26 April Friday

കൊൽക്കത്ത മെട്രോ ; വിമർശകർക്ക്‌ കാലത്തിന്റെ മറുപടി

ഗോപി കൊൽക്കത്തUpdated: Wednesday May 4, 2022

കേരളത്തിൽ സിൽവർ ലൈൻ പദ്ധതിക്കെതിരെ വലിയ വിവാദങ്ങൾ ഉയരുകയാണല്ലോ. ഇന്ത്യയിലെ ആദ്യത്തെ ഭൂഗർഭ റെയിൽവേയായ കൊൽക്കത്ത മെട്രോ നിർമാണത്തിന്റെ തുടക്കത്തിൽ ഉടലെടുത്ത വിവാദങ്ങളും അതിന്റെ പരിസമാപ്‌തിയും ആദ്യംമുതലേ ഈ ലേഖകൻ കണ്ടതാണ്‌. ഇന്ന്‌ സിൽവർ ലൈനെ വിമർശിക്കുന്ന, മെട്രോമാനെന്നറിയപ്പെടുന്ന ഇ ശ്രീധരൻ തന്നെയായിരുന്നു കൊൽക്കത്ത മെട്രോയുടെയും മുഖ്യസാരഥികളിൽ ഒരാൾ.

1950കളിൽ ബി സി റോയ് ബംഗാൾ മുഖ്യമന്ത്രിയായിരുന്ന കാലത്താണ് ഗതാഗതക്കുരുക്ക് പരിഹരിക്കാനായി കൊൽക്കത്ത മെട്രൊ ട്രെയിനെന്ന ആശയം കൊണ്ടുവന്നത്‌. അപ്രായോഗികമെന്ന്‌ എഴുതിത്തള്ളിയ ആ പദ്ധതി ഏകദേശം രണ്ടു ദശാബ്ദത്തിനുശേഷമാണ് വീണ്ടും ചലിച്ചത്. 1971ൽ രാഷ്‌ട്രപതി ഭരണകാലത്ത്‌ വീണ്ടും ചർച്ച തുടങ്ങി. 1972ൽ അധികാരത്തിൽവന്ന സിദ്ധാർദ്ധ ശങ്കർ റേയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാർ അത് തുടങ്ങാനുള്ള തീരുമാനമെടുത്തു. നിരവധി ചർച്ചകൾക്കുശേഷം 1972 ജൂണിലാണ് രൂപരേഖ തയ്യാറാക്കിയത്.  അന്നു മുതൽ അതിനെതിരെ  വൈകാരികമായ എതിർപ്പും ഉയർന്നു.

അന്നത്തെ സ്ഥിതി മാറി. മെട്രോ ഇന്ന്‌ കൊൽക്കത്തയുടെ ജീവനാഡിയാണ്. മൂന്നിരട്ടി ജനസംഖ്യ വർധിച്ചു. നഗരപരിധി  വികസിച്ചു. മെട്രോയില്ലാത്ത ജീവിതം ഇന്ന്‌ കൊൽക്കത്തവാസികൾക്ക്‌ സങ്കൽപ്പിക്കാൻപോലും കഴിയില്ല. തുടക്കത്തിൽ ശക്തമായി എതിർത്തിരുന്നവർക്ക്‌ പിന്നീട് അഭിപ്രായം മാറ്റിപ്പറയേണ്ടിവന്നു. അമ്പത് വർഷങ്ങൾക്കുമുമ്പ് ചിന്തിക്കാൻപോലും കഴിയാത്ത വിപ്ലവകരമായ മാറ്റമാണ് മെട്രോ ട്രെയിൻ കൊൽക്കത്തയുടെ ഗതാഗത ഘടനയിൽ സൃഷ്ടിച്ചത്. ചെറിയൊരു ദൂരം സഞ്ചരിക്കാൻ മണിക്കൂറുകളോളം ഗതാഗത കുരുക്കുകളിൽപ്പെട്ടുകിടന്നത് 40 വയസ്സിന് ഇപ്പുറമുള്ള തലമുറയ്ക്ക് മുത്തശ്ശിക്കഥകളാണ്. നഗരത്തിന്റെ ഏതുഭാഗത്തും ഇപ്പോൾ അരമണിക്കൂറിനുള്ളിലെത്താൻ കഴിയുംവിധം മെട്രോ വ്യാപകമായി. 

