറുന്നു.

ആഗോളവൽക്കരണ നയങ്ങൾക്കും വർഗീയതയ്ക്കുമെതിരായി പൊരുതുന്ന ജനതയ്ക്ക് ആവേശം പകരുന്ന ഇടമായി കേരളം മാറി. ഇടത് സർക്കാർ രാജ്യത്തിന് മാതൃകയാണ്. സംസ്ഥാന സർക്കാരിന്റെ പരിമിതികൾക്കകത്തുനിന്ന് ബദൽ കാഴ്ചപ്പാടിനെ വികസിപ്പിക്കാനാണ് സർക്കാർ പരിശ്രമിക്കുന്നത്. പൊതുമേഖലാ സ്ഥാപനങ്ങൾ വിൽക്കരുതെന്ന സമീപനം ഉയർത്തിപ്പിടിക്കുന്നു. വികസനത്തിനോടൊപ്പം പുതിയ തൊഴിലവസരങ്ങൾ ലഭ്യമാക്കാൻ കഴിയത്തക്കവിധത്തിലുള്ള ദീർഘവീക്ഷണത്തോടെയുള്ള സമീപനമാണ് സർക്കാർ മുന്നോട്ടുവയ്ക്കുന്നത്. എന്നാൽ, ആ ബദലിനെ തകർക്കാനുള്ള പരിശ്രമത്തിലാണ് വലതുപക്ഷം. കെ റെയിൽ ഉൾപ്പെടെ കേരളത്തിന്റെ മുഖച്ഛായ മാറ്റിത്തീർക്കാൻ കഴിയുന്ന പദ്ധതികൾക്കെതിരായും അവിശുദ്ധമായ കൂട്ടുകെട്ട് രൂപപ്പെട്ട് കഴിഞ്ഞിരിക്കുന്നു. ആർഎസ്എസും ജമാ അത്തെ ഇസ്ലാമിയും യുഡിഎഫും ഒന്നിച്ചു കൈകോർക്കുന്നു. കേരളത്തിലെ ജനപക്ഷ സർക്കാരിനെതിരെ രൂപപ്പെടുത്തുന്ന അവിശുദ്ധ രാഷ്ട്രീയ സഖ്യത്തെ തുറന്നുകാട്ടാനും അതിനെതിരായ സമരത്തിൽ അണിചേരാനും ഈ നാട് സജ്ജമാകും. കൂത്തുപറമ്പിന്റെ മണ്ണിൽ പൊരുതിവീണ ധീരരുടെ രക്തസാക്ഷിത്വം വെറുതെയാകില്ല. അവർ ഉയർത്തിപ്പിടിച്ച മനുഷ്യരാഷ്ട്രീയം വിജയിക്കുകതന്നെ ചെയ്യും.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top