നിർമാണം ആരംഭിക്കുന്നതിനുമുമ്പ് വലിയ എതിർപ്പാണ് ഉടലെടുത്തത്. ആദ്യഘട്ടം നഗരത്തിന്റെ ദക്ഷിണഭാഗത്ത്‌ നഗരമധ്യത്തിൽകൂടി 16.45 കിലോമീറ്റർ ദൈർഘ്യമുള്ള പദ്ധതിക്കാണ് രൂപം നൽകിയത്. ‘മഹാനഗരത്തെ 50–-60 അടി ആഴത്തിൽ രണ്ടായി വെട്ടിമുറിച്ച് നടപ്പാക്കുന്ന ഭീമൻ പദ്ധതി സൃഷ്ടിക്കുന്ന പാരിസ്ഥികആഘാതം, പണി നടക്കുന്ന ദീർഘകാലം ജനങ്ങൾ നേരിടേണ്ട ബുദ്ധിമുട്ടുകൾ’ തുടങ്ങിയവയെല്ലാം പദ്ധതി വിരുദ്ധരും വിമർശകരും എടുത്തുകാട്ടി. അതേപോലെ,  നല്ലൊരുവിഭാഗം ആളുകൾ സഞ്ചരിച്ചിരുന്ന, ചെലവ് കുറഞ്ഞ ട്രാം സർവീസ് പ്രധാന നിരത്തുകളിൽനിന്ന്‌ പിൻവലിക്കേണ്ടി വരുന്നതിന്റെ ദുരിതം, ട്രാമിന്റെ വൈകാരികത എന്നിവയും എതിർപ്പിന് മുഖ്യ കാരണമായി. പ്രശസ്‌തമായ കെട്ടിടങ്ങളെയും സ്ഥാപനങ്ങളെയുംകുറിച്ചും വലിയ ആശങ്കകളാണ് ഉയർന്നത്. ഹൂഗ്ലി നദിയുടെ തീരത്ത് സ്ഥിതിചെയ്യുന്ന, ചെറിയൊരു മഴ പെയ്താൽപ്പോലും വെള്ളം കയറുന്ന കൊൽക്കത്തയുടെ നിലനിൽപ്പുതന്നെ മെട്രോ അപകടത്തിലാക്കുമെന്ന പ്രചാരണവുമുണ്ടായിരുന്നു.


 

കലാ സാഹിത്യ സാംസ്കാരിക സാമൂഹ്യ മേഖലകളിലെ പ്രമുഖരും സാങ്കേതികവിദഗ്‌ധരും എതിർപ്പിന് നേതൃത്വം നൽകിയത്‌ ജനങ്ങളിൽ വലിയ ആശങ്കയുളവാക്കി. പ്രമുഖ അച്ചടി മാധ്യമങ്ങളെല്ലാം എതിർപ്പിന്റെ വക്താക്കളായി. പൊടിപ്പും തൊങ്ങലും ഭയവുമുളവാക്കുന്ന പല കഥകളും അവർ മെനഞ്ഞു. മണ്ണിൽ ചെളിഅംശം വളരെ കൂടുതലുള്ളതിനാൽ മെട്രോ ഭിത്തികൾ ഏതുനിമിഷവും ഇടിഞ്ഞുവീഴുമെന്നും നിരന്തരമായി പ്രചരിപ്പിച്ചു. 1978 സെപ്തംബറിലെ മഹാമാരിയും വെള്ളപ്പൊക്കവും പദ്ധതിവിരുദ്ധരുടെ എതിർപ്പിന് ബലം നൽകി. മെട്രോക്കുവേണ്ടിയുള്ള കുഴികളിൽ വെള്ളംകെട്ടി. കടുത്ത എതിർപ്പിനെ തുടർന്ന്‌ വളരെക്കാലം മുടങ്ങി. അതോടെ പദ്ധതി ചെലവും വർധിച്ചു.

1977ൽ അധികാരത്തിൽവന്ന ഇടതുമുന്നണി സർക്കാരാണ് പണി പുനരാംഭിക്കാനുള്ള ചർച്ച തുടങ്ങിയത്. വർധിച്ചുവരുന്ന വാഹനക്കുരുക്കും റോഡ് പരിമിതികളും ചർച്ച ചെയ്‌തു. ജനസംഖ്യ കണക്കിലെടുത്ത് വേഗതയേറിയ ആധുനിക വാഹന സൗകര്യങ്ങളുണ്ടാക്കേണ്ടതിന്റെ ആവശ്യകത ജനങ്ങളെ ബോധ്യപ്പെടുത്താനുള്ള ശ്രമം നടത്തി. അതിന്റെ ഫലമായി എതിർപ്പിനും വിമർശത്തിനും ശമനം വന്നു. നിർമാണം ദ്രുതഗതിയിലായി. 1984ൽ ടോളി ഗഞ്ച്‌മുതൽ ഭവാനിപ്പുർവരെ ആറുകിലോ മീറ്ററിൽ ട്രെയിൻ ഓടി. അതോടെ ജനങ്ങളുടെ ആശങ്ക അകന്നു. പണി ദ്രുതഗതിയിലായി. 1994ൽ ടോളിഗഞ്ച്‌–- ഡംഡം ഭാഗം പൂർണമായി കമീഷൻ ചെയ്തു. ഇപ്പോൾ ആ ലൈൻ 36 കിലോമീറ്ററായി. നഗരത്തിനുള്ളിൽ മൂന്നു–- നാലു മണിക്കൂർവരെയെങ്കിലും എടുത്തിരുന്ന ദൂരത്ത്‌ ഇപ്പോൾ 45 മിനിറ്റിൽ എത്താം. മെട്രോകളെല്ലാം എസി കോച്ചുകളാണ്. ഏറ്റവും കൂടിയ ടിക്കറ്റ്‌ നിരക്ക് 25 രൂപയാണ്. മിനിമം അഞ്ചു രൂപയും. മെട്രോ ധനികർക്ക് സഞ്ചരിക്കാനുള്ള വാഹനമാണെന്നായിരുന്നു ആദ്യത്തെ പ്രചാരണം. ടോളിഗഞ്ച്‌മുതൽ ഗരിയവരെയുള്ള രണ്ടാംഘട്ടം 2010ൽ പൂർത്തിയായി. പണി പൂർത്തിയാക്കാൻ എട്ടു വർഷത്തിലധികം എടുത്തു. കനാലിൽ കൂറ്റൻ തൂണുകൾ വരുമ്പോൾ ഒഴുക്ക് നിലയ്ക്കുമെന്നും മലിനജലം നഗരത്തിനുള്ളിലേക്ക് പ്രവഹിക്കുമെന്നും പ്രചരിപ്പിച്ചു. പണിപൂർത്തിയായതോടെ കനാൽ കൂടുതൽ വൃത്തിയാകുകയും ഒഴുക്ക് വർധിക്കുകയും ചെയ്തു. സാൾട്ട് ലേക്കുമുതൽ ഹൗറവരെയും ഗരിയമുതൽ ഡംഡം വിമാനത്താവളംവരെയുമുള്ള മൂന്നും നാലും ലൈനുകളും വളരെമുമ്പേ പൂർത്തിയാകേണ്ടതായിരുന്നു. പ്രതിപക്ഷത്തെ നയിച്ച മമത ബാനർജിയുടെ എതിർപ്പുമൂലമാണ് വൈകിയത്.

ആദ്യത്തെ എതിർപ്പുകൾ കണക്കിലെടുത്ത് കൊൽക്കത്ത മെട്രോ ഉപേക്ഷിച്ചിരുന്നുവെങ്കിൽ ഭയാനക സ്ഥിയാണ്‌ ഇന്ന്‌ അനുഭവിക്കേണ്ടിവരിക..   ഏറ്റവും സുരക്ഷിതമാണ് കൊൽക്കത്ത മെട്രൊ റെയിൽ. ഏതു കാലാവസ്ഥയിലും സുഗമവും വേഗതയേറിയതുമായ യാത്രയാണ് അത് നൽകുന്നത്. 40 വർഷമായി ഒരു അപകടവും സംഭവിച്ചിട്ടില്ല. അതിനുശേഷം എത്രയോ തവണ കൊൽക്കത്ത നഗരം വെള്ളത്തിൽ മുങ്ങി. പക്ഷേ, മെട്രോയിലേക്ക്‌ വെള്ളം കടന്നില്ല. പല തവണ ഭൂകമ്പമുണ്ടായിട്ടും ഒരു പോറൽപോലും ഭിത്തികൾക്ക് ഏറ്റില്ല. വിമർശങ്ങളും ആശങ്കകളുമെല്ലാം അസ്ഥാനത്തായിരുന്നുവെന്ന്‌ കാലം തെളിയിച്ചു. കേരളത്തിനും കൊൽക്കത്ത മെട്രോ പോലുള്ള അതിവേഗ ഗതാഗതം അത്യാവശ്യമാണ്. സമയത്തിനാണ് വില. ഭാവി തലമുറയ്ക്കുവേണ്ടിയാകണം ഇന്ന്‌ നാം ചിന്തിക്കേണ്ടത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